Thursday, 24 September 2020

ഓര്‍മ്മകള്‍ --അങ്ങിനെയും ഒരു കാലം


സ്പന്ദനങ്ങള്‍ ((ഓര്‍മ്മകള്‍) 
Uma Namboodiri

അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു. സൂര്യനസ്തമിക്കുമ്പോളെക്കും  അകത്ത് എണ്ണവിളക്കുകള്‍ തെളിഞ്ഞിരുന്ന കാലം. 
നിറഞ്ഞ സന്ധ്യയാകുമ്പോളേക്കും മേല്‍ക്കഴുകി വന്ന് ഭസ്മം കുറിയിട്ട് കോലുവിളക്കു ഇടത്തെ കയ്യിൽ പിടിച്ചു നാലിറയത്തിന്റെ നാല് ഭാഗത്തും, മദ്ധ്യത്തിലും ദേവതകൾക്കായി അന്തിത്തിരിവെച്ചു നടന്നിരുന്ന മുത്തശ്ശിയമ്മമാരെ, അമ്മമാരെ, പെണ്‍കിടാങ്ങളെ ഓർമ്മ വരികയാണ്.

ആദ്യം അടുക്കളയിൽ. അടുപ്പുങ്കല്ലിൻമേൽ വടക്കോട്ടും പടിഞ്ഞാട്ടും തിരികൾ വെയ്ക്കണം.
കിണറ്റിൻ പടിയിൽ കിണറ്റിലെ ദേവതകൾക്കു തിരി വെക്കുമ്പോള്‍ താഴെ ഇരുട്ടിലേക്ക് എത്തി നോക്കാന്‍ പാടില്ല. നിറഞ്ഞ സന്ധ്യക്ക്‌ എങ്ങാനും സന്ധ്യക്ക്‌ പേടിച്ചാൽ ............
കിഴക്കോട്ടു ഒരു തിരികൂടി. അത് കിഴക്കേ പാമ്പിൻകാവിലേയ്ക്ക്. 
കെഴുക്കിനിയിൽ നീന്നും വടക്കോട്ടുള്ള വാതിൽ തുറന്ന് വടക്കോട്ടൊരു തിരി. പിന്നൊന്ന് പാമ്പ്മ്മാർക്ക്. അത് കഴിഞ്ഞാൽ വടക്കോട്ടുള്ള വാതിൽ ചാരണം. സന്ധ്യക്ക്‌  വടക്കോട്ടുള്ള വാതില്‍ തുറന്നിടരുത്. ദോഷമാണ്.
നാലിറയത്ത് നടുമുറ്റത്തിന്റെ നാല് മൂലയിലും നടുഭാഗത്തും പുറത്തളത്തിലും, പടിഞ്ഞാറേ ഉമ്മറത്തും, മച്ചിന്റെ ഉമ്മറത്തും ഓരോ തിരി വെയ്ക്കണം. പടിഞ്ഞാറും, വടക്ക് പടിഞ്ഞാറും പാമ്പിന്‍കാവുകളുണ്ട്. അവര്‍ക്കും വേണം.   
ഇനി തേവാരം. ആദ്യം മന്ത്രം ചൊല്ലി നമസ്ക്കാരങ്ങള്‍. പിന്നെ
൧൦൮ (108) നമഃശിവായ നിർബന്ധമായും ചൊല്ലണം. അത് കണക്കു പിടിച്ചിട്ടു വേണം. 
(പക്ഷെ, പഞ്ചാക്ഷരം ഉറക്കെ ജപിക്കരുത്. ശൂദ്രര് കേൾക്കരുത്, (ത്രെ!)
 നാരായണ നാമം ജപം. അതും കണക്കുപിടിച്ചു 108. സമയം ഉണ്ടെങ്കിൽ എത്രവേണമെങ്കിലും ചൊല്ലാം. (ഏറ്റവും കൂടുതല്‍ ഞാനാണ് ജപിച്ചത് എന്ന കണക്കുമായി എന്നും ആരെങ്കിലും മുന്നോട്ട് വരാന്‍ ഉണ്ടാകും. ഓണക്കാലത്ത് പഴന്നുറുക്കും, മാങ്ങാക്കാലത്ത് മാങ്ങയും ആരാണ് കൂടുതല്‍ കഴിച്ചത് എന്നു മത്സരിക്കും പോലെ ) പിന്നെ മന്ത്രങ്ങൾ, ശ്ലോകങ്ങൾ, 27 നാളുകല്‍, തിഥികൾ, മാസങ്ങൾ, ആഴ്ച, (ഇംഗ്ലീഷ്, മലയാളം) പെരുക്കപ്പട്ടികകൾ......അങ്ങിനെ പലതും.
ശ്രീലാകത്തെ പൂജകഴിഞ്ഞാൽ തൊഴുതു നമസ്ക്കരിയ്ക്കണം. അത് കഴിഞ്ഞ് മുത്തശ്ശന്റെ സഹസ്രനാമം ചൊല്ലൽ കഴിഞ്ഞാല്‍ തീര്ത്ഥം‍ സേവിയ്ക്കണം. 
റേഡിയോവില്‍ ന്യൂസ്‌ വെക്കാറാകും. അത് കുട്ടികള്‍ കേള്‍ക്കാറില്ല. പകലെ പത്രം മറിച്ചു നോക്കുന്നുണ്ടല്ലോ....

ഇതിന്നിടെ കെഴുക്കിനിയില്‍ ൧൪-ആം നമ്പ്ര് വിളക്ക് തൂക്കിയിട്ടുണ്ടാകും. നമ്പൂരാര്‍ക്കും കുട്ടികൾക്കുമുള്ള ഇല വെക്കല്‍ സന്ധ്യക്ക്‌ കഴിയും. അത്യാവശ്യം കശപിശയോടെ കൂട്ടികളുടെ  ഊണ് കഴിയ്ക്കൽ......
വാർത്തകൾ കഴിഞ്ഞാല്‍, അല്ലെങ്കില്‍ കുട്ടികളുടെ ബഹളമടങ്ങിയാലേ മുത്തശ്ശൻ ഉണ്ണാൻ വരൂ. തുടർന്ന് മുത്തപ്ഫന്മാർ, അപ്ഫൻമാർ, മറ്റു നമ്പൂരാർ......

അപ്പോഴേക്കും കുട്ടിപ്പട കെഴുക്കിനിയുടെ മുകളിൽ ചേക്കേറിയിട്ടുണ്ടാകും. കുട്ടികളുടെ കിടപ്പ് അവിടെയാണ്. ഇരിക്കണമ്മമാര്‍ കോസറികള്‍ ഓരോരുത്തര്‍ക്കുള്ളതും വിരിച്ചിട്ടിട്ടുണ്ടാകും. എന്നാലും മിക്ക ദിവസവും ബഹളമുണ്ടാകും. അടക്കിപ്പിടിച്ചാണ് അടിപിടി. ഒച്ച പൊങ്ങുമ്പോള്‍ താഴെ നിന്ന് അമ്മമാരോ മറ്റോ ഒരു ശബ്ദം ഉണ്ടാക്കും. കുറച്ചു നേരം ശാന്തത. പിന്നെ തിരി താഴ്ത്തി വെച്ച ചെറിയ കുപ്പിവിളക്കിന്‍റെ അരണ്ട വെളിച്ചം മാത്രം. ഇരുട്ടിലേക്ക് നോക്കാന്‍ മടിച്ച് മുഖം പുതപ്പിന്നടിയിലേയ്ക്ക്... 
ശ്രീ മാധവായ നമ: 
പേടിസ്വപ്നം കണ്ട്  ഞെട്ടി ഉണരാതിരിക്കാൻ അർജുനൻ ഫൽഗുനൻ ...എന്ന് ചൊല്ലി കിടക്കും. രാത്രിയുടെ നിശബ്ദത അനുഭവപ്പെടുന്നത് ഒരുറക്കം കഴിഞ്ഞു പെട്ടെന്ന് ഉണരുമ്പോളാണ്. ഉറക്കം വരാതെ അങ്ങിനെ ഭയപ്പെടാനൊന്നുമില്ലാ എന്ന് തീരുമാനിച്ച് കണ്ണടച്ചു കിടക്കുമ്പോള്‍ കാലൻ കോഴിയുടെ 'പോവ്വാ, പോവ് വാ' എന്ന ക്ഷണം, ഊങ് ഹൂം ...എന്ന കൂമന്റെ മൂളൽ, കുറുക്കന്റെ ഓരിയിടല്‍, അങ്ങ് വിദൂരതയിൽ കടലിന്റെ ഇരമ്പൽ.......
ഇരിക്കണമ്മമാര്‍ പറയാറുണ്ട്---ബ് ട്ന്ന് എന്ത്ന്യാ പേടിക്കണേ? ഈ മനപ്പറമ്പില് ഒരു ചാത്തനോ, ഒട്യേനൊക്കെ എത്ത്യോക്കാന്‍ തന്നെ പേട്യല്ലേ............
അത് ശര്യാണലോ എന്ന് വിചാരിച്ചങ്ങിനെ കിടക്കുമ്പോള്‍ ഉണ്ണിയുടെ കഥ ഓര്‍മ്മവരും...
ഏഴാം കടലിന്ടപ്രത്തുന്നതാ നരിയൊരമ്പം കേള്‍ക്കുണൂ .....
അച്ഛാ ഉണരുണരൂ.....അമ്മേ, ഉണരുണരൂ...
അപ്പോള്‍ ധൈര്യം സംഭരിച്ച് മനസ്സില്‍ ഉരുവിടും........
കർത്തൃവീര്യാർജ്ജുനാ, കാത്തു രക്ഷിയ്ക്കണേ !
ആയിരം കൈകളിൽ വില്ലും ശരവുമായ്
എന്റെ പുരയുടെ ചുറ്റും നടക്കണേ !!.....
രണ്ട് പാമ്പിന്കാവിന്ടെം നടുവിലുള്ള പടിഞ്ഞാറേപ്പടി കടന്നാണ് കാര്തൃവീര്യാര്‍ജ്ജുനന്‍ വരിക. പടിക്കല്‍ നിന്ന് നോക്കിയാല്‍ കാണുന്ന വിശാലമായ പാടത്തിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലുള്ള കുറ്റിക്കുളങ്ങരെ അമ്പലത്തിലെ തേവര് പറഞ്ഞയക്കുന്നതാണ്. ആല്‍ത്തറയില്‍ വിശ്രമിക്കുന്ന ആയിരം കൈകളില്‍ വില്ലും ശരവുമേന്തിയ സംരക്ഷകന്‍ പെട്ടെന്ന് തന്നെ ചാടിയെണീറ്റ് വലിയതോടും ചെറിയതോടും ക്ഷണനേരം കൊണ്ട് നടന്നെത്തി ഇല്ലപ്പുരയുറെ ചുറ്റും നടക്കുന്ന രൂപം സങ്കല്‍പ്പിച്ച്, കാലടികളുടെ ശബ്ദം ചെവിടോര്‍ത്തുകൊണ്ട് സമാധാനത്തോടെ ഗാഢമായ ഉറക്കത്തിലേക്കു വീഴുന്നു.....
സൂര്യോദയത്തിനു മുൻപേ താനേ ഉണരുന്നു. കിടക്കയിൽ എണീറ്റിരുന്നു, ഭൂമിദേവിയെ തൊട്ടു വന്ദിയ്ക്കുന്നു. 
കേശവായ നമഃ
നേരെ കുളത്തിലേക്ക്. കുളക്കടവിൽ, ഉമിക്കരിയും മാവിന്ടിലയും ഈര്ക്കിലയും  ശൗചത്തിന് മണ്ണുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടാകും.
വേഗം കുളി കഴിഞ്ഞു വരണം. ഈ സമയത്ത് ചാടിക്കുളിയൊന്നും പാടില്ല. ചന്ദനം കുറിയിടൽ, മാല ചൂടൽ (ദശപുഷ്പമാല) ഗണപതിയ്ക്ക് ഏത്തമിട്ടു നമസ്‌കാരങ്ങൾ....എല്ലാം വഴിപോലെ....
തീർത്ഥം സേവിച്ച ശേഷം കുട്ടിപ്പട കിഴക്കേ കെട്ടിൽ ഒത്തുചേരും....

മുത്തശ്യമ്മ ചുടു ചുടെയുള്ള  പൊടിയരിക്കഞ്ഞി 
എല്ലാവര്ക്കും കിണ്ണങ്ങളില്‍ വിളമ്പി വെച്ചിട്ടുണ്ടാകും. നെയ്യ്, അഷ്ട ചൂർണ്ണം, ചുട്ട പപ്പടം,  കടുമാങ്ങ, ഗണപതി ഹോമം ഉള്ള ദിവസമാണെങ്കിൽ തേങ്ങാപ്പൂള്......
സമൃദ്ധമായി സന്തോഷമായി, തല്ലുകൂടി അങ്ങിനെ പ്ലാവിലയില്‍ കഞ്ഞി  കോരിക്കുടിയ്ക്കുന്നു. വയർ സംതൃപ്തമായാൽ എണീട്ട്  അടുത്ത പരിപാടി....

സ്കൂളിലേക്കുള്ള ഒരുക്കം.
വെയില് നോക്കി സമയം കൃത്യമായി കണക്കാക്കിയിരുന്ന കാലം. പുറത്തളത്തിന്റെ മുകളിലുള്ള ക്ളോക്ക് അടിക്കുന്നത് ശ്രദ്ധിക്കേണ്ട. എത്രാമത്തെ ഓടിലാണ് വെയില്‍ എത്തിയതെന്ന് നോക്കിയാല്‍ മതി. 
പോകുന്നതിനു മുൻപ്, ഓരോ ദോശയും ഒരു ഗ്ലാസ് പാല് വെള്ളവും. ഇനി വൈകുന്നേരം സ്‌കൂൾ വിട്ടു വന്നു കുളത്തില്‍ പോയി കുളിച്ചു വന്നാലേ  ഒരിറക്ക് വെള്ളം കൂടെ കിട്ടൂ............

തുടരും.......


(സ്പന്ദനങ്ങള്‍)  

"പറന്നു പോകും കിളിയേ
പക്ഷേ വീണ്ടും പിടിച്ചിടാം
കാലമോ പോവുകില്‍ പോയി
.................................."

കാലം പോകുന്നത് അറിയാതെ അങ്ങിനെ ജീവിച്ചു പോരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക്ക്‌....ഒരു നിമിഷം ചിന്തിച്ചു ..അയ്യോ, ഞാന്‍ എത്രയോ കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എന്ന്..അഥവാ, ഞാനാരാ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷം!

എന്‍റെ മുന്നില്‍, കാലം ചാര്‍ത്തിക്കൊടുത്ത മുല്ലമാലയുമായി പലരും വന്നു നില്‍ക്കുമ്പോളാണ് ഈശ്വരാ, എന്റെ ശിരസ്സിലുമുണ്ടല്ലോ ഈ മുല്ലമാല എന്നറിയുന്നത്‌. ("കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല..... )

പക്ഷേ, എന്തിനാണ് ഈ ജന്മം എന്നും, ഞാനാരാ എന്നും ഒരിയ്ക്കലും ആലോചിയ്ക്കാന്‍ സമയം ഉണ്ടായില്ല, അല്ലെങ്കില്‍ അങ്ങിനെയൊന്നും ചിന്ത്യ്ക്കേണ്ട ആവശ്യവും തോന്നിയില്ല..

ഒരുനാൾ ആ ചിന്ത ഉള്ളില്‍ ഒരിടിത്തീപോലെ കടന്നു വന്നപ്പോളാണ് "ഞാനാരാ "എന്നോരാത്മാന്വേഷണം നടത്തണമെന്ന് തോന്നിയത്.....ആ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു......അതിന്നിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നത് അറിയുന്നില്ലാ....

എല്ലാവര്ഷാവസാനത്തിലും കഴിഞ്ഞു പോയകാലത്തിന് നന്ദി പറയുകയും വരാന്‍ പോകുന്ന കാലത്തിനു സ്വാഗതം നല്‍കുന്നതും പതിവ് സംഭവം.

എന്നാല്‍ എന്നെ ഞാനാക്കിയ ഇന്നലെകള്‍, എന്‍റെ നാളെയുടെ പശ്ചാത്തലമായാതിനാല്‍ ഇന്നലെയുടെ സുഖദു:ഖങ്ങള്‍ ഇന്ന് ആനന്ദകരമാക്കി ആസ്വദിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌, കാലത്തിന്‍റെ ഓരോ ചവിട്ടുപടികള്‍ കയറുമ്പോഴും പിന്നിട്ടതിലും സുന്ദരമായ നാളുകള്‍ കാത്തിരിയ്ക്കുന്നുന്ടെന്ന പ്രതീക്ഷയില്‍ വരാന്‍ പോകുന്ന നാളെയെ പൂര്‍വാധികം ആനന്ദകരമായി സ്വാഗതം ചെയ്യട്ടെ!
ഈ ശുഭപ്രതീക്ഷയില്‍, എന്റെകൂടെ നിങ്ങളെ ഓരോരുത്തരെയും പങ്കാളികളാക്കാന്‍ ഏറെ സന്തോഷമുണ്ട്... നന്മ നിറഞ്ഞ ആ നല്ല നാളുകള്‍ എനിയ്ക്കും, എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും മഹനീയമായി തീരട്ടെ എന്നാഗ്രഹിച്ചുകൊന്ടു , ആശംസിച്ചുകൊണ്ട്, ആത്മീയ ഗുരു ഉപദേശിച്ചു 
 തന്നത് ഓര്‍ത്തുകൊണ്ട്‌ 
(Live in the present)...

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...