Friday, 19 September 2025

ഓര്‍മ്മകള്‍ (ഉണ്ണിക്കഥകള്‍)f

ഓര്‍മ്മകള്‍  (ഉണ്ണിക്കഥകള്‍)  

വിശ്വസിച്ചാലും, ഇല്ലെങ്കിലും.....

ഒരക്ഷരം നീട്ടിയും, കുറുക്കിയും രാഗമാലികയായി മാറ്റി.
 വാവോ, വാവോ, വാവാവോ ........വാവാവോ ...... എന്ന താരാട്ട് കേട്ട് വാവ വളര്‍ന്നു. അധികം താമസിയാതെ  ഒരക്ഷരം,  രണ്ടക്ഷരമായി, മൂന്നായി..... വാക്കുകളും, ഇമ്പമുള്ള വരികളുമായി.........

തുണിത്തൊട്ടിയിലും, അമ്മയുടെ മാറിലും ചൂടുതട്ടിക്കിടന്നു വാവയത് കേട്ട് വളര്‍ന്നു.
വാവയ്ക്ക് മോഹങ്ങള്‍ കൂടി. വാവ കൊഞ്ചിക്കൊഞ്ചിപ്പറഞ്ഞു----ഒരു കഥ പറയൂ....
അമ്മ താരാട്ട് നിര്‍ത്തി കുഞ്ഞിക്ക്രുഷ്ണന്റെ വീരകഥകള്‍ പറഞ്ഞു കൊടുത്തു. ദിവസോം കഥ ഇങ്ങിനെ തുടങ്ങും. ഒരൂസം കുഞ്ഞിക്ക്രുഷ്ണനും, ഗോപന്മാരും, പൈക്കുട്ട്യോളും കൂടി കാട്ടില് പോയി. അപ്പൊ ഒരസുരന്‍ കുഞ്ഞിക്ക്രുഷ്ണനേം ഗോപന്മാരേം കൊല്ലാന്‍ വന്നു. കുഞ്ഞിക്കൃഷ്ണന്‍ ആ അസുരനെ കൊന്നു. പിറ്റേദിവസം വേറൊരു അസുരന്‍ വന്നു. അവനേം കുഞ്ഞിക്കൃഷ്ണന്‍ കൊന്നു. പിറ്റേന്ന് പശുക്കളേം ഗോപന്മാരേം കുഞ്ഞിക്ക്രുഷ്ണനേം ഒരസുരന്‍ പെരുമ്പാമ്പായി വന്ന് വിഴുങ്ങി. അപ്പൊ  കുഞ്ഞിക്കൃഷ്ണന്‍ കണ്ണടച്ച് നിന്ന് മന്ത്രം ചൊല്ലിയപ്പോ പാമ്പിന്റെ വയറങ്ക്ട് വലുതായി വലുതായി 'ഠേ' ന്ന് പൊട്ടിത്തെറിച്ചു. അപ്പൊ ആപത്തൊന്നും പറ്റാണ്ടെ എല്ലാരും പുറത്തേക്ക് വന്നു. അങ്ങനെ കൃഷ്ണനെ കൊല്ലാന്‍ വരണ  അസുരമാരെയൊക്കെക്കൊന്ന് മഹാമിടുക്കനായ ഉണ്ണിയായി വളര്‍ന്നു. ഈ കഥയൊക്കെ കേട്ട നമ്മടെ വാവേം മിടുക്കനായ ഉണ്ണിയായി.

ഒരു ദിവസം ഉണ്ണിക്ക് ഒരപ്പം കിട്ടി. ഉണ്ണി അത് കുഴിച്ചിട്ടു. നാളേക്ക് ഇത് മുളച്ചു വരണേ എന്ന് പ്രാര്ത്ഥിച്ചു. പിറ്റേ ദിവസം രാവിലെ ഉണ്ണി വന്ന് നോക്കുമ്പോ അപ്പം മുളച്ചു പൊന്തി ചെടിയായി   നില്‍ക്കുണു. ഉണ്ണിക്ക് സന്തോഷായി. ഉണ്ണി അതിന് നല്ലോം വെള്ളൊഴിച്ചു. എന്നിട്ട് അപ്പച്ചെടിയോട് പറഞ്ഞു---'നാളേക്ക് ഞാന്‍ വന്ന് നോക്കുമ്പോ നീയൊരു അപ്പമരമായീല്ല്യെങ്കില്‍ എന്ടച്ഛന്റെ കൊങ്കണാം  കത്തികൊണ്ടൊന്ന് രണ്ടൊന്നു രണ്ട്.......' അടുത്ത ദിവസം  ഉണ്ണി വന്ന് നോക്കുമ്പോ അതാ, വലിയ അപ്പമരം നിക്കുണൂ.  അപ്പൊ ഉണ്ണി അപ്പമരത്തിനോട് പറഞ്ഞു----നാളേയ്ക്കു ഇതില് നിറച്ചു അപ്പണ്ടായീല്ലെങ്കില് എന്റെ അച്ഛന്റെ കൊങ്കണാം കത്തികൊണ്ടൊന്നുരണ്ടൊന്നു രണ്ട്......പേടിച്ചു പോയ മരത്തില്‍ പിറ്റേന്ന് രാവിലേക്ക്  നിറയെ അപ്പങ്ങള്‍ തൂങ്ങിക്കിടന്നു. ....' ഉണ്ണീ, ഉണ്ണീ ഒരപ്പം ങ്ങട് ഇട്ടൂട് ' എന്ന് അപ്പം തിന്നാന്‍ മരത്തില്‍ കേറിയ ഉണ്ണിയോട് രാക്ഷസന്‍ താഴെ നിന്ന് പറഞ്ഞപ്പോള്‍ ഉണ്ണി പേടിച്ചില്ല. ഉണ്ണീടെ കയ്യിലെ കത്തി കണ്ടു പേടിച്ചത് രാക്ഷസന്‍. പക്ഷേ .സൂത്രത്തില്‍ ഉണ്ണിയെ രാക്ഷസന്‍ ചാക്കിലാക്കി.  എന്നാല്‍ മിടുക്കനായ ഉണ്ണി ചാക്കില്‍ നിന്നും രക്ഷപ്പെട്ടു . പകരം രാക്ഷസന്റെ മകളെ  ചാക്കില്‍ കെട്ടിവെച്ച്  രക്ഷപ്പെട്ടു.....

തന്റെ മകളെ താന്തീനീ.......ഉണ്ണി ധൈര്യവാന്‍ തന്നെ. 


ഉണ്ടാ, ഉണ്ടീ അപ്പണ്ടോ....  ന്നു ചോദിച്ചു വന്ന നരിയെ കുടുക്കീത് ഉണ്ണീടെ ബുദ്ധ്യന്നെ....

ഏഴാം കടലിന്റപ്രത്തുന്നതാ നരിയൊരമ്പം കേക്കുണൂ.....അച്ഛാ, ഉണരുണരൂ....അമ്മേ, ഉണരുണരൂ.....ഏട്ടനേം,  അനീത്ത്യേം ഒക്കെ വിളിച്ചുണര്‍ത്താന്‍ നോക്കി .ആരും ഉണരുന്നില്ല. ആറാം കടലിന്റപ്രത്തുന്നതാ നരിയൊരമ്പം കേക്കുണൂ....അച്ഛാ,... ഉണരുണരൂ......അമ്മേ....... ആരും  ഉണരുന്നില്ല....
ഒന്നാം കടലി .........
ആരും ഉണര്ന്നില്ലെങ്കിലും ഉണ്ണി നരിയെ നേരിടാന്‍ തീരുമാനിയ്ക്കുന്നു......പരിഭ്രവും, സങ്കടവും മാറ്റി ഉണ്ണി തയാറായി.

ഇനിയും എത്ര എത്ര കഥകള്‍ ....
എത്ര എത്ര പ്രാവശ്യം കേട്ടൂ ....
മടുക്കാത്ത കഥകള്‍.

ഒരു കാക്ക ഏകാദശി നോറ്റു  ക്ഷീണിച്ചു കുണ്ടങ്കുളത്തിന്റെ വക്കത്തുള്ള വാഴക്കയ്യിലിരുന്നു മയങ്ങി കുളത്തില് വീണു. കാക്ക മുങ്ങിപ്പൊങ്ങിയപ്പോള്‍ നല്ലൊരു സ്വര്‍ണ്ണമാല കാലില്‍ തൂങ്ങിക്കിടക്കുണൂ.....അത് കണ്ട് അസൂയമൂത്ത മറ്റൊരു കാക്ക കള്ളഎകാശി നോറ്റ് വാഴക്കയ്യില്‍ പോയിരുന്നു. എത്ര നേരായിട്ടും ഉറക്കം വന്നില്ല.....വാഴക്കയ്യ്‌ ഒടിഞ്ഞൂല്ല്യ, കൊളത്തില് വീണൂല്ല്യ.....അപ്പൊ വാഴങ്കയ്യ്‌ കൊത്തീട്ട് കൊളത്തില്‍ക്ക് ചാടി. മുങ്ങിപ്പൊന്ത്യപ്പോ കാലില്‍ കുടുങ്ങീത്  കരിക്കട്ട!  ഇത് കണ്ട കൊളത്തിലെ മത്സ്യം പറഞ്ഞു ---കാട്ടീത് കാട്ട്യാ......

അമ്മ ഇല്ല്യാത്ത കുട്ട്യേ, ചെറിയമ്മ ആട്ടിയോടിച്ചു. പക്ഷെ, ശ്രീപാര്‍വതി അവളെ അനുഗ്രഹിച്ചു ധാരാളം പണ്ടങ്ങളും ഉടുപ്പുകളും കൊടുത്തു വിട്ടു. ഇത് കണ്ടു മോഹിച്ചു ശ്രീപാര്‍വത്യെ കാണാന്‍ പോയ കുട്ടിക്കും ദുരമൂത്ത കാക്കാതെ ഗതി തന്നെ വന്നു....

ആമേം മുയലും പന്തയം വെച്ച കഥ, കാക്കേം കൊക്കും കുറുക്കനും ചെന്നായേം കുറുനരീം സിംഹോം ആനേം കുരങ്ങനുമൊക്കെ ചങ്ങാതിമാരായത്.........അങ്ങനെ എത്ര അത്ര കഥകള്‍.........

ഇന്ന് ഉണ്ണീടെ ഉണ്ണി തന്റെ ഉണ്ണിയ്ക്ക് കഥ പറഞ്ഞു കൊടുക്കുണൂ ....
ഒരു 'കൊറോണ' ണ്ടാര്‍ന്നു. സൂക്ഷിച്ചു നോക്ക്യാലും കൂടി കാണാന്‍ പറ്റില്ല. അങ്ങനെ ഒരു ജീവ്യാണ് ട്ടോ.....ആള്‍ക്കാര് കാടൊക്കെ വെട്ടി വെളുപ്പിച്ചപ്പോ നാട്ടില്‍ക്ക് രക്ഷപ്പെട്ടു വന്നതാ ന്നാ ചെല ആള്‍ക്കാര് പറേണേ......അല്ലാ, ഒരു കുപ്പീടെ ഉള്ളുന്ന്, ആരോ തൊറന്നപ്പോ ജീവി പുറത്തു ചാടീതാ ന്നും കേക്കാനുണ്ട്. വേണം ച്ച് ആരോ തൊറന്ന് വിട്ടതാന്നും......എന്തായാലും അതിന് ഒരു ദിവസം വേണ്ടാ ത്രേ, ഈ ലോകത്തുള്ളോരെ ഒക്കെ കൊല്ലാന്‍ ......അതിന്റെ കഥ മുഴുവന്‍ പറയാന്‍ ആരെങ്കിലും ബാക്കിണ്ടാ വ്വ്വോ, അറീല്ല്യാ ട്ടോ....ന്നാലും നീയ് കേട്ടോ, ....
നമ്മടെ വായേക്കൂടീം, മൂക്കുക്കൂടീം അത് കേറാണ്ടിരിക്കാനേയ് ഒക്കെ മൂടി ക്കെട്ടി നടക്കണം.......ആരേം തൊടരുത്.....വിട്ടു നിന്ന് വര്‍ത്താനം പറേണം.....നിവൃത്തിണ്ടെങ്കി പുറത്ത്  എറങ്ങരുത്...... ഇനി പ്പോ പൊറത്തു പോയി വന്നൂച്ചാ, കയ്യൊക്കെ മരുന്നിട്ടു കഴുകണം.... സാധനോം ണ്ടെങ്കി അതും.......ങ്ങനെ ശ്ശി ഓരോന്ന് ണ്ട്.....
ആലോചിക്കുമ്പോത്തന്നെ പേട്യാവ്ണൂ......

അതിന്റെ സൊന്തക്കാരും,  കൂട്ടുകാരും പിന്നാലെ വരുണുണ്ടത്രേ........  അതിന്റെ ഒക്കെ കഥ മുഴുവന്‍ പറയാന്‍ ആരെങ്കിലും ബാക്കിണ്ടാ വ്വ്വോ, അറീല്ല്യാ ട്ടോ......

ഈശ്വരോ രക്ഷതു :



 Nov 3, 2016, 2:38 PM

ഏകദേശം ഒരു മാസം മുന്നേ രാജന് കൃഷ്ണാഢ്യന്റെ 'കായുമ്മലെ കാക്കയെ' പ്പറ്റി യുള്ള പോസ്റ്റ്‌ വായിച്ചപ്പോള് സ്വന്തം അനുഭവം ഷെയര് ചെയ്യാമെന്ന് തോന്നി.
പണ്ട്,
ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന മകള് ദിവസവും രാവിലെ പുസ്തകം മലർത്തി വെച്ച് വായന തുടങ്ങും,

'മഹാത്മാ ഗാന്ധി ഹമാരെ ദേശ്കേ നേതാ ഥേ. വെ ഹമേശാ സൂത് കാത് തെ ഥേ. വെ ഹമേശാ ഗാതെ ഥേ--
രഘുപതി രാഘവ ,,,,,,,,,,,,,,,,,
സബ്‌ കോ സന്മതി ദേ ഭഗവാൻ.....

പുസ്തകത്തിൽ ഗാന്ധി ചര്ക്കയിൽനൂൽ നൂൽക്കുന്ന പടവും ഉണ്ട്. ഇത് 2 വയസ്സുകാരൻ അനുജൻ അടുത്തിരുന്നു കാണുകയും കേൾക്കുകയും ചെയ്യും.

ഒരുനാൾ പോസ്റ്മാൻ കത്ത് കൊണ്ടുവന്നത് മകന്റെ കയ്യിലാണ് കിട്ടിയത്.
അയാള്‍ അത്യത്ഭുതമായി ഓടിക്കൊണ്ട്‌ വന്നു കത്ത് കാണിച്ചു പറഞ്ഞൂ,
"യെ ദേഖോ, സബ്കോ സന്മതി ദേ ഭഗവാന് ഹമാരെ ചിട്ഠി് കെ ഊപര് ആയാ ഹേ "
ഈ സംഭവം നടക്കുമ്പോള്‍ കാശിയില്‍ ആയിരുന്നു.

ഒന്നര വര്ഷം കഴിഞ്ഞു ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ ജയനഗറില്‍ നിന്നും കുറച്ചു ദൂരെയാണ് താമസിച്ചിരുന്നത്. ഒരു കി.മീ.-ല്‍ അധികം ദൂരത്തുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകവേ, കുറച്ചു ഗ്രാമീണര്‍ നടന്നു പോകുന്നത് കണ്ടപ്പോള്‍ മകന്‍ വീണ്ടും ഓര്ത്തു--പതുക്കെ പറഞ്ഞു--

'സബ്കോ സമ്മന്തി (സന്മതി) ദേ ഭഗവാന് ജാ രഹാ ഹേ'.....



ഇന്ന് ചിങ്ങം ൧൫.(15 )
ചിങ്ങം 10 -ആം ന്തി, ഭാദ്രമാസം -൪ (4)ചിത്ര നക്ഷത്രം. 
അന്നാണ് ആദ്യമായി പെരുമ്പിളിശ്ശേരിയിലെ മിത്രാനന്ദപുരം ക്ഷേത്രത്തിൽ പോകുന്നത്.
കാഴ്ചയിൽ ആധുനികത കടന്നുകൂടിയിട്ടുണ്ടെങ്കിലും ശാന്തഗംഭീരമായ, സൗന്ദര്യവും ഐശ്വര്യവുമുള്ള ക്ഷേത്രം. പ്രതിഷ്ഠ അപൂർവ്വമായിട്ടുള്ളത് എന്ന് പറയാം. വാമനമൂർത്തിയുടെ.
മനോഹരമായി അലങ്കരിച്ചു നിൽക്കുന്ന വാമനമൂർത്തിയുടെ  വാത്സല്യം തുളുമ്പുന്ന പ്രസന്ന വദനം,
ക്ഷേത്രത്തിനോട് ചേർന്ന് നല്ലൊരു കുളം. പിൻഭാഗത്തു ഊട്ടു പുര. ഊട്ടു പുരയ്ക്കുമുന്നിൽ പൊതുജങ്ങൾക്ക് ഭക്ഷണം കഴിയ്ക്കാൻ വിശാലമായ ഹാളുണ്ട്, അതിന്റെ മുന്നിൽ മറ്റു ക്ഷേത്രങ്ങളിൽ അപൂർവമായി കണ്ട് വരുന്ന മനോഹരമായ സങ്കൽപം- "നക്ഷത്രവനം"
.
ഞങ്ങൾ ചോറൂണിനു വന്നവരെല്ലാം അവനവന്റെ പ്രിയപ്പെട്ടവർക്കായി അവരുടെ നക്ഷത്രം നോക്കി ജലാഭിഷേകം ചെയ്തു. പലരും ൨൭ നക്ഷത്രങ്ങളെയും സ്മരിച്ചു ജലം തർപ്പണം ചെയ്തു. ആദ്യം ചിത്രയുടെ വൃക്ഷമായ കൂവളത്തിന് തർപ്പണം ചെയ്തത്. ചെറിയ സ്വാര്‍ത്ഥത .... ഞങ്ങൾ രണ്ടുപേരും , പേരക്കുട്ടിയും ചിത്രനാളുകാർ.-പരമശിവസങ്കല്പമായ ഈ വൃക്ഷത്തിനെ വന്ദിച്ച ശേഷം വൃത്തിയുള്ള നടപ്പാതയിൽക്കൂടി സന്തോഷത്തോടെ  നടന്ന് നീങ്ങി അശ്വതി മുതൽ രേവതി വരെയുള്ള ചുറ്റും തറകെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന എല്ലാ വൃക്ഷങ്ങള്‍ക്കും ഓരോ കപ്പ് വീതം വെള്ളമൊഴിച്ചു. 
ലോകാ സമസ്താ..... 
ഓരോ നക്ഷത്രക്കാർക്കും അവരവരുടെ ജന്മനക്ഷത്രത്തിൽ പറഞ്ഞിരിയ്ക്കുന്ന പക്ഷി-മൃഗങ്ങളെ ഭക്ത്യാദരപൂർവ്വം സ്മരിയ്ക്കണമെന്നു പൂർവ്വജർ പറയുന്നു. അവയെ നശിപ്പിയ്ക്കാതിരിക്കൽ മാത്രമല്ല,വേണ്ടപോലെ സംരക്ഷിച്ചു വളർത്തുകയും വേണമത്രേ. നിത്യേന ഇവയെ മാത്രമല്ല, ജന്മനക്ഷത്രത്തിന്റെ അധിപതിയായ ദേവതയേയും, ഭൂതത്തെയും കൂടി ഭക്തിയോടെ പൂജിയ്ക്കുകയും കൂടി ചെയ്‌താൽ ആയുസ്സും,ഐശ്വര്യവും വർദ്ധിയ്ക്കും എന്നും ശ്രുതി.
ചിത്രനാളുകാരുടെ പക്ഷി കാകൻ. മൃഗം - ആൾപുലി (!!)
ആസുരഗണത്തിൽപ്പെട്ട ഞങ്ങളുടെ ദേവത, തൃഷ്‌ടാവാണ്‌. ഭൂതം,അഗ്നിയും. 
മേല്പറഞ്ഞവയെ ഒന്നും തീരെ ഉപദ്രവിക്കാറില്ല, എന്നാൽ ബഹുമാനമുണ്ടുതാനും.
പക്ഷേ,മൃഗം, 'ആൺപുലി--'.പൂജിക്കാതെങ്ങിനെ??
വാമനമൂർത്തി പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ 'ഓത്തൂട്ട് '(ഓത്തുകൊട്ട്) പ്രധാനമാണ്. ചുറ്റുവട്ടത്തുള്ള പത്തു ഇല്ലക്കാരാണ് ഇത് നടത്തുന്നത് എന്നും കേട്ടു. അടുത്തുള്ള നാലില്ലക്കാരുടെ ഊരാണ്മയിലുള്ള ക്ഷേത്രമാണിത്. ഇവിടെ വെച്ച് ഉണ്ണികൾക്കു ഉപനയനവും മറ്റും നടത്തുക പതിവാണ്.
ഇതിനൊക്കെ പുറമേ, പറമ്പ് കച്ചവടം എളുപ്പമായി നടക്കാൻ ഒരു പിടി മണ്ണ് ഇവിടെ നിന്നും കൊണ്ട് പോയി ആ സ്ഥലത്തു കുഴിച്ചിട്ടാൽ മതിയാത്രെ ! 
വാമനന്റെ മൂന്നടി മണ്ണളവ് ഇപ്പോഴും എത്ര ആദരവോടെയാണ് പലരും ഓർക്കുന്നത്.!
എന്തായാലും ഓണമാസത്തിലൊരു വാമനമൂർത്തി ദർശനം--ഏറെ നാളായി കേട്ട് വന്നിരുന്ന നക്ഷത്രവനദർശനം. ആകെ ഗംഭീരമായ ദിവസം.
ചോറൂണ് സദ്യയുണ്ട്, 'തന്മയ്' തിട്ടയിൽ നു എല്ലാ അനുഗ്രഹാശിസ്സുകളും നൽകി മടങ്ങുമ്പോൾ മനസ്സിൽ നക്ഷത്രവനത്തിന് കീഴെ ചെലവാക്കിയ നിമിഷങ്ങളും, വാമനമൂർത്തിയുടെ മനോഹരമായ ചിരിയുമായിരുന്നൂ മനസ്സിൽ.


പണ്ടൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാലം....പൂജവെപ്പുകാലം..ഈ ആഘോഷക്കാലത്തെ ഏറ്റവും രസമെന്താണെന്നു വെച്ചാൽ, പുസ്തകം തുറക്കരുത്‌. വായിക്കരുത്...എന്ന നിർബന്ധം..
എന്നാലോ, പതിവിനു വിപരീതമായി പത്രമോ മറ്റെന്തെങ്കിലും എഴുതിയത് കാണുമ്പോൾ ഓട്ടക്കണ്ണിട്ടു വായിക്കാൻ മോഹവും....
വടുക്കിനിയുടെ തെക്കുകിഴക്ക് ഭാഗത്ത് ഉയരത്തിൽ മെറൂൺ നിറത്തിൽ സ്വർണ്ണയിലകളുള്ള പട്ടുതുണിയ്ക്കുള്ളിൽ നിറയെ ഗ്രന്ഥങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍.....
രണ്ടു നേരവും 'സരസ്വതി നമസ്തുഭ്യം ....' ചൊല്ലി തൊഴുതു നമസ്ക്കരിക്കുമ്പോൾ വിശ്വസിച്ചു, ഈ ഗ്രന്ഥങ്ങളും പുസ്തകങ്ങളുമൊക്കെ നിശ്ചയമായും സരസ്വതീ ദേവി  വായിച്ചിട്ടുണ്ടാകുമെന്ന്....ആ വിശ്വാസങ്ങള്‍ ദൃഢമായിരുന്നു. 
3 നേരം നേദിയ്ക്കുന്ന അവിലും മലരും പഴവും, സന്ധ്യക്ക് നേദിയ്ക്കുന്ന  ശർക്കരപ്പായസവും, അതിനുമുകളിൽ ഇറ്റിയ്ക്കുന്ന നെയ്യും ശർക്കരയും തുളസിപ്പൂവും ചേർന്ന സുഗന്ധവും... ....
ഹാ! ഹാ!
ആ സുഗന്ധം, സ്വാദ്
ഓർക്കുമ്പോൾ തന്നെ ഒരു ഹരം.....
മനോഹരമായ സങ്കല്പങ്ങള്‍.....
ഇന്നും അങ്ങിനെയല്ലാ എന്ന് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല.....
ഏവർക്കും സരസ്വതീ കടാക്ഷം ഉണ്ടാകട്ടെ....
.മണലിൽ എഴുതിയെഴുതി കൈവിരലുകൾ തേഞ്ഞ കാരണവർമാരുടെ പേരക്കുട്ടികൾ ഒരിക്കലെങ്കിലും മണലിൽ ഹരിശ്രീ കുറിയ്ക്കട്ടെ !



ഇന്ന് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം!!!!!വര്‍ഷങ്ങളായി പൂരം കാണിച്ചു തരുന്ന ടീ.വീ. എന്ന മാദ്ധ്യമത്തിന് നന്ദി....നേരില്‍ കണ്ട പൂരങ്ങളെ ഓര്‍ക്കുകയാണ്.....16വയസ്സുമുതല്‍ 20 വരെ തൃശൂര്‍ പൂരമെന്ന് പറഞ്ഞാല്‍,പ്രദര്‍ശനം, ആള്‍ക്കൂട്ടം, നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിപ്പിനു നിരയായി നില്‍ക്കുന്ന ആനകള്‍,വാദ്യമേളങ്ങള്‍, വെടിക്കെട്ട്.......കൂടാതെ മനസ്സില്‍ പൂത്തു വിരിയുന്ന പൂത്തിരികളും, വെടിക്കെട്ടുകളും, അവയുടെ കൊട്ടിക്കലാശവും.....

80കളില്‍ കുട്ടികളെ പൂരം കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൂരത്തിനു മറ്റൊരു മുഖച്ഛായ ...

96 മുതല്‍ തൃശൂരില്‍ 4 വര്ഷം അടുത്തു കണ്ട പൂരത്തിന് വേറൊരു തരം കാഴ്ച്ചപ്പാടു. .ജനങ്ങളെ ഏറ്റവുമധികം,ആകര്‍ഷിക്കുകയും, ആഹ്ലാദിപ്പി ക്കുകയും  ചെയ്യുന്ന ഗജവീരന്മാരുടെ സാന്നിദ്ധ്യം, അനുസരണയോടെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന, പൂരം ഗംഭീരമാക്കാന്‍ ആ പാവങ്ങള്‍ സഹിയ്ക്കുന്ന കഷ്ടപ്പാട്......... 
ഇതൊക്കെ അത്തവണ നന്നായി അറിഞ്ഞു..ഏറ്റവും മനസ്സില്‍ തട്ടിയ പൂര വിശേഷങ്ങളില്‍ ഒന്നാണ്, അടുത്തനാള്‍ രാവിലെ ഇരുകൂട്ടരും ശ്രീമൂലസ്ഥാനത്തു നിന്ന് ആചാരവാക്കുകള്‍ പറഞ്ഞു പരസ്പരം യാത്ര ചൊല്ലി പിരിയുന്ന രംഗം......

ഇത്തവണത്തെ തൃശൂര്‍ പൂരം ഏവര്‍ക്കും മനോഹരമായ ഓര്‍മ്മകള്‍ സ്മ്മാനിയ്ക്കട്ടെ.
ശക്തന്‍ തമ്പുരാനേ ഓര്‍ത്തു, വടക്കുന്നാഥനെ വന്ദിച്ചു കൊണ്ടു, ഇത്തവണത്തെ ലയത്തിനു പ്രാധാന്യം കൊടുത്തുകൊന്ടുള്ള ഇലഞ്ഞിത്തറ മേളത്തിനായി, കണ്ണും കാതും കൂര്‍പ്പിച്ചിരിയ്ക്കാം.






Tuesday, 16 September 2025

പ്രതികരണം --ഇനി വരുന്നൊരു ..... ടീച്ചര്‍

Uma Namboodiri shared a memory.
സ്പന്ദനങ്ങള്‍ :_
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ ചിന്ത ഉയര്‍ന്നു- ഈ പ്രകൃതി എന്റെ അമ്മയാണ്.അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന്‍ ചെയ്യുന്നതോ?
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--സര്‍വനാശത്തിലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ ൫൦ (50)വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാ ണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....
........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........


Aug 09, 2016 10:17pm
Uma Namboodiri shared her post.
June 26
Uma Namboodiri
June 22
പത്രങ്ങൾ വായിച്ചു ചിരി വരിക, അതു അപൂർവ്വമാണ്. ഇതു ചിരിക്കാനുള്ള ധാരാളംവിഭവങ്ങൾ പത്രം വിളമ്പിയിരിയ്ക്കുന്നു.
എസ്.കെ.യുടെ 'താലപ്പൊലി സ്വീകരണം' വായിച്ചു നന്നാ യി രസിച്ചു. പ്രബുദ്ധ കേരളത്തിലെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണത്രെ ഇതു. സ്വീകരണത്തിന്റെ സൂത്രധാരൻ നല്ല കാര്യപ്രാപ്തിയുള്ളവനായിരിയ്ക്കും. അതിഥി എത്തി്ച്ചേരുന്നതിന്റെ 2 മണിക്കൂർ മുൻപെങ്കിലും സ്ത്രീകളും കുട്ടികളും ഒരുങ്ങി യിരിയ്ക്കണം . സ്വീകരണ സമയം എത്ര മണിക്കൂർ വേണമെങ്കിലും നീളാൻ സാദ്ധ്യതയുള്ളതു കൊണ്ടു പൂക്കളും, തിരിയും,എണ്ണയുമൊക്കെയുള്ള താലമേന്തുന്നവർ വിശപ്പോ ദാഹമോ ഇല്ലാത്തവരായിരിയ്ക്കണം. വെയിലത്തു വാടരുത്, മഴയത്തു കുതിരരുത്. അനങ്ങാതെ അങ്ങിനെ താലം പിടിച്ചു നിന്നോളണം. ഇടയ്ക്കിടെ സംഘാടകൻ വന്നു ആശ്വസിപ്പിച്ചോളും -ഇപ്പൊ വരും, ഇപ്പൊ വരും. നിന്നു നിന്നു വയ്യാതായാലോ, പേടിക്കണ്ടാ, അണിയറയിൽ റിസർവുകൾ ഉണ്ടാകും.
ഇനി സ്വീകരണം ഏറ്റു വാങ്ങുന്നവൻറെ കാര്യമാണെങ്കിലോ, താലക്കാരിയുടെ മുഖം അല്ലെങ്കിൽ താലത്തിലെ പൂവ് വാടിക്കോട്ടെ , മൂപ്പരുടെ മുഖത്തു ആഹ്ലാദം തന്നെ. ചിലപ്പോൾ താലക്കാരെ നോക്കി കൈകൂപ്പും, ചിലപ്പോൾ റ്റാറ്റാ പറയും.....അഥവാ, വൈകിയെത്തിയ അതിഥിയാണെങ്കിൽ പൂമഴയാവില്ല, പൂവേറ് തന്നെയാകും കിട്ടുക.
ഒരിയ്ക്കൽ, കല്ലേറ് വാങ്ങി ശീലമുള്ള ഒരു നേതാവിന് പുഷ്പ്പാർച്ചന ലഭിച്ചപ്പോൾ വൈവശ്യം' ഉണ്ടായത്രേ.......
ഇനി പെണ്മണികൾ താലമെടുത്തു നിൽക്കുന്നതിനു നിയന്ത്രണം വരുന്നു.
അപ്പോൾ വാളും പരിചയും ഏന്തിയ പുരുഷമണികൾ നിരന്നു നിൽക്കും.
നേതാവിന്റെ കഷ്ടകാലം...വല്ല ശത്രുക്കളും, നുഴഞ്ഞു കേറിയാലോ??
Aug 09, 2016 10:17pm





ma Namboodiri
August 7, 2015 ·
സ്പന്ദനങ്ങള്‍ :_
(തിരിച്ചറിവുകള്‍ )
7th ആഗസ്റ്റ്‌, 2015
ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്‍ത്തല്‍ അത്ര എളുപ്പമല്ല.
എന്ടോസല്‍ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്‍ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ഇപ്പോഴും അനുവര്‍ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ്‌ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം 'കോടാനുകോടികള്‍ കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള്‍ ഒന്ന് തുറക്കണേ! വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്‍ത്തു, നിലവിളി തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!' (quote )
"ഏതുനേരവും എ.സി മുറികളില്‍, ഭ്രൂണാകൃതിയില്‍ ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്‍ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്‍ക്കോട്ടെ 5000 ഹെക്ടര്‍ പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്‍ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്‍ഷങ്ങള്‍ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട്
പാതി മറച്ച, മഴവന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
കാസര്‍ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്‌, എന്ടോസല്‍ഫാന്‍ ഇരകള്‍ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!!(നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )
കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. കാസര്‍ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്‍ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!! എന്ടോസല്‍ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു,ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട്‌ ഒരു റോഡും ഉണ്ടാക്കിയത്രേ.ഇപ്പോളത് തകര്‍ന്നൊലിച്ചതായി പത്രത്തില്‍ കണ്ടു. പക്ഷേ, സര്‍ക്കാരിന് നാണവും,മാനവും ഇല്ലെങ്കിലും, നാട്ടുകാര്‍ക്ക് അങ്ങിനെയല്ല. അവരാകല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!! (ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)
നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍, ആശ്വാസ വാക്കുകള്‍,സര്‍ക്കാരിന്റെ ഉറപ്പുകള്‍, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്‍പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്‍പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്....കൂടുതല്‍ ട്രക്കുകള്‍ അതിര്‍ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ..... നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......
ജയ്‌ ജവാന്‍, ജയ് കിസാന്‍ !



Uma Namboodiri shared her post.
July 9
Uma Namboodiri
July 9
'ഒരു പുസ്തകം നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഉപേക്ഷിയ്ക്കുക .പുസ്തകം വായിക്കണമെന്ന് ആരും നിര്‍ബന്ധിയ്ക്കുന്നില്ല, സാഹിത്യാഭിരുചികള്‍ വ്യത്യസ്തമാണ്- ഒരാള്‍ക്ക് ശരിയും സ്വീകാര്യവുമായത് മറ്റൊരാള്‍ക്ക് അങ്ങിനെയാവനമെന്നില്ല. എഴുതാനുള്ള അവകാശം തടസ്സപ്പെടാത്തതായിരിക്കണം.'--
മദ്രാസ്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം. (സന്ദര്‍ഭം-പെരുമാള്‍ മുരുകന്‍ കേസ്)
ഇനി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണ്ട കാര്യത്തില്‍.......??

LikeShow more reactions
Comment


സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...