Thursday, 24 September 2020

സ്പന്ദനങ്ങള്‍----------ഓര്‍മ്മകള്‍ 1

 Uma Namboodiri

സ്പന്ദനങ്ങള്‍ 
26,ഏപ്രില്‍,2015
മറക്കാന്‍ വയ്യാത്തൊരെ-
ന്നോര്‍മ്മതന്‍ ഭാണ്ഡക്കെട്ട -
ങ്ങഴിച്ചു വെയ്ക്കട്ടെ ഞാ-
നിപ്പൂമുഖത്തിന്‍ മുന്നില്‍.....
കൂട്ടി വായിക്കാന്‍ തുടങ്ങിയതുമുതല്‍ പാഠങ്ങള്‍ പഠിക്കുകയായി. ഓരോ പാഠങ്ങളും ഓരോ അനുഭവങ്ങള്‍, ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളും .
പ്രിയപ്പെട്ടവരുടെ വിരലില്‍ തൂങ്ങിപ്പിടിച്ചാണ് ആദ്യമായി വിദ്യാലയത്തിന്റെ പടി കടക്കുന്നത്‌. പിന്നെ ആ വിരല്‍ പതുക്കെ അപ്രത്യക്ഷമാകുംപോഴെയ്ക്കും പുതിയൊരു ബാല്യം ഉടലെടുക്കുന്നു..കൂട്ടുകാരും, അദ്ധ്യാപകരും നിറഞ്ഞു നില്‍ക്കുന്ന ജീവിതം...ആ കാലത്തെ ചില സംഭവങ്ങളെങ്കിലും ഏതുകാലത്തും ഓര്‍മ്മയുടെ മണിച്ചെപ്പില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടാകും.
മഴക്കാലം, അതിനു വലിയ പ്രാധാന്യമാണ് വിദ്യാലയങ്ങള്‍ തുറക്കുന്ന കാലത്തുള്ളത്. സ്കൂള്‍ തുറക്കുന്നത് ഇടവപ്പാതി തുടങ്ങുന്ന അന്നോ, അതോ ഇടവപ്പാതി തുടങ്ങുന്ന അന്ന് തന്നെ സ്കൂള്‍ തുറക്കാലോ.? രണ്ടായാലും ശരി, അതുകൊണ്ട് , 4-5 വയസ്സ് മുതലേ, പ്രകൃതിയുമായി ഏറ്റവും അടുത്തിടപഴകാന്‍ പറ്റുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ പറ്റാതെ പോകുന്ന സംഭവം. ഞങ്ങടെ ജീവിതത്തിലെ സുവര്‍ണ്ണ ദിവസങ്ങള്‍........
ഞങ്ങളൊക്കെ ഓലക്കുടപിടിച്ചാണ് മഴക്കാലത്ത് സ്കൂളിലേക്ക് പോകുക. അതില്‍ നല്ല അഭിമാനവും അന്നുണ്ടായിരുന്നു.കാരണം സ്വന്തമായ ഒരു കുട ഉണ്ടാകുന്നത് തന്നെ വലിയ കാര്യമായിരുന്നു അന്ന്. കുടയില്‍ അടയാളത്തിനായി പേരെഴുതി വെയ്ക്കും.ഇല്ലെങ്കില്‍ എന്തെങ്കിലും പടം ഉള്ളില്‍ തിരുകി വെയ്ക്കും.
പറയന്മാരാണ് പനമ്പട്ട കൊണ്ടു മനോഹരമായ, നല്ല തീര്‍മ്മയുള്ള കാല്‍ക്കുടകള്‍ ഉണ്ടാക്കിയിരുന്നത്. കോരിച്ചൊരിയുന്ന മഴയുംകൊണ്ടു കി.മീ കള്‍ നടന്നുവന്നിരുന്ന എത്രയോ പിഞ്ചുകുട്ടികള്‍. അതില്‍ കുടയില്ലാത്തവരും കാണും. മിക്കവരും നനഞ്ഞു കുളിച്ചാണ് വരിക. അദ്ധ്യാപകര്‍ അങ്ങിനെ നനഞ്ഞു വരുന്നവരെ തലയെല്ലാം തോര്ത്തിച്ചു, ഇട്ട വസ്ത്രം ഉണക്കാനിടുക പതിവാണ് . അന്ന്, ഒട്ടൊട്ടു നനഞ്ഞ ഉടുപ്പിട്ട് വൈകുന്നേരം വരെ ഇരുന്നിട്ടും ആര്‍ക്കും ദീനമോന്നും പിടിച്ചിരുന്നില്ല. വീട്ടില്‍ അമ്മമാരുടെ ലൊട്ടുലൊടുക്കു ചികിത്സകൊണ്ട് മാറാവുന്ന അസുഖമേ അന്നു പിടിപെട്ടിരുന്നുള്ളൂ. അയിത്തവും ശുദ്ധവും ഉണ്ടായിരുന്ന അക്കാലത്ത് മുങ്ങിക്കുളിച്ചല്ലാതെ ഞങ്ങള്‍ വീടിനകത്തെയ്ക്ക് കേറുമായിരുന്നില്ല. തല ഉണങ്ങും മുന്‍പേ രാസ്നാദി പൊടി നിറുകയില്‍ തിരുമ്പും. ഇതാണ് ജലദോഷത്തില്‍ നിന്നും രക്ഷ തരുന്നത്. 'ഓ, ഈ നശിച്ച മഴ', എന്നൊന്നും ആരും മഴയെ കുറ്റം പറഞ്ഞിരുന്നില്ല. മാത്രവുമല്ല, മഴയെ ഞങ്ങളൊക്കെ അങ്ങേയറ്റം സ്നേഹിച്ചു. നല്ല മഴപെയ്തു തിമര്‍ക്കുമ്പോള്‍ കുളത്തിലെ വെള്ളത്തില്‍ കണ്ണടച്ചു മലര്‍ന്നു കിടക്കുക, അപ്പോള്‍ ശക്തിയില്‍ മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ നല്ല സുഖം. മഴത്തുള്ളികള്‍ രുചിക്കാനായി വായ തുറന്നു കിടക്കലും പതിവാണ്. (തുടരും)

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...