- ആമുഖം
2013 ജൂലൈ 9-നു കൈലാസ മാനസ സരോവര്‍ യാത്രക്ക് പോകാന്‍ തിരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് ഭാരതീയ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഉള്ള അറിയിപ്പ് ഇന്റര്‍ നെറ്റ് വഴി അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. മറ്റൊരാഗ്രഹം കൂടെ സഫലമാകാന്‍ പോകുന്നു!
ഉടനെ ശ്രീ രാമചന്ദ്രന്‍ സാറിനെ വിവരം അറിയിച്ചു.അദ്ദേഹം പറഞ്ഞു-- ഭാഗ്യം തന്നെ ! കാരണം ലക്ഷക്കണക്കിനുള്ള അപേക്ഷകളില്‍ നിന്നും കുറച്ചുപേരെ നറുക്കിട്ട് തിരഞ്ഞെടുക്കുന്നു. അതില്‍ പെട്ടല്ലോ ! [കൈലാസ് മാനസ സരോവര്‍ യാത്ര കമ്മിറ്റി യിലെ അംഗമാണ് അദ്ദേഹം ]
യാത്രയെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഇന്റര്‍നെറ്റ് വഴി അറിയാന്‍ കഴിയും. എന്തൊക്കെ കയ്യില്‍ കരുതണം, ഡ്രസ്സ്കള്‍, മരുന്നുകള്‍, രേഖകള്‍, പിന്നെ ഓരോ ദിവസവും നടക്കേണ്ട വഴി, എവിടെയാണ് തങ്ങേണ്ടത് തുടങ്ങി എല്ലാം സവിസ്തരം അതില്‍ എഴുതിയിട്ടുണ്ട്.
പോകാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി യോഗയെല്ലാം പൂര്‍വാധികം നിഷ്ക്കര്‍ഷയോടെ ചെയ്തു തുടങ്ങി. പക്ഷേ, നിത്യേനെ ഇന്റര്‍നെറ്റ് നോക്കി യാത്രയെക്കുറിച്ച് വായിച്ചു വായിച്ച് പോകാനുള്ള ഉത്സാഹം കുറയാന്‍ തുടങ്ങി ' ഈശ്വരാ, എന്നെക്കൊണ്ട് ഇത്രയും നടക്കാന്‍ കഴിയുമോ ? ' എന്ന ചിന്ത വേട്ടയാടാന്‍ തുടങ്ങി. ഈ ചിന്തകള്‍ ഊണിനെയും ഉറക്കത്തിനെയും വല്ലാതെ ബാധിച്ചു. അല്ലെങ്കിലും ഈ സെലക്ഷന്‍ ഒടുവിലത്തേതല്ല. ഡല്‍ഹിയില്‍ എത്തിയാല്‍ മെഡിക്കല്‍ ചെക്കപ്പ് ഉണ്ട്. ആ കടമ്പ കടക്കുമെന്ന് ഉള്ളില്‍ തോന്നലുണ്ടായിരുന്നു. അത് കഴിഞ്ഞാലുള്ള കാര്യമോര്‍ത്തായിരുന്നു ഭയപ്പെട്ടിരുന്നത്.
അങ്ങിനെ വീണ്ടും രാമചന്ദ്രന്‍ സാറിനെ വിളിച്ച് എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പറഞ്ഞു. 8-ആമത്തെ ബാച്ച്, ജൂലയ് 9 നാണ് യാത്ര തുടങ്ങുക എന്ന വിവരവും അറിയിച്ചു. മഴയുണ്ടാകാന്‍ സാദ്ധ്യത ഉണ്ട് എന്നും, കുതിരയും സഹായിയും ഉണ്ടെങ്കിലും പൊതുവേ ദക്ഷിണേന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് (കുതിരപ്പുറത്തായാലും) യാത്ര ക്ലേശകരം തന്നെ എന്ന മറുപടിയാണ് കിട്ടിയത്.
ഒടുവില്‍ എന്‍റെ മോഹവും, വിഷമവും കണ്ട് അദ്ദേഹം എറണാകുളത്തുള്ള ശ്രീ വേണുജി, കാട്മാണ്ടു വഴി നടത്തുന്ന കൈലാസ് യാത്രാ ഗ്രൂപ്പില്‍ കൂടെക്കൂട്ടാമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു. നമ്പര്‍ തന്നു. ഉടനെത്തന്നെ 'ചാര്ധാം' യാത്രയിലായിരുന്ന വേണുജിയുമായി സംസാരിച്ചു. അദ്ദേഹം ജൂണ്‍ 9 നാണ് യാത്ര തുടങ്ങുന്നത്. "എല്ലാവരുടെയും 'കടലാസുകള്‍' ശരിയായിക്കഴിഞ്ഞു. പക്ഷേ, രാമചന്ദ്രന്‍ സാര്‍ പറഞ്ഞാല്‍ കൊണ്ടുപോകാതെ തരമില്ലല്ലോ, പാസ്പോര്‍ട്ടും, തുകയും മറ്റു വിശദാശംങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ അയച്ചു തരൂ " എന്ന മറുപടി കിട്ടി. അങ്ങിനെ, ഇതാ ഏറെ സ്വപ്നം കണ്ട കൈലാസയാത്ര യാഥാര്‍ത്ഥ്യമാകാന്‍ പോകന്നു എന്ന സന്തോഷത്തിലായി.
ഷൂവും മറ്റും ഇട്ടു അതിരാവിലെ നടത്തം തുടങ്ങി. ചെറിയ കയറ്റം കയറലും, ഇറങ്ങലും. സര്‍ക്കാര്‍ വഴിയുള്ള യാത്ര ക്യാന്‍സല്‍ ചെയ്തില്ല. ഈ യാത്ര കഴിയട്ടെ.വന്നിട്ട് വേണമെങ്കില്‍ നോക്കാം എന്ന് തീരുമാനിച്ചു. ഒരാള്‍ക്ക് 5,000 രൂപ വീതം മെഡിക്കല്‍ പരിശോധനയ്ക്ക് ആദ്യം തന്നെ ഡി.ഡി അയച്ചുകൊടുത്തിട്ടുണ്ട്.
ഒടുവില്‍ ബ്രഹ്മാവിന്റെ ആത്മാവെന്ന് വിശ്വസിയ്ക്കുന്ന മാനസസരോവറിന്റെ കുളിരനുഭവിയ്ക്കാനും, പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനം അഥവാ പരമശിവന്റെ ആസ്ഥാനമായ കൈലാസത്തിന്റെ മടിത്തട്ടില്‍ കുറച്ചു ദിവസം താമസിച്ചു പോരുവാനും സാധിച്ചു.
കേട്ടും വായിച്ചും അറിഞ്ഞ ഹിമവല്‍ ദര്‍ശനത്തിന് പോയപ്പോള്‍ എന്നും മകളുടെ പത്തു വയസ്സുകാരി കുട്ടിക്ക് അന്നന്നത്തെ അനുഭവങ്ങൾ ഡയറിയില്‍ കുത്തിക്കുറിച്ചു വെക്കുമായിരുന്നു. ഈ യാത്രയും അവൾക്കുള്ള കുറിപ്പുകളാണ്. സുഖമായാലും ദുഃഖമായാലും അനുഭവങ്ങൾ പങ്കിടുമ്പോൾ കിട്ടുന്ന ആനന്ദം, അതൊന്ന് വേറെത്തന്നെയാണ്. അതുതന്നെയാണ് യാത്രയുടെ നേട്ടം. നാം ജീവിച്ചുപോരുന്ന ഈ ഭൂമിയെ, പ്രപഞ്ചത്തെ അറിയൽ ---അങ്ങിനെ അവനവനെയും.
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഇടയ്ക്കിടെ ഇതൊക്കെ വായിച്ചുനോക്കും. അങ്ങിനെ സങ്കല്പ വായുവിമാനത്തിലിരുന്ന് എത്രപ്രാവശ്യം കൈലാസയാത്ര നടത്തി എന്നതിന് കണക്കില്ല. വീണ്ടും വീണ്ടും പോകുവാന്‍ ആഗ്രഹിയ്ക്കുന്ന ആ പുണ്യഭൂമിയെ മനസാ നമസ്ക്കരിയ്ക്കുന്നു.
സ്വപ്നഭൂമിയായ കൈലാസമാനസസരോവറിൽ പോയി വന്നു എന്നതു് സ്വപ്നമായിരുന്നോ എന്ന മാനസികാവസ്ഥയിലാണിപ്പോഴും !!
ചതുര്ധാമങ്ങള്‍, കൈലാസപര്‍വതം, മാനസസരോവര്‍ തുടങ്ങിയ പുണ്യഭൂമികളിലേക്ക് നയിച്ച ആ അദൃശ്യ ശക്തിയേയും യാത്രയിലുടനീളം സഹായസഹകരണങ്ങള്‍ കൊരിച്ചൊരിഞ്ഞ് പൂര്‍വാധികം മാനസികവും ശാരീരികവുമായ ഊര്‍ജ്ജം പകര്‍ന്നു തന്ന സഹായാത്രികരെയും, സുരക്ഷിതം ഉറപ്പാക്കി ആവശ്യങ്ങള്‍ നിറവേറ്റിത്തന്ന മഹാമനസ്കരെയും, ഗുരുകാരണവര്‍മാരെയും ഈ യാത്രകള്‍ ശുഭകരമാക്കിയതില്‍ അളവറ്റ കടപ്പാടോടെ സാദരം പ്രണമിക്കുന്നു.
ജയ് ഭാരത് ! ജയ് കൈലാസ് !!
------0----------------------0----------------------0------------------0----------------0-----------------0----------
ഹോളിഹിമാലായ ഹോട്ടൽ
സ്ഥലം -കാഠ്മാണ്ടു
ജൂൺ 10, 2013
സമയം _ രാത്രി 9 മണി. ( 1 )
പ്രിയപ്പെട്ട ആരഭീ,
നീ എപ്പോളെങ്കിലും വായിച്ചു തീര്ക്കുമെന്ന വിശ്വാസത്തിൽ ഈ യാത്രാക്കുറിപ്പും നിനക്കുതന്നെ സമര്പ്പിയ്ക്കുന്നു.
ഇന്ന് അതിരാവിലെ, ഒന്നരമണിയോടെ നിന്റെ വീട്ടിൽ നിന്നും ഞങ്ങൾ യാത്രയാകുമ്പോള്‍ നിന്നെ വിളിച്ചുണർത്തണം എന്നു പറഞ്ഞേൽപ്പിച്ചിരുന്നല്ലോ. എന്നാല്‍ നിന്നെ അസമയത്ത് വിളിക്കേണ്ടാ എന്ന് കരുതി. പിന്നെ അമ്മയുണ്ടല്ലോ യാത്രയയക്കാൻ.
അമ്മമ്മയും, മുത്തശ്ശനും, കുട്ടമ്മാമനും, മാഷും വേശുട്ടന്‍റെ കാറിൽ സുഖമായി നാലരമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കോരിച്ചൊരിയുന്ന മഴ ! ഞങ്ങൾ പുറത്തുനിന്നു ഓരോ ഗ്ലാസ് ചായ കുടിച്ചശേഷം സഹയാത്രികരെ അന്വേഷിച്ചു നടന്നു. കുറച്ചുപേർ അവിടെ എത്തിയിട്ടുണ്ട്. അവരെ പരിചയപ്പെട്ടു. അധികം താമസിയാതെ കൈലാസയാത്രക്കാരെല്ലാം ഒന്നിച്ചുകൂടി.
കൃത്യം 7 മണിയ്ക്ക് തന്നെ ദൽഹിയ്ക്കുള്ള വിമാനം പുറപ്പട്ടൂ. ഭാരതത്തിന്റെ തെക്കുനിന്നും വടക്കോട്ട് നെടുനീളെയുള്ള ഈ ആകാശയാത്ര ആദ്യാനുഭാവമാണ്. വിമാനം പറന്നുയര്‍ന്നതോടെ മഴ അപ്രത്യക്ഷമായി. പുറത്തു തെളിഞ്ഞ ആകാശം. താഴേയ്ക്ക് നോക്കിയാൽ നീല നൈലോൺ വലപോലെയുള്ള ആവരണത്തിനു കീഴെ ജനവാസസ്ഥലങ്ങളും കൃഷിഭൂമിയും സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന നീരൊഴുക്കുകളും നദികളും വെള്ളക്കെട്ടുകളും ചെറിയ മലകളും നല്ല കാഴ്ചയായി. ഇടയ്ക്കിടെ ഈ മനോഹരമായ കാഴ്ച മറച്ചുകൊണ്ട് വെള്ളപ്പഞ്ഞിക്കെട്ടുകൾ പിശറു പിശറായി അല്ലെങ്കിൽ ചിക്കിപ്പരത്തിയപോലെ പാറിപ്പറന്ന് മറ്റൊരു സുന്ദരമായ കാഴ്ച സമ്മാനിച്ചു. മുത്തശ്ശൻ കൂടെയുള്ളതുകൊണ്ട് വിന്ധ്യ ശത്പുര പർവതനിരകൾ കടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
10 മണിയോടെ ഞങ്ങള്‍ ന്യൂ ഡൽഹിയിൽ എത്തിച്ചേര്ന്നു. ഇനി 12.4 0 നാണ് കാഢ്മാണ്ടുവിലെയ്ക്കുള്ള വിമാനം. അതുവരെ ഞങ്ങൾ സംസാരിച്ചിരുന്നു. പുറത്തു ഭയങ്കര ചൂടാണ് എന്ന് മറ്റു യാത്രക്കാർ പറയുന്നതു കേട്ടു. ഏറെത്താമസിയാതെ അടുത്ത ആകാശയാത്രയായി. ഏകദേശം ഒന്നരമണിക്കൂർ സമയം വേണം ഭാരതത്തിന്റെ വടക്ക് കിഴക്കുള്ള നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മാണ്ടുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ എത്തിച്ചേരാൻ.
വിമാനം ഇറങ്ങുമ്പോൾ താഴെ കാണുന്ന കാഴ്ച അതി മനോഹരം. ഹിമാലയത്തിന്റെ ഗാംഭീര്യം നിറഞ്ഞ താഴ്വാരം സ്പര്ശിക്കുന്നത് ഒരുള്‍ക്കുളിരോടെ അനുഭവിച്ചറിഞ്ഞു.
നമ്മുടെ അയൽ രാജ്യമായ നേപ്പാളിലേയ്ക്ക കടക്കാൻ പാസ്പോര്ട്ട്ന്റെ ആവശ്യമില്ല. ഐഡന്റിറ്റി കാര്ഡ് മതി. പരിശോധനകൾ കഴിഞ്ഞ് ബാഗുകൾ എടുത്തു പുറത്തുവന്നു. ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകുവാനുള്ള വാഹനങ്ങൾ അവിടെ കാത്തുകിടക്കുന്നുണ്ട്.
വാഹനത്തിലിരുന്ന് കാഠ്മാണ്ടു പട്ടണത്തിന്റെ സൌന്ദര്യം ആസ്വദിച്ചു. റോഡിന്റെ ഇരുവശവും കാണുന്നത് പഴയ കെട്ടിടങ്ങളാണ്. നാട്ടിലെ കോണ്ക്രീറ്റ് സൌധങ്ങള്‍ കണ്ട് മടുത്തവര്ക്ക് നേപ്പാളിന്റെ പൌരണികത വിളിച്ചു പറയുന്ന കെട്ടിടങ്ങള്‍ ആകര്ഷകങ്ങളായിത്തോന്നാം. മിക്കവയും രണ്ടോ മൂന്നോ നിലയുള്ളവ. എല്ലാം ഇഷ്ടികകൊണ്ട് നിര്മ്മിച്ചത്. മരംകൊണ്ടുള്ള ജനാലകളിലും ബാൽക്കണികളിലും മുകള്‍ത്തട്ടുകളിലും കൊത്തുപണികൾ ചെയ്തിട്ടുണ്ട്. മരത്തിന് കൊടുത്തിരിയ്ക്കുന്ന നേരിയ കറുപ്പുനിറം മണ്‍ നിറമുള്ള ചുമരുകളുമായി ചേരുമ്പോൾ കാണാൻ നല്ല ഭംഗി. രാജകീയ പ്രൌഢി വിളിച്ചോതുന്നവയാണ് ഒട്ടു മിക്കകെട്ടിടങ്ങളും. റോഡിന്റെ ഇരുഭാഗവും വീതികൂട്ടുന്ന പണി നടക്കുന്നു. ചെറിയ പെട്ടിക്കടകളും കെട്ടിടങ്ങളും മറ്റും പൊളിച്ചിട്ടിരിയ്ക്കുകയാണ്.
ഞങ്ങൾക്ക് താമസിക്കാനുളള ഹോട്ടൽ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും അഞ്ചോ ആറോ കി.മി. ദൂരെയാണ്. വാഹനം മെയിൻ റോഡിൽ നിന്നും ഇടതു ഭാഗത്തുള്ള ഒരു തെരുവിലേയ്ക്ക് തിരിഞ്ഞു. വീതി കുറഞ്ഞ ഒരു തെരുവിന്റെ ഇരുഭാഗത്തും കാശിയിലെ തെരുവുകളെ ഓര്മ്മപ്പെടുത്തുന്ന ആകര്ഷകങ്ങളായ വസ്തുക്കൾ വിൽക്കുന്ന ചെറിയ കടകൾ.
'ഹോളി ഹിമാലയ' എന്ന ഹോട്ടലിന്റെ മുന്നിൽ ഞങ്ങൾ ഇറങ്ങുമ്പോൾ സ്വീകരിയ്ക്കാൻ ടൂർ കമ്പനി ചെയർമാൻ മിസ്റ്റർ അധികാരി ഉണ്ടായിരുന്നു. എല്ലാവരുടെയും കഴുത്തിൽ രുദ്രാക്ഷമാല ഇട്ട് ഓരോ പൂച്ചെണ്ടും നല്കി ആദരപൂർവ്വം ഉള്ളിലേക്ക് ആനയിച്ചു.
കാപ്പിയും മറ്റും കഴിച്ചു ഞങ്ങൾ അവനവന്റെ മുറികളിലേയ്ക്ക് പോയി. അധികം താമസിയാതെ പശുപതിനാഥ ക്ഷേത്രദർശനത്തിനായി പോകുകയാണെന്ന് മാനേജർ പറഞ്ഞതിനാൽ വേഗം തയ്യാറായി മുന്നിലെ ഹാളിൽ ഒത്തുചേർന്നു .
ആദ്യം നേപ്പാളിനെപ്പറ്റി ഒരു ചെറിയ വിവരണം തരാം. എന്നിട്ട് യാത്രാവിശേഷങ്ങൾ തുടരാം.....…
അമ്മിണീ,
ഇന്ത്യയുടെ ഭൂപടം നീ കണ്ടിട്ടുണ്ടല്ലോ. ഏഷ്യ വൻകരയിലെ ഏറ്റവും വലിയ രാജ്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയാണ് ഇന്ത്യയും, ചൈനയും. ഈ രണ്ട് രാജ്യങ്ങൾക്കിടയിലാണ് ഹിമാലയത്തിന്റെ മടിത്തട്ടിൽ പ്രകൃതി മനോഹരമായ നേപ്പാൾ എന്ന ഭൂവിഭാഗം സ്ഥിതി ചെയ്യുന്നത്. (ഹിമാലയയാത്ര കുറിപ്പുകള്‍ ഇപ്പോഴും കയ്യിലില്ലേ ?)
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ (8848m ഉയരം) നേപ്പാളിലാണ്. ശ്രീ ബുദ്ധന്റെ ജന്മസ്ഥാനമായ ലുംബിനി ഇവിടെയാണ്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രം, അതും ഇതാ, ഇതുതന്നെ. ഇവിടെ കൃസ്ത്യാനികളും മുസ്ലീമുകളും ബുദ്ധമതക്കാരും ഉണ്ട്. എല്ലാവരും ചേർന്ന് സഹവർത്തിത്വത്തിൽ കഴിയുന്നു. മഞ്ഞുമലകളും പ്രകൃതി സൗന്ദര്യവും ശാന്തപ്രകൃതരായ ജനങ്ങളും വിദേശികളായ ധാരാളം സന്ദർശകരെ ഇങ്ങോട്ട് ആകർഷിയ്ക്കുന്നു. ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ നേപ്പാളിയാണ്.
നേപ്പാളിന്റെ പൂർവചരിത്രം രസാവഹമാണ്. സത്യയുഗത്തിൽ സത്യവതിയെന്നും, ത്രേതായുഗത്തിൽ തപോവനം, മുക്തിസോപാൻ എന്നീ പേരുകളിലും, ദ്വാപരത്തിലും കലിയുഗത്തിലും നേപ്പാൾ എന്ന പേരിലും ഈ നാട് അറിയപ്പെട്ടു..
പണ്ട് ലിച്ഛാവി വംശജരാണത്രെ ഈ രാജ്യം ഭരിച്ചിരുന്നത്. അവർക്ക് മുന്നെ നാട് ഭരിച്ചിരുന്നവര് കിരാതർ. ഭാരതത്തിലെപ്പോലെ നിരവധി നാട്ടുരാജ്യങ്ങൾ ഇവിടെയും ഉണ്ടായിരുന്നുവത്രേ. ഗൊർഖാ രാജാക്കന്മാർ ഇവരെ ഒന്നിച്ചാക്കാൻ ശ്രമിച്ചു. അവസാനത്തെ രാജവംശം 'ഷാ' മാരുടെതായിരുന്നു. അവർ 240 വര്ഷക്കാലം ഭരണം നടത്തി. ഒടുവിൽ ഭരിച്ചിരുന്ന ഭ്രഷ്ടാക്കപ്പെട്ട രാജാവ് ജ്ഞാനേന്ദ്ര ഷാ ആയിരുന്നു. 2008 മെയ് 30 നു റിപബ്ലിക് ആയെങ്കിലും ഇവിടെ പ്രസിഡന്റ് ഭരണമാണ്. (മാവോവാദികൾ രാജാവിനെ വധിച്ചു ഭരണം കയ്യാളിയിരിക്കുകയാണ്. രാജകുടുംബാംഗങ്ങളെ ഒരു മുക്കിൽ ഒതുക്കിയിരിക്കുന്നു.)
സമുദ്ര നിരപ്പില്‍ നിന്നും 1300മീ ഉയരത്തിലാണ് കാഠ്മാണ്ഡു എന്ന ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതിവരെ ഇവിടെ ചൂടുകാലാവസ്ഥയാണത്രെ. പക്ഷേ, ഞങ്ങൾക്കിവിടെ ഒരു ചൂടും അനുഭവപ്പെടുന്നില്ല. (എ.സി മുറിയിലായതു കൊണ്ടൊന്നും അല്ല)
ചുരുക്കിപ്പറഞ്ഞാൽ ഹിമാലയത്തിന്റെ മടിത്തട്ടില്‍ വിരാജിയ്ക്കുന്ന മനുഷ്യരും പ്രകൃതിയും ചേര്ന്ന് അതിമനോഹരമാക്കിയ താഴ്വാരമാണ് നേപാള്‍. വിനോദ സഞ്ചാരികളുടെയും തീര്ത്ഥാടകരുടെയും പറുദീസ.
നേപ്പാളിനെക്കുറിച്ച് തല്‍ക്കാലം ഇത്രയൊക്കെ ധരിച്ചാല്‍ മതി.
ഏതാനും കി.മീ ദൂരെയുള്ള വിശ്വപ്രസിദ്ധമായ പശുപതിനാഥക്ഷേത്രത്തിലേക്ക് ഞങ്ങൾ യാത്രയായി. നേപ്പാള്‍രാജാക്കന്മാരുടെ കുലദേവതയാണ് പ്രപഞ്ചസംരക്ഷകനായ പശുപതിനാഥന്‍. ക്ഷേത്രത്തിനു മുന്നിൽ എത്തി. ടോക്കൺ വാങ്ങി ചെരുപ്പ് സൂക്ഷിക്കാൻ കൊടുത്തു. (കാമറ, മൊബൈല്‍ എന്നിവയും ഇവിടെ ഏല്‍പ്പിക്കണം. ഫ്രീ സര്‍വീസ് ആണ്)
വളരെ വിശാലമായ ക്ഷേത്രസമുച്ചയം. നിരവധി ചെറിയ ക്ഷേത്രങ്ങള്‍ അവിടവിടെയായി കാണുന്നു. ക്ഷേത്രവഴിയുടെ ഇരുവശത്തും ഉള്ള പുരാതന കെട്ടിടങ്ങള്‍. ഐശ്വര്യമുള്ളവതന്നെ. മണ്ണിന്റെ സ്വാഭാവിക നിറം മങ്ങിപ്പോകാത്ത ഇരുനിലക്കെട്ടിടങ്ങള്‍. മുകള്‍ നിലകളിലെ ജനലുകളും പുറത്തെയ്ക്ക് തള്ളി നിൽക്കുന്ന ബാൽക്കണികളും മരത്തിൽ ചെയ്തെടുത്ത മനോഹര നിര്മ്മിതികളാണ്. (ഫോട്ടോകൾ കാണുക).
പ്രവേശനദ്വാരത്തിനോട് ചേർന്നുള്ള കെട്ടിടങ്ങളുടെ ചുമരുകളിലെ ചിത്രപ്പണികള്‍ കണ്ണിനു കുളിരേകുന്ന വർണ്ണക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. മരത്തില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളാണോ അതിന് നൽകിയിരിക്കുന്ന ഭംഗിയുള്ള നിറക്കൂട്ടുകളാണോ ഏതാണ് കൂടുതൽ ആകർഷകം എന്ന് പറയാൻ പറ്റില്ല.
ഉയര്ന്നു നില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങള്‍കണ്ടുകണ്ട് പ്രധാന ക്ഷേത്രമായ പശുപതി നാഥന്റെ കവാടത്തിനു മുന്നിലെത്തി. ധാരാളം വിദേശീയർ പുറത്തു നടന്ന് ഫോട്ടോകൾ എടുക്കുന്നു. അവർക്ക് ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് പ്രവേശനം ഇല്ല. ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്ന് കവാടത്തിനു മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. (അങ്ങിനെ എഴുതേണ്ട ആവശ്യമുണ്ടോ ഇവിടെ എന്ന് തോന്നി. ഇത് പശുപതിനാഥന്റെ ക്ഷേത്രം. അപ്പോള്‍ അകത്ത് ദര്‍ശിക്കാന്‍ വരേണ്ടവര്‍ ? നിനക്ക് എന്ത് തോന്നുന്നു? പിന്നെ സ്വദേശികളെക്കാള്‍ വിദേശികളാണല്ലോ ഇന്ന് പൌരസ്ത്യ സംസ്ക്കാരം കൂടുതല്‍ താല്‍പ്പര്യത്തോടെ പഠിക്കുന്നത് !) എന്നാല്‍ ഇന്ത്യയിലെയും തിബറ്റിലെയും ബുദ്ധമത - ജൈനമത വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിയ്ക്കാം. ആരും അകത്തേയ്ക്ക് ക്യാമറ കൊണ്ടുപോകരുത് എന്നുമാത്രം.
ദീപാരാധനയുടെ (ആരതി) സമയമായതിനാൽ അത്യാവശ്യം തിരക്കുണ്ട്. ക്ഷേത്ര ഗോപുരത്തിന്റെ ഒതുക്കുകൾ ഇറങ്ങി നന്ദികേശനെ വന്ദിച്ചു മുന്നോട്ടു നടന്നു. നേരെ മുന്നിലുള്ള സോപാനങ്ങൾ കയറി പഞ്ചശിരസ്സോടുകൂടിയ പശുപതിനാഥന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. നല്ല ഉന്തും തള്ളും ഉണ്ട് നടയിൽ. തിക്കിത്തിരക്കി പ്രദക്ഷിണ വഴിയിൽക്കൂടെ നടന്നു. ഒരു നടയിലെ ആരതി കഴഞ്ഞാൽ അടുത്ത നടയിലേക്ക്.. ഭക്തജനങ്ങൾ അങ്ങിനെ മുന്നോട്ടു തള്ളി നീങ്ങുകയാണ്. ആ ഒഴുക്കിൽ പെട്ട് പശുപതിനാഥന്റെ നാലു നടകളിലും നടത്തുന്ന ആരതിയിൽ പങ്കെടുക്കാൻ സാധിച്ചു. 'ജയ് ശങ്കർ ഭഗവാൻ കീ' എന്ന ആരവം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
(തോക്കു പിടിച്ചു നില്ക്കുന്ന ക്ഷേത്രപാലകൻ കാരണമാണ് അമ്മമ്മയ്ക്ക് ഈ ദർശനം സാദ്ധ്യമായത്. ക്ഷേത്രത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിക്കാൻ ചെന്നപ്പോൾ --'വേഗം പോകൂ, അമ്മാജി, ആരതിയിൽ പങ്കു ചേരൂ' എന്നയാൾ പറഞ്ഞതും ഓടിപ്പോയി തിക്കിത്തിരക്കി എങ്ങിനെയോ ദര്ശനസുഖം അനുഭവിച്ചു.)
താഴെയിറങ്ങി പ്രദക്ഷിണം വെക്കുമ്പോൾ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ പ്രതിഷ്ഠകൾ കാണാം. ശൈവരുടെയും, വൈഷ്ണവരുടെയും ഇഷ്ട ദൈവങ്ങളെയും ഉന്മത്ത ഭൈരവൻ, സൂര്യ നാരായണൻ, രാമൻ, സീത ലക്ഷ്മണൻ, ഹനുമാൻ, യോഗിനിമാർ, വാസുകീനാഥൻ എന്നിവരെയും വന്ദിക്കാം. പുറത്തേക്കു കടന്ന് ശിവലിംഗ ക്ഷേത്രദർശനം നടത്തി മടങ്ങുമ്പോൾ പൂജാരി ഒരു ചുവന്ന ചരട് ജപിച്ചു കയ്യിൽ കെട്ടിത്തന്നു. നന്ദിപറഞ്ഞ് പോകാനിരുന്നപ്പോള്‍ വലത്തോട്ട് അദ്ദേഹം കൈചൂണ്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഒരേ പോലെയുള്ള നിരവധി ശിവലിംഗങ്ങൾ വരിവരിയായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. വളഞ്ഞും, തിരിഞ്ഞും പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ ഓരോ ശിവലിംഗവും നമുക്ക് വലതുകൈകൊണ്ട് തന്നെ തൊട്ടു നിറുകയിൽ വെക്കാം. ആകെ 184 ശിവലിംഗങ്ങൾ ഉണ്ട് എന്നാണ് അവിടെ കണ്ട സന്യാസി പറഞ്ഞത്.
വീണ്ടും പുറത്തേയ്ക്ക് ഒരു വാതില്‍ കൂടി കണ്ടു. അത് ഭാഗ് മതി നദിയുടെ തീരത്തേയ്ക്കുള്ളതാണ്. അത്ര വീതിയൊന്നുമില്ലാത്ത നദിയ്ക്ക് തീരെ ഒഴുക്കു കാണുന്നില്ല. ഇരുകരകളും കെട്ടിപ്പടുത്ത് സംരക്ഷിച്ചിരിയ്ക്കുന്നു. ഈ പുണ്യനദിയിലേക്കിറങ്ങാൻ നല്ല പടവുകളുള്ള നിരവധി കടവുകൾ. കുളിച്ചു കയറിയാൽ ധ്യാനത്തിനിരിയ്ക്കാൻ സൌകര്യവും ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്നു വിചാരിച്ചിരിയ്ക്കുമ്പോളാണ് അത്യാവശ്യം വീതിയുള്ള ആ ഉയർന്ന ഭാഗം ദഹിപ്പിയ്ക്കാനുള്ള സ്ഥാനമാണെന്നു മനസ്സിലായത്. ശ്മശാനക്കടവുകൾ രാജകുടുംബങ്ങൾക്കും പ്രജകൾക്കും വെവ്വേറെയാണ്.
ഗണപതിയെയും, നന്ദിയേയും വീണ്ടും വന്ദിച്ചു പുറത്തു കടന്നു.
ഹോട്ടലിൽ വന്ന് അവനവനു ഇഷ്ടമുള്ള ഭക്ഷണം വേണ്ടുവോളം കഴിച്ച് ഓരോരുത്തരും വിശ്രമിക്കാൻ പോയി. നാളെ 'ഷോപ്പിങ്ങും' പ്രധാനക്ഷേത്രങ്ങൾ ദര്ശിക്കലും ......
എവറസ്റ്റ് കാണണമെന്നുള്ളവർ 6000 രൂപ ടൂര് കമ്പനിക്ക് കൊടുത്താൽ അതിരാവിലെ ഹെലികോപ്ടറില്‍ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്..
എന്നാൽ ശുഭരാത്രി
------ -------൦൦ ---------------------൦൦ ---------------------൦൦ --------------------൦൦ ----------------------൦൦ ---------
·
ഹോളി ഹിമാലയ,
ജൂൺ-11, 2013 (2 )
പ്രിയപ്പെട്ട അമ്മിണീ,
സുപ്രഭാതം.
ഇന്നത്തെ കഥകൾ തുടങ്ങട്ടെ !
നല്ല സുഖമായ ഉറക്കം കഴിഞ്ഞു രാവിലെ ഉണർന്നു നോക്കുമ്പോൾ ആകെ പരിഭ്രമമായി..പുറത്തേയ്ക്ക് നോക്കുമ്പോൾ നല്ല വെളിച്ചം. അയ്യോ, നേരം വൈകിയല്ലോ എന്ന് വിചാരിച്ചു ചാടി എണീറ്റു.വാച്ചെടുത്ത് നോക്കുമ്പോൾ നാലര മണി. നേപ്പാളില്‍ ആണെന്നും ഇവിടെ സൂര്യോദയം നേർത്തെ ആണെന്ന കാര്യവും അപ്പോൾ ഓർത്തു. എന്തായാലും പ്രഭാത കൃത്യങ്ങൾ വേഗം കഴിച്ചു തയ്യാറായി. സമയമുള്ളതുകൊണ്ട് നിനക്കുള്ള കുറിപ്പ് തുടരാമെന്നു വെച്ചു.
ഇന്നലെ എഴുതിവെച്ചതിന്റെ ബാക്കി.
പശുപതിനാഥക്ഷേത്രത്തെക്കുറിച്ച് ചെറിയ ഒരു വിവരണം......
കാഠ്മാണ്ടുവിൽ നിന്നും വടക്ക് കിഴക്കായി ഏകദേശം 5 കി.മീ.ദൂരെ, ഭാഗ്മതി നദിയുടെ കരയിലാണ് പശുപതിനാഥക്ഷേത്രം. പണ്ടുണ്ടായിരുന്ന ക്ഷേത്രം ചിതലരിച്ചു നാശത്തിന്റെ വക്കത്തെത്തിയ കാലത്ത് ലിച്ഛാവി രാജാക്കന്മാരാണ് (15-ആം നൂറ്റാണ്ടിൽ) ഇപ്പോൾ കാണുന്ന വിധം പുനർനിർമ്മാണം ചെയ്തത് എന്നു ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ നിര്മ്മാണം എപ്പോൾ നടന്നു എന്നതു കൃത്യമായി കണക്കാക്കാൻ വിഷമമാണ്. ബി സി നാലാം നൂറ്റാണ്ടിലാണ് ആദ്യക്ഷേത്രം ഉണ്ടാക്കിയത് എന്ന് പറയപ്പെടുന്നു.
നിരവധി കഥകൾ ഈ ക്ഷേത്ര ഐതിഹ്യമായിട്ടുണ്ട്. അതിൽ പ്രധാനമായത് -----
ഒരിക്കൽ പരമശിവൻ, കാശിയിൽ നിന്നും പാർവതിയുടെ കൂടെ ഒളിച്ചോടി ഭാഗ് മതി നദിയുടെ തീരത്തുള്ള കാട്ടിൽ മാനിന്റെ രൂപമെടുത്തു ജീവിച്ചുപോരികയായിരുന്നു. മഹാശിവനെ തേടി നടന്നിരുന്ന ദേവന്മാർ അദ്ദേഹത്തെ കണ്ടുപിടിച്ചു. തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍ മാനായ ശിവന്‍ രക്ഷപ്പെടാനായി ഓടി നദിയുടെ മറുകരയിലേക്ക് എടുത്തു ചാടകയും കൊമ്പ് ഒരു മരത്തിൽ ഉടക്കി പൊട്ടി കഷ്ണം കഷ്ണമായിത്തീരുകയും ചെയ്തുവത്രേ. അങ്ങിനെ പില്‍ക്കാലത്ത് ആ സ്ഥാനത്തുതന്നെ മൃഗങ്ങളുടെ അധിപനായി, നാന്മുഖനായി, പശുപതിനാഥനായി പരമശിവനെ കുടിയിരുത്തി.
പണ്ട്, കാമധേനു, ചന്ദനവനത്തിൽ അഭയം തേടിയിരുന്ന കാലത്ത് നിത്യവും ഒരു പ്രത്യേക സ്ഥാനത്തു വന്നുനിന്ന് പാൽ ചുരത്തിയിരുന്നുവത്രേ. പിന്നീട് ആ സ്ഥാനത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നും ഒരു കഥയുണ്ട്.
പശുപതിനാഥൻ, 'ലോർഡ്‌സ് ഓഫ് ഓൾ അനിമൽസ്' അഥവാ ജീവിച്ചിരിയ്ക്കുന്നതും അല്ലാത്തതുമായ എല്ലാ മൃഗങ്ങളുടെയും അധിപനാണ്. അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ, സകല ചരാചരങ്ങളുടെയും രക്ഷകനാണ് എന്നാണു പൊതുവേ വിശ്വാസം. അതിനാൽ ഈ ക്ഷേത്രം 'The temple of all Living Beings ' എന്നും അറിയപ്പെടുന്നു. ഒരിക്കൽ ഇവിടെ വന്നു ദര്ശനം നടത്തിയവർക്കൊന്നും പിന്നീടൊരിക്കലും മൃഗജന്മമുണ്ടാകില്ല എന്ന വിശ്വാസവുമുണ്ട്.
ഹിന്ദു ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് പശുപതിനാഥക്ഷേത്രം. നേപ്പാൾ രാജാക്കന്മാരുടെ കുലദൈവമാണ് പശുപതിനാഥൻ. ക്ഷേത്രത്തിന് വളരെ വലിയ പ്രവേശനദ്വാരമാണുള്ളത്. ക്ഷേത്രനടകളിൽ തോക്കേന്തിയ പോലീസ് സദാ കാവലായിട്ടുണ്ട്. കൊത്തുപണികള്‍ ചെയ്ത് മനോഹരമാക്കിയ പുറംചുമരുകളില്‍ ചായങ്ങള്‍ കൊടുത്ത് കൂടുതല്‍ ആകര്ഷകമാക്കിയിട്ടുണ്ട്.
264 ഏക്കർ സ്ഥലത്ത് ഈ ക്ഷേത്രം വ്യാപിച്ചു കിടക്കുന്നു. ഏകദേശം 500 ഓളം ക്ഷേത്രങ്ങളും പ്രതിഷ്ഠകളും പ്രധാനക്ഷേത്രത്തിനു ചുറ്റുമായി കാണാം. രാമക്ഷേത്രം, വിരാടക്ഷേത്രം, ഗുഹ്യേശ്വരിക്ഷേത്രം തുടങ്ങിയവ പ്രധാന ക്ഷേത്രങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഇതാണത്രേ. 1979-ല്‍ UNESCO വിന്‍റെ world heritage site ല്‍ പശുപതി നാഥ ക്ഷേത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം നടന്നു കാണാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരും.
23.6 മീറ്റർ ഉയരത്തിൽ 'പഗോഡ' രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. ചൈന, ജപ്പാൻ, വിയറ്റ്നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലെ ബുദ്ധക്ഷേത്രങ്ങളെല്ലാം ഈ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിരവധി നിലകളിലായി മുകളിലേയ്ക്ക് പോകുന്തോറും പിരമിഡ് കള്‍ പോലെ വീതി കുറഞ്ഞു വരുന്ന കോൺ ആകൃതിയിലുള്ള ഗോപുരങ്ങള്‍ എന്ന് പറയാം. മരം കൊണ്ടുള്ള മനോഹരമായ കൊത്തുപണികൾ ചെയ്ത ഓരോ തട്ടുകളും ചായങ്ങള്‍ കൊടുത്ത് ആകര്‍ഷകമാക്കിയിട്ടുണ്ട്. മുകളിലത്തെ രണ്ടുനിലകളിലും സ്വർണ്ണം പൂശിയിട്ടുണ്ട്. അതിന്റെ ഏറ്റവും മുകളിലായിട്ടാണ് താഴികക്കുടവും കൊടിയടയാളവും. പൊതുവേ 'പഗോഡ' കളെന്നു പറഞ്ഞാൽ ബുദ്ധമതക്കാരുടെ പരിശുദ്ധമായ ആരാധനസ്ഥലം എന്നു മനസ്സിലാക്കിയാൽ മതി.
തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും, കേരളം, കർണാടക എന്നീവിടങ്ങളിലെ ക്ഷേത്രഗോപുരങ്ങളുമൊക്കെ കണ്ട ഓര്മ്മയില്ലേ ? ഭുവനേശ്വർ, കാശി, പുരി, കൊണാർക്ക് എന്നീ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും നീ കണ്ടിട്ടുള്ളതാണല്ലോ. ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളുടെ ഗോപുരങ്ങളും മറ്റു നിര്‍മ്മിതികളും വളരെ വ്യത്യസ്തം തന്നെ.
ക്ഷേത്രത്തിന് 4 പ്രവേശനദ്വാരങ്ങൾ ഉണ്ട്. പടിഞ്ഞാറെ നടയിൽ ഓടിൽ തീർത്ത വലിയ കാളയെ പ്രതിഷ്ടിച്ചിരിയ്ക്കുന്നു. നേരെ മുന്നിലുള്ള ഉയര്‍ന്ന ഒരു ചതുരാകൃതിയിലുള്ള മണ്ഡപത്തിലാണ് ശ്രീകോവില്‍. സോപാനം കയറി ചെന്നാല്‍ പുറത്ത് പ്രദക്ഷിണവഴിയുണ്ട്. നാല് നടകളിലും ദര്‍ശനം സാദ്ധ്യമാണ്. ഒരു മീറ്റർ ഉയരമുള്ള ശിവലിംഗത്തിന്റെ 4 മുഖങ്ങളും, ശിരസ്സും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിയ്ക്കുന്നു. (അഞ്ചാമത്തെ മുഖം അദൃശ്യമാണ് എന്നു പറയാം. ഊര്ധ്വ മുഖമായിട്ടാണ് എന്ന് സങ്കല്‍പം) ഓരോ ഭാഗത്തുമുള്ള മുഖപുരുഷന്റെ വലതു കയ്യിൽ രുദ്രാക്ഷവും ഇടത്തെ കയ്യിൽ കമൺഡലുവും കാണാം. യോനിയിൽ ഉറപ്പിച്ച ലിംഗത്തിന്റെ അടിഭാഗത്ത് വെള്ളിയിലുള്ള നാഗം ചുറ്റിയിരിയ്ക്കുന്നു. ഈ ക്ഷേത്രത്തിൽ ശൈവ-വൈഷ്ണവ സമ്പ്രദായർക്കാർക്ക് അവനവന്റെ ഇഷ്ട ദേവതകളെ വന്ദിയ്ക്കാം. ധാരാളം ഉപദേവതമാരും ക്ഷേത്രത്തിലുണ്ട്.
മംഗലാപുരത്ത്കാരായ 'ഭട്ട്' മാരാണ് (തുളു ബ്രാഹ്മണർ ) നൂറ്റാണ്ടുകളായി ഇവിടെ പൂജ ചെയ്തു വരുന്നത്. ഇവർ വേദപണ്ഡിതരാണ്. ഇവരെ സഹായിക്കാൻ ആ നാട്ടുകാരായ ഭണ്ഡാരികൾ നിയമിതരായിട്ടുണ്ട്. ഇവർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വവും നോക്കുന്നു.
ശങ്കരാചാര്യരാണത്രേ ക്ഷേത്രത്തിലെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
നിരവധി ഉത്സവങ്ങൾ അവിടെ നടത്തുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായത് മഹാശിവരാത്രി തന്നെ.
________________-_______-------------------------------------------------------------___________-----
ഹോളി ഹിമാലയ (Kathmandu)
11 ജൂൺ, രാത്രി 9 മണി.
അമ്മിണീ,
ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഹാളിൽ ഒത്തുകൂടി. എവറസ്റ്റ് കാണാൻ പോയവരും തിരിച്ചെത്തിയിരിയ്ക്കുന്നു. ഹെലികോപ്ടറിൽ ഇരുന്നു കണ്ട മനോഹരദൃശ്യം അവർ വിവരിയ്ക്കുന്നത് കേട്ടപ്പോൾ കൊതി തോന്നി. (കൈലാസദർശന യാത്രയ്ക്കിടയിൽ മറ്റുയാത്രകൾ കൂട്ടിച്ചേർക്കേണ്ടെന്ന് കരുതിയാണ് ഞങ്ങൾ എവറസ്റ്റ് കാണാന്‍ പുറപ്പെടാതിരുന്നത്.)
കാഠ്‌മണ്ഡുവിലെ മറ്റു ക്ഷേത്രങ്ങൾ ദർശിക്കാൻ പോകാന്‍ ഏവരും തയാറായി.
വാഹനങ്ങളും എത്തിക്കഴിഞ്ഞു. ഏതാനും കി.മി.ദൂരെ ഒരു കുന്നിൻ മുകളിലുള്ള 'സ്വയംഭൂനാഥക്ഷേത്ര'ത്തിലേക്കാണ് ആദ്യം പോകുന്നത്. ബുദ്ധമതക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
വളരെ ദൂരെ നിന്ന് തന്നെ ക്ഷേത്രത്തിലെ സ്തൂപം നമുക്ക് കാണാം. ക്ഷേത്രമുറ്റത്ത് എത്തണമെങ്കിൽ 365 പടികൾ കയറണം. നേപ്പാൾ ഭരിച്ചിരുന്ന പ്രബല രാജവംശമായ 'മല്ല' രാജാക്കന്മാരുടെ കാലത്ത് ഉണ്ടാക്കിയതാണത്രെ ഈ പടവുകൾ. (വാഹനത്തിൽ മലചുറ്റി വന്നാൽ പടവുകൾ കയറുന്നത് കുറേ കുറഞ്ഞുകിട്ടും.)
പടവുകൾ കയറാൻ തുടങ്ങുമ്പോൾ കണ്ട കാഴ്ച ഏവരുടേയും മനസ്സിൽത്തട്ടുന്നതായിരുന്നു. കുറച്ചു നേപ്പാളി സ്ത്രീകൾ കല്ലുകളും മറ്റു ഭാരമുള്ള വസ്തുക്കളും മുതുകത്ത് തൂക്കിയ കൊട്ടയില്‍ ചുമന്നുകൊണ്ട് പടികള്‍ കയറുന്നു. കുനിഞ്ഞു നടക്കുന്ന ഇവരിൽ ചിലരുടെ മാറത്തു പിഞ്ചുകുഞ്ഞുങ്ങളെക്കൂടെ ഒരു തുണികൊണ്ട് ചേർത്തു കെട്ടിവെച്ചിരിയ്ക്കുന്നു ! ('ഹിമാലയൻ യാത്ര' യിൽ ഭാരം ചുമന്നു മലകയറുന്ന ഷെർപകളെപ്പറ്റി എഴുതിയിരുന്നത് നീ ഓർക്കുന്നുണ്ടോ ?) ഇത്രയും ഭാരം ചുമന്നുകൊണ്ട് സ്‌ത്രീകൾ കയറ്റം കയറുന്നത് ആദ്യമായാണ് കാണുന്നത്. കയ്യും വീശി നടന്നു കയറാൻ തന്നെ നമുക്കൊക്കെ എന്തൊരു പാടാണ് ! നെഞ്ചിലും, മുതുകിലുമായി ജീവിതഭാരം ഏറ്റി പടികള്‍ കയറുന്ന ആ മഹതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞങ്ങളും മുകളിലേയ്ക്ക്.......
സ്വയംഭൂനാഥനെപ്പറ്റി ഒരുപാടു ഐതിഹ്യങ്ങൾ ഉണ്ട്. ഒരുകാലത്ത് ഈ താഴ്വര ഒരു പൊയ്കയായിരുന്നുവെന്നും ഒരിക്കല്‍ പൊയ്കയിലെ ജലം വറ്റിവരളുകയും അതിന്‍റെ മദ്ധ്യത്തിലുണ്ടായിരുന്ന താമരപ്പൂവ് ഒരു മലയായി രൂപപ്പെടുകയും ചെയ്തുവത്രേ. ക്ഷേത്രത്തിന് ഇങ്ങിനെയൊരു പേര് വന്നത് അങ്ങിനെയാണെന്ന് പറയുന്നു.
വളരെ ദൂരെ നിന്നും തന്നെ നമ്മുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് ഉയര്‍ന്നു കാണുന്ന ബൗദ്ധസ്തൂപത്തിന്റെ മുകൾഭാഗത്ത് നമ്മളെത്തന്നെ ഉറ്റുനോക്കുന്ന മിഴികള്‍. ജ്ഞാനത്തിന്റെയും കരുണയുടെയും പ്രതീകങ്ങളായ ഈ രണ്ടു കണ്ണുകൾക്ക് ജീവനുണ്ടെന്നു തോന്നും. ഈ സ്തൂപത്തിന്‍റെ നാല് ഭാഗത്തുമുള്ള കണ്ണുകള്‍ കാഢ്മാണ്ഡു താഴ്‌വരയെ സദാ വീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു എന്നാണ് വിശ്വാസം. രണ്ടു പുരികക്കൊടികൾക്കിടയിൽ മദ്ധ്യഭാഗത്ത് മൂന്നാം തൃക്കണ്ണ്. മൂക്കിന്റെ സ്ഥാനത്തു ഒരു ചോദ്യചിഹ്നമാണുള്ളത്. ഇത് നേപ്പാളിന്റെ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ദേവനാഗരി ലിപിയിൽ 'ഒന്ന്' എന്ന ആദ്യത്തെ അക്കമായിട്ടും ഇതിനെ കാണുന്നു.
പടവുകൾ കയറിച്ചെന്നാൽ കാവൽക്കാരെന്ന പോലെ രണ്ട് സിംഹങ്ങൾ 'വജ്രായുധം' സംരക്ഷിച്ചു നില്‍ക്കുന്നു. ആ ആത്മീയ ആയുധം, വജ്രം പോലെ കഠോരമായതും, എല്ലാ ദുഷ്പ്രവര്‍ത്തികളെയും ദുഷ് ചിന്തകളേയും അകറ്റാന്‍ കഴിവുള്ളതുമാണ് എന്നാണ് വിശ്വാസം. ഇന്ദ്രന്‍റെ വജ്രായുധത്തെ ബുദ്ധമതക്കാര്‍ കഠിനമായ തപസ്യയ്ക്കിടയില്‍ ഒരിടിമിന്നല്‍ പോലെ ബോധോദയം ഉണ്ടാകുന്നതിന്റെ സൂചനയായും കണക്കാക്കുന്നു.
ക്ഷേത്രാങ്കണത്തില്‍ അവിടവിടെയായി ധാരാളം പ്രതിഷ്ഠകൾ കാണാം. പരമ്പരാഗത വസ്തുക്കൾ നിര്മ്മിച്ചു വില്‍ക്കുന്ന നിരവധി കടകളും ഇവിടെയുണ്ട്. അവിടെ നിരത്തി വെച്ചിരിക്കുന്ന ഗ്രാനൈറ്റ് കല്ലുകളില്‍ മന്ത്രങ്ങളോ,ഈശ്വരരൂപങ്ങളോ ആവശ്യപ്രകാരം കൊത്തി ഉണ്ടാക്കിത്തരും. ക്ഷേത്രമുറ്റത്ത് പൌരാണീകരീതിയിലുള്ള കെട്ടിടങ്ങളുണ്ട്. അവയില്‍ മരംകൊണ്ട് കൊത്തുപണികൾ ചെയ്ത് നിറങ്ങൾ കൊടുത്ത് ആകർഷകമാക്കിയിരിക്കുന്നു.
ധാരാളം സന്ദർശകരും തീർത്ഥാടകരും ക്ഷേത്രാങ്കണത്തിൽ ഉണ്ട്. ബുദ്ധക്ഷേത്രമാണെങ്കിലും ധാരാളം ഹിന്ദുക്കളെയും വിദേശികളെയും ഇവിടെ കാണാം. ബുദ്ധമതത്തിലെ നിരവധി ശാഖകളിലുള്ള സന്യാസിമാരും ഇവിടെ ദര്ശനത്തിനായി എത്തുന്നു.
ബുദ്ധസ്തൂപത്തിന്റെ നേരെ ഞങ്ങൾ നടന്നു. സ്തൂപം നിൽക്കുന്നത് ഭൂമിയിൽ ഉറപ്പിച്ച വലിയൊരു താഴികക്കുടത്തിന്മേലാണ്. കുഴിയുള്ള വലിയ ചട്ടി കമഴ്ത്തിവെച്ച് അതിന്റെ മുകളില്‍ തൂവെള്ള നിറത്തിലുള്ള സ്തൂപം. അതിനു മുകളിലുള്ള സമചതുരക്കട്ടപോലെയുള്ള നിർമ്മിതിയുടെ നാലുഭാഗത്തുമാണ് കണ്ണുകളുള്ളത്. അതിനുമുകളിൽ വൃത്താകാരത്തിൽ 13 തട്ടുകൾക്കും മുകളിലാണ് താഴികക്കുടവും കൊടിയും. സ്വർണ്ണ നിറം പൂശിയ കോൺ ആകൃതിയിൽ കാണപ്പെടുന്ന ഈ തട്ടുകൾ നിർവാണത്തിന്‍റെ പരമകാഷ്ഠയിൽ എത്തിച്ചേരാനുള്ള ബുദ്ധമത തത്വങ്ങളെ സൂചിപ്പിയ്ക്കുന്നു. ഭൂമിയിൽ നിന്നും ഉയർന്നു നിൽക്കുന്ന അടിഭാഗം നമ്മൾ ജീവിയ്ക്കുന്ന ലോകത്തിനെ പ്രതിനിധീകരിയ്ക്കുന്നു.
ഈ ക്ഷേത്രത്തിനെ 'കുരങ്ങന്മാരുടെ ക്ഷേത്രം' എന്നും പറയാറുണ്ട്. ക്ഷേത്രമുറ്റത്ത് ഓടിനടക്കുന്ന കുരങ്ങന്മാരെ ആരും ഉപദ്രവിക്കാറില്ല. പവിത്രമൃഗങ്ങളായാണ് ഇവയെ കാണുന്നത്. (പക്ഷെ, നമ്മുടെ കയ്യില്‍ ഭക്ഷണസാധനങ്ങൾ ഉണ്ടെങ്കിൽ അവര് തീര്ച്ചയായും തട്ടിപ്പറിയ്ക്കും.)
തീർത്ഥാടകർ സന്ദർശിയ്ക്കുന്ന മറ്റൊരു പുണ്യസ്ഥാനമാണ് 'ബൌദ്ധനാഥ സ്തൂപം'. ഏഷ്യയിലെ ഏറ്റവും വലിയ സ്തൂപമാണിത്. ലിച്ഛാവി രാജാക്കന്മാരുടെ കാലത്താണത്രേ ഈ സ്തൂപം നിര്‍മ്മിച്ചത്. 'നിവരി' കള്‍ എന്നറിയപ്പെടുന്ന പുരാതന ബുദ്ധസംസ്ക്കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നുവത്രേ ഇവര്‍. ബുദ്ധമത പരമ്പരയിലെ കശ്യപബുദ്ധന്റെ ഭൌതികാവശിഷ്ടങ്ങള്‍ ആണത്രേ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പഴയകാലത്ത് ടിബറ്റ് ലേക്കുള്ള കച്ചവട മാര്‍ഗ്ഗത്തിലാണ് ബൌദ്ധനാധ സ്തൂപം എന്നതിനാല്‍ ധാരാളം ടിബറ്റന്‍ വ്യാപാരികള്‍ ഈ ഭാഗത്ത് തമ്പടിച്ചിരുന്നുവത്രേ.
ക്ഷേത്രത്തിലെ പ്രധാന പ്രദിക്ഷണ വഴിയിൽ ക്ഷേത്രച്ചുമരിന്മേൽ 147 കള്ളികളിലായി നാലോ അഞ്ചോ പ്രാര്‍ത്ഥനാമണികള്‍ (ലോഹം കൊണ്ടുള്ളത്) തൂങ്ങിക്കിടക്കുന്നു. അവയിൽ ബൌദ്ധതത്വങ്ങൾ 'നിവ' (Newa ) ലിപിയില്‍ ആലേഖനം ചെയ്തിരിയ്ക്കുന്നു. വിശ്വാസികള്‍ ഓരോന്നായി ഈ മണികൾ തിരിച്ചു പ്രദക്ഷിണം വെയ്ക്കുക പതിവാണ്. മണികൾ തിരിയ്ക്കുന്ന്ത് സൂക്തം ചൊല്ലുന്ന ഫലം നല്കുമെന്നാണ് വിശ്വാസം. ഞങ്ങളിൽ ചിലർ 'ഓം മണി പദ്മെഹും' എന്ന പ്രധാന മന്ത്രം (സൂക്തം) ചൊല്ലി ഓരോന്നായി തിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു. (പ്രാർത്ഥനാമണികൾ കറക്കുമ്പോൾ ദുഷ്ടശക്തികൾ അകന്നുപോകും എന്ന വിശ്വാസവും ഉണ്ട്). പ്രദക്ഷിണം വെക്കുമ്പോൾ വലതുഭാഗത്ത് ക്ഷേത്രച്ചുമരിൽ ധ്യാനനിരതരായ 108 ബുദ്ധന്മാരുടെ രൂപങ്ങള്‍ കൂടി ദര്‍ശിയ്ക്കാം. വസൂരിദേവതയെ ഇവിടെ ആരാധിയ്ക്കുന്നുണ്ട്. സ്തൂപത്തിന്റെ വടക്കുഭാഗത്തായിട്ടാണ് വസൂരി ദേവതയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ചില ബുദ്ധ ഭിക്ഷുക്കളും വിശ്വാസികളും പുറത്തെ പ്രദക്ഷിണ വഴിയിൽ നമസ്ക്കരിച്ച് കൊണ്ടാണ് പ്രദക്ഷിണം ചെയ്യുന്നത്.
അകത്തേയ്ക്ക് കടന്നാൽ കാണുന്ന ചെറിയ പ്രാർത്ഥനാ മുറിയുടെ മദ്ധ്യത്തിലായി 6 മീറ്റർ ഉയരമുള്ള ഒരു വലിയ മണി തൂക്കിയിട്ടിരിയ്ക്കുന്നു. ചുവന്ന നിറത്തിൽ സിലിണ്ടർ ആകൃതിയിലുള്ള മണിയിൽ പാലി ഭാഷയില്‍ സ്വർണ്ണ ലിപികളിൽ ബുദ്ധസൂക്തങ്ങള്‍ പാലി ലിപിയില്‍ എഴുതിയിരിക്കുന്നു. ദര്‍ശനത്തിനു വരുന്നവരൊക്കെ ഈ മണി കൈകൊണ്ട് തിരിക്കുന്നുണ്ട്. ഈ പ്രാര്‍ത്ഥനാ മുറിയില്‍ ചലിച്ചുകൊണ്ടിരിയ്ക്കുന്ന മണികളും പ്രാര്‍ത്ഥനാ ചക്രങ്ങളും നേര്‍ത്ത ഓംകാര ധ്വനിയും ദീപങ്ങളും ചേർന്ന് നിർല്ലോഭം ഊർജ്ജം പകർന്നുകൊണ്ടിരിയ്ക്കുന്നു. പ്രപഞ്ചത്തിന്റെ ചൈതന്യം നിലനിർത്താൻ ചലനാത്മകത ആവശ്യമാണ് എന്ന് വായിച്ചോ കേട്ടോ ഉള്ള ഓർമ്മ ശരിയാണെന്ന് തോന്നി.
മന്ത്രോച്ചാരണങ്ങളും മണികളുടെ ശബ്ദവും ചലനവും ദീപജ്വാലകൾ പകർന്നുതന്ന ഊർജ്ജവും ഏറ്റുവാങ്ങി പുറത്തിറങ്ങി മുകളിലേക്ക് പടവുകൾ കയറുമ്പോൾ ഏതോ പ്രശാന്തമായ ലോകത്തേയ്ക്ക് കടന്നു ചെന്നപോലെ തോന്നും. വളരെ വലിയ വൃത്താകാരത്തിലുള്ള തൂവെള്ള സ്തൂപം നമ്മളെ സ്വാഗതം ചെയ്യുന്നു. ചുറ്റും വിസ്താരമുള്ള പ്രദക്ഷിണ വഴി. ഇത്തരം ഉയർന്നു നില്ക്കുന്ന സ്തൂപങ്ങൾ ബുദ്ധമതം പ്രചാരത്തിലുള്ള എല്ലാ സ്ഥലങ്ങളിലും കാണാം. ഭുവനേശ്വറിലെയും സാരനാഥിലെയും ധമേക സ്തൂപങ്ങളെപ്പറ്റി നിന്നോടു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. കലിംഗഭൂമിയിൽ ധൌലഗിരിയിലെ ശാന്തി സ്തൂപത്തെ അനുസ്മരിയ്ക്കുന്നതാണ് ബൌദ്ധനാഥിലെ ഈ ധമേക സ്തൂപം. ഈ സ്തൂപത്തിനുള്ളിൽ ഗൗതമബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം.
പഞ്ചഭൂതങ്ങളെ സ്മരിക്കാനും സംരക്ഷിക്കാനും ധമേകസ്തൂപങ്ങൾ സഹായിക്കുന്നു എന്ന വിശ്വാസം മഹത്തരം തന്നെ. സ്തൂപങ്ങള്‍ക്കുള്ളില്‍ ബുദ്ധന്റെയും മറ്റു മഹാസന്യാസിമാരുടെയും ഭൌതീകാവശിഷ്ടങ്ങൾ, എല്ലുകൾ, പല്ല് തുടങ്ങിയവ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു. [ശ്രീലങ്കയില്‍ കാന്‍ഡിയിലെ ബുദ്ധക്ഷേത്രത്തില്‍ ശ്രീ ബുദ്ധന്‍റെ പല്ലാണ് ഭദ്രമായി സംരക്ഷിച്ചു ആരാധിച്ചു വരുന്നത്].
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിയ്ക്കുന്ന സ്തൂപങ്ങളുടെ ചൈതന്യം നഷ്ടപ്പെടാതിരിയ്ക്കാന്‍ കുമ്മായം പൂശി സംരക്ഷിച്ചു വരുന്നു. സ്തൂപത്തിന്റെ ഏറ്റവും മുകളിൽ താഴികക്കുടവും, ധ്വജ സ്തംഭവും ഉണ്ട്. ഈ സ്തൂപത്തിന്റെ മുകളിൾക്കൂടെ ബുദ്ധഭിക്ഷുക്കള്‍ മഞ്ഞൾ ജലം അഭിഷേകം ചെയ്യുക പതിവാണ്. പഞ്ചഭൂതങ്ങളെ സ്മരിക്കാനും സംരക്ഷിക്കാനും ധമേകസ്തൂപങ്ങൾ സഹായിക്കുന്നു എന്ന വിശ്വാസം മഹത്തരം തന്നെ. സ്തൂപങ്ങള്‍ക്കുള്ളില്‍ ബുദ്ധന്റെയും മറ്റു മഹാസന്യാസിമാരുടെയും ഭൌതീകാവശിഷ്ടങ്ങൾ, എല്ലുകൾ, പല്ല് തുടങ്ങിയവ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു. [ശ്രീലങ്കയില്‍ കാന്‍ഡിയിലെ ബുദ്ധക്ഷേത്രത്തില്‍ ശ്രീ ബുദ്ധന്‍റെ പല്ലാണ് ഭദ്രമായി സംരക്ഷിച്ചു ആരാധിച്ചു വരുന്നത്].
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിയ്ക്കുന്ന സ്തൂപങ്ങളുടെ ചൈതന്യം നഷ്ടപ്പെടാതിരിയ്ക്കാന്‍ കുമ്മായം പൂശി സംരക്ഷിച്ചു വരുന്നു. സ്തൂപത്തിന്റെ ഏറ്റവും മുകളിൽ താഴികക്കുടവും, ധ്വജ സ്തംഭവും ഉണ്ട്. ഈ സ്തൂപത്തിന്റെ മുകളിൾക്കൂടെ ബുദ്ധഭിക്ഷുക്കള്‍ മഞ്ഞൾ ജലം അഭിഷേകം ചെയ്യുക പതിവാണ്. ഈ സ്തൂപത്തിനു ചുറ്റും വലം വെയ്ക്കുമ്പോൾ താഴെ ബുദ്ധസന്യാസിമാരുടെ താമസസ്ഥലങ്ങളും ബുദ്ധപ്രതിമകളും കാണാം. സ്തൂപത്തില്‍ നിന്നും കൊടി തോരണങ്ങൾ അഥവാ പ്രാര്‍ത്ഥനാചരടുകള്‍ (തൃകോണാകൃതിയിലും ചതുരത്തിലുമൊക്കെ വെട്ടിയെടുത്ത് ചരടില്‍ കോര്‍ത്ത വിവിധ നിറത്തിലുള്ള തുണിക്കഷ്ണങ്ങൾ ) തൂക്കിയിട്ടിരിയ്ക്കുന്നത് താഴെ ക്ഷേത്രത്തിനു പുറത്തുള്ള ബുദ്ധ സന്യാസിമാരുടെ മഠങ്ങളുടെ മേല്‍ക്കൂരകളിൽ അവസാനിയ്ക്കുന്നു. ഇവ കാറ്റില്‍ സദാ ചലിച്ചുകൊണ്ടിരിയ്ക്കുന്നത് രസമുള്ള കാഴ്ചയാണ്
ക്ഷേത്രത്തിനു ചുറ്റും കാണുന്ന പൗരാണികരീതിയിൽ പണിത കെട്ടിടങ്ങളിൽ (മൊണാസ്ട്രികൾ) മരത്തിൽ തീർത്ത കൊത്തുപണികളും, വ്യാളീ മുഖങ്ങളുമൊക്കെ കാണാം. ഇപ്പോഴത്തെ ക്ഷേത്രം 17-ആം നൂറ്റാണ്ടിൽ പ്രതാപ് മല്ല എന്ന രാജാവ് പണികഴിപ്പിച്ചതാണ്. 1979- ല്‍ ഇതും സ്വയംഭൂനാഥ സ്തൂപവും UNESCO വിന്‍റെ world heritage site ആയി പ്രഖ്യാപിച്ചു.
ഈ ബൗദ്ധനാഥ ക്ഷേത്രത്തിൽ പൂജാരികൾ പെരുമ്പറയടിച്ചു മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യുക പതിവാണ്. രണ്ടു നേരവും പൂജയുമുണ്ട്. കൂടുതലും ടിബറ്റൻ ബുദ്ധഭിക്ഷുക്കളെയാണ് പരിസരത്തു കാണുന്നത്. സാധാരണ അതിരാവിലെ ഇവര്‍ മന്ത്രം ചൊല്ലി, കയ്യിലുള്ള മണിചുഴറ്റി നിരവധി പ്രാവശ്യം സ്തൂപത്തിനു ചുറ്റും വലം വെയ്ക്കും. ചിലർ നമസ്ക്കരിച്ചു.കൊണ്ടും. ഇവര്‍ ഉച്ചരിയ്ക്കുന്ന പ്രധാന സൂക്തമാണ്, "ഓം മണി പദ്മെ ഹും " എന്നത്. ഈ മന്ത്രം വളരെയധികം ശക്തിയുള്ളതാണെന്ന് പറയപ്പെടുന്നു. ശബ്ദത്തിന്റെ സ്പന്ദനങ്ങൾ അന്തരീക്ഷമാലിന്യങ്ങളെയും മനുഷ്യമനസ്സിലെ കലുഷിതഭാവങ്ങളേയും ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു. നന്മ ചെയ്യാൻ പിന്നോക്കം വലിക്കുന്ന ശക്തികളെ ഇല്ലാതാക്കി ഊർജ്ജം പകരാൻ ഈ മന്ത്രത്തിനു കഴിയുന്നു. ഇന്ദ്രിയങ്ങളെ മയപ്പെടുത്തുകയും മനസ്സിനെ പാകപ്പെടുത്തി അഹങ്കാരം കളഞ്ഞ് 'ഇന്നി'ല്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ഓം മണി പദ്മെഹും !
അടുത്ത യാത്ര ബുദ്ധനീലകണ്‌ഠ ക്ഷേത്രത്തിലേക്കായിരുന്നു. ഗ്രാനൈറ്റ്-ൽ കൊത്തിയെടുത്ത മഹാവിഷ്ണുവിന്റെ വലിയൊരു വിഗ്രഹം ഒരു ജലാശയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. വര്‍ണ്ണത്തുണികള്‍കൊണ്ട് തീർത്ത ഒരു മേലാപ്പിനു കീഴെയാണ് മഹാവിഷ്ണു നിദ്രയിലാണ്ടു കിടക്കുന്നത്.
500 വർഷം മുൻപ് ഈ വിഗ്രഹം ഒരു കൃഷിക്കാരന് പാടത്ത് പണിയെടുക്കുമ്പോൾ കിട്ടിയതാണത്രേ. കുഴിച്ചെടുക്കുമ്പോള്‍ ആയുധം തട്ടി കഴുത്തിൽ നീലനിറം വന്നു എന്നും അങ്ങിനെ ബുദ്ധനീലകണ്ഠൻ ആയിത്തീര്ന്നു എന്നുമാണ് കഥ. ജലാശയത്തിൽ ശംഖു ചക്രഗദാപദ്മധാരിയായി 5 മീറ്റർ നീളത്തിൽ പന്നഗശായിയായുള്ള ഈ വിഗ്രഹം മനോഹരം തന്നെ. 11 തലയുള്ള സർപ്പം ഫണമുയർത്തി വിഷ്ണുവിനെ സംരക്ഷിയ്ക്കുന്നു. നീണ്ടു നിവർന്നു ധ്യാനാവസ്ഥയിൽ കിടക്കുന്ന മഹാവിഷ്ണുവിന്റെ കറുത്ത മേനി മഞ്ഞപ്പട്ടുകൊണ്ട് പുതപ്പിച്ചിരിയ്ക്കുന്നു. മഞ്ഞയും ചുവപ്പും നിറങ്ങളുള്ള പൂമാലകൾ ഈ മഞ്ഞപ്പട്ടിനു മുകളിൽ ചാർത്തിയിരിയ്ക്കുന്നു. ശിവനും വിഷ്ണുവും ബുദ്ധഭാവത്തില്‍ ! അതോ, മറിച്ചോ ?
ഇവിടെ ധാരാളം രുദ്രാക്ഷ മരങ്ങളുണ്ട്. ഞങ്ങള്‍ ക്ഷേത്രപരിസരത്തിന്റെ ഭംഗി ആസ്വദിച്ച് കുറച്ചുനേരം മരത്തണലില്‍ ഇരുന്നു.
ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചശേഷം എല്ലാവരും 'ഷോപ്പിംഗ്' നായി ഇറങ്ങി. പലർക്കും ചൂട് വസ്ത്രങ്ങളും മറ്റും വാങ്ങേണ്ടിയിരുന്നു.ഇരുഭാഗത്തുമുള്ള കടകളിൽ ആകർഷകങ്ങളായ വസ്തുക്കൾ വില്പ്പനയ്ക്കുണ്ട്. ജൈത, ആമേൽ എന്നീ തെരുവുകളിൽക്കൂടെ ഞങ്ങൾ ഏറെ നേരം അലഞ്ഞു തിരിഞ്ഞു. നിനക്കും തിയോമിക്കും ഉള്ള ബാഗുകളും, രുദ്രാക്ഷവുമൊക്കെ അവിടെ നിന്നാണ് വാങ്ങിയത്. ഈ തെരുവുകളിൽ യാത്രികള്‍ക്ക് വേണ്ട വസ്തുക്കള്‍ കൂടാതെ ധാരാളം മിറായിക്കടകളും പലവ്യഞ്ജനങ്ങളും വിൽപ്പനയ്ക്കായിട്ടുണ്ട്. പര്‍വതാരോഹണത്തിനു പോകുന്നവര്‍ക്കും ട്രെക്കിങ്ങിനു പോകുന്നവര്‍ക്കും വേണ്ട സാമഗ്രികളും കിട്ടുന്ന ധാരാളം കടകളുണ്ട്.
വൈകുന്നേരം മീറ്റിംഗിനായി എല്ലാവരും മുകളിലെ ഹാളിൽ ഒത്തുചേർന്നു. 'ഹോളി ഹിമാലയ' കമ്പനിയുടെ മാനേജർ, മിസ്റ്റർ അധികാരി കൈലാസയാത്രയെക്കുറിച്ചു സവിസ്തരം സംസാരിച്ചു. എറണാകുളത്തുള്ള ഈ കമ്പനിയുടെ മാനേജർ, ശ്രീ വേണുജി, അദ്ദേഹം പറഞ്ഞ നിർദ്ദേശങ്ങൾ മലയാളത്തിൽ വിശദീകരിച്ചു. ടീം ലീഡർ നേപ്പാളിയായ ശ്രീ പദം ആണ്. ഇംഗ്ലീഷും, ഹിന്ദിയും നന്നായി സംസാരിയ്ക്കും. അദ്ദേഹത്തെയും പാചകം തുടങ്ങി യാത്രയില്‍ സഹായിക്കുന്ന മറ്റു നേപ്പാളി സഹോദരന്മാരെയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഇനി മുതല്‍ കുറച്ചു നാള്‍ ഞങ്ങള്‍ സഹയാത്രികരാണല്ലോ. കൊച്ചിയിൽ നിന്നും പുറപ്പെട്ട 64 പേർ കൂടാതെ ചെന്നൈ, ദുബായ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നുമുള്ള മലയാളികളും, തമിഴരുമായി 20 പേർ കൂടി 84 പേരുൾപ്പെടുന്നതാണ് ഞങ്ങളുടെ സംഘം എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
എല്ലാവർക്കും 'ഹോളി ഹിമാലയ' എന്നെഴുതിയ നീലനിറമുള്ള വലിയ ഒരു ബാഗും, മുതുകത്തു ഇടാൻ പാകത്തിൽ ചെറിയൊരു നീല ബാഗും തന്നു. ഈ ബാഗുകള്‍ മാത്രമേ ഇനി മുതൽ ഉപയോഗിക്കാവൂ. കൂടെ കൊണ്ടുവന്ന സൂട്ട് കേസുകൾ എല്ലാം ഇവിടെ ഹോട്ടലില്‍ സൂക്ഷിച്ചു വെയ്ക്കും. എല്ലാ ബാഗുകളിലും നമ്പര്‍ എഴുതിവെച്ചിട്ടുണ്ട്. അമ്മമ്മയുടെ നമ്പർ 64. മുത്തശ്ശന്റെത് 63. കമ്പനി ഓരോരുത്തര്ക്കും ധരിക്കാനുള്ള കോട്ടുകളും തൊപ്പിയും തന്നിട്ടുണ്ട്. (ഫോട്ടോ നോക്കുക). നല്ല ചൂട് പകർന്നു തരുന്നവയാണ് ഈ കോട്ടുകൾ. യാത്ര പുറപ്പെടുമ്പോൾ ഇത് ധരിച്ചാൽ പിന്നെ തിരിച്ചുവരുന്നവരെ ഊരാൻ പാടില്ല എന്നാണു മാനേജർ പറയുന്നത്. മടങ്ങി വരുമ്പോൾ ഇത് തിരിച്ചു ഏൽപ്പിയക്കണം. ബാഗുകൾ തിരിച്ചു കൊടുക്കണ്ട.
പിറ്റേന്ന് രാവിലെ 5 മണിയ്ക്ക് തന്നെ നേപ്പാളി സഹോദരര് റൂമില്‍ വന്ന് വലിയ ബാഗു മേടിച്ചു കൊണ്ടുപോകും. യാത്ര തുടങ്ങുന്നത് 7 മണിക്കാണെങ്കിലും 84 പേരുടെയും ബാഗുകളും പാചക സാധനങ്ങളും മറ്റും ട്രക്കിൽ ഭദ്രമായി അടുക്കി വെക്കണമല്ലോ. ചെറിയ ബാഗ്, 'ബാക്പാക്' ആയി കൂടെ കരുതാം.
അടുത്ത പ്രഭാതം ആകാൻ ഏവർക്കും ധൃതിയായി. ഭക്ഷണം കഴിച്ച് ശുഭരാത്രി ആശംസിച്ച് ഞങ്ങൾ കിടക്കാൻ പോയി.
അപ്പോൾ ഇന്നേയ്ക്ക് നിനക്കും ശുഭരാത്രി....
നാളത്തെ കാര്യങ്ങൾ നാളെ രാത്രി എഴുതാം......
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
12th ജൂൺ,2013
ന്യാലം
അമ്മിണീ,
സുപ്രഭാതം. തിബത്തിലെ ന്യാലം കാമ്പിലിരുന്നാണ് എഴുതുന്നത്.
ഇന്ന് രാവിലെ ചായ കുടിച്ച ശേഷം രണ്ട് ബസ്സുകളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. നേപ്പാൾ-തിബറ്റിന്റെ അതിർത്തിയിലെ ' കൊദാരി ' എന്ന സ്ഥലത്തേയ്ക്ക്.100 കി മീ ദൂരമുണ്ട്. അവിടെയുള്ള ചൈനക്കാരുടെ പോലീസ് ചെക്ക്പോസ്റ്റിൽ പാസ്പോർട്ട്, വിസ എന്നിവ പരിശോധിയ്ക്കും. വളരെ കർശനക്കാരാണത്രെ, ഉദ്യോഗസ്ഥർ. ഒരു നിമിഷം വൈകിയാൽ അന്നത്തെ യാത്ര മുടങ്ങും. അതുകൊണ്ട് വേഗം യാത്രയായി.
കാഠ്മാണ്ഡു പട്ടണ ദൃശ്യങ്ങൾ പിന്നിലായി. ഗ്രാമങ്ങളിലെ കൃഷിഭൂമികളിൽക്കൂടെയായി യാത്ര. ജലസമൃദ്ധമായ, വളക്കൂറുള്ള പച്ചപ്പുള്ള ഭൂമി. അവിടവിടെയായി ഓരോ ചെറിയ കെട്ടിടങ്ങൾ.
മുന്നോട്ടു പോകുന്തോറും നാലുഭാഗത്തും വൃക്ഷനിബിഡങ്ങളായ മലകൾ. വഴി കൂടുതൽ ദുർഘടമാകുകയാണ്. മലകൾ ഇടിഞ്ഞു റോഡില്ലാതായിരിയ്ക്കുന്നു. കുലുങ്ങിക്കുലുങ്ങിയാണ് ബസ്സ് മുന്നോട്ടു ചലിക്കുന്നത്. കുലുക്കവും ചാട്ടവുമൊന്നും ഈ വാഹനത്തിനു പ്രശ്നമല്ലെന്ന് തോന്നുന്നു. ഭാഗ്മതി തീരത്തുകൂടെ പച്ചക്കുന്നുകൾ കണ്ടു നീങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ചാർധാം യാത്രയെക്കുറിച്ചോർത്തു.
സമൊർ നദി, സുൻകോശി എന്നീ നദികൾ കണ്ടുകൊണ്ടു, പ്രധാന പർവത പട്ടണങ്ങളായ ഇന്ദ്രാ നദിയുടെ തീരത്തുള്ള ദൊലാഘാട്ട്, ധുലിവേൽ, പാഞ്ച്ഖാൽ എന്നീ സ്ഥലങ്ങൾ പിന്നിട്ട് ജിരോകിലോ എന്ന ചെറിയ പട്ടണത്തിലെ തെരുവോരത്ത് വാഹനം നിർത്തി. നദികളുടെ പേര് കൂടെയുള്ള നേപാളി സഹോദരന്‍ ആണ് പറഞ്ഞു തന്നത്. സ്ഥലപ്പേർ വഴിയോരത്തുള്ള ബോർഡിൽ നോക്കി അപ്പപ്പോൾ എഴുതി എടുത്തു, (നേപാളി ഭാഷയിൽ ഹിന്ദി ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. നിന്റെ അമ്മക്ക് മൂന്നു നാല് വയസ്സുള്ളപ്പോൾ ഞങ്ങള്‍ കാശിയിലായിരുന്നു എന്ന് പറയാറില്ലേ? ഞങ്ങളുടെ വീടിന്റെ ഉടമസ്ഥ നേപാള്‍കാരിയായ ശ്രീമതി മിഠായി റാണയുടെ പേരക്കുട്ടികൾ അമ്മയുടെ കൂട്ടുകാരികൾ ആയിരുന്നു. അന്ന് അമ്മ നന്നായി നേപ്പാളി ഭാഷ സംസാരിച്ചിരുന്നു.)
പ്രഭാത ഭക്ഷണം കഴിക്കാറായി. ആപ്പ്ളും മാങ്ങാ ജൂസുമാണ് വിഭവങ്ങൾ. ബസ്സിലിരുന്നു തന്നെ പലരും കഴിച്ചു. പുറത്തു ചെറിയ മൂടൽ മഞ്ഞുണ്ട്, നല്ല തണുപ്പും.
ഹിമാലയത്തിന്റെ മടിത്തട്ടിൽക്കൂടെ അങ്ങിനെ വ്യത്യസ്തമായ ഭൂപ്രകൃതി ആസ്വദിച്ചു ആകാംക്ഷയോടെ പുറത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. മലയിടുക്കുകളിൽക്കൂടിയുള്ള വളവുകളും, തിരിവുകളും പര്‍വതങ്ങളില്‍ നിന്ന് ഉല്‍ഭവിയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും താഴെ അഗാധതയിലെ താഴ്വാരങ്ങളും കണ്ടിരിക്കുമ്പോൾ സമയവും ദൂരവും പോകുന്നതറിയുന്നില്ല. പർവതങ്ങളുടെ ഓരം ചേർന്നാണ് ബസ്സുകൾ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു നീങ്ങുന്നത്. മറുഭാഗത്ത് അഗാധതയിൽ നദി. പർവതങ്ങളിൽ നിന്നുള്ള വെള്ളച്ചാട്ടം കാണേണ്ടത് തന്നെ. നേർത്ത മഞ്ഞിന്റെ പാടയിൽ സൂര്യകിരണങ്ങൾ വീഴുമ്പോൾ മാരിവില്ലുകൾ വിരിയുന്നു.
ഉച്ചയോടെ അതിർത്തി പ്രദേശത്തിന്നടുത്ത് 'തതോപാനി' എന്ന പട്ടണത്തിൽ ഒരു ഹോട്ടലിനു മുന്നില്‍ വാഹനം നിർത്തി. സാമാന്യം നല്ല ഭക്ഷണമാണ് ഇവിടെ. ഹിമാലയ യാത്രയ്ക്കിടയിൽ പര്‍വത പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഉരുളക്കിഴങ്ങും പരിപ്പും ചോറും ചപ്പാത്തിയും മാത്രമേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞത് ഓര്മ്മയില്ലേ? പക്ഷേ, ഇവിടെ കുറച്ചു മാറ്റം ഉണ്ട്. വേറെ പച്ചക്കറികള്‍ കൊണ്ടുള്ള രുചിയുള്ള വിഭവങ്ങള്‍ വിളമ്പുന്നുണ്ട്.
ഇനി ഇവിടുന്നങ്ങോട്ടുള്ള യാത്രയിൽ ഇന്ത്യൻ രൂപ കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഊണു കഴിച്ച ഹോട്ടലിൽ രൂപ ചൈനീസ് യുവാനായി മാറ്റിത്തരാൻ ഏജന്റുമാർ വന്നിരിപ്പുണ്ട്. 100 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് 10 യുവാൻ. പരിക്രമ സമയത്ത് യാക്ക്, കുതിര, അല്ലെങ്കിൽ ഒരു സഹായിയെ കൂടെ വേണമെങ്കിൽ അതിനുള്ള തുക നമ്മൾ കയ്യിൽ കരുതണം. മിക്കവരും രൂപയെ യുവാനാക്കി മാറ്റി. നേപ്പാളിൽ ഇന്ത്യൻ രൂപ ചെലവാകും. എന്നാല്‍ തുടര്‍ന്നുള്ള യാത്രയില്‍ ഇന്ത്യന്‍ രൂപകൊണ്ട് ഒരുകാര്യവും ഇല്ല. നമ്മുടെ 100 രൂപ നേപ്പാളിലെ 160 രൂപയ്ക്ക് തുല്യമാണ്. ക്രയവിക്രയം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റ് പറ്റാൻ സാദ്ധ്യതയുണ്ട് .
അങ്ങിനെ 3 കി.മി.കൂടെ യാത്ര ചെയ്തു ഞങ്ങൾ നേപ്പാൾ -- തിബറ്റ് അതിർത്തിയിലെത്തി. അത്യാവശ്യം തിരക്കുള്ള പട്ടണം. ഞങ്ങൾ വന്ന വാഹനം ഇവിടെ വരെ മാത്രം. നേപ്പാളിൽ നിന്നും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ്‌ലേക്കുള്ള വലിയ പ്രവേശന കവാടം ഞങ്ങൾ കടന്നു. പുതിയൊരു ലോകത്തിലേക്ക് ഇറങ്ങി വന്ന അനുഭവം. വലതുഭാഗത്തുള്ള 'കൊദാരി പാല' ത്തിനു മുകളിൽ ഞങ്ങൾ വരി വരിയായി അച്ചടക്കത്തോടെ നിന്നു.
പാലത്തിന്നടിയിൽക്കൂടെ ശാന്തമായി ഒഴുകുന്ന സുന്‍ കോശി നദി. പുഴയിൽ അത്രയ്ക്ക് വെള്ളമോ ഒഴുക്കോ ഇല്ല. ഈ പാലം 'ഫ്രന്റ്ഷിപ് പാലം' എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ മറുകരയിൽ രണ്ടുമൂന്നു നിലയുള്ള ചൈനക്കാരുടെ വലിയ ആഫീസ് കെട്ടിടം. പരിശോധനാലയം അഥവാ പോലിസ് ചെക്ക് പോസ്റ്റ്. ഏതാനും വർഷങ്ങൾക്കു മുൻപ് ചെക്ക്പോസ്റ്റ് കെട്ടിടം 3 കി.മീ. അപ്പുറത്തായിരുന്നുവത്രേ !
ചൈനക്കാരായ കാവൽക്കാരുടെ കണ്ണുവെട്ടിച്ചു ഒരീച്ചക്ക് പോലും തിബത്തൻ ഭൂമിയിലേക്ക് കടക്കാൻ പറ്റില്ല. അത്രയ്ക്ക് സുരക്ഷിതമാണ് അതിര്ത്തി പ്രദേശം. ചെറിയ കണ്ണുകളുള്ള ഇവിടത്തെ മനുഷ്യരുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണ പാടവം എടുത്തു പറയേണ്ടത് തന്നെ.
നേപ്പാളികളും, തിബറ്റുകാരും അങ്ങോട്ടും ഇങ്ങോട്ടും സാധനങ്ങൾ വാങ്ങാനും കൊടുക്കാനുമായി കടന്നു പോകുമ്പോൾ സിറ്റിസൻഷിപ് കാർഡ് കാണിച്ചാൽ മതി.
കൊദാരി പാലത്തിനുമുകളിൽ ഞങ്ങൾ മുക്കാൽ മണിക്കൂറോളം ഊഴം കാത്തു നിന്നു. പിന്നീട് ഞങ്ങടെ പാസ്പോർട് പരിശോധിക്കാനായി ഒരു പോലീസുകാരൻ വന്നു. മുഖവും, പാസപോര്ടിലെ ഫോട്ടോയും ഒത്തു നോക്കുന്നുണ്ട്. ഓരോരുത്തരെയായി മുന്നോട്ടു പോകാൻ അനുവദിച്ചു. ഗ്രൂപ്പ് വിസയിലാണ് പോകുന്നത്.
ഗാംഭീര്യം മുറ്റിനിൽക്കുന്ന വിശാലമായ മുറ്റം. ചുവന്ന കൊടി പാറിക്കളിയ്ക്കുന്ന വലിയ ആർച്ചുള്ള മതിലിന്നകത്താണ് ഇമിഗ്രേഷൻ ആഫീസ്. പുറത്തു യൂനിഫോർമിൽ തോക്കും പിടിച്ചു നില്ക്കുന്ന ഇമവെട്ടാത്ത കണ്ണുകളുള്ള കാവൽക്കാർ. ഞങ്ങളെല്ലാവരും ഇവിടെയും നിശ്ശബ്ദരായി ക്യു നിന്ന് അകത്ത്കയറി പാസ്പോര്ട്ട് കാണിച്ചു. യൂനിഫോര്മിലുള്ള ഉദ്യോഗസ്ഥരെയെല്ലാം കണ്ടാൽ നല്ല ചൈതന്യമുള്ളവർ. അങ്ങിനെ ആ അഗ്നിപരീക്ഷ പാസ്സായി ഞങ്ങൾ തിബത്തൻ ഭൂമിയിൽ കാലെടുത്തു വെച്ചു.
ഞങ്ങളുടെ ബാഗുകളും മറ്റു സാമാനങ്ങളും നേപ്പാളി സ്ത്രീകൾ മുതുകിൽ ചുമന്നു എമിഗ്രേഷൻ ആഫീസ് ഹാളിലുള്ള പരിശോധകരുടെ മുന്നിൽക്കൂടെ പുറത്തേയ്ക്കു കൊണ്ട് വന്നു. പുറത്തു ചൈന സർക്കാർ പിൻഭാഗം തുറന്ന ട്രക് തയാറാക്കി നിർ ത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഞങ്ങളുടെയൊക്കെ ബാഗുകളിൽ കീടനാശിനികൾ തളിച്ചേ റ്റിബെറ്റൻ മണ്ണിലേക്ക് കടത്തുള്ളുവത്രേ .
ഒരു 150 വാര അകലെയാണ് ഞങ്ങൾക്കുള്ള ബസ്സുകൾ നിർത്തിയിട്ടിരിയ്ക്കുന്നത്. ചെറിയ കയറ്റം. ദൂരം കുറവാണെങ്കിലും ഈ നടപ്പ് ചിലരെ ക്ഷീണിപ്പിച്ചു. അന്തരീക്ഷ മർദ്ദം അനുഭവപ്പെട്ടു തുടങ്ങി. ഒന്നാം തരം ബസ്സുകൾ. തുടർച്ചയായി നൂറുകണക്കിന് കി.മീ.ഒരു ദിവസം ഓടേണ്ടതല്ലേ. നല്ല വണ്ടിയും നല്ല ഡ്രൈവർ മാരും. വണ്ടി ഓടിക്കുന്നവർ ചീനരാണ് എന്ന് മുഖം നോക്കിയപ്പോൾ തോന്നി. 2 ബസ്സിലായാണ് ഞങ്ങളുടെ യാത്ര. എയർ കണ്ടീഷൻ ചെയ്ത ബസ്സ് തന്നെ. ബസ്സിനുള്ളിൽ അകത്തെയും പുറത്തെയും താപനില സദാ എഴുതിക്കാണിയ്ക്കുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്നും ശരാശരി 13,12o അടി (400m) ഉയരത്തിലാണ് തിബറ്റ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ 8000 മീറ്ററിലധികം ഉയരമുള്ള പ്രധാന പർവതങ്ങൾ (22,960 അടി) തിബറ്റിലാണ് ഉള്ളത്. പുരാതന സംസ്ക്കാരം ഇന്നും നിലനിൽക്കുന്ന തിബറ്റൻ പീഠഭൂമിയിൽ 2 കോടിയോളം ജനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിനു വര്ഷം പഴക്കമുള്ള ബുദ്ധമതത്തിന്റെ മറ്റൊരു മുഖമായ ലാമായിസം ഇവിടെ കാണാം. 16,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിബറ്റിലെ കാലാവസ്ഥ പ്രവചനാതീതമാണെന്ന് അനുഭവസ്ഥർ പറയുന്നു.
ഭാരതീയ സംസ്ക്കാരങ്ങളുടെ, വിശ്വാസങ്ങളുടെ ജീവനാഡിയായ കൈലാസവും, മാനസ സരോവരുമെല്ലാം ഒരു കമ്മുനിസ്റ്റ് രാജ്യത്തിന്ടെ നിയന്ത്രണത്തിലായിപ്പോയല്ലോ എന്നാലോചിക്കുമ്പോൾ ചെറിയൊരു കുണ്ഠിതം തോന്നിപ്പോകുന്നു.
കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഒരിക്കൽക്കൂടെ ചൈനക്കാരുടെ കർശനമായ പരിശോധനയുണ്ടായി. പാസ്‌പോർടിലെ മുഖവും ഓരോരുത്തരുടെ മുഖവും നല്ലപോലെ ഒത്തുനോക്കി.
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് കേട്ടറിഞ്ഞ തിബറ്റന്‍ പീഠഭൂമിയില്‍ക്കൂടിയാണ് ഇനി യാത്ര. അതൊക്കെ നേരില്‍ കണ്ട് മനസ്സിലാക്കുകയാണ്. മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി മാറിത്തുടങ്ങി. ജനവാസമോ, സസ്യലതാദികളോ ഇല്ലാത്ത പീഠഭൂമിയിൽക്കൂടെ പൊടിപാറിച്ചുകൊണ്ട് ബസ്സുകൾ കുതിച്ചു.പോകുകയാണ്. റോഡിന്റെ വശങ്ങളിൽ അങ്ങുദൂരെ ധാരാളം ചെറിയ ചെറിയ കുന്നുകൾ ചെരിഞ്ഞു കിടക്കുന്നു. ഈ കുന്നുകൾ കണ്ടപ്പോൾ ഓടിപ്പോയി കയറിയാലോ എന്ന് തോന്നി. ഭൂമിയോട് ചേർന്ന് ചെരിഞ്ഞു കിടക്കുന്ന ഒരു കുറ്റിച്ചെടിപോലും ഇല്ലാത്ത സുന്ദരൻ മലകൾ. ചില സ്ഥലങ്ങളിൽ റോഡു വളരെ മോശമാണ്. റോഡിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങിനെ കുന്നുകൾ കേറി ഇറങ്ങിയും സമതലത്തിൽക്കൂടിയും ബസ്സ് പറന്നു പോകുന്നു.
ഏകദേശം 45 കി .മീ യാത്ര ചെയ്തു ന്യാലം എന്ന സ്ഥലത്തെ ക്യാംപിൽ എത്തിച്ചേർന്നു. തീർത്ഥാടകർക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലം. 3750 മീറ്റർ ഉയരത്തിലാണ് ന്യാലം എന്ന യാത്രികളുടെ ഈ കൊച്ച് ഇടത്താവളം.
റോഡിൻറെ ഇടതു ഭാഗത്ത് പൌരാണീകകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന തിബറ്റൻ വാസ്തുകലകൾ വിളിച്ചോതുന്ന നിറക്കൂട്ടുകൾ കൊണ്ട് മോടികൂട്ടിയ കെട്ടിടങ്ങൾ. വാതിൽ കടന്നാൽ നടുമുറ്റത്തെ അനുസ്മരിപ്പിയ്ക്കുന്ന വിശാലമായ ഹാൾ. മൂന്ന് നിലയുള്ള ഈ കെട്ടിടത്തിൽ ആണ് ഞങ്ങൾ എല്ലാവരും തങ്ങുന്നത്. അവിടെ വേറെയും പല യാത്രികൾ കാമ്പ് ചെയ്യുന്നുണ്ട്.
2-ആമത്തെ നിലയിൽ ഞങ്ങൾ 4 പേർ കൂടി ഒരു മുറി പങ്കിട്ടു. ശ്രീ ബാലകൃഷ്ണ പൈയും, അദ്ദേഹത്തിൻറെ പത്നി ശ്രീമതി ജയന്തിയുമാണ് സഹമുറിയർ. ഞങ്ങളെക്കാൾ പ്രായമുള്ളവർ. ജയന്തിചേച്ചിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ട്. കൈലാസം കാണാനുള്ള മോഹം കൊണ്ട് പുറപ്പെട്ടതാണ് എന്ന് പറഞ്ഞു. പരിക്രമക്കൊന്നും പോകുന്നില്ലെന്നും പറഞ്ഞു.
മുറിയ്ക്കുള്ളിൽ നല്ല തണുപ്പു തന്നെ. എല്ലാ ചുടു വസ്ത്രങ്ങളും ഒന്നിനുമേല്‍ ഒന്നായി ഇട്ടിട്ടുണ്ട്. എന്നിട്ടും നല്ല തണുപ്പ്. സഹായികളായ നേപാളി സഹോദരന്മാര്‍ ചുടുചായയും, ബാഗുകളും മുറിയിൽ കൊണ്ട് വന്നു തന്നു.
മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിയാൽ ഇടനാഴിയുടെ ഇടത്തുഭാഗത്തു തന്നെ ബാത്രൂമും കക്കൂസുകളും ഉണ്ട്. തീരെ വൃത്തിയില്ലാത്തവ.
ഒന്നാം നിലയിലെ ഹാളിൽ വൈകുന്നേരം സത്സംഗത്തിനായി എല്ലാവരും ഒത്തു ചേർന്നു. ദുബായ് ഗ്രൂപ്പിലെ സഹയാത്രികർ വേദപാരായണം നടത്തി. വിഷ്ണു സഹസ്രനാമവും ചൊല്ലി. ഭക്തിയുടെ നല്ലൊരു അന്തരീക്ഷം അവിടെ ഉണ്ടാക്കിയെടുത്തു. സംഘത്തിലെ പരിചയപ്പെടാത്ത മറ്റുള്ളവരെ പരിചയപ്പെട്ടു. ഭജനയും അത്താഴവും കഴിഞ്ഞശേഷം പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങൾ ചര്ച്ച ചെയ്തു. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം തൊട്ടടുത്തുള്ള മല കയറണം. പരിക്രമയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ്. ശരീരത്തിന്റെയും മനസ്സിൻറെയും ശക്തിശോധനകൂടെയാണിത്. കൂടാതെ പ്രാണവായു കുറവായ തിബറ്റൻ ഭൂമിയിലെ കാലാവസ്ഥയുമായി ഒന്നിണങ്ങലും അത്യാവശ്യമാണല്ലോ.
ഗ്ലൗസും രണ്ടു ജോടി വുളൻ സോക്സും മങ്കികാപും ധരിച്ച് രാജായിയുടെയും, കരിമ്പടത്തിന്റെയും അടിയിലാണ് കിടക്കുന്നതെങ്കിലും തണുപ്പ് സഹിക്കാൻ വയ്യ. ഇന്നത്തെ കാര്യങ്ങൾ അങ്ങിനെ കഴിഞ്ഞു.
ഇനി നാളെ...
എന്നാൽ ശുഭരാത്രി...
0-------------------------000000.....................000000000.................00000000.................................0
12th ജൂൺ,2013
ന്യാലം ( ഷേഷഭാഗ് മാഹ് ഹോടൽ)
അമ്മിണീ,
സുപ്രഭാതം. തിബത്തിലെ ന്യാലം കാമ്പിലിരുന്നാണ് എഴുതുന്നത്.
ഇന്ന് രാവിലെ ചായ കുടിച്ച ശേഷം രണ്ട് ബസ്സുകളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. നേപ്പാൾ-തിബറ്റിന്റെ അതിർത്തിയിലെ ' കൊദാരി ' എന്ന സ്ഥലത്തേയ്ക്ക്.100 കി മീ ദൂരമുണ്ട്. അവിടെയുള്ള ചൈനക്കാരുടെ പോലീസ് ചെക്ക്പോസ്റ്റിൽ പാസ്പോർട്ട്, വിസ എന്നിവ പരിശോധിയ്ക്കും. വളരെ കർശനക്കാരാണത്രെ, ഉദ്യോഗസ്ഥർ. ഒരു നിമിഷം വൈകിയാൽ അന്നത്തെ യാത്ര മുടങ്ങും. അതുകൊണ്ട് വേഗം യാത്രയായി.
കാഠ്മാണ്ഡു പട്ടണ ദൃശ്യങ്ങൾ പിന്നിലായി. ഗ്രാമങ്ങളിലെ കൃഷിഭൂമികളിൽക്കൂടെയായി യാത്ര. ജലസമൃദ്ധമായ, വളക്കൂറുള്ള പച്ചപ്പുള്ള ഭൂമി. അവിടവിടെയായി ഓരോ ചെറിയ കെട്ടിടങ്ങൾ.
മുന്നോട്ടു പോകുന്തോറും നാലുഭാഗത്തും വൃക്ഷനിബിഡങ്ങളായ മലകൾ. വഴി കൂടുതൽ ദുർഘടമാകുകയാണ്. മലകൾ ഇടിഞ്ഞു റോഡില്ലാതായിരിയ്ക്കുന്നു. കുലുങ്ങിക്കുലുങ്ങിയാണ് ബസ്സ് മുന്നോട്ടു ചലിക്കുന്നത്. കുലുക്കവും ചാട്ടവുമൊന്നും ഈ വാഹനത്തിനു പ്രശ്നമല്ലെന്ന് തോന്നുന്നു. ഭാഗ്മതി തീരത്തുകൂടെ പച്ചക്കുന്നുകൾ കണ്ടു നീങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ചാർധാം യാത്രയെക്കുറിച്ചോർത്തു.
സമൊർ നദി, സുൻകോശി എന്നീ നദികൾ കണ്ടുകൊണ്ടു, പ്രധാന പർവത പട്ടണങ്ങളായ ഇന്ദ്രാ നദിയുടെ തീരത്തുള്ള ദൊലാഘാട്ട്, ധുലിവേൽ, പാഞ്ച്ഖാൽ എന്നീ സ്ഥലങ്ങൾ പിന്നിട്ട് ജിരോകിലോ എന്ന ചെറിയ പട്ടണത്തിലെ തെരുവോരത്ത് വാഹനം നിർത്തി. നദികളുടെ പേര് കൂടെയുള്ള നേപാളി സഹോദരന്‍ ആണ് പറഞ്ഞു തന്നത്. സ്ഥലപ്പേർ വഴിയോരത്തുള്ള ബോർഡിൽ നോക്കി അപ്പപ്പോൾ എഴുതി എടുത്തു, (നേപാളി ഭാഷയിൽ ഹിന്ദി ലിപി തന്നെയാണ് ഉപയോഗിക്കുന്നത്. നിന്റെ അമ്മക്ക് മൂന്നു നാല് വയസ്സുള്ളപ്പോൾ ഞങ്ങള്‍ കാശിയിലായിരുന്നു എന്ന് പറയാറില്ലേ? ഞങ്ങളുടെ വീടിന്റെ ഉടമസ്ഥ നേപാള്‍കാരിയായ ശ്രീമതി മിഠായി റാണയുടെ പേരക്കുട്ടികൾ അമ്മയുടെ കൂട്ടുകാരികൾ ആയിരുന്നു. അന്ന് അമ്മ നന്നായി നേപ്പാളി ഭാഷ സംസാരിച്ചിരുന്നു.)
പ്രഭാത ഭക്ഷണം കഴിക്കാറായി. ആപ്പ്ളും മാങ്ങാ ജൂസുമാണ് വിഭവങ്ങൾ. ബസ്സിലിരുന്നു തന്നെ പലരും കഴിച്ചു. പുറത്തു ചെറിയ മൂടൽ മഞ്ഞുണ്ട്, നല്ല തണുപ്പും.
ഹിമാലയത്തിന്റെ മടിത്തട്ടിൽക്കൂടെ അങ്ങിനെ വ്യത്യസ്തമായ ഭൂപ്രകൃതി ആസ്വദിച്ചു ആകാംക്ഷയോടെ പുറത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. മലയിടുക്കുകളിൽക്കൂടിയുള്ള വളവുകളും, തിരിവുകളും പര്‍വതങ്ങളില്‍ നിന്ന് ഉല്‍ഭവിയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും താഴെ അഗാധതയിലെ താഴ്വാരങ്ങളും കണ്ടിരിക്കുമ്പോൾ സമയവും ദൂരവും പോകുന്നതറിയുന്നില്ല. പർവതങ്ങളുടെ ഓരം ചേർന്നാണ് ബസ്സുകൾ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു നീങ്ങുന്നത്. മറുഭാഗത്ത് അഗാധതയിൽ നദി. പർവതങ്ങളിൽ നിന്നുള്ള വെള്ളച്ചാട്ടം കാണേണ്ടത് തന്നെ. നേർത്ത മഞ്ഞിന്റെ പാടയിൽ സൂര്യകിരണങ്ങൾ വീഴുമ്പോൾ മാരിവില്ലുകൾ വിരിയുന്നു.
ഉച്ചയോടെ അതിർത്തി പ്രദേശത്തിന്നടുത്ത് 'തതോപാനി' എന്ന പട്ടണത്തിൽ ഒരു ഹോട്ടലിനു മുന്നില്‍ വാഹനം നിർത്തി. സാമാന്യം നല്ല ഭക്ഷണമാണ് ഇവിടെ. ഹിമാലയ യാത്രയ്ക്കിടയിൽ പര്‍വത പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഉരുളക്കിഴങ്ങും പരിപ്പും ചോറും ചപ്പാത്തിയും മാത്രമേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞത് ഓര്മ്മയില്ലേ? പക്ഷേ, ഇവിടെ കുറച്ചു മാറ്റം ഉണ്ട്. വേറെ പച്ചക്കറികള്‍ കൊണ്ടുള്ള രുചിയുള്ള വിഭവങ്ങള്‍ വിളമ്പുന്നുണ്ട്.
ഇനി ഇവിടുന്നങ്ങോട്ടുള്ള യാത്രയിൽ ഇന്ത്യൻ രൂപ കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഊണു കഴിച്ച ഹോട്ടലിൽ രൂപ ചൈനീസ് യുവാനായി മാറ്റിത്തരാൻ ഏജന്റുമാർ വന്നിരിപ്പുണ്ട്. 100 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് 10 യുവാൻ. പരിക്രമ സമയത്ത് യാക്ക്, കുതിര, അല്ലെങ്കിൽ ഒരു സഹായിയെ കൂടെ വേണമെങ്കിൽ അതിനുള്ള തുക നമ്മൾ കയ്യിൽ കരുതണം. മിക്കവരും രൂപയെ യുവാനാക്കി മാറ്റി. നേപ്പാളിൽ ഇന്ത്യൻ രൂപ ചെലവാകും. എന്നാല്‍ തുടര്‍ന്നുള്ള യാത്രയില്‍ ഇന്ത്യന്‍ രൂപകൊണ്ട് ഒരുകാര്യവും ഇല്ല. നമ്മുടെ 100 രൂപ നേപ്പാളിലെ 160 രൂപയ്ക്ക് തുല്യമാണ്. ക്രയവിക്രയം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റ് പറ്റാൻ സാദ്ധ്യതയുണ്ട് .
അങ്ങിനെ 3 കി.മി.കൂടെ യാത്ര ചെയ്തു ഞങ്ങൾ നേപ്പാൾ -- തിബറ്റ് അതിർത്തിയിലെത്തി. അത്യാവശ്യം തിരക്കുള്ള പട്ടണം. ഞങ്ങൾ വന്ന വാഹനം ഇവിടെ വരെ മാത്രം. നേപ്പാളിൽ നിന്നും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ്‌ലേക്കുള്ള വലിയ പ്രവേശന കവാടം ഞങ്ങൾ കടന്നു. പുതിയൊരു ലോകത്തിലേക്ക് ഇറങ്ങി വന്ന അനുഭവം. വലതുഭാഗത്തുള്ള 'കൊദാരി പാല' ത്തിനു മുകളിൽ ഞങ്ങൾ വരി വരിയായി അച്ചടക്കത്തോടെ നിന്നു.
പാലത്തിന്നടിയിൽക്കൂടെ ശാന്തമായി ഒഴുകുന്ന സുന്‍ കോശി നദി. പുഴയിൽ അത്രയ്ക്ക് വെള്ളമോ ഒഴുക്കോ ഇല്ല. ഈ പാലം 'ഫ്രന്റ്ഷിപ് പാലം' എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ മറുകരയിൽ രണ്ടുമൂന്നു നിലയുള്ള ചൈനക്കാരുടെ വലിയ ആഫീസ് കെട്ടിടം. പരിശോധനാലയം അഥവാ പോലിസ് ചെക്ക് പോസ്റ്റ്. ഏതാനും വർഷങ്ങൾക്കു മുൻപ് ചെക്ക്പോസ്റ്റ് കെട്ടിടം 3 കി.മീ. അപ്പുറത്തായിരുന്നുവത്രേ !
ചൈനക്കാരായ കാവൽക്കാരുടെ കണ്ണുവെട്ടിച്ചു ഒരീച്ചക്ക് പോലും തിബത്തൻ ഭൂമിയിലേക്ക് കടക്കാൻ പറ്റില്ല. അത്രയ്ക്ക് സുരക്ഷിതമാണ് അതിര്ത്തി പ്രദേശം. ചെറിയ കണ്ണുകളുള്ള ഇവിടത്തെ മനുഷ്യരുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണ പാടവം എടുത്തു പറയേണ്ടത് തന്നെ.
നേപ്പാളികളും, തിബറ്റുകാരും അങ്ങോട്ടും ഇങ്ങോട്ടും സാധനങ്ങൾ വാങ്ങാനും കൊടുക്കാനുമായി കടന്നു പോകുമ്പോൾ സിറ്റിസൻഷിപ് കാർഡ് കാണിച്ചാൽ മതി.
കൊദാരി പാലത്തിനുമുകളിൽ ഞങ്ങൾ മുക്കാൽ മണിക്കൂറോളം ഊഴം കാത്തു നിന്നു.
പിന്നീട് ഞങ്ങടെ പാസ്പോർട് പരിശോധിക്കാനായി ഒരു പോലീസുകാരൻ വന്നു. മുഖവും, പാസപോര്ടിലെ ഫോട്ടോയും ഒത്തു നോക്കുന്നുണ്ട്. ഓരോരുത്തരെയായി മുന്നോട്ടു പോകാൻ അനുവദിച്ചു. ഗ്രൂപ്പ് വിസയിലാണ് പോകുന്നത്.
ഗാംഭീര്യം മുറ്റിനിൽക്കുന്ന വിശാലമായ മുറ്റം. ചുവന്ന കൊടി പാറിക്കളിയ്ക്കുന്ന വലിയ ആർച്ചുള്ള മതിലിന്നകത്താണ് ഇമിഗ്രേഷൻ ആഫീസ്. പുറത്തു യൂനിഫോർമിൽ തോക്കും പിടിച്ചു നില്ക്കുന്ന ഇമവെട്ടാത്ത കണ്ണുകളുള്ള കാവൽക്കാർ. ഞങ്ങളെല്ലാവരും ഇവിടെയും നിശ്ശബ്ദരായി ക്യു നിന്ന് അകത്ത്കയറി പാസ്പോര്ട്ട് കാണിച്ചു. യൂനിഫോര്മിലുള്ള ഉദ്യോഗസ്ഥരെയെല്ലാം കണ്ടാൽ നല്ല ചൈതന്യമുള്ളവർ. അങ്ങിനെ ആ അഗ്നിപരീക്ഷ പാസ്സായി ഞങ്ങൾ തിബത്തൻ ഭൂമിയിൽ കാലെടുത്തു വെച്ചു.
ഞങ്ങളുടെ ബാഗുകളും മറ്റു സാമാനങ്ങളും നേപ്പാളി സ്ത്രീകൾ മുതുകിൽ ചുമന്നു എമിഗ്രേഷൻ ആഫീസ് ഹാളിലുള്ള പരിശോധകരുടെ മുന്നിൽക്കൂടെ പുറത്തേയ്ക്കു കൊണ്ട് വന്നു. പുറത്തു ചൈന സർക്കാർ പിൻഭാഗം തുറന്ന ട്രക് തയാറാക്കി നിർ ത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഞങ്ങളുടെയൊക്കെ ബാഗുകളിൽ കീടനാശിനികൾ തളിച്ചേ റ്റിബെറ്റൻ മണ്ണിലേക്ക് കടത്തുള്ളുവത്രേ .
ഒരു 150 വാര അകലെയാണ് ഞങ്ങൾക്കുള്ള ബസ്സുകൾ നിർത്തിയിട്ടിരിയ്ക്കുന്നത്. ചെറിയ കയറ്റം. ദൂരം കുറവാണെങ്കിലും ഈ നടപ്പ് ചിലരെ ക്ഷീണിപ്പിച്ചു. അന്തരീക്ഷ മർദ്ദം അനുഭവപ്പെട്ടു തുടങ്ങി. ഒന്നാം തരം ബസ്സുകൾ. തുടർച്ചയായി നൂറുകണക്കിന് കി.മീ.ഒരു ദിവസം ഓടേണ്ടതല്ലേ. നല്ല വണ്ടിയും നല്ല ഡ്രൈവർ മാരും. വണ്ടി ഓടിക്കുന്നവർ ചീനരാണ് എന്ന് മുഖം നോക്കിയപ്പോൾ തോന്നി. 2 ബസ്സിലായാണ് ഞങ്ങളുടെ യാത്ര. എയർ കണ്ടീഷൻ ചെയ്ത ബസ്സ് തന്നെ. ബസ്സിനുള്ളിൽ അകത്തെയും പുറത്തെയും താപനില സദാ എഴുതിക്കാണിയ്ക്കുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്നും ശരാശരി 13,12o അടി (400m) ഉയരത്തിലാണ് തിബറ്റ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ 8000 മീറ്ററിലധികം ഉയരമുള്ള പ്രധാന പർവതങ്ങൾ (22,960 അടി) തിബറ്റിലാണ് ഉള്ളത്. പുരാതന സംസ്ക്കാരം ഇന്നും നിലനിൽക്കുന്ന തിബറ്റൻ പീഠഭൂമിയിൽ 2 കോടിയോളം ജനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിനു വര്ഷം പഴക്കമുള്ള ബുദ്ധമതത്തിന്റെ മറ്റൊരു മുഖമായ ലാമായിസം ഇവിടെ കാണാം. 16,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിബറ്റിലെ കാലാവസ്ഥ പ്രവചനാതീതമാണെന്ന് അനുഭവസ്ഥർ പറയുന്നു.
ഭാരതീയ സംസ്ക്കാരങ്ങളുടെ, വിശ്വാസങ്ങളുടെ ജീവനാഡിയായ കൈലാസവും, മാനസ സരോവരുമെല്ലാം ഒരു കമ്മുനിസ്റ്റ് രാജ്യത്തിന്ടെ നിയന്ത്രണത്തിലായിപ്പോയല്ലോ എന്നാലോചിക്കുമ്പോൾ ചെറിയൊരു കുണ്ഠിതം തോന്നിപ്പോകുന്നു.
കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഒരിക്കൽക്കൂടെ ചൈനക്കാരുടെ കർശനമായ പരിശോധനയുണ്ടായി. പാസ്‌പോർടിലെ മുഖവും ഓരോരുത്തരുടെ മുഖവും നല്ലപോലെ ഒത്തുനോക്കി.
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് കേട്ടറിഞ്ഞ തിബറ്റന്‍ പീഠഭൂമിയില്‍ക്കൂടിയാണ് ഇനി യാത്ര. അതൊക്കെ നേരില്‍ കണ്ട് മനസ്സിലാക്കുകയാണ്. മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി മാറിത്തുടങ്ങി. ജനവാസമോ, സസ്യലതാദികളോ ഇല്ലാത്ത പീഠഭൂമിയിൽക്കൂടെ പൊടിപാറിച്ചുകൊണ്ട് ബസ്സുകൾ കുതിച്ചു.പോകുകയാണ്. റോഡിന്റെ വശങ്ങളിൽ അങ്ങുദൂരെ ധാരാളം ചെറിയ ചെറിയ കുന്നുകൾ ചെരിഞ്ഞു കിടക്കുന്നു. ഈ കുന്നുകൾ കണ്ടപ്പോൾ ഓടിപ്പോയി കയറിയാലോ എന്ന് തോന്നി. ഭൂമിയോട് ചേർന്ന് ചെരിഞ്ഞു കിടക്കുന്ന ഒരു കുറ്റിച്ചെടിപോലും ഇല്ലാത്ത സുന്ദരൻ മലകൾ. ചില സ്ഥലങ്ങളിൽ റോഡു വളരെ മോശമാണ്. റോഡിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങിനെ കുന്നുകൾ കേറി ഇറങ്ങിയും സമതലത്തിൽക്കൂടിയും ബസ്സ് പറന്നു പോകുന്നു.
ഏകദേശം 45 കി .മീ യാത്ര ചെയ്തു ന്യാലം എന്ന സ്ഥലത്തെ ക്യാംപിൽ എത്തിച്ചേർന്നു. തീർത്ഥാടകർക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലം. 3750 മീറ്റർ ഉയരത്തിലാണ് ന്യാലം എന്ന യാത്രികളുടെ ഈ കൊച്ച് ഇടത്താവളം.
റോഡിൻറെ ഇടതു ഭാഗത്ത് പൌരാണീകകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന തിബറ്റൻ വാസ്തുകലകൾ വിളിച്ചോതുന്ന നിറക്കൂട്ടുകൾ കൊണ്ട് മോടികൂട്ടിയ കെട്ടിടങ്ങൾ. വാതിൽ കടന്നാൽ നടുമുറ്റത്തെ അനുസ്മരിപ്പിയ്ക്കുന്ന വിശാലമായ ഹാൾ. മൂന്ന് നിലയുള്ള ഈ കെട്ടിടത്തിൽ ആണ് ഞങ്ങൾ എല്ലാവരും തങ്ങുന്നത്. അവിടെ വേറെയും പല യാത്രികൾ കാമ്പ് ചെയ്യുന്നുണ്ട്.
2-ആമത്തെ നിലയിൽ ഞങ്ങൾ 4 പേർ കൂടി ഒരു മുറി പങ്കിട്ടു. ശ്രീ ബാലകൃഷ്ണ പൈയും, അദ്ദേഹത്തിൻറെ പത്നി ശ്രീമതി ജയന്തിയുമാണ് സഹമുറിയർ. ഞങ്ങളെക്കാൾ പ്രായമുള്ളവർ. ജയന്തിചേച്ചിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ട്. കൈലാസം കാണാനുള്ള മോഹം കൊണ്ട് പുറപ്പെട്ടതാണ് എന്ന് പറഞ്ഞു. പരിക്രമക്കൊന്നും പോകുന്നില്ലെന്നും പറഞ്ഞു.
മുറിയ്ക്കുള്ളിൽ നല്ല തണുപ്പു തന്നെ. എല്ലാ ചുടു വസ്ത്രങ്ങളും ഒന്നിനുമേല്‍ ഒന്നായി ഇട്ടിട്ടുണ്ട്. എന്നിട്ടും നല്ല തണുപ്പ്. സഹായികളായ നേപാളി സഹോദരന്മാര്‍ ചുടുചായയും, ബാഗുകളും മുറിയിൽ കൊണ്ട് വന്നു തന്നു.
മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിയാൽ ഇടനാഴിയുടെ ഇടത്തുഭാഗത്തു തന്നെ ബാത്രൂമും കക്കൂസുകളും ഉണ്ട്. തീരെ വൃത്തിയില്ലാത്തവ.
ഒന്നാം നിലയിലെ ഹാളിൽ വൈകുന്നേരം സത്സംഗത്തിനായി എല്ലാവരും ഒത്തു ചേർന്നു. ദുബായ് ഗ്രൂപ്പിലെ സഹയാത്രികർ വേദപാരായണം നടത്തി. വിഷ്ണു സഹസ്രനാമവും ചൊല്ലി. ഭക്തിയുടെ നല്ലൊരു അന്തരീക്ഷം അവിടെ ഉണ്ടാക്കിയെടുത്തു. സംഘത്തിലെ പരിചയപ്പെടാത്ത മറ്റുള്ളവരെ പരിചയപ്പെട്ടു. ഭജനയും അത്താഴവും കഴിഞ്ഞശേഷം പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങൾ ചര്ച്ച ചെയ്തു. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം തൊട്ടടുത്തുള്ള മല കയറണം. പരിക്രമയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ്. ശരീരത്തിന്റെയും മനസ്സിൻറെയും ശക്തിശോധനകൂടെയാണിത്. കൂടാതെ പ്രാണവായു കുറവായ തിബറ്റൻ ഭൂമിയിലെ കാലാവസ്ഥയുമായി ഒന്നിണങ്ങലും അത്യാവശ്യമാണല്ലോ.
ഗ്ലൗസും രണ്ടു ജോടി വുളൻ സോക്സും മങ്കികാപും ധരിച്ച് രാജായിയുടെയും, കരിമ്പടത്തിന്റെയും അടിയിലാണ് കിടക്കുന്നതെങ്കിലും തണുപ്പ് സഹിക്കാൻ വയ്യ. ഇന്നത്തെ കാര്യങ്ങൾ അങ്ങിനെ കഴിഞ്ഞു.
ഇനി നാളെ...
എന്നാൽ ശുഭരാത്രി...
0-------------------------000000.....................000000000.................00000000.................................0
ന്യാലം, ഷേഷഭാഗ് മാഹ് ഹോടൽ ,
ജൂണ്‍ 13, 2013
അമ്മിണീ,
ന്യാലം കാമ്പിൽ നിന്നും പതിവുപോലെ കിടക്കും മുൻപ് നിനക്ക് എഴുതുന്നു.
ഇന്ന് നല്ല തെളിഞ്ഞ സുപ്രഭാതമായിരുന്നു. ഉണർന്നു എഴുന്നേറ്റ ഉടനെ റൂമിൽ നിന്നും പുറത്തിറങ്ങി, ഇടനാഴിയുടെ ഇടത്തേ അറ്റത്ത് പുറത്തെയ്ക്കൊരു വാതിലുണ്ട്. അത് തുറന്നു പുറത്തിറങ്ങിയപ്പോള്‍ കണ്ടത് കൈലാസം പോലെ തൂവെണ്മയിൽ കുളിച്ചു നിൽക്കുന്ന ഒരു പർവതമാണ്. വെയിലിൽ ഈ പർവതം വെട്ടിത്തിളങ്ങുന്നത് കണ്ടുകൊണ്ടങ്ങിനെ നിന്നുപോയി. അധികം താമസിയാതെ ആ പർവതവും ചുറ്റുമുള്ള സ്ഥലങ്ങളും സ്വർണ്ണ നിറത്തിൽ മുങ്ങിക്കുളിച്ചു. (അപ്പോൾ ഓർത്തത് കേദാറിലും ബദരിയിലും ദർശിച്ച സൂര്യോദയങ്ങളായിരുന്നു !)
ശംഭോ മഹാദേവ ശംഭോ,
ശിവ ശംഭോ മഹാദേവ ശംഭോ!
രാവിലെ സത്സംഗം ഉണ്ടായി. ആവേശത്തോടെ എല്ലാവരും ഏറ്റു ചൊല്ലി. പലരും പാട്ടിന്റേയും കൊട്ടിന്റെയും ലഹരിയിൽ ചുവടുകൾ വെയ്ക്കാനും തുടങ്ങി. ചെറിയ തോതിയിൽ യോഗയും ഉണ്ടായി. പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടനെ എല്ലാവരും മലകയറാൻ ഒരുക്കമായി.
ചെറുനാരങ്ങയും പഞ്ചസാരയും കയ്യില് കരുതിയിട്ടുണ്ട്. അടുക്കളയിൽ പോയി കുറച്ചു തിളച്ചവെള്ളം വാങ്ങാമെന്നു വെച്ച് അമ്മമ്മ പുറത്തിറങ്ങി. ഞങ്ങളുടെ സംഘത്തിലെ സഹായികളെ കാണുന്നില്ല. പുറത്തുനിന്നിരുന്ന കെട്ടിടത്തിന്റെ മേല്‍നോട്ടക്കാരൻ എന്ന് തോന്നിക്കുന്ന ഒരാളോട് ഞങ്ങളുടെ സംഘത്തിന്റെ പാചകസ്ഥലം എവിടെയെന്നു അറിയാവുന്ന എല്ലാ ഭാഷയും ആംഗ്യവും ചേർത്തു ചോദിച്ചു. അയാള് തിബറ്റനോ, ചൈനക്കാരനോ ആവണം. പരസ്പരം എന്തൊക്കെയോ പറഞ്ഞു. ആര്ക്കും ഒന്നും മനസ്സിലായില്ല. ഒടുവില് അയാള് റോഡിന്റെ അപ്പുറത്തേയ്ക്ക് കൈചൂണ്ടി.
അവിടെ കണ്ട തുറന്ന ഗേറ്റിൽക്കൂടെ നടന്നു. ചെറിയ ഇറക്കം ഇറങ്ങി. വിശാലമായ പറമ്പ്. കുറച്ച് ദൂരെ ഇടത്ത് ഭാഗത്ത് നീളത്തില് കെട്ടി ഉണ്ടാക്കിയ ഷെഡ്‌കള്‍. മൂന്നോ നാലോ സ്ഥലത്ത് പാചകം നടക്കുന്നു. അടുത്തു ചെന്ന് നോക്കുമ്പോൾ അവരൊന്നും നമ്മുടെ സെറ്റിൽ ഉള്ളവരല്ല. എന്ത് ചെയ്യാം ! ഒടുവിൽ ഒരു കൂട്ടരോടു കുറച്ചു ചുടുവെള്ളം തരാമോ എന്ന് ഹിന്ദിയും, ഇംഗ്ലീഷും കലര്ത്തി ചോദിച്ചു. അവര്ക്കൊന്നും മനസ്സിലായില്ല. എന്‍റെ നിസ്സഹായതയും, കയ്യിലെ ഫ്ലാസ്കും ചെറുനാരങ്ങയും മറ്റും കണ്ടിട്ടോ എന്തോ, അവരിൽ ഒരാൾ ഫ്ലാസ്ക് മേടിച്ചു. അവർ ഉണ്ടാക്കി വെച്ച ജൂസ് അതിൽ നിറയെ ഒഴിച്ചു തന്നു. വളരെയധികം നന്ദി പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അതിന്റെ രുചി നോക്കി. ഹാ, ഹാ ! എന്തൊരു സ്വാദ് ! എന്തൊക്കെയാണ് അതിൽ ചേർത്തിരിയ്ക്കുന്നത് എന്നറിയാൻ ഒരു വഴിയുമില്ല. തേൻ ഉണ്ടെന്നു തോന്നുന്നു. ഇതെന്തോ പ്രത്യേകതയുള്ള മധുര പാനീയം തന്നെ. ഈ ഭാഗങ്ങളിൽ യാത്ര ചെയ്യുന്നവർ ഉണ്ടാക്കിക്കഴിയ്ക്കുന്ന എന്തോ ഔഷധഗുണമുള്ള പാനീയമായിരുന്നിരിയ്ക്കാം അത്.
എന്തായാലും സന്തോഷത്തോടെ തിരിച്ചുനടന്നു. ഹോട്ടലിന്റെ മുന്നിലെത്തിയപ്പോളാണ് സംഘത്തിലെ പാചകക്കാരെ കാണുന്നത്. അവരുടെ പാചക മുറി ഹോട്ടലിന്റെ പിറകുവശത്തായിരുന്നു !
മലകയറാൻ എല്ലാവരും റഡിയായി. (ഞങ്ങളുടെ മുറിയിലെ കൂട്ടുകാർ മലകയറ്റത്തിൽ നിന്നും വിട്ടു നിന്നു.) ഓരോരുത്തരും, അവനവന്റെ പ്രാഗത്ഭ്യവും മിടുക്കും പ്രകടിപ്പിച്ചു കൊണ്ട് മലകയറാൻ തുടങ്ങി. അവിടവിടെ പൊന്തി നിൽക്കുന്ന കുറ്റിച്ചെടികളുടെ സഹായത്തോടെ പതുക്കെപ്പതുക്കെയെങ്കിലും അമ്മമ്മയും മുകളിലെത്തി. വിശാലമായ ഭൂമിയാണ് മലമുകളിൽ. അതിനപ്പുറം ഒരു താഴ്വരയാണ്. താഴ്വരക്കപ്പുറം മലനിരകള്‍. മനോഹരമായ സ്ഥലം. അത് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും ക്ഷീണമകന്നു. എല്ലാവരും കിടക്കലും ഇരിക്കലും, ഫോട്ടോ എടുക്കലുമായി. ഞങ്ങളും ഒരു ഫോട്ടോ എടുത്തു.
വെയിലുണ്ട്, നല്ല കാറ്റും. കുറച്ച് കഴിഞ്ഞ് താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി. കയറിയ പോലുള്ള സുഖം ഇറങ്ങുമ്പോൾ ഇല്ല. കാലുവെക്കുമ്പോൾ ഇളകുന്ന കല്ലുകൾ. പിടിയ്ക്കാൻ ചെടികളും അപൂർവ്വം. ഒന്ന് കാലുതെറ്റിയാൽ, ശ്രദ്ധ പോയാൽ, ഉരുണ്ടു താഴത്ത്. ബാലൻസ് കിട്ടാൻ നല്ല പ്രയാസം. ഇടയ്ക്കിടെ കാറ്റ് മുന്നോട്ടു തള്ളുകതന്നെയാണ്. എങ്ങിനെയായാലും അവസാനം താഴത്തെത്തി. പലരുടെയും മുഖത്തു ഒരു മഹായജ്ഞം കഴിഞ്ഞ ആശ്വാസം.
വലിയ കുഴപ്പമില്ലാതെ താഴെ എത്തിപ്പെട്ടതിനു ഏറ്റവും നന്ദി പറയാൻ തോന്നിയത് പരിചയമില്ലാത്ത ഏതോ യാത്രാസംഘത്തിലെ സഹായിയോടാണ്. ആ ജൂസാണ് വലിയ പ്രശ്നമില്ലാതെ കയറാനും ഇറങ്ങാനുമുള്ള ഊര്ജ്ജം തന്നത് എന്ന് തീര്ച്ച. അപരിചിതനായ സഹോദരാ, അങ്ങേയ്ക്ക് നൂറു നൂറ് പ്രണാമങ്ങൾ! നന്ദിയും !!
ഉച്ചഭക്ഷണശേഷം എല്ലാവരും വിശ്രമിച്ചു. സന്ധ്യക്ക് പതിവുപോലെ ഹാളിൽ ഒത്തു കൂടി.
ഗണേശ ശരണം ശരണം ഗണേശാ ,,,,
ഭജനയുടെ ലഹരിയിൽ മിക്കവരും സ്വയം മറന്നു ആടിപ്പാടി. തമിഴ് സഹോദരരുടെ കൂടെ കേരളത്തിന്റെ തെക്കും, വടക്കും, കിഴക്കും പടിഞ്ഞാറും ചേർന്ന ഒരു ലയ സന്ധ്യ.
ഓം ജയ ശിവ ഓംങ്കാരാ......
പാപ ചിന്തകളകറ്റി സർവ്വാപരാധം ക്ഷമിയ്ക്കണേ എന്ന മനസ്സ് ചുട്ട ഈശ്വരനോടുള്ള അപേക്ഷയോടൊപ്പം പ്രാർത്ഥനയോടെ, പ്രായഭേദമെന്യ പരസ്പരം കൈകൂപ്പി ആദരവ് പ്രകടിപ്പിച്ച്ത് ഉള്ളിൽത്തട്ടുന്ന ഒന്നായിരുന്നു .
തുടർന്നു 60 വയസ്സ് കഴിഞ്ഞവരെയൊക്കെ മുന്നിൽ നിർത്തി പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായി.മറ്റുള്ളവരെല്ലാം അവരുടെ (ഞങ്ങളുടെയും) കാൽ തൊട്ടു വന്ദിച്ചു. പരസ്പരം വലുപ്പ-ചെറുപ്പമില്ലാതെ പാദസ്പർശം ചെയ്തതു മനസ്സിന്‍റെ ഞാനെന്ന ഭാവത്തെ ലഘൂകരിയ്ക്കാൻ വളരെ നല്ല കാര്യമായി എന്ന് തോന്നി.
അടുത്ത ദിവസത്തെ പരിപാടികൾ വേണുജി വിവരിച്ചു.
അതിനു ശേഷം നൽകിയ കഞ്ഞി സൂപ്പ് വളരെ സുഖകരമായി. നാടൻ അരി പലരും കൊണ്ട് വന്നിരുന്നു. കൂടാതെ സമ്മന്തിപ്പൊടിയും, ഉപ്പിലിട്ടതും, പപ്പടവുമൊക്കെ അപരിചിതമായ കാലാവസ്ഥയില്‍ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെ ട്ട പലർക്കും അനുഗ്രഹമായി.
ഭക്ഷണശേഷം തലേന്നത്തെപ്പോലെ ഉയർന്ന അന്തരീക്ഷമർദ്ദത്തെ പ്രതിരോധിയ്ക്കാനുള്ള ഗുളിക (ഡയോമാകസ് പകുതിവീതം) എല്ലാവർക്കും വിതരണം ചെയ്തു. (ഞങ്ങൾ ഈ ഗുളിക കയ്യിൽ കരുതിയിരുന്നു. കേന്ദ്ര സര്ക്കാര് മുഖേനയുള്ള സംഘത്തിന്ടെ കൂടെ പോകാനിരുന്നവരായിരുന്നല്ലോ. അപ്പോൾ മെഡിക്കൽ കിറ്റ്, ആദ്യമേ മേടിച്ചു വെച്ചിരുന്നു.)
ത്രിപുരനാഥന്റെ നാട്ടിൽ നിന്നും ബുദ്ധഭഗവാന്റെ അനുയായികളുടെ നാട്ടിൽ എത്തിച്ചേര്ന്നിരിയ്ക്കുന്നു. എത്രയോ ഋഷികളുടെയും, മറ്റു പുണ്യാത്മാക്കളുടെയും പാദസ്പർശമേറ്റ പരിപാവനമായ ഈ ഭൂമിയിൽ എത്തിച്ചേരാൻ സാധിപ്പിച്ചു തന്നതിന് പൂർവ്വജരോടും ഗുരുകാരണവർമാരോടും എത്ര നന്ദി പറയണം എന്നറിയില്ല.
എന്തിനെന്നറിയാതെ, എന്തോ തേടിയുള്ള ഈ യാത്ര വികലമായ ഈ മനസ്സിനെ കഴുകി വൃത്തിയാക്കി ശാന്തിയും സമാധാനവും അതിൽ നിറയ്ക്കുമെന്ന ആശയോടെ ചുടു വസ്ത്രങ്ങളുടെ അടുക്കുകളിലേക്ക് കടന്നു കൂടട്ടെ........
ഏവര്ക്കും ശുഭരാത്രി..
..............................................................................................................................................................
14th june,
ഡോങ്ങ്ബ
അതിരാവിലെ പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങൾ ന്യാലത്തു നിന്നും യാത്ര തിരച്ചു. ആ സമയത്ത് പുറത്തെ താപനില 15 ഡിഗ്രീ C എന്ന് കാണിയ്ക്കുന്നു. ഡ്രൈവർ ഇടയ്ക്കിടയ്ക്ക് എ.സി. ഓഫാക്കിയിരുന്നു. എന്ത്നാണാവോ? ആരും ഒന്നും ചോദിച്ചില്ല. തിബത്തൻ ഭാഷയോ ചൈനീസ് ഭാഷയോ അറിയില്ലല്ലോ. പിന്നെ എന്തെങ്കിലും പറഞ്ഞു ആലോഗ്യമായാലോ?
മാറി മാറി വരുന്ന ഭൂപ്രകൃതി കണ്ടുകൊണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇടതു ഭാഗത്ത് ധാരാളം മണൽക്കൂനകൾ. വലതു ഭാഗത്ത് കല്ലുകളും പാറകളും. റോഡിന്റെ ഇരു ഭാഗങ്ങളിലും വ്യത്യസ്തമായ ഭൂപ്രകൃതി എന്ന് തോന്നി.
അഞ്ചാറു കി.മീ ന്യാലത്തു നിന്നും പോന്നിരിയ്ക്കും. നെല്ലും ഗോതമ്പും വിളഞ്ഞു നിൽക്കുന്ന പച്ചപ്പാടങ്ങൾ കണ്ടുതുടങ്ങി. ജലസമൃദ്ധിയുള്ള ഗ്രാമം. ജനവാസം ഉള്ള സ്ഥലം ഏറെ നേരത്തിനു ശേഷമാണ് കാണുന്നത്. കല്ലുകൾ കൊണ്ടുള്ള ഒന്നോ രണ്ടോ മുറികളുള്ള തീരെ ചെറിയ വീടുകൾ കാണാനായി.വീടുകളുടെ മരം കൊണ്ടുള്ള പരന്ന മേല്‍ത്തട്ടിന്മേൽ കല്ല് വിരിച്ച് അതിന്റെ മുകളില്‍ ഇഴുക്കമണ്ണ് തേച്ചു പിടിപ്പിക്കുകയാണത്രെ പതിവ്. (ആ വീടുകളുടെ ഉള്‍ഭാഗമൊക്കെ കാണണമെന്ന് തോന്നി.) വീടിന് പുറത്തു അധികം ആളുകളെയൊന്നും കാണുന്നില്ല.
ദൂരെ ചെമ്മരിയാടുകളും യാക്കുകളും മേയുന്നു.അവയ്ക്കു രക്ഷകരായി നിറയെ രോമങ്ങളുള്ള മൂന്നോ നാലോ കറുത്ത നായ്ക്കളെയും കാണാം. പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടാല്‍ മനസ്സിലാവില്ല.ആകെ വസ്ത്രങ്ങള്‍ കൊണ്ട് പൊതിഞ്ഞ മനുഷ്യരൂപങ്ങള്‍ കൂടെയുണ്ട്. സംഘം സംഘമായാണ് മേച്ചിൽക്കാർ സഞ്ചരിയ്ക്കുന്നത്. പാരമ്പര്യവേഷത്തിലുള്ള സ്ത്രീകളെയും കണ്ടു. രോമത്തൊപ്പിയും ധരിച്ച്, കാലടികൾ വരെ ഇറങ്ങിക്കിടക്കുന്ന നല്ല നിറങ്ങളോടുകൂടിയ വസ്ത്രവും കഴുത്തു നിറയെ ആഭരണങ്ങളും.
വഴിയിൽ പല സ്ഥലത്തും വൃത്താകാരത്തിലും ചതുരത്തിലും ഏകദേശം 3 അടിയോളം ഉയരത്തിൽ ഉരുളൻ കല്ലുകൾ അടുക്കി വെച്ചിരിക്കുന്നത് ടെന്റ് അടിച്ചു താമസിക്കാനോ, മൃഗങ്ങളെ സംരക്ഷിച്ചു നിർത്താനോ വേണ്ടിയുള്ളതായിരിയ്ക്കണം.
ഇടയ്ക്കിടയ്ക്ക് കാണുന്ന മറ്റൊരു കാഴ്ചയാണ് കല്ല്‌കള്‍ ചേർത്തു വെച്ച് വിവിധ നിറങ്ങളിലുള്ള തുണികൾ ത്രികോണാകൃതിയില് വെട്ടിയെടുത്ത് ചരടില് കോര്ത്തു തോരണങ്ങൾ അഥവാ, പ്രാര്ത്ഥനച്ചരടുകള്‍ തൂക്കിയിട്ടിരിയ്ക്കുന്നത്. ബുദ്ധമത വിശ്വാസികളാണ് ഇങ്ങിനെ ചെയ്യുക. എന്നാല്‍ ഈ ഭാഗത്തൊന്നും മനുഷ്യവാസത്തിന്റെ ലക്ഷണങ്ങള്‍ തീരെയില്ല.
ബസ്സ് മലമുകളിലേക്ക് കയറിപ്പോകുകയാണ്. ടാറിടാത്ത റോഡിന് രണ്ടു മൂന്ന് മടക്കുകളുണ്ട്.റോഡിന്റെ അരുകുകൾ സ്റ്റീൽ റാഡുകൾ പിടിപ്പിച്ചു സുരക്ഷിതമാക്കിയിട്ടുണ്ട്. താഴെ, അങ്ങ് ദൂരെ നേരിയ പച്ചപ്പ് കാണാം. ഏതാനും ഇഞ്ച് മാത്രം ഉയരത്തിൽ വളരുന്നു നിൽക്കുന്ന പുൽപ്പരപ്പുകൾ. നല്ല താഴ്വാരങ്ങൾ. 16,000 അടി ഉയരത്തിലുള്ള 'ലാ ലുന്ഗ് ലാ'---അഥവാ 'ലാലുന' പാസ് (La Lung La pass) ആണ് കയറി ഇറങ്ങിയത്. താഴ്വാരത്തിന്നടുത്തുകൂടി സഞ്ചരിക്കുമ്പോൾ പിന്നിട്ട വഴി ഒന്ന് തിരിഞ്ഞു നോക്കി. വളഞ്ഞു പുളഞ്ഞു മലയുടെ പള്ളയിൽക്കൂടെ തീർത്ത വഴികൾ കണ്ടപ്പോൾ ഉത്തരകാശിയിൽ നിന്നും ഗംഗോത്രിക്കുള്ള കയറ്റം ഓര്മ്മ വന്നു. ഇവിടെ പച്ചപ്പ് ഇല്ലായെന്ന വിത്യാസം ഉണ്ട്.
താഴെ അങ്ങിങ്ങായി വയലറ്റും വെള്ളയും നിറങ്ങളുള്ള പൂക്കൾ മാത്രം. വേറെ ഒരു ജീവിയേയും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോള്‍ എവിടെ നിന്നോ നാലഞ്ചു കാക്കകൾ തെളിഞ്ഞ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. കാക്കകളെ തിബറ്റന് ഭൂമിയില് വെച്ച് കണ്ടത് അദ്ഭുതപ്പെടുത്തി എന്ന് പറയാൻ പറ്റില്ല. (സെൻ ബുദ്ധമതക്കാർ മരിച്ചു പോയവരുടെ ആത്മാക്കളും കാക്കകളും തമ്മിൽ ബന്ധമുള്ളതായി വിശ്വസിയ്ക്കുന്നവരാണല്ലോ.) ചെറിയ തോതിൽ ജനവാസവും, ഒരു മേച്ചിൽ സംഘവും കടന്നു പോയത് ശ്രദ്ധയിൽ പെട്ടു.
ദൂരെ മഞ്ഞു പുതച്ചു കിടക്കുന്ന ചെറിയ മലകൾ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി. എതിർഭാഗത്ത് വിശാലമായ നീലത്തടാകം. 'പൈഗു -- റ്റ്സൊ' തടാകം.(Paigu -Tso Lake) അഥവാ, 'പിക്ചൊ' തടാകം. ബസ്സ് അവിടെ നിർത്തി. പലരും കാമറയുമായി ഇറങ്ങി. വളരെ തെളിഞ്ഞ അന്തരീക്ഷം. അധികനേരം പുറത്തിറങ്ങി നില്ക്കാൻ വയ്യ എന്ന് മാത്രം. ഒന്നാമതായി പ്രാണവായു കുറവ്. പിന്നെ നല്ല കാറ്റും. കുറച്ചപ്പുറത്തായി അഞ്ചടിയോളം ഉയരത്തിൽ കല്ലുകൊണ്ട് മറച്ച സ്ഥലം കാണാം. വേണ്ടവർക്ക് പ്രാഥമികാവശ്യങ്ങൾ അവിടെ പോയി നിർവഹിയ്ക്കാം. വെള്ളമൊന്നും ഉണ്ടാകില്ല. (തുറസ്സായ ഒരു സ്ഥലത്ത് ഇതെങ്കിലും ഏര്‍പ്പാടാക്കിയ ചീനരോട് നന്ദി പറയണമല്ലോ!)
നീലത്തടാകത്തിന്റെ അതിര്ത്തി കുറിച്ചുകൊണ്ട് പിന്നിൽ ചെറിയ കുന്നുകള്‍. നീലാകാശമിട്ട മേലാപ്പിന്റെ അരുകുകളിൽ വെള്ളപ്പഞ്ഞിക്കെട്ടുകള്‍ ചിത്രപ്പണികൾ ചെയ്തിരിയ്ക്കുന്നു. ആകാശവും ഭൂമിയും ജലവും ചേർന്നു തീർക്കുന്ന മനോഹരമായ സംഗമത്തിന്റെ ദൃശ്യം വർണ്ണനാാതീതമാണ്.
ഭൂപ്രകൃതി പെട്ടെന്ന് മാറി മറിഞ്ഞു. ഈ സുന്ദരദൃശ്യം പിന്നിലാക്കി ബസ്സ് ഒരു മലയിടുക്കിലേക്കാണ് പ്രയാണം. സാധാരണയായി മരുപ്രദേശങ്ങളിൽ കണ്ടു വരുന്ന തരം പർവതങ്ങൾ ഒരു ഭാഗത്ത്. റോഡിന്റെ മറുഭാഗത്ത് പുരാണങ്ങളിലും പാഠപുസ്തകങ്ങളിലും വായിച്ചറിഞ്ഞ വെള്ളപ്പൊക്കത്തിനു പേരുകേട്ട നദി, ഇവിടെ പരന്നൊഴുകിയ ബ്രഹ്മപുത്രയുടെ വറ്റി വരണ്ട ചാലുകളാണ് കാണപ്പെടുന്നത്. ഹിമാലയത്തിനെക്കുറിച്ച് നിനക്ക് എഴുതിയപ്പോള്‍ ബ്രഹ്മപുത്രയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടാകണം. ബ്രഹ്മാവിന്‍റെ പുത്രന്‍ ആയിട്ടാണ് മാനസസരോവരില്‍ നിന്നും ഉത്ഭവിക്കുന്ന ഈ നദിയെ വിശേഷിപ്പിക്കുന്നത്. ടിബറ്റില്‍ക്കൂടി, അരുണാചല്‍ പ്രദേശത്തുകൂടി, പിന്നെയും തെക്ക് പടിഞ്ഞാറുള്ള ആസാം താഴ്വരയിക്കൂടി ഒഴുകി ബംഗ്ലാദേശില്‍ പദ്മ എന്നപേരില്‍ അറിയപ്പെടുന്ന ഗംഗയുമായി ചേര്‍ന്ന് ടിബറ്റ് -ല്‍ (ചൈനയില്‍) 'യാര്‍ലുന്ഗ് സങ്ങ്പോ' എന്ന പേരില്‍ അറിയപ്പെടുന്ന ബ്രഹ്മപുത്ര, ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഇടക്കിടെയുണ്ടാകുന്ന ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കം ബംഗ്ലാദേശ് കാര്‍ക്ക് കൃഷിക്ക് നല്ല ഗുണം ചെയ്യുന്നുണ്ടത്രേ.
ചെറിയ ഒരു ഒരു പാലം കടന്നതോടെ നദി ഇടത്തുഭാഗത്തായി. കുന്നുകൾക്കു താഴെ അങ്ങിങ്ങ് ചെറിയ പച്ച വൃത്തങ്ങൾ. ഈ പീഠഭൂമിയിൽ അപൂര്വ്വമായി വളരുന്ന പച്ചപ്പുല്ലുകളാണവ. കിലോമീറ്ററുകളോളം ഇത്തരം ഭൂപ്രകൃതി കണ്ടുകൊണ്ടിരുന്നു. മറ്റൊരു ജീവജാലത്തിനെയും ഇത്രയധികം ദൂരത്തെ യാത്രക്കിടയിൽ കാണാൻ കഴിഞ്ഞില്ല എന്നത് വല്ലാതെ അദ്ഭുതപ്പെടുത്തി.
റോഡിന്റെ വശങ്ങളിലുള്ള ഒഴിഞ്ഞ മൈതാനങ്ങളിലും ചെറിയ കുന്നിൻ മുകളിലുമൊക്കെ സൂര്യോർജ്ജം സംഭരിക്കാന്വഴിനീളെ സോളാർ പാനലുകൾ ഉണ്ട്. വേറെ മനുഷ്യ നിർമ്മിതികളൊന്നും ഒഴിഞ്ഞ ഭൂപ്രദേശത്ത് കാണുന്നതേയില്ല.
ആകാശം പതുക്കെ കറുത്തിരുളാൻ തുടങ്ങി. വീണ്ടും ഒരു മല കയറി ഇറങ്ങിയപ്പോഴെയ്ക്കും അന്തരീക്ഷം തെളിഞ്ഞു. ഞങ്ങളുടെ മുന്നില്‍ പൊടിപാറിച്ചു കൊണ്ട് പോകുന്ന ബസ്സും ഞങ്ങളിരിയ്ക്കുന്ന ബസ്സുമൊഴികെ അനങ്ങുന്ന ഒരു വസ്തുവും കാണുന്നില്ല. ബസ്സുകൾ നിർത്തിയിട്ടാൽ പ്രകൃതിയിലെ പരിപൂര്ണ്ണ നിശ്ചലദൃശ്യം കാണാവുന്നതാണ്. കുറെ മനുഷ്യരുടെ ശാസനിശ്വാസം മാത്രം അന്തരീക്ഷത്തിൽ ഉയരുന്നതും അനുഭവപ്പെടും . .
പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നാൽ ഒട്ടും മടുപ്പുണ്ടാകുന്നില്ല. അത്തരം നിര്മ്മിതികളാണ് പ്രകൃതി ഭൂമിയിൽ ഒരുക്കിയിരിയ്ക്കുന്നത്. അങ്ങകലെ മലകളിൽ ഇനിയും ഉരുകിത്തീരാത്ത മഞ്ഞുപുതപ്പുകൾ സൂര്യ പ്രകാശത്തിൽ പ്രഭചൊരിയുന്നു..
ബ്രഹ്മപുത്രയുടെ തീരത്ത് ബസ്സുകൾ നിർത്തി. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങി. ആഴം തീരെയില്ലാതെ പരന്നു കിടക്കുന്ന പുണ്യനദി. ചിലർ ആ പുണ്യത്തെ കണ്കുളിര്ക്കെ കണ്ടു. സ്പര്ശിച്ചു. കൈക്കുമ്പിളിൽ കോരി എടുത്ത് വന്ദിച്ചു. മുഖം കഴുകി. ശിരസ്സിൽ തളിച്ചു.
അങ്ങ് ദൂരെ ബ്രഹ്മപുത്രയുടെ മറുകരയില് ചെറിയ പട്ടണം കാണാം. അതാണ് 'സാഗ'.. തീര്ത്ഥാടകർക്കായി ചീനർ ഒരുക്കിയ പട്ടണം.
അതിന്നിടെ നേപാളി സഹോദരൻമാർ ബഞ്ചുകളിട്ട് ഉച്ചഭക്ഷണം നിരത്തി. ഇത്രയും പേർക്കുള്ള ഭക്ഷണം പെട്ടെന്ന് ശരിയാക്കി വെച്ചത് അദ്ഭുതം തന്നെ. പ്ലേറ്റ്കൾ എടുത്തു എല്ലാവരും വരി വരിയായി നിന്നു. ചോറിന്റെ കൂടെ ബീൻസുകറിയും ഇളം മധുരമുള്ള തൈരും മധുരമുള്ള പാനീയത്തിൽ പച്ച മാങ്ങ മുറിച്ചിട്ടതുമാണ് വിഭവങ്ങൾ. കുടിയ്ക്കാൻ മാങ്ങാ ജൂസും ഉണ്ട്.
ഭക്ഷണം കഴിച്ച ഉടനെ ഞങ്ങൾ യാത്ര തുടർന്നു. വഴിയോരത്ത് ആദ്യമായി ഇന്ഗ്ലീഷിൽ എഴുതിയ ഒരു ബോർഡ് കണ്ടു La Jiang Lu എന്നാണ് എഴുതിയിരിയ്ക്കുന്നത്. കുറച്ചപ്പുറത്ത് വേറൊരു ബോർഡിൽ Sigatse city (സാഗ) എന്നും എഴുതിയിരിയ്ക്കുന്നു. ടിബറ്റ് ലെ രണ്ടാമത്തെ വലിയ പട്ടണമാണ് സാഗ. ഇതുവരെ ബോർഡുകളിലോക്കെ ചൈനീസ് ഭാഷയിൽ വലിയ അക്ഷരത്തിലും, ചെറിയ അക്ഷരത്തിൽ തിബറ്റൻ ഭാഷയിലുമാണ് കണ്ടിരുന്നത്. ഇപ്പോളിതാ ആദ്യമായി ഇംഗ്ലീഷില്എഴുതിക്കാണുന്നു. (അമ്മമ്മ കയ്യില് കരുതിയ നോട്ടുപുസ്തകത്തില് ഓടുന്ന ബസ്സിലിരുന്നു വേഗം ചൈനീസ് അക്ഷരങ്ങള് കുറിച്ചെടുത്തു വെറുതേ, ഒരു രസം.)
ബോർഡു കണ്ട സ്ഥാനത്ത് ഒരു ഹെലിപാഡിന്റെ പണി തകൃതിയായി നടക്കുന്നു. കൈലാസയാത്ര ഇനി ഒന്നുകൂടി എളുപ്പമാക്കാൻ ചീനര് ഉത്സാഹിക്കുകയാണ്. (ഇപ്പോള്ത്തന്നെ നമ്മള് അടയ്ക്കുന്ന തുകയില് നല്ലൊരു പങ്ക് ചൈനക്ക് ആണ് കിട്ടുന്നത്.)
(യാത്രയിൽ ആദ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ കാണുന്നു.)
അവിടന്നങ്ങോട്ട് കുറച്ചു ദൂരം വഴി മഹാമോശം. ചെറിയ ഒരങ്ങാടിയില്‍ക്കൂടി കടന്നുപോകുമ്പോൾ രണ്ടു കാര്യം ശ്രദ്ധിച്ചു. ഒന്ന്, വഴിയോരത്ത് യാത്രികള്‍ക്ക് തങ്ങാൻ പുരാതനമെന്നു തോന്നിപ്പിക്കുന്ന ടിബറ്റൻ കലാചാതുരി വിളിച്ചോതുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടം മരംകൊണ്ട് കൊത്തുപണികൾ ചെയ്തും നിറം കൊടുത്തും ആകര്ഷകമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ എതിര് ഭാഗത്തുള്ള പോലീസ് കെട്ടിടം ആധുനികരീതിയിലുള്ളതാണ്.
ആവർത്തന വിരസത ഒട്ടും ഉണ്ടാക്കാത്ത കാഴ്ചകൾ. എന്നാൽ ഈ വായനയോ ? കാണുമ്പോൾ തോന്നുന്ന അനുഭൂതി വായിക്കുമ്പോൾ കിട്ടണമെങ്കിൽ എഴുതി ഫലിപ്പിയ്ക്കാൻ അത്ര കഴിവ് വേണം. എന്തായാലും കുറച്ചു കൂടെ സഹിയ്ക്കുക. നിന്നെ കൈലാസ ദര്ശനത്തിന് കൂടെ കൊണ്ടുപോകുകയല്ലേ?
വളരെ നീണ്ട ഒരു മലകയറ്റമാണു ഇനിയങ്ങോട്ട്. റോഡിന്റെ അരുകുകൾ സ്റ്റീൽ റാഡുകൾ പിടിപ്പിച്ച് ഭദ്രമാക്കിയിരിയ്ക്കുന്നു. വലതു ഭാഗത്ത് കല്ലുകൾകൊണ്ട് ചുമരും കെട്ടിയിട്ടുണ്ട്. മലയിറങ്ങി മൈതാനത്തിലൂടെ പോകുമ്പോൾ ഈ മൈതാനത്തെ സംരക്ഷിയ്ക്ക്നാണോ നാലുപുറവും ഇങ്ങിനെ മലകൾ ചുറ്റി നില്ക്കുന്നതെന്ന് തോന്നും. വഴിയരുകിൽ തോരണം തൂക്കി കല്ലുകൾ ചേര്ത്തു വച്ചിരിയ്ക്കുന്ന ഈശ്വര സങ്കല്പത്തിനു മുന്നിൽ ചുവന്ന കൊടികൾ കണ്ടപ്പോൾ ചിരിവന്നു.
മനുഷ്യവാസമുള്ള സ്ഥലം. മൈതാനം അവസാനിയ്ക്കുന്ന മലയടിവാരത്തിൽ, വിദൂരതയിൽ ചില വീടുകൾ. ഇന്നാട്ടുകാർ എന്ത് കൃഷി ചെയ്യുന്നു, എങ്ങിനെ ജീവിയ്ക്കുന്നു എന്നൊക്കെ അറിയാൻ വല്ലാത്ത മോഹം തോന്നി. അവിടെയൊക്കെ ഒന്ന് അലഞ്ഞു തിരിയാനും.
മലയിടുക്കുകളും മൈതാനങ്ങളും കണ്ടുകണ്ട് പരന്നൊഴുകുന്ന ബ്രഹ്മപുത്രയുടെ തീരത്തു കൂടെ രണ്ട് ബസ്സുകളിലായി ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള കുറച്ചുപേർ എങ്ങോട്ടോ എന്തോ തേടി അങ്ങിനെ യാത്ര ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.
പാറമലകൾ കണ്ടു സമതലം കഴിയവേ, വീണ്ടുമൊരു മലകയറ്റം. താഴെ എത്തിയപ്പോൾ ചെറിയൊരു ബ്രേക്ക്. വേണ്ടവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു വരാൻ സമയമുണ്ട്. പക്ഷേ, അധിക സമയം പുറത്തിറങ്ങി നിന്നാൽ അപകടം തന്നെ. അന്തരീക്ഷത്തിൽ പ്രാണവായു കുറവാണ്.
ആദ്യമായാണ് ചെമ്മരിയാട്-യാക്കുകളുടെ കൂട്ടത്തിൽ കഴുതകൾ മേയുന്നത് കാണുന്നത്. ഒരുകൂട്ടത്തിൽ ഏകദേശം 3 ഡസനോളം മൃഗങ്ങൾ ഉണ്ടാകും. കറുത്ത കാവൽനായയെ കണ്ടപ്പോൾ റോഡരുകിൽ ഓരോ സ്ഥലത്തായി രണ്ട് കറുത്ത നായ്ക്കൾ ചത്തു കിടക്കുന്നത് കണ്ടതോര്ത്തു.
.കുറച്ചപ്പുറത്ത് ഒരു പൈമറി സ്കൂൾ. മനുഷ്യവാസമുള്ള സ്ഥലമായല്ലോ എന്ന് ചിന്തിച്ചപ്പോളെയ്ക്കും ഞങ്ങൾ ഇന്നത്തെ കാമ്പിൽ എത്തിച്ചേർന്നു .
മുൻകൂട്ടി ബുക്ക് ചെയ്തതാണെങ്കിലും ആ താവളത്തിൽ സ്ഥലം തികയാതെ വന്നതിനാൽ 2 മിനുട്ട് നടക്കാനുള്ള ദൂരത്തിലാണ് ഞങ്ങൾക്ക് മുറി കിട്ടിയത്. നാട്ടിലാണെങ്കിൽ ദാ, എന്നു പറയുന്ന നേരമേ വേണ്ടു, അവിടെ എത്തിച്ചേരാൻ. എന്നാൽ ഇവിടെ നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. അന്തരീക്ഷത്തില് പ്രാണവായുവിന്റെ കുറവ് ശരിയ്ക്കും അനുഭവിച്ചറിഞ്ഞു.
തലേ ദിവസങ്ങളിൽ കൂടെ ഉണ്ടായിരുന്ന ജയന്തി ചേച്ചിയും, ഭർത്താവും കൂടെയുണ്ട്. ചേച്ചി നിന്ന് കിതയ്ക്കുകയാണ്. ഗ്രൂപ്പ് ലീഡർ ഒരു കാർ അപ്പോഴേയ്ക്കും കൊണ്ടുവന്നു, അവരെ കാറിൽ കൊണ്ടുപോയി.
നാട്ടിന്പുറത്തെ ഒരു യു. പി സ്കൂളിന്റെ ഗേറ്റ് കടന്ന് അകത്തു ചെന്നാലത്തെ പ്രതീതിയാണ് താമസസ്ഥലത്ത് ചെന്നപ്പോൾ തോന്നിയത്. വിശാലമായ മുറ്റം നാലുഭാഗവും വലുപ്പമുള്ള ധാരാളം മുറികൾ. ഒരറ്റത്ത് കക്കൂസ്, കുറച്ചപ്പുറത്ത് അടുക്കളകൾ. മുറ്റത്തുനിന്നു തന്നെ എല്ലാ മുറികളിലേയ്ക്കും കയറാം.
ഞങ്ങൾക്ക് കിട്ടിയ മുറിയിൽ 6 കട്ടിലുകൾ ഇട്ടിട്ടുണ്ട്. വലിയ മുറി. നിലവും, ചുവരുകളും ഇഴുക്കമണ്ണുകൊണ്ടു തേച്ചു നന്നാക്കിയിട്ടുണ്ട്. മരത്തട്ടിൽ വർണ്ണപ്പകിട്ടുള്ള ചിത്രപ്പണികൾ. ഇടയ്ക്ക് മരം കൊണ്ടുള്ള വലിയ വണ്ണമില്ലാത്ത തൂണുകളും. ഞങ്ങൾ കട്ടിലുകൾ തിരഞ്ഞെടുത്തു ഒന്നു നടു ചായ്ച്ചു. അപ്പോഴേയ്ക്കും 2 പേര് കൂടെ ഞങ്ങളുടെ മുറി പങ്കിടാൻ എത്തി. സഹോദരിമാർ. ഇന്ദിര ഇന്റർ നാഷനൽ സ്കൂൾ കൻസൽറ്റന്റ് ആണ്. അനുജത്തി ജയശ്രി, ശാസ്ത്രജ്ഞയും.
ഇതിന്നിടയിൽ ചായയും സൂപ്പും മുറിയിൽ കൊണ്ടുവന്നു തന്നു. ഈ നേപാളി പയ്യന്മാരോട് എങ്ങിനെ കടപ്പാട് തീർക്കും എന്നറിയില്ല. എത്ര മുറികളിൽ മരുന്നും ഭക്ഷണവുമായി കയറി ഇറങ്ങി കുശലാന്വേഷണം നടത്തണം ! ഗ്ലൌസ് കൂടെ ഇടാതെയാണ് ഇവർ നടക്കുന്നത്. എല്ലാം ശീലങ്ങൾ.
ജയന്തിചേച്ചി ഇതിന്നിടെ വല്ലാതെ അസ്വസ്ഥയായി. മൂത്രമൊഴിക്കാൻ പോകണമെന്ന് പറഞ്ഞപ്പോൾ കൂടെ പോയി. മൈതാനത്തിന്റെ അറ്റത്തേയ്ക്കു നടന്നു. പുറത്തു വലിയൊരു പാത്രത്തിൽ വെള്ളം കാണാനുണ്ട്. ഹാവൂ, ആശ്വാസമായി !. അപ്പോളാണ് അറിയുന്നത്, ആകെ ഒരു കക്കൂസേ ഉള്ളൂ. അതിനു വാതിലും ഇല്ല. എന്നാലും പോകാമെന്ന് വിചാരിച്ചപ്പോഴേയ്ക്കും മറ്റൊരാൾ അതിൽ കടന്നു കൂടി. എന്തുചെയ്യും? അടുത്തു കണ്ട അടുക്കളയിൽ കയറി ലോക ഭാഷയിൽ 'ടായ്ലറ്റ്' അന്വേഷിച്ചപ്പോൾ തൊട്ടപ്പുറത്തെ വാതിൽ ഒരാൾ ചൂണ്ടിക്കാട്ടി. ചേച്ചിയെയും കൊണ്ട് അങ്ങോട്ട് നടന്നു.
വാതിൽ തുറന്നപ്പോൾ ഒരു നിമിഷം അന്ധാളിച്ചു നിന്നുപോയി. അറ്റം കാണാത്ത വിശാലമായ മൈതാനം. പിന്നെ മുന്നോട്ടു തന്നെ നടന്നു. ഇടത്തും, വലത്തും നോക്കി. വേറെ രക്ഷയൊന്നുമില്ല. മറ്റുള്ളവർ നിക്ഷേപിച്ചു പോയ വിസർജ്ജനത്തിൽ ചവിട്ടാതെ നല്ല സ്ഥലം തിരഞ്ഞെടുത്തു കാര്യം കഴിച്ചോളണം. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഒരു അനുഭവം. ഉത്തരേന്ദ്യയിലുള്ളപ്പോള് വഴിയോരത്ത് വണ്ടി നിർത്തി ധാരാളം പ്രാവശ്യം മൂത്രമൊഴിച്ചിട്ടുണ്ടെങ്കിലും ഇത് വേറിട്ട ഒരനുഭവം തന്നെ. എങ്ങിനെയെങ്കിലും കാര്യം കഴിച്ചു അവശയായ ചേച്ചിയെ കൂട്ടി പുറത്തു കടന്നു. അവരെ താങ്ങിപ്പിടിക്കാനുള്ള ആവതില്ലെങ്കിലും ഉള്ള ശക്തി വെച്ച് എങ്ങിനെയോ മുറിക്കുള്ളിൽ കൊണ്ടുവന്നാക്കി. വന്നതും അവർ കട്ടിലിൽ വീണു.
'......ഇവിടമാണാദ്ധ്യാത്മ വിദ്യാലയം '
എന്ന കവി വചനം ഓർത്തു. പുറം ലോകത്തേയ്ക്കുള്ള ആ വാതിൽ തുറന്നപ്പോൾ മനസ്സിലുണ്ടായ ആളൽ ഇപ്പോഴും അതേപോലെ അനുഭവപ്പെടുന്നു. താൻ ആരോ ആണെന്നു അഹങ്കരിയ്ക്കുന്ന മനുഷ്യർ ! നമ്മളൊന്നും ഈ ലോകത്തിൽ ഒന്നുമല്ലെന്നു സ്മരിക്കാൻ ലഭിച്ച ഒരു നല്ല മുഹൂർത്തം ! ഇതൊക്കെത്തന്നെയാണു ഈ തീര്ത്ഥാടാനത്തിന്റെ സന്ദേശം എന്ന് തോന്നി. ഡോ. ഗോപാലകൃഷ്ണൻ അദ്ദേഹത്തിൻറെ കൈലാസ യാത്രാനുഭവത്തിൽ ഇത്തരം അസൌകര്യങ്ങളെക്കുറിച്ച് വളരെ നിശിതമായി വിമർശിച്ചു എഴുതിയത് ഓര്മ്മ വന്നു. സഹനക്ഷമത ശരീരത്തിനും, മനസ്സിനും അത്യാവശ്യം തന്നെ. നമ്മൾ മറ്റൊരാളെ ആശ്രയിക്കാതെത്തന്നെ സ്വന്തം ആഗ്രഹങ്ങൾ, ആവശ്യങ്ങൾ സാധിച്ചെടുക്കണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയും വേണം. ഏത് പരിതസ്ഥിതിയിലും ജീവിക്കാൻ സാദ്ധ്യമാവുകതന്നെ വേണം. അല്ലാതെ മറ്റുള്ളവനെ പഴി പറയുന്നതിൽ അർത്ഥമില്ല.
സന്ധ്യക്ക് കഴിച്ച കഞ്ഞി ജയന്തിചേച്ചി ഛർദ്ദിച്ചു. തീരെ അവശയാണ്. കിതപ്പിന്നിടയിൽ പറയുകയാണ്, എനിക്ക് മാനസ സരോവർ വരെയെങ്കിലും പോകാന്‍ മോഹമുണ്ട് എന്ന്. അടുത്തിരുന്നു കുറേ നേരം പുറം തലോടിക്കൊടുത്തു.
സംഘത്തിൽ ഒരു ആയുർവേദ ഡോക്ടർ മാത്രമേ ഉള്ളൂ. ഡോ.മാലിനി. അവര്‍ കുറച്ച് അപ്പുറത്തുള്ള കെട്ടിടത്തിലാണ്. നേപാളി സഹോദരന്മാരെ വിവരം അറിയിച്ച ഉടനെ ഗ്രൂപ്പ് ലീഡർ പദം ഓടിവന്ന് ചേച്ചിയ്ക്ക് ഓക്സിജൻ കൊടുത്തു. ശ്രീ പൈ ആകെ വിഷമത്തിലായി. പദമും കൂട്ടരും പോയ ശേഷം ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു. ജയന്തിചേച്ചിക്ക് ആകെ സഞ്ചാരം തന്നെ. കിടക്കാൻ തോന്നാതെ അവരെത്തന്നെ നോക്കിയിരുന്നു. മറ്റുള്ളവർ കിടന്നു. പദം, സഹായികളുമായി വീണ്ടും വന്നു. ശ്വാസം വലിക്കാൻ ചേച്ചി ബുദ്ധിമുട്ടുകയാണ്. ഓക്സിജൻ കൊടുത്തിട്ടും കാര്യമുണ്ടായില്ല. സ്ഥിതി മോശമാവുകയാണെന്നു അവർ പറയുന്നുണ്ട്. എത്രയും വേഗം അവരെ കുറഞ്ഞ അന്തരീക്ഷമർദ്ദമുള്ള സ്ഥലത്തെയ്ക്ക് മാറ്റണം. കാർ റഡിയാണ്. ഉടനെ താഴേയ്ക്ക് പോകണം. ചിലപ്പോൾ കാഢ്മാൻഡു വരെ പോകേണ്ടി വരും എന്ന് പറഞ്ഞു. സാഗയിൽ ആസ്പത്രി സൌകര്യങ്ങളൊന്നും ഇല്ല. ഒരു ക്ലിനിക് മാത്രമേ ഉള്ളുവത്രേ. അവിടെയ്ക്കാണെങ്കിലും നൂറുകണക്കിന് കി.മീറ്ററുകൾ യാത്ര ചെയ്യണം. വേഗം അവരുടെ സാമാനങ്ങൾ എടുത്തു വെച്ചു. പൈ സാര് അല്പം പരിഭ്രമത്തിലാണ്. എന്ത് ചെയ്യാം ! പദം, ചേച്ചിയെ ചുമലിൽ ഏറ്റി. സാമാന്യം നല്ല ദേഹമാണവരുടെത്.
സമാധാനവാക്കുകള്‍ പറഞ്ഞ് അവരെ യാത്ര അയച്ച ശേഷം ഉറക്കം വരാതെ കിടന്നു.
ശുഭമല്ലാത്ത ഒരു രാത്രി!
..................................................ooo ....................................000 ..................................000 ......................................000
ഹോർച്ചു,
15-6-2013
മാനസ സരസ്സിന്നടുത്താണ് ഇന്നത്തെ താവളം. തടാക തീരത്തെ വിശാലമായ മൈതാനത്തിന്റെ അറ്റത്തുള്ള പ്രൈമറി സ്കൂൾ പോലത്തെ കെട്ടിടത്തിൽ. ഞങ്ങളുടെ മുറിയിൽ 7 കട്ടിലുകൾ ഉണ്ട്. 7 പേർ എത്തുകയും ചെയ്തു. എല്ലാവർക്കും ചായയുമായി സഹായികൾ അധികം താമസിയാതെ മുറിയിലെത്തി.
തണുപ്പാണെങ്കിലും തടാകതീരത്തേക്ക് നടന്നു. നോക്കിയാൽ കാണാവുന്ന ദൂരത്തിലാണെങ്കിലും രണ്ട് മിനിറ്റ് എടുത്തു നടന്നെത്താൻ. വെള്ളത്തിലിറങ്ങണമെങ്കിൽ ഷൂ ഊരണം. ചെറിയ ഒരു കല്ലിൽ ഇരുന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകാൻ ഒരു ശ്രമം നടത്തി. ധൈര്യമില്ല. നല്ല തണുപ്പ്. കുഞ്ഞോളങ്ങളിൽ ആടി ഉല്ലസിക്കുന്ന തിബറ്റൻ താറാവുകളെ കണ്ടിരുന്നു. തടാകതീരത്ത് ചെറിയ താൽക്കാലിക കുളി മുറികൾ ഉണ്ട്. സ്ഥലം മാറ്റി എടുത്തു വെക്കാവുന്നവ.
തണുപ്പ് കാരണം അധികം നേരം അവിടെ നിൽക്കാന്‍ പറ്റില്ല. തിരിച്ചു നടക്കുമ്പോള്‍ സ്ത്രീകളുടെ കക്കൂസിലേക്കുള്ള വഴികണ്ടു. തനി പഴയകാലത്തെ നാടൻ കക്കൂസുകൾ. നാലോ അഞ്ചോ പേർക്ക് ഒരേ സമയത്ത് ഉപയോഗിക്കാം. വെള്ളം ഒരു ബക്കറ്റിൽ വെച്ചിട്ടുണ്ട്. ചെറിയ കപ്പും. സാധാരണ പോലെ മേല്ക്കൂരയോ വാതിലോ ഇല്ല. പിന്നെ ആൾ എഴുന്നേറ്റു നിന്നാൽ അപ്പുറത്തിരിക്കുന്ന ആളെ കാണുകയും ചെയ്യാം ! ഇത്രയും സൗകര്യം ഒരുക്കിത്തന്ന ചീനനു മനസ്സിൽ നന്ദി പറഞ്ഞു.
ഇന്ന് രാവിലെ മുതലുള്ള വിശേഷങ്ങള്‍ കേള്‍ക്കണ്ടേ ? എല്ലാവരും നേരത്തെത്തന്നെ ഉന്മേഷത്തോടെ തയാറായി. മാനസ സരോവറിൽ എത്താനുള്ള ധൃതിയായിരുന്നൂ ഏവർക്കും.
തലേ ദിവസം കണ്ട അതേ ഭൂപ്രകൃതി തന്നെയാണ് ഇന്നും വഴിനീളെ കാണുന്നത്. തിബറ്റിൽ മാത്രം കാണുന്ന പ്രത്യേകതരം മണൽക്കൂമ്പാരങ്ങൾ പോലെയുള്ള കുന്നുകളും മേച്ചിൽ സ്ഥലങ്ങളും അവിടെ മേയുന്ന മൃഗങ്ങളും അവയെ മേയ്ക്കുന്ന തിബറ്റൻ ഇടയന്മാരും ദൂരെ കല്ലിൽ പടുത്ത ചെറിയ കെട്ടിടങ്ങളും.
ചൈനയുടെ അതിർത്തി പ്രദേശത്തു പാസ്പോർട്ട് പരിശോധനയ്ക്കായി കുറേനേരം നിർത്തിയിട്ടു. ആ കടമ്പയും കഴിഞ്ഞ് കുറച്ചു ദൂരം യാത്ര ചെയ്തു. അതാ വെമ്പലോടെ കാത്തിരിയ്ക്കുന്ന പുണ്യ ഭൂമിയിൽ പ്രവേശിച്ചിരിയ്ക്കുന്നു.!
മാനസ സരോവരിന്റെ തീരത്ത് ബസ്സ് നിർത്തിയപ്പോൾ ഏവരും സന്തോഷം കൊണ്ട് ചാടിയിറങ്ങി. ചിലർ ആ മണ്ണിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. ഒന്നും മനസ്സിൽ തോന്നാത്ത ഒരു നിമിഷം ! സ്വയം മറന്നങ്ങിനെ അല്ലെങ്കിൽ സ്ഥലകാല ബോധമില്ലാതെ നിന്നുപോയ നിമിഷങ്ങൾ !!
ഓര്മ്മ വെച്ച നാൾ മുതൽ കേട്ട് പരിചയിച്ച വാക്കുകൾ -- കൈലാസം, മാനസ സരോവർ എന്നൊക്കെ. ഇതൊക്കെ സത്യമാണോ എന്നുകൂടി സംശയിച്ചിരുന്ന ഒരു കാലം കൂടെ ഉണ്ടായിരുന്നു. ഇപ്പോളിതാ പുരാണേതിഹാസങ്ങൾ പറഞ്ഞു തന്ന ദേവന്മാരുടെ, അപ്സരസ്സുകളുടെ, യക്ഷ-കിന്നരന്മാരുടെ, വിദ്യാധരന്മാരുടെ, യോഗികളുടെ, സന്യാസി വര്യന്മാരുടെ, തപസ്വികളുടെയൊക്കെ വിഹാരഭൂമിയിൽ സാധാരണക്കാരിലും സാധാരണക്കാരായ എന്നെപ്പോലുള്ളവർ പാദമുറപ്പിച്ചു നിൽക്കുന്നു ! ഇത് യാഥാര്ത്ഥ്യമാണെന്ന് മനസ്സിനോട് വീണ്ടും വീണ്ടും പറഞ്ഞു. കിന്നരന്മാരും, അപ്സരകന്യകമാരും നീരാടുന്ന അതി മാനോഹരമായ, നിർമ്മലമായ തടാകമിതാ മുന്നിൽ. വിശ്വസിക്കാൻ ആകുന്നില്ല. ഇത് സത്യമോ?
അങ്ങിനെ തരിച്ചു നിൽക്കുംപോളാണ് വേണുജി, തടാകത്തിന്റെ അക്കരെയ്ക്ക് വിരൽ ചൂണ്ടി പറയുന്നത്--- അതാ, മുന്നിൽ കാണുന്ന മലകൾക്ക് പിന്നിൽ വെളുത്ത് ഉയർന്നു കാണുന്ന ഒരു മല. അതാണ് മഹാകൈലാസം !! പരമശിവന്റെയും പാർവതിയുടെയും ആസ്ഥാനം. ഈ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു. ഗാംഭീര്യത്തോടെ എഴുന്നു നിൽക്കുന്ന വളരെക്കുറച്ചു ഭാഗം മാത്രം ദൃശ്യമാകുന്ന വെണ്മയെഴുന്ന കൈലാസ പർവതം. ആ പുണ്യത്തെ കൈകൂപ്പി.
ശിവോഹം ! ശിവോഹം!!.............
സ്വയം പറഞ്ഞു. എന്റെ ഭാഗ്യം!
ഈ അപൂര്വ്വ ദര്ശനത്തിനായാണ് ആയിരക്കണക്കിന് നാഴികകള് താണ്ടി എല്ലാവരും എത്തിയിരിയ്ക്കുന്നത്.
എല്ലാം മറന്ന് പ്രപഞ്ച വിസ്മയത്തിൽ അലിഞ്ഞു നിൽക്കവേ, പെട്ടെന്ന് ആ ദൃശ്യം മൂടൽ മഞ്ഞിനാൽ മറയ്ക്കപ്പെട്ടു.
മാനസ സരോവറിൽ നീന്തിക്കളിയ്ക്കുന്ന സൗന്ദര്യത്തിന്റെയും, ബുദ്ധിയുടെയും പ്രതീകങ്ങളായ രാജഹംസങ്ങളെ കണ്ടെങ്കിൽ എന്നാശിച്ചു. സ്വർണ്ണത്താമരയിതളുകൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ഈ പൊയ്കയില്‍ അപ്സരസ്സുകള്‍ നീരാടാൻ വന്നെങ്കില്‍ എന്നും.
പെട്ടെന്നാണ് വേണുജി ഒരു പ്രത്യേക അറിയിപ്പിനായി എല്ലാവരെയും അടുത്തേയ്ക്ക് വിളിച്ചത്. എല്ലാവരും അങ്ങോട്ട് നടന്നു. മാനസ സരസ്സിനെയും, മഹാ കൈലാസത്തിനെയും സാക്ഷിയാക്കി അദ്ദേഹം പറഞ്ഞ വിവരം ഞെട്ടിപ്പിച്ചു. എവിടെയോ പോയിരുന്ന മനസ്സ് ജീവിത യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി. തലേന്ന് രാത്രി മുറിയിൽ നിന്നും ജയന്തിച്ചേച്ചിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അധികം താമസിയാതെത്തന്നെ കാറില്‍ വെച്ച് അവര് എല്ലാവരെയും വിട്ടുപിരിഞ്ഞു ! പാവം, ബാലകൃഷ്ണ പൈ സാർ ! കുട്ടികളില്ലാത്ത അദ്ദേഹത്തിന് ചേച്ചി കൂടെയില്ലാത്ത ഒരു നിമിഷം കൂടെ ജീവിച്ചു ശീലമില്ല. ഇന് എന്ത് ചെയ്യും ? അവസാനമായി അവർ ആഗ്രഹിച്ചത് മാനസ സരോവർവരെയെങ്കിലും പോയാൽ മതി എന്നായിരുന്നു. എന്നാലും ഭാഗ്യവതി. മൂന്ന് ദിവസം മുൻപ് കണ്ട പശുപതിനാഥ ക്ഷേത്ര പരിസരത്തുള്ള ശ്മശാനത്തിൽത്തന്നെ ഭൌതിക ശരീരത്തിന് അന്ത്യ വിശ്രമത്തിനുള്ള ഭാഗ്യം ലഭിച്ചു !
ഇതിന്നിടയിൽ കുട്ടമ്മാമന്റെ ആരോഗ്യ സ്ഥിതിയും മോശമായി. തൊട്ടടുത്തുള്ള ടിബറ്റൻ ആഫീസ് ഹാളിലേയ്ക്ക് കൊണ്ട് പോയി. ഞങ്ങളുടെ കൂടെയുള്ള ആയുര്‍വേദ ഡോക്ടര് മാലിനി, കുട്ടമ്മാമന്റെ ശിഷ്യയാണ്. മാലിനിക്കും വല്ലാതെ പരിഭ്രമമായി. അനക്കമില്ലാതെ കിടക്കുന്ന കുട്ടേട്ടനെ ഞങ്ങൾ കുലുക്കി വിളിച്ചിട്ടൊന്നും ഒരു പ്രതികരണവും കാണാഞ്ഞപ്പോൾ കൂടുതൽ പരിഭ്രമമായി. പദം, ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. അടിയന്തിരമായി അമ്മാമാനെയും കാഠ്മണ്ഡുവിലേക്ക് വാഹനം വിളിച്ചു പറഞ്ഞയച്ചു. വേഗം ആരോഗ്യം വീണ്ടുകിട്ടട്ടെ എന്ന് ഞങ്ങൾ പ്രാര്ത്ഥിച്ചു.
ആ ഹാളിൽ ഇരുന്നു തന്നെ എല്ലാവരും വിശ്രമിക്കലും, ഭക്ഷണം കഴിക്കലും ചെയ്തു. എല്ലാവരുടെയും ഓക്സിജൻ ലവൽ പരിശോധിച്ചു.
നല്ല 'ടായ്ലറ്റ്'കൾ ഹാളിനു പിന്നിൽ കണ്ടപ്പോൾ എല്ലാവർക്കും വളരെ ഉന്മേഷം.
ഹാളിന്റെ പുറത്തു ചൈനയുടെ ബസ്സുകൾ കാത്തു നില്ക്കുന്നു. 'eco friendly' ബസ്സുകളാണത്രെ !
മാനസ സരോവർ പരിക്രമ ചെയ്യുകയാണ്, ബസ്സിലിരുന്ന്. എല്ലാം യാന്ത്രികമായി കണ്ടുകൊണ്ട്.......ചലിക്കുന്ന മനസ്സോടെ....
യാത്രയ്ക്കിടയിൽ പിരിഞ്ഞു പോകുന്നവർ, ഉപേക്ഷിക്കപ്പെടുന്ന ഭൌതിക വസ്ത്തുക്കൾ....
പുതിയവയുടെ രംഗപ്രവേശം...
ഒന്നും ഉരിയാടാനില്ലാതെ പാവകളെപ്പോലെ ചലിക്കുന്ന മനുഷ്യർ !
സമുദ്ര നിരപ്പിൽ നിന്നും 14,947 അടി ഉയരത്തിൽ ലോകത്തിൽ വെച്ച് ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകമാണ് 38 കി.മീ.ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന വൃത്താകൃതിയിലുള്ള മാനസസരോവർ. തടാകത്തിനു 300 അടിയോളം താഴ്ച്ചയുണ്ടത്രേ. ശീതകാലത്ത് ജലം ഉറഞ്ഞു കട്ടിയാകും.
ബസ്സ് ഒരു ഭാഗത്ത് ഒതുക്കി നിർത്തി. വേണ്ടവർക്ക് തടാകത്തിലിറങ്ങി മുങ്ങി നിവരാം. അതോടെ സകല പാപങ്ങളും ഇവിടെ ഒഴുക്കിക്കളയാം. ജന്മജന്മാന്തരങ്ങളായി എന്തെങ്കിലും പുണ്യങ്ങൾ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ അതു് സാർത്ഥകമായിത്തീരട്ടെ. ഇനിയൊരു ജന്മം ഇല്ലാതാക്കിത്തീര്ക്കുന്ന പുണ്യഭൂമിയെ വീണ്ടും വീണ്ടും നമസ്ക്കരിയ്ക്കാം !
വളരെ കുറച്ചു പേരേ വെള്ളത്തിലിറങ്ങിയുള്ളൂ. മുത്തശ്ശൻ കുളിച്ചെത്തി. നല്ല തണുപ്പാണെങ്കിലും അമ്മമ്മ വെള്ളത്തിലിറങ്ങാൻ തീരുമാനിച്ചു. മുട്ടിനു വെള്ളം കഷ്ടിച്ചേ ഉള്ളൂ. എങ്ങിനെ മുങ്ങും ? കുറച്ചു മുന്നോട്ടു നടന്നു. ആഴം ഒട്ടും കൂടുന്നില്ല. അതുകൊണ്ട് വെള്ളത്തിലിരുന്നു കൈക്കുടന്നയില്‍ പുണ്യജലം കോരിയെടുത്ത് ശിരസ്സില്‍ ഒഴിച്ചു. എഴുന്നേറ്റു പോരുമ്പോൾ പരിഭ്രമമായി. കാലുകൾ തണുത്തു കോച്ചുന്നു. നടന്നു നീങ്ങുന്നില്ല. സർവശക്തിയും എടുത്തു തിരിച്ചു നടന്നു. ബസ്സിലിരുന്നു വേഗം ചുടുവസ്ത്രങ്ങള്‍ ധരിച്ചു.
സമയം 3 മണിയായി. വീണ്ടും തടാക തീരത്തുകൂടെ യാത്ര. ഇടത്തു ഭാഗത്ത് രാക്ഷസ് താൾ. പേരുപോലെ ഈ തടാകത്തിലെ വെള്ളം കാളിമയാർന്നതുതന്നെ. രാവണൻ പരമശിവനെ പ്രസാദിപ്പിക്കാൻ തപം ചെയ്ത ഭൂമി.. കൈലാസോദ്ധാരണസമയത്ത് രാവണന്റെ വിയർപ്പൊഴുകിയാണ് ഈ തടാകം ഉണ്ടായതെന്നു ഐതിഹ്യം.
പരിക്രമയ്ക്കിടെ ഒരു ബുദ്ധ ക്ഷേത്രം സന്ദർശിച്ചു. Chi Comba Monastry.' ഓം മണി പദ്മെഹും' എന്ന് സദാ മുഴങ്ങിക്കൊണ്ടിരുന്ന ക്ഷേത്ര പരിസരം വിജനമാണ്. പക്ഷേ ,ഉള്ളിലെ കറങ്ങുന്ന മണികളും കത്തിക്കൊണ്ടിരിക്കുന്ന നിരവധി വിളക്കുകളും സദാ മുഴങ്ങുന്ന ഓംകാരവും ചേർന്ന് ആ ക്ഷേത്രഹാളിൽ സൃഷ്ടിക്കുന്ന ഊർജ്ജം നമ്മളിലേക്കും ഒഴുകിയെത്തുന്നതായി അനുഭവപ്പെടുന്നു. ഇവിടെ ഇങ്ങിനെ സദാ വിളക്കുകൾ കത്തിക്കൊണ്ടേ ഇരിക്കുമത്രേ ! എത്രയോ മഹത്തുക്കളുടെ പാദസ്പര്‍ശം ഏറ്റു വാങ്ങിയ പുണ്യ ഭൂമി ! കറങ്ങുന്ന പ്രാർത്ഥനാമണികളുടെ ചലനങ്ങളും, മന്ത്രോച്ചാരണങ്ങൾ തീർക്കുന്ന നേർത്ത ഓംകാരധ്വനികളും മനസ്സിൽ ഏറ്റുവാങ്ങി തിരിച്ചുപോരുമ്പോള്‍ നൂറ്റാണ്ടുകളോളായി ഈ ബുദ്ധക്ഷേത്ര ഭൂമിയിൽ പാദമുദ്ര പതിപ്പിച്ചു മറഞ്ഞുപോയ മഹാാരഥന്മാരെ മനസാ വന്ദിച്ചു.
തടാകതീരത്തെ ചെരിഞ്ഞു കിടക്കുന്ന പർവതത്തിന്റെ നിറുകയിയിലുള്ള ച്യു ഗോംപ ബുദ്ധവിഹാരം ജൈനന്മാരുടെയും ബുദ്ധമതക്കാരുടെയും ആരാധനാകേന്ദ്രമാണ്. അവിടേയ്ക്ക് പോകാന്‍ സമയക്കുറവ് കാരണം പോയില്ല. താഴെനിന്നു വന്ദിച്ചു.
മാനസ സരോവറിന്റെ തീരത്തെ ഈ രാത്രിയും എന്നും ഓർക്കപ്പെടുന്ന ഒന്നുതന്നെ. ക്ഷീണിച്ച ശരീരവും, ശൂന്യമായ മനസ്സും. നിന്നോടുള്ള സംവാദം ഇല്ലെങ്കിൽ നിശ്ചലം, ശൂന്യം ഈ ലോകം....
സ്ഥലകാല ബോധമില്ലാതെ എന്തിനെന്നറിയാത്ത ഒരു യാത്ര.....
ആൾക്കൂട്ടത്തിൽ തനിയെ .....
ആകാംക്ഷകളും പ്രതീക്ഷകളും ഒന്നുമില്ലാതെ നാളത്തെക്കാര്യം നാളെ നോക്കാമെന്ന ചിന്തയിൽ ചുടുവിരികൾക്കുള്ളിലേക്ക് യാത്ര.......
<<<<<<<<<...................................................................>>>>>>.>
ഹോര്‍ച്ചു,
16-7 -2013
ഇന്ന് എല്ലാവരും പതിവിലും നേരത്തെ എഴുന്നേറ്റു. പലരും ബലി തർപണം ചെയ്യുന്നു. അതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ചൂടുവെള്ളം വേണ്ടവർക്ക് തടാകതീരത്തുള്ള താല്കാലീക കുളിമുറികളില്‍ കുളിക്കാം .
ഞങ്ങളുടെ മുറിയിലെ ശാരദാ മാമി ഹാളിൽ ഹോമത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. മനോഹരമായ കോലങ്ങൾ ഹാളിൽ മൂന്നു ഭാഗത്തായി വരച്ചിട്ടുണ്ട്. അയ്യർ ഗ്രൂപ്പ് അവിടെ കൈലാസ പൂജ നടത്തുന്നുണ്ട് എന്നറിഞ്ഞു. ഞങ്ങൾ അവരുടെ കൂടെ കൂടി. മദ്രാസ്, ദുബായ്, അമേരിക്ക എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ ഒരു സംഘമായാണ് ചെന്നൈയിൽ നിന്നും യാത്ര ആരംഭിച്ചത്. അവരുടെ പുരോഹിതൻ ചെറുപ്പക്കാരനായ മുംബായ്ക്കാരൻ. (ദുബായ് ഗ്രൂപ്പില്‍ കൂടുതലും ത്രുശൂര്ക്കാരാണ്.)
കോലങ്ങള്‍ വരക്കലും പൂജക്കുള്ള സാമാഗ്രികള്‍ ഒരുക്കലും കഴിഞ്ഞപ്പോള്‍ വേദപാരായണത്തോടെ പൂജകൾ ആരംഭിച്ചു. ശ്രീ രുദ്രം 13 ഉരു ചൊല്ലി. 13 നമസ്ക്കാരം. വളരെ നല്ല അന്തരീക്ഷം. മന്ത്രജപങ്ങളൂടെ ആലാപനങ്ങൾക്കിടയിൽ കൈലാസം സൃഷ്ടിച്ച് മന്ത്രങ്ങളാലും, ഭസ്മം, സിന്ദൂരം, രുദ്രാക്ഷം ഇവയാലും അഭിഷേകം ചെയ്തു. കയ്യിൽ കരുതിയിരുന്ന കൂവളയിലകളും തുളസിയും ആരാധിച്ചു. കൈലാസനാഥന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ട നിമിഷം.വേദമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷം. വടക്കുംനാഥനെ ഉറക്കെ വിളിച്ച് കൈലാസനാഥന് ഏഴ് വലം വെച്ച് എല്ലാവരും നമസ്ക്കരിച്ചു. .
അഗ്നി ജ്വലിപ്പിച്ച് അതിന് ചുറ്റുമിരുന്നു അവരെല്ലാവരും വേദമന്ത്രത്താൽ സ്തുതിച്ചു നെയ് ഹോമം നടത്തി. പൂജകളും, ഹോമങ്ങളും, വേദമാന്ത്രോച്ചാരണങ്ങളും, പാരായണവും ഭംഗിയായി കഴിഞ്ഞു. പങ്കെടുത്തവര്‍ക്ക് പൂജിച്ച രുദ്രാക്ഷവും പ്രസാദവും ലഭിച്ചു.
എല്ലാം കഴിഞ്ഞപ്പോൾ ഒരു മണിയായി. അതുവരെ ഒന്നും കഴിയ്ക്കാതെ. തറ്റുടുത്ത്, മുണ്ടുപുതച്ചാണ് അത്രയു നേരം അവരിൽ മിക്കവരും ഇരുന്നത്. ഞങ്ങളും പ്രഭാത ഭക്ഷണം കഴിച്ചിരുന്നില്ല. ഗ്രൂപ്പില് ബാക്കിയുള്ളവർ മാനസസരോവറിന്റെ തീരത്തു പിതൃതർപ്പണം ചെയ്തു.
ഉച്ചയ്ക്ക് സദ്യ ഒരുക്കിയിരുന്നു. നല്ല വിശപ്പ്. വേഗം ഭക്ഷണം കഴിച്ചു. അടുത്ത താവളത്തിലേക്ക് പോകാനുള്ള ധൃതിയിലാണ് ഏവരും. ദര്ച്ചനിലാണ് അടുത്ത ക്യാമ്പ്. (ദൽഹി, മാlല്‍പ, ബുധിവഴി വരുന്നവരും ദര്ച്ചനിലാണ് ക്യാമ്പ് ചെയ്യുക.)
ഏകദേശം 40 കി.മി. യാത്ര ചെയ്ത് സന്ധ്യയ്ക്ക് മുന്പായി ക്യാമ്പിൽ എത്തിച്ചേര്ന്നു. പതിവുപോലെ സ്കൂള്‍ കെട്ടിടം തന്നെ. കോമ്പൌണ്ടിനു ചുറ്റുമതിലും ഗേറ്റ് ഉം ഉണ്ട്. മുറികള്‍ക്ക് മുമ്പില്‍ ഗ്രില്‍ ഇട്ട വരാന്ത. ജനലുകളും മുകള്‍ഭാഗവും ഗ്ലാസ് കൊണ്ടാണ് അടച്ചുറപ്പാക്കിയിരിയ്ക്കുന്നത്. പക്ഷേ, വരാന്തയിൽ മുകൾത്തട്ട് ചോർന്ന് താഴെ വെള്ളം കെട്ടിക്കിടക്കുന്നു. മുറിക്കുള്ളിലെ തട്ടും ചോരുന്നുണ്ട്. ചോർച്ചയില്ലാത്ത സ്ഥലം നോക്കി കിടക്കാനുള്ള കട്ടിലുകൾ ശരിയാക്കി. മഴ നേരിയ തോതില്‍ ചാറിക്കൊണ്ടിരിയ്ക്കുന്നു.
റൂമില്‍ എത്തി അധികം താമസിയാതെ അമ്മമ്മ നന്നായി ഛര്‍ദ്ദിച്ചു. അതോടെ നല്ല ആശ്വാസമായി. ചെറുനാരങ്ങ പിഴിഞ്ഞ് ചൂടുള്ള കട്ടന്‍ ചായയില്‍ ഒഴിച്ച് കുടിച്ചു. സമാധാനമായി. പ്രശ്നം ഉച്ചഭക്ഷണം തന്നെ ആയിരുന്നു.
അടുത്ത ദിവസം പരിക്രമയ്ക്ക് പോകാനുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്ന തിരക്കിലാണ് എല്ലാവരും. അതുവരെ പോകണം എന്ന് വിചാരിച്ചിരുന്ന പലരും പരിക്രമയിൽ നിന്നും വിട്ടുനിന്നു. യാക്ക് / കുതിര, പോര്ടര്, ഗൈഡ് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ചാര്ജ് ആണ്'. മുത്തശ്ശൻ ഒരു കുതിരയേയും ഗൈഡ്നേയും കൂട്ടുന്നുണ്ട്. അമ്മമ്മ പരിക്രമയ്ക്ക് പോകുന്നില്ലെന്ന് വെച്ചു. പുറപ്പെട്ടു പോരുമ്പോൾ പരിക്രമ ചെയ്യും എന്നുതന്നെയാണ് തീരുമാനിച്ചിരുന്നത്. നിര്ത്താതെ പെയ്യുന്ന മഴ. പിന്നെ അന്തരീക്ഷമര്ദ്ദം കൂടുന്നു. തലേന്നത്തെ അയ്യര് ഗ്രൂപ്പ് ന്റെ കൈലാസസൃഷ്ടിയും മണിക്കൂറുകള്‍ നീണ്ട പൂജകളും, ഹോമങ്ങളും, നമസ്ക്കാരങ്ങളും കൈലാസത്തില്‍ എത്തിയ പ്രതീതി ഉണ്ടാക്കിയിരുന്നു.
മഹാശിവന്റെ പാദസ്പര്ശം ഏറ്റാണല്ലോ ഇപ്പോഴും ഇരിയ്ക്കുന്നത്. ഇതുതന്നെ മഹാഭാഗ്യം! എന്തായാലും പരിക്രമയ്ക്ക് പോയവര് മടങ്ങി വരും വരെ ഇവിടെ പ്രാര്ത്ഥിച്ചിരിയ്ക്കാം. അഞ്ചെട്ടുപേര് കൂട്ടിനുമുണ്ട്. കുട്ടമ്മാമന്‍ പോയശേഷം വീണ്ടും രണ്ടുപേര് കൂടി ആരോഗ്യം മോശമായി താഴേയ്ക്ക് പോയതും പരിക്രമ വേണ്ടെന്നു വെയ്ക്കാന്‍ ഒരു കാരണമായി..
ശശി ഡോക്ടര് തന്ന സിന്ദൂരം വളരെ രക്ഷയായി. വെറ്റില ഒന്ന് രണ്ടെണ്ണം കൂടി ഇനി ബാക്കിയുണ്ട്. സിന്ദൂരം തേനും വെറ്റില നീരും ചേർത്താണ് കഴിക്കുന്നത്. രാത്രി ഒരു പൊതി വീതം.
സന്ധ്യയ്ക്ക് കാര്യമായ സത്സംഗം ഉണ്ടായില്ല. പരിക്രമതന്നെയാണ് ചിന്താവിഷയം.
അമ്മമ്മ കഞ്ഞിവെള്ളം മാത്രം കുടിച്ചു കിടന്നു.
...............................................................oooooo ......................................................................000000 ............................ooo .
17 -6 '13
ദർച്ചൻ
പ്രിയപ്പെട്ട അമ്മിണീ,
ഇന്നത്തെ പ്രഭാതം വളരെ പ്രധാനപ്പെട്ടതാണല്ലോ. പരിക്രമയ്ക്കു പോകുന്നവരും, അല്ലാത്തവരും എല്ലാം നേരത്തെ എഴുന്നേറ്റു പ്രഭാതപരിപാടികൾ ചെയ്തു യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
അത് പറയും മുന്പ് ഇന്ന് രാവിലത്തെ അനുഭവം പറയാം. പതിവുപോലെ നേരത്തെ എഴുന്നേറ്റു. ക്യാമ്പ് ലെ ആരും പുറത്തു ഇറങ്ങിയിട്ടില്ല. അമ്മമ്മ കുറച്ചു ദൂരെയുള്ള സ്ത്രീകളുടെ ബാത്ത്‌റൂമില്‍ പോകാനായി മുറിയില്‍ നിന്നും പുറത്തിറങ്ങി. സമയം അഞ്ചുമണി ആയിട്ടില്ല. പുറത്തിറങ്ങാന്‍ പേടിയൊന്നും അപ്പോള്‍ തോന്നിയിരുന്നില്ല. നാട്ടു വെളിച്ചം നന്നായി ഉണ്ട്. പക്ഷെ, പുറത്തിറങ്ങിയപ്പോൾ കാൽ താണുപോകുമോ എന്ന ഭയം. ആദ്യമായാണ് മഞ്ഞിൽക്കൂടി നടക്കുന്നത്. എങ്ങിനെയോ നടന്നു പോയി കാര്യം കഴിച്ചു തിരിച്ചെത്തി.
ഇന്നലെ പരിക്രമയ്‌ക്കൊരുങ്ങിയവർ ചിലർ ഇന്ന് പിൻവാങ്ങി.
പോകുന്നവർ രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സും, ഫ്ലാസ്കിൽ ചൂടുവെള്ളവും, ഓക്സിജൻ സിലിണ്ടറും, ഉച്ചഭക്ഷണവും എടുത്തുവെച്ചു. മഴക്കോട്ട് എല്ലാവരുടെയും കയ്യിലുണ്ട്.പോകാത്തവരും ബസ്സിൽക്കയറി. പുറപ്പെടുന്ന സ്ഥലത്തേയ്ക്കു ഏതാനും കി.മീ ദൂരമേയുള്ളൂ. പരിക്രമയ്ക്ക് പോകുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് ഞങ്ങള്‍ എത്തി. അവിടെ യാക്കുകള്‍, പോണികള്‍, ഏജൻറ്മാര്‍, ഷേര്‍പ്പകള്‍ അഥവാ ഗൈഡുകള്‍, യാത്രികള്‍ എന്നിവരുടെ തിരക്കുതന്നെ. മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. ഞങ്ങൾ, പരിക്രമയ്ക്കു പോകാത്തവർ, ബസ്സിൽത്തന്നെ ഇരുന്നു. പോകുന്നവർക്ക് യാത്രാമംഗളം നേർന്നു. നടന്നുപോകുന്നവർ ആദ്യം യാത്ര തുടങ്ങും. കുതിരപ്പുറത്തോ, യാക്കിന്റെ പുറത്തോ കയറുന്നവർ പിന്നാലെ. ഷെർപ്പയെ കൂടെ കൂട്ടാത്തവരും ഉണ്ട്. മുത്തശ്ശൻ നടന്നിട്ടാണ് പോകുന്നത്. പൈസ കൊടുത്തു ഷെർപ്പയെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ബസ്സിലിരുന്ന് നോക്കിയാൽ യമദ്വാർ കാണാം. പരിക്രമ അവിടെ നിന്നും തുടങ്ങുന്നു. യമദ്വാർ കടന്നു കഴിഞ്ഞ ഒരാൾക്ക് പുനർജ്ജന്മമില്ല, അഥവാ, ഇനിയൊരു ജന്മത്തിലേക്കു മടക്കമില്ല എന്നതാണ് വിശ്വാസം. യമനെ പറ്റി നീ കേട്ടിട്ടുണ്ടാകും. മരണത്തിന്‍റെ അധിപനാണ് യമന്‍. യമന്റെ സഹായി ചിത്രഗുപ്തന്‍ വരവുചെലവ് കണക്കുവെക്കുന്നപോലെ ഓരോ മനുഷ്യനും ആയുസ്സിനിടയില്‍ ചെയ്തു തീര്‍ത്ത പുണ്യ പാപങ്ങളുടെ കണക്കുകള്‍ എഴുതി വെക്കുകയും ഭൌതിക ശരീരം വിട്ട് ആത്മാവ് യമന്റെ അടുത്ത് എത്തുമ്പോള്‍ കണക്ക് പുസ്തകം പരിശോധിച്ച് അയാളെ സ്വര്‍ഗ്ഗത്തിലേക്ക് വിടണോ അതോ നരകത്തിലേക്കോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ആദിയോഗി മഹാശിവന്റെ ആസ്ഥാനമായ കൈലാസത്തിനെ ഭൂമിയില്‍ നിന്നും വേറിട്ട ദൈവീക ലോകമായാണ് കണക്കാക്കുന്നത്. ഭൌതികമായ സുഖഭോഗങ്ങളെല്ലാം ത്യജിച്ചാണ് യമദ്വാര്‍ കടന്ന് കൈലാസഭൂമിയില്‍ പ്രവേശിക്കുക. ഇവിടം വരെ എത്തിയത് തന്നെ ഭാഗ്യം എന്ന് കരുതുന്നവർ പരിക്രമ ചെയ്തില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാറില്ല. പരമശിവന്റെ പാദം വരെ കൊണ്ടുവന്ന പ്രകൃതിയിലെ അദൃശ്യ ശക്തിയെ വണങ്ങുന്നവരാണ് മിക്കവരും.
നീ നചികേതസ്സിന്റെ കഥ കേട്ടിട്ടുണ്ടോ? വാജശ്രവസ് (ഉദ്ദാലകന്‍) എന്ന മഹര്‍ഷി ദേവപ്രീതിക്കായി വിശ്വജിത് എന്ന സര്‍വ്വസ്വദാനം ചെയ്യുന്ന യജ്ഞം നടത്തുന്നതിന്നിടയില്‍, തന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത് എന്ന് അച്ഛനോട് ബുദ്ധിമാനായ ഉണ്ണി, നചികേതസ്സ് ചോദിച്ചു. അച്ഛന്‍, 'യമന്' എന്ന് വെറുതെ പറഞ്ഞെങ്കിലും മകന്‍ വേഗം യമന്റെ അടുത്തേക്ക് ഓടി. മൂന്ന് ദിവസം യമനെക്കാത്ത് ഊണും ഉറക്കവുമില്ലാതെ ഈ 'ദ്വാര' ത്തില്‍ അഥവാ കവാടത്തില്‍ കാത്തുനിന്നു. തന്റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയ യമന്‍ ആ അത്ഭുതബാലനെ കണ്ടമാത്രയില്‍ പ്രസാദിച്ച് മൂന്ന് വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. കൂടാതെ മരണത്തെക്കുറിച്ച് വിശദമായി പറഞ്ഞു കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
പരിക്രമയ്ക്ക് പോയവരില്‍ ചിലർ യാത്ര വേണ്ടെന്നു വെച്ച് യമദ്വാർ വരെ പോയി തിരിച്ചു വന്നു ബസ്സിൽക്കയറി. പരിക്രമക്കാർ കൺവെട്ടത്തു നിന്നും മറഞ്ഞപ്പോൾ ബസ്സും നീങ്ങി..
മഴയുടെ ശക്തി കുറഞ്ഞിട്ടില്ല.
തിരിച്ചു ക്യാംപിലെത്തിയ ഞങ്ങൾ ചുറ്റുമിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങൾ പങ്കിട്ടു. പരസ്പരം കൂടുതല്‍ അറിയാനും ഈ അവസരം ഉപയോഗിച്ചു. (ദര്ച്ചന്‍ ,
17-6-'13) പരിക്രമയെക്കുറിച്ചും, പരിക്രമയ്ക്ക് പോയവരെക്കുറിച്ചും തന്നെയായിരുന്നു, ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. പരിക്രമ എന്നാല്‍ പ്രദക്ഷിണം തന്നെ. പക്ഷേ, ഒരു പരിശുദ്ധ നദി, മല എന്നതിനെ പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അത് 'പരിക്രമ' യാകുന്നു. 52 കിമീ ദൂര്രം നടന്നാണ് കൈലാസനാഥനെ പ്രദക്ഷിണം വെയ്ക്കുന്നത്. മാനസ സരോവറിനെ പരിക്രമ ചെയ്യുമ്പോള്‍ ൧൦൦ കി.മി ദൂരം നടക്കേണ്ടി വരുന്നു.
12 കി.മീ നടന്ന് ഡിരപുക് എന്ന സ്ഥലത്താണ് അന്നത്തെ ക്യാമ്പ്. കൈലാസ നാഥനെ വടക്കും മുഖം ദര്‍ശനം നടത്തുന്ന സ്ഥാനം. രണ്ടാം ദിവസത്തെ യാത്ര കഠിന പരീക്ഷണം തന്നെയാണ്. 5630 mt (18,600 അടിയോളം ) ഉയരത്തിലുള്ള ഡോള്‍മ ചുരം കടക്കണം. 22 km നടന്നു അന്ന് സുത്‌ള്‍പുക് ക്യാമ്പില്‍ തങ്ങുന്നു. ഗൌരി കുണ്ഡ് വഴി താഴെ ഇറങ്ങുമ്പോള്‍ ശിവസ്ഥലില്‍ എത്തുമ്പോള്‍ യാത്രികള്‍ നിത്യജീവിതത്തിലെ പ്രിയപ്പെട്ട എന്തെങ്കിലും വസ്തുക്കളെ ത്യജിച്ചു പോരണം.. ജീവിതത്തിലെ എല്ലാ ഭാരങ്ങളും അഥവാ, സര്‍വ്വ ദുഖങ്ങളും അവിടെ സമര്‍പ്പിച്ചു പോരുന്നതായാണ് സങ്കല്‍പം. അടുത്ത ദിവസം 6 കി.മി.നടന്നു ദര്ച്ചനില്‍ എത്തിച്ചേരുന്നു.
പെട്ടെന്നാണ് പരിക്രമയ്ക്ക് പോയ ഒരു സഹോദരിയെ വളരെ അവശയായ നിലയില്‍ തിരിച്ചു കൊണ്ടുവന്നത്. അവര്‍ക്ക് ബോധം പോയിരുന്നു. അവരെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുമ്പോള്‍ വേറൊരാളെക്കൂടി ജീപ്പില്‍ കൊണ്ടുവന്നു ഇറക്കി. അയാള്‍ക്കും ബോധം ഉണ്ടായിരുന്നില്ല. .
കുറച്ചു കഴിഞ്ഞപ്പോഴെയ്ക്കും മുത്തശ്ശനും വേറെ ചിലരും തിരിച്ചെത്തി. എല്ലാവരും നനഞ്ഞു കുളിച്ചു വിറച്ചാണ് വരുന്നത്. ഞങ്ങളുടെ ഉണങ്ങിയ ഡ്രസ്സ്, സോക്സ് എല്ലാം അവര്‍ക്ക് നല്‍കി. മണിക്കൂറുകള്‍ക്കിടയില്‍ ഓരോരുത്തരായി തിരിച്ചെത്തി. നേരിയ മൂടല്‍ മഞ്ഞും, മഴച്ചാറലും, നടന്നു പോകുന്നവര്‍ക്കും, കുതിരപ്പുറത്തു പോകുന്നവര്‍ക്കും ഒരേപോലെ പ്രശ്നം ഉണ്ടായാതിനാല്‍ പലര്‍ക്കും ഒരടി മുന്നോട്ടു പോകാന്‍ സാദ്ധ്യമാകാതെ വന്നു. മൂന്നുപേര്‍ ഉച്ചയോടെ ദേരാപുക് ക്യാമ്പില്‍ എത്തിയിരുന്നു. മറ്റുള്ളവര്‍ക്കെല്ലാം പകുതി വഴിയില്‍ വെച്ച് തിരിച്ചുപോകേണ്ടിവന്ന വിവരം അവര്‍ അറിഞ്ഞു. അവരും മടങ്ങി. ചൈനക്കാര്‍ ജീപ്പില്‍ സഞ്ചരിച്ച് പരിക്രമ അവസാനിപ്പിച്ചതായി വിളിച്ചു പറയുകയും വഴിയില്‍ കണ്ടവരെയൊക്കെ തിരിച്ചു ക്യാമ്പില്‍ എത്തിയ്ക്കുകയും ചെയ്തു.
ഓരോരുത്തര്‍ക്കും ഓരോ അനുഭവകഥ പറയാന്‍ ഉണ്ടായിരുന്നു. ഏതാനും മീറ്റര്‍ ദൂരം മാത്രമേ അവര്‍ നടന്നുപോയുള്ളൂ എങ്കിലും അനുഭവങ്ങള്‍ പറഞ്ഞിട്ടും തീരുന്നില്ല!
മുത്തശ്ശന് നല്ല പനി. മഞ്ഞും, മഴയും പലരെയും അവശരാക്കി.
പരിക്രമ ക്യാന്‍സല്‍ ചെയ്തതിനാല്‍ അടുത്തനാള്‍ അതിരാവിലെത്തന്നെ ദര്ച്ച്ന്‍ വിടാന്‍ തീരുമാനിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത സ്ഥിതിയ്ക്ക് രാത്രി തങ്ങാനുള്ള മുറികള്‍ കിട്ടുക ബുദ്ധിമുട്ടാകും.
--- -----.............................................................................oooooooo ..................................................................................
ദർച്ചൻ
18 ജൂൺ, 2013
അതിരാവിലെ നാലരമണിയോടെ അമ്മമ്മ ഉണർന്നു. പതിവുപോലെ ടോർച്ചെടുത്ത് മുറിയിൽ നിന്നും പുറത്തിറങ്ങി. വരാന്തയിൽ നിന്നും പുറത്തേക്കു നോക്കിയപ്പോൾ അമ്പരന്ന് പോയി. മുറ്റം മുഴുവൻ വെള്ള വിരിച്ചപോലെ മഞ്ഞുമൂടിക്കിടക്കുന്നു. മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിൽ മഞ്ഞുവീണുകൊണ്ടിരിക്കുന്നു. മഞ്ഞ് പെയ്യുന്ന അപൂർവമായ കാഴ്ച കുറച്ചുനേരം നോക്കി നിന്നു. ചക്രങ്ങൾ പകുതിയും മഞ്ഞിൽ പുതഞ്ഞു കിടക്കുന്നു. മുന്നോട്ടേക്കുള്ള കാഴ്ച കുറവാണെങ്കിലും ബാത്റൂമിൽ പോയി വരാൻ തീരുമാനിച്ചു. വാഹനത്തിന്റെ ചുറ്റും നടന്നു നോക്കുന്ന രണ്ടുപേരെ കണ്ടു. മുറ്റത്തേക്ക് ഇറങ്ങാൻ ഒന്ന് ശങ്കിച്ചു. കാലുകൾ താണുപോകുമോ? ഒരു പ്രശ്നവുമില്ലാതെ നടന്നുനീങ്ങി..
ഓരോരുത്തരായി മുറിയിൽ നിന്നും പുറത്തിറങ്ങി അത്ഭുതത്തോടെ ആ കാഴ്ച കണ്ടുനിന്നു. എത്രയും വേഗം സ്ഥലം വിടണം എന്ന തീരുമാനത്തിൽ എല്ലാവരും യോജിച്ചു. ബാഗുകൾ എടുത്തുവെച്ചു. വേഗം ചായ കഴിച്ചു ബസ്സിൽ കയറി. തലേന്ന് അവശരായി തിരിച്ചു വന്നവർ ക്ഷീണിതനായിരുന്നു. മുത്തശ്ശന്റെ പനി കുറച്ചു കുറവുണ്ട്. ശശി ഡോക്ടർ തന്ന മരുന്ന് കഴിച്ചിരുന്നു.
ബസ്സ് ടാറിട്ട റോഡിൽ ഇറങ്ങിയപ്പോൾ കണ്ടത് ശരിക്കും മഞ്ഞുപ്രളയം. ഇടക്കിടെ കറുപ്പ് നിറം കാണുമ്പോള്‍ ആണ് റോഡില്‍ക്കൂടി തന്നെയാണ് ബസ്സ് ഓടുന്നത് എന്നറിയുന്നത്. അങ്ങിനെ 15 കി.മീ യാത്ര ചെയ്ത് ചൈനാ പോസ്റ്റിൽ എത്തി തിബറ്റൻ ബസ്സിൽ മാറികയറി. ഇനി കൊദാരി വരെ ഈ ബസ്സിൽത്തന്നെയാണ് മടക്കയാത്ര.
'പര്യങ്' എന്ന സ്ഥലത്ത് ഉച്ചഭക്ഷണത്തിനായി ബസ്സുകൾ നിർത്തി. അവിടെയും ചെറുതായി മഞ്ഞു വീഴ്ചയുണ്ട്. നേരിയ മഴച്ചാറലും. ഇതിനിടെ നാട്ടിൽ നിന്നും ചിലർക്കും പരിഭ്രമിച്ച ഫോൺ വിളികൾ ഉണ്ടായി. അതേ സമയത്തുതന്നെയാണ് കേദാറിൽ ദുരന്തമുണ്ടായത്. മഞ്ഞുവീഴ്ചയെ പറ്റിയും ഹിമാലയത്തിലെ പ്രകൃതി ദുരന്തത്തെ പറ്റിയും വരുന്ന വാർത്തകൾ ബന്ധുക്കളെ പലരെയും ആശങ്കപ്പെടുത്തി.
പരിക്രമ നടന്നില്ലെന്ന ഖേദത്തേക്കാൾ പ്രകൃതിയുടെ വികൃതികളെക്കുറിച്ചാണ് മനസ്സ് ചിന്തയിലാണ്ടത്. നാഴികകളോളം ഒരു ജീവജാലത്തിനെയും കാണാതെ മടങ്ങുമ്പോൾ സ്രഷ്ടാവ് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളെയും എത്ര കലാപരവും വിദഗ്‌ദ്ധവുമായാണ് നിഷ്ക്കർഷാപൂർവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബോദ്ധ്യപ്പെടുത്തുന്നു. കണ്ണിന് കുളിരേകാൻ ഒരു പച്ചപ്പ് പോലും ഇല്ലെങ്കിലും മടുക്കാത്ത കാഴ്ചതന്നെയാണ് ഈ പീഠഭൂമി സമ്മാനിക്കുന്നത്. പാറക്കെട്ടുകളോ കൽക്കുന്നുകളോ ഇല്ലാത്ത ചെത്തിമിനുക്കിയെടുത്ത പോലുള്ള ഭൂമിയും മലകളും നല്ല കാഴ്ചകൾ തന്നെ.
നീരൊഴുക്ക് കൂടുതലുള്ള മലകളുടെ ചെരുവുകളിൽ വെള്ളം ഒലിച്ചുപോകാനായി സിമന്റിൽ കെട്ടിയ പാത്തികൾ ചൈനീസ് സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ചുരങ്ങൾ കയറുന്നിടത്ത് വശങ്ങളിൽ സ്റ്റീൽ റാഡുകൾ പിടിപ്പിച്ചിട്ടുണ്ട്. ടാർ ഇട്ട റോഡ് ഭൂമിയിൽ നിന്നും കുറച്ചു ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ടാർ ഇടാത്ത റോഡും അത്ര മോശമാണെന്ന് പറയാൻ വയ്യ. വഴിനീളെ പരമാവധി സൗരോർജ്ജം സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്.
നേരം സന്ധ്യയാകാറായപ്പോൾ ബസ്സു 'ഡാംപ' യിൽ നിർത്തി. ഇവിടെയാണ് ഇന്നത്തെ ക്യാമ്പ്. അങ്ങോട്ടുപോകുമ്പോൾ ഇതിന്നടുത്ത് എവിടെയോ ആണ് താമസിച്ചത്. ഇവിടത്തെ മുറികൾക്കൊക്കെ പഴമയുടെ ഗന്ധം അനുഭവപ്പെട്ടു. കേറിച്ചെല്ലുന്ന ചെറിയ ഇടനാഴി ഇടത്തോട്ടും വലത്തോട്ടും നീണ്ടു കിടക്കുന്ന മറ്റൊരു ഇടനാഴിയുടെ പുറത്തേക്കുള്ള വാതിലിൽ ചെന്ന് മുട്ടുന്നു. നീളത്തിലുള്ള ആ ഇടനാഴിയിൽ നിന്നാണ് എല്ലാ മുറികളിലേക്കും പ്രവേശിക്കുക..പുറത്തേക്കുള്ള വാതിൽ തുറക്കുന്നത് നടുമുറ്റം പോലെ തോന്നിക്കുന്ന ചെറിയ മുറ്റത്തേക്കാണ്..ഈ ചെറു മുറ്റത്തിന്റെ വശങ്ങളിൽ നാലഞ്ച് പടവുകൾ കാണാം. കയറിച്ചെന്നാൽ കക്കൂസ് കുഴിയാണ് ! പണ്ടുകാലങ്ങളിൽ കുളത്തിന്റെ അടുത്ത് ഇത്തരം കക്കൂസുകൾ ആണ് പണിതിരുന്നത്. എഴുന്നേറ്റ് നിന്നാൽ അപ്പുറത്തിരിക്കുന്ന ആളെ കാണാം ! താഴെ വലത്തോട്ട് ഒരു വാതിൽ ഉണ്ട്. അത് തുറന്നാൽ അതിവിശാലമായ പറമ്പ് കാണാം. ഇഷ്ടംപോലെ 'പറമ്പിലിരിക്കാം'.എന്നുവെച്ചാൽ 'ഓപ്പൺ ടോയ്ലറ്റ് '.തൊപ്പിയും കോട്ടുമൊക്കെ ഒരേ പോലെയുള്ളതയതിനാല്‍ ആളെ തിരിച്ചറിയില്ല. പുരുഷനാണോ സ്ത്രീയാണോ എന്നുകൂടി !
കിടപ്പുമുറികൾ ടിബറ്റൻ പരമ്പരാഗത രീതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ മുറികളിലും ചുരുങ്ങിയത് 6 കട്ടിൽ വീതം ഉണ്ട്. വിശാലമായ ജനലുകൾ ഇല്ല. വെന്റിലേറ്റർ വലുപ്പമുള്ള ജനലുകൾ അടക്കാനോ തുറക്കാനോ പറ്റില്ല. ഗ്ലാസ് ഇട്ടതുകൊണ്ട് വെളിച്ചം അകത്തേക്ക് കടക്കും. ചുമരും, മുകളിത്തട്ടും, തൂണുകളുമെല്ലാം വർണ്ണങ്ങൾ കൊണ്ട് കലാപരമായി അലങ്കരിച്ചിരിക്കുന്നു. നിലത്തു കാർപെറ്റ് വിരിച്ചിട്ടുണ്ട്.
ഇന്നത്തെ ദിവസം ആർക്കും വലിയ ബാഗ് തന്നിട്ടില്ല. അതിരാവിലെ ഇവിടെ നിന്നും പോകുന്നതുകൊണ്ട് ബാക് പാക് മാത്രമേ ഏവർക്കും ഉള്ളൂ. കഴിയുന്നതും നേരത്തെ കാഠ്‌മണ്ഡുവിൽ എത്തണം. മുൻകൂട്ടി ബുക്ക് ചെയ്യാത്ത യാത്രയാണല്ലോ. ഇത്രയും പേർക്ക് രണ്ടു രാത്രി താങ്ങാനുള്ള സ്ഥലം കിട്ടണമല്ലോ.
7 മണിയോടെ രാത്രി ഭക്ഷണം കിട്ടി. ചുവന്ന അരിയുടെ ചോറും മത്തങ്ങക്കൂട്ടാനും ആലു പൊറോട്ടയും അച്ചാറുകളും ആണ് വിഭവങ്ങൾ. മുത്തശ്ശൻ പനിയുള്ളതുകൊണ്ട് ഒരു ആപ്പിൾ മാത്രം കഴിച്ചുകിടന്നു. പനിക്കുള്ള ഗുളികയും..
വായനാട്ടുകാരായ ജയകൃഷ്ണനും കല്യാണിയും, രണ്ടു ദിവസം മുന്നേ കൈലാസനാഥന്റെ പീഠഭൂമിയിൽ വെച്ച് ഏവരെയും വിട്ടുപിരിഞ്ഞ ജയന്തിച്ചേച്ചിയുടെ ഭർത്താവ് ശ്രീ പൈ സാറിന്റെ സഹോദരിയും അവരുടെ ഭർത്താവ് ഹൈക്കോടതി വക്കീൽ ആയ ശ്രീ ഷേണായ് യുമാണ് ഞങ്ങളുടെ മുറിയിൽ കൂടെ ഉള്ളത്. (പശുപതിനാഥ ക്ഷേത്രസമീപത്ത് ഭാഗ്മതിയുടെ കരയിൽ അന്ത്യവിശ്രമം ലഭിച്ച ജയന്തിച്ചേച്ചി ഭാഗ്യവതി തന്നെ എന്ന് ഞങ്ങൾ അനുസ്മരിച്ചു.)
അടുത്ത ദിവസം കഴിയുന്നതും വേഗം ഈ താവളം വിടണം. അതിനാൽ എല്ലാവരും ശുഭരാത്രി പറഞ്ഞ് രാജായ്ക്കുള്ളിൽ അഭയം തേടി.
,,,,,,,,,,,,,,,,,,,, 00000 ----------------------------------------000 ..........................................0000...................000 ...............
ന്യാലം
19 -6 -.13
അതിരാവിലെത്തന്നെ 5 മണിക്കുതന്നെ മുഖം കഴുകാനും പല്ലുതേക്കാനും ചൂടുവെള്ളം കിട്ടി. വേഗം പ്രഭാത കർമ്മങ്ങൾ ചെയ്തു പ്രഭാത ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. ഇവിടെയൊക്കെ ചായയിൽ യാക്കിന്റെ പാലാണത്രേ ചേർക്കുന്നത് ! തിബറ്റുകാർ ഈ പാൽ ധാരാളം ഉപയോഗിക്കുന്നുണ്ടത്രേ.
അങ്ങോട്ട് പോകുമ്പോൾ രണ്ടു രാവും ഒരു പകലും തങ്ങിയ ന്യാലത്ത് ആണ് ഇന്നത്തെ താവളം. വെള്ളവും കുളിമുറികളും കക്കൂസുമൊക്കെ ധാരാളം ഉള്ള സ്ഥലമാണിത്. ഹിന്ദിക്കാരും, തമിഴ്-തെലുങ്കരുമായ യാത്രികള്‍ ഇവിടെ തങ്ങുന്നുണ്ട്. നേരത്തെ എത്തിയതിനാൽ ഫോൺ ചെയ്യാനും ഷോപ്പിംഗ് നുമൊക്കെയായി ചിലർ പുറത്തേക്കു പോയി. പൂർണ്ണമായും അസുഖം മാറാത്തവർ മുറികളിൽ വിശ്രമിച്ചു. ചാറൽ മഴ ഞങ്ങളുടെ കൂടെത്തന്നെയുണ്ട്. ഇവിടെ നിന്നും 150 km ദൂരമുണ്ട് കാഠ്‌മണ്ഡുവിലേക്ക്. ഇടക്ക് വെച്ച് കാഠ്‌മണ്ഡുവിലേക്ക് മടങ്ങിയവർ നാട്ടിലേക്ക് തിരിച്ചുപോയിക്കഴിഞ്ഞു. ഭാര്യയുടെ അന്ത്യകർമ്മങ്ങൾ പശുപതിനാഥിൽ ചെയ്ത ശേഷം പൈ സാർ ബാഗ്ലൂർ ലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയി. കുട്ടികളൊന്നും ഇല്ലാത്ത അവർ എറണാകുളത്ത് ആയിരുന്നു താമസം.
ഞങ്ങളുടെ മുറികൾക്ക് മുന്നിൽ നടുമുറ്റം പോലെ തോന്നിക്കുന്ന ഭാഗമുണ്ട്. അതിന്റെ ഒരു ഭാഗം ഏകദേശം സ്റ്റേജ് പോലെയാണ്. മറുഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. മഴ ഒഴിഞ്ഞു നിന്നതിനാൽ ഞങ്ങൾ എല്ലാവരും അവിടെ ഒത്തുചേർന്നു. ഇത്രയും നാള്‍ ഭക്ഷണം പാകം ചെയ്യുകയും വിളമ്പിത്തരുകയും ഓരോരോ സമയത്ത് വ്യക്തിപരമായി ഓരോരുത്തരെ ശ്രദ്ധിക്കുകയും ചെയ്ത നേപ്പാളി സഹോദരന്മാരോടുള്ള നന്ദിയും സ്നേഹവും അറിയിക്കാൻ ആ അവസരം ഞങ്ങൾ ഉപയോഗിച്ചു. എല്ലാവരും ചേർന്ന് ഒരു സംഖ്യ പിരിച്ചെടുത്ത് അവർക്ക് നൽകി. വളരെ സന്തോഷവും വികാരനിര്ഭരവുമായ നിമിഷങ്ങൾ ആയിരുന്നു അത്.
ജനലും വാതിലുകളും അടച്ചിട്ട കാരണം തണുപ്പുണ്ടെങ്കിലും മുറിക്കുള്ളിൽ നല്ല വിങ്ങലാണ്.
എന്തായാലും മറ്റൊരു ശുഭദിനം പ്രതീക്ഷിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.
കൈലാസനാഥന്റെ തട്ടകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ആ പ്രകൃതി ശക്തിയോടുമുള്ള നന്ദിയും കടപ്പാടും ഈ ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കട്ടെ എന്ന പ്രാർത്ഥനകളോടെ.........
..............0000 ............0000 ...........oooo ..............0000 ---------൦൦൦൦ ---------0000
കാഠ്‌മണ്ഡു
20 -6 -,13
ഇന്ന് രാവിലെ വേഗം പ്രഭാത കർമ്മങ്ങൾ ചെയ്ത് ചായ കഴിച്ച് യാത്രയായി. നേപ്പാൾ-തിബറ്റൻ അതിർത്തിയിലെ .ചൈനീസ് ചെക്കിങ് ഓഫീസ് എന്ന കടമ്പ കടന്നു കിട്ടണം. ചിന്ത പ്രധാനമായും അതുതന്നെ. അങ്ങോട്ടുപോയ അതേ വഴിയിലൂടെയാണ് മടക്കം. പ്രത്യേകിച്ചൊന്നും കാണുവാനില്ല. എന്നാലും പുറത്തെ കാഴ്ചകൾ ഒരുപോളയടക്കാതെ കണ്ടിരുന്നു. അങ്ങോട്ട് പോകുമ്പോൾ വലതുഭാഗത്തേക്കാണല്ലോ ശ്രദ്ധവെച്ചിരുന്നത്, ഇപ്പോൾ ഇടത് ഭാഗത്തെ കാഴ്ചകൾ കാണാമല്ലോ. ചെരിഞ്ഞതും, പരന്നതും, ഉയർന്നു നിൽക്കുന്നതുമായ വരണ്ട മലകളും, നേരിയ പച്ചപ്പുള്ള മൈതാനങ്ങളിൽ മേയുന്ന യാക്കുകളും ചെമ്മരിയാടുകളും അവരുടെ സന്തത സഹചാരികളും, അപൂർവമായിക്കാണുന്ന വാസസ്ഥലങ്ങളും വെള്ളക്കെട്ടുകളും. അങ്ങോട്ടുള്ള യാത്രയിൽ കണ്ടപോലെ ചലിക്കുന്ന രണ്ടേ രണ്ടു വസ്തുക്കൾ--ഞങ്ങൾ സഞ്ചരിക്കുന്ന ബസ്സുകൾ! .അതിന്നിടയിൽ മലകൾ കയറി ഇറങ്ങുന്നത് അറിയുന്നില്ല. പ്രഭാത സൂര്യന്റെ രശ്മികൾ തട്ടി മഞ്ഞുമലകൾ തിളങ്ങി നിൽക്കുന്ന നല്ല കാഴ്ചയും കണ്ട് സാഗ എന്ന ചെറിയപട്ടണത്തിന്റെ പരിസരത്തുകൂടി യാത്ര തുടർന്നു. അങ്ങോട്ട് പോകുമ്പോൾ അങ്ങ് ദൂരെ ബ്രഹ്മപുത്ര യുടെ അക്കരെ കണ്ട കെട്ടിടങ്ങൾ നിൽക്കുന്നതാണ് സാഗ എന്ന് ആരോ കാണിച്ചുതന്നത് ഓർക്കുന്നു.
ലുലുംഗ് ലാ ചുരം കയറി വിശാലമായ ഒരു മൈതാനത്തിലേക്ക് ഇറങ്ങവേ, ഇതിലും ഭയാനകമായ വളവുകളും തിരിവുകളുമുള്ള ഹിമാലയൻ പർവത നിരകളെ ഓര്‍ത്തു. .
ഭൂപ്രകൃതി മാറിത്തുടങ്ങി. കൃഷിഭൂമികളും ചെറിയ കെട്ടിടങ്ങളും ജനവാസം ആയെന്നറിയിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം മരങ്ങളും പച്ചപ്പും കണ്ടപ്പോൾ ആശ്വാസമായി. അങ്ങോട്ടുപോകുമ്പോൾ ഉച്ചയൂണ് കഴിച്ച തതോപാനിയിലെ ഹോട്ടലിന് മുന്നിൽ ബസ്സ് നിർത്തി. ഊണ് കഴിച്ചു എല്ലാവരും കയ്യിലുള്ള യുവാൻ ഇന്ത്യൻ രൂപയാക്കിമാറ്റി. വാഹനങ്ങളുടെ തിരക്കുകാരണം ചെക്‌പോസ്റ് വരെ അര കിലോമീറ്റർ നടക്കേണ്ടി വന്നു. കൊദാരിപ്പാലവും നേപ്പാളിലേക്കുള്ള പ്രവേശന കവാടവും കടന്ന് കാഠ്‌മണ്ഡുവിൽ നിന്നും ഞങ്ങളെ കൊണ്ടുപോകാൻ വന്ന ബസ്സിനടുത്തേക്ക് വാഹനങ്ങളുടെ തിരക്ക് കാരണം വീണ്ടും കുറച്ചുദൂരം കൂടി നടക്കേണ്ടിവന്നു..
ഇങ്ങോട്ടുള്ള വരവിൽ ദുർഘടം പിടിച്ച റോഡിൽക്കൂടെ ആടിയുലയുന്ന ബസ്സിൽ യാത്ര ചെയ്തതായി എഴുതിയിരുന്നല്ലോ. എന്നാൽ ഇപ്പോൾ വേറെ വഴിയിൽക്കൂടെയാണ് മടക്കം. ഇടതൂർന്ന് ഉയർന്ന് നിൽക്കുന്ന വൃക്ഷങ്ങളുള്ള കാടുകൾ ഒരു ഭാഗത്ത്. മറുഭാഗത്ത് അഗാധതയിൽ പാറക്കെട്ടുകളിൽക്കൂടി ഒഴുകി നദിയായിത്തീരാന്‍ വെമ്പല്‍ കൊള്ളുന്ന നീരോഴുക്കുകള്‍. കൂറ്റൻ മലകളിൽക്കൂടി ഒഴുകി വരുന്ന വെള്ളച്ചാലുകൾ. അതി മനോഹരമായ പ്രകൃതി ദൃശ്യം തന്നെ. സമൃദ്ധിയായുള്ള പച്ചക്കാടുകളും അവ തീർക്കുന്ന ഗന്ധവും പീഠഭൂമിയിലെ കാലാവസ്ഥയുണ്ടാക്കിയ ക്ലേശങ്ങൾ പെട്ടെന്ന് മാറ്റിയെടുത്തു. അതേസമയം കുളിരേകുന്ന ഈ മലഞ്ചെരിവിലെ ഓരോ വളവുകൾ പിന്നിടുമ്പോഴും സ്വല്പം ഭയം ഉള്ളിൽ ഉണ്ടാവാതിരുന്നില്ല.
സന്ധ്യക്ക് മുൻപായി 'ഹോളി ഹിമാലയ' യുടെ മുന്നിൽ എത്തിച്ചേർന്നു. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുന്ന മദ്രാസിൽ നിന്നുള്ള തീർത്ഥാടകർ അവിടെ താമസിക്കുന്നുണ്ട്. അതിനാൽ തൊട്ടടുത്ത ഹോട്ടലിൽ ഞങ്ങൾ മുറിയെടുത്തു. അടുത്ത ദിവസവും പൂർണ്ണ വിശ്രമം .22 നാണ് മടക്കയാത്ര.മൂത്തശ്ശന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. അമ്മമ്മക്ക് ക്ഷീണം ഉണ്ട്.. നേരത്തെ ഭക്ഷണം കഴിച്ച് കിടക്കാൻ തീരുമാനിച്ചു.
oooooo ................................................oooooo ...................................................................oooooo .............................ooooo
കാഠ്‌മണ്ഡു
21 -6 -2013
അമ്മിണീ, സുപ്രഭാതം
ഇന്നലെ രാത്രി സുഖമായി ഉറങ്ങി. മാനസ സരോവരവും കൈലാസവും ദർശിച്ചു വന്നതിന്റെ 'ഒരു സുഖം' നിറഞ്ഞു പൊന്തുന്ന മനസ്സോടെ യാതൊരു അല്ലലും അലട്ടുമില്ലാതെ നിശ്ചിന്തയോടെ ഇരിയ്ക്കുകയാണ്. ടീവിയൊന്നും കാണാൻ തോന്നുന്നില്ല. കേദാർ ദുരന്തം അസ്വസ്ഥതയുണ്ടാക്കുന്നു.
വേഗം പ്രഭാത ഭക്ഷണം കഴിച്ചു വന്നു. പാക്കിങ് എല്ലാം ചെയ്തു വെച്ചു. അപ്പോൾ ആണ് ആരോ പറഞ്ഞു കേട്ടത് ഗ്രൂപ്പിലെ കുറച്ചുപേർ മുക്തിനാഥ് ക്ഷേത്ര ദർശനത്തിന് പോയിരിക്കുന്നു എന്ന വാർത്ത. ഈ ക്ഷേത്ര ദർശനം മോക്ഷദായകമായതാണെന്നാണ് വിശ്വാസം. ഗണ്ഡകി നദിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഉള്ള ഈ ക്ഷേത്രം നേപ്പാളിലെ ചാർധാം ദര്ശനങ്ങളിൽ ഒന്നാണ്. ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരേപോലെ പ്രധാനപ്പെട്ട മുക്തിനാഥ് സമുദ്രനിരപ്പിൽ നിന്നും 3800 മീറ്ററോളം ഉയരത്തിലാണ്.
ഞങ്ങൾ കുറച്ചുപേർ മ്യൂസിയം കാണാൻ പോകാൻ തയാറായി. ലോകകാര്യങ്ങൾ ഓരോരുത്തർ പറഞ്ഞിരിക്കുന്നതിനിടയിൽ യാത്രയെ കുറിച്ച് എഴുതാം എന്ന് കരുതി.
നേപ്പാളിനെപ്പറ്റി ആദ്യം തന്നെ ചുരുക്കി പറഞ്ഞുവല്ലോ. ചെറിയ ഈ പർവത രാജ്യത്തെ പറ്റി ഇനിയും കുറെ അറിയുവാനുണ്ട് . ട്രെക്കിങ്ങ്നായി ധാരാളം വിദേശികൾ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടത്തെ അന്നപൂർണ്ണ ബെയ്‌സ് ക്യാമ്പ് വിശ്വ പ്രസിദ്ധമാണ്. വൈൽഡ് ലൈഫ് റിസേർവ് കളും നാഷണൽ പാർക്കുകളും ഉണ്ട്. ചിത് വൻ നാഷണൽ പാർക്ക് മുൻപ് റിസേർവ് വനം ആയിരുന്നു. മുത്തശ്ശൻ ഗോരഖ്‌പൂർ ല് ഫീൽഡിലായിരുന്ന സമയത്ത് ഞങ്ങൾ (നിന്‍റെ അമ്മക്ക് രണ്ടര വയസ്സ്. നവീനമ്മാമന്‍ അദൃശ്യനായി കൂടെ ഉണ്ട്.) ഗണ്ഡക് കനാൽ റോഡ് വഴി വെസ്റ്റേൺ ചമ്പാരൻ കാട്ടിൽക്കൂടി നേപ്പാളിലെ താമസാ നദിയുടെ തീരത്തുള്ള വനത്തിലെ വാത്മീകി ആശ്രമത്തിലേക്ക് പോയിട്ടുണ്ട്. ആദ്യമായി ഒരു വനയാത്ര ആസ്വദിച്ചു. അതേപോലെ ഭയപ്പെടുകയും ചെയ്തു.
കൈലാസപർവ്വതത്തിനെക്കുറിച്ചും രണ്ട് വാക്കു എഴുതാം.
പുരാണങ്ങളിൽ പറയുന്ന മേരുപർവതമെന്ന കൈലാസത്തിനെ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനമായാണ് കണക്കാക്കുന്നത്. ഏഷ്യാ ഭൂഖണ്ഡത്തിലെ ഹിന്ദു-ബുദ്ധമത രാജ്യങ്ങളിലെല്ലാം ഈ വിശ്വാസം നിലനിൽക്കുന്നു. കൈലാസ പർവതം എന്ന ഈ പുണ്യസ്ഥാനം പരമശിവന്റെ ആസ്ഥാനവും മാനസ സരോവർ ബ്രഹ്‌മാവിന്റെ ആത്മാവുമായാണ് കരുതപ്പെടുന്നത്. അതിനാൽ പരിക്രമ ചെയ്യുന്നത് മഹാപുണ്യമായി കണക്കാക്കുന്നു.
ലോകത്തിന്റെ നെടുംതൂണായ കൈലാസത്തിനെ തിബറ്റുകാര്‍ 'കാംഗ് റിംപോച്ചെ' എന്നു വിളിക്കുന്നു. ജൈനന്മാർ 'അഷ്ടപാദ പർവത' മെന്ന പേരിൽ ആരാധിയ്ക്കുന്നു. ബോൺ-പോ മതക്കാർ കൈലാസത്തിനെ തിബറ്റിന്റെ ആത്മാവായി കാണുന്നു.
തിബറ്റിലെ ബുദ്ധസന്യാസിമാർ 'കിര' എന്നപേരിൽ അറിയപ്പെടുന്ന പരിക്രമ ചെയ്‌താൽ സകല പാപങ്ങളും തീരും എന്ന് വിശ്വസിക്കുന്നു. 108 പരിക്രമ ചെയ്താൽ 'നിർവാണം' എന്ന അവസ്ഥയിൽ എത്തുമെന്നും അവർ കരുതുന്നു. 52 കി.മീ ദൂരം ഒറ്റ ദിവസം കൊണ്ട് നടന്ന് തീർക്കുന്നവർ ഉണ്ട്. നമസ്ക്കരിച്ച് പരിക്രമ ചെയ്യുന്ന സന്യാസിമാരും ഉണ്ട്. ഹിന്ദുക്കളും ബുദ്ധ സന്യാസിമാരും മറ്റും പ്രദക്ഷിണമായി പരിക്രമ ചെയ്യുമ്പോൾ ജൈനമതക്കാരും ബോൺ-പോ മതക്കാരും അപ്രദക്ഷിണമായാണ് പരിക്രമ ചെയ്യുന്നത്. ജൈനന്മാർ അവരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭദേവൻ വിഷ്ണുവിന്റെ അവതാരമാണെന്നും അദ്ദേഹം നിർവ്വാണം പ്രാപിച്ചത് ഇവിടെവെച്ചാണെന്നും വിശ്വസിക്കുന്നു.
കൈലാസത്തിൽ ശിവൻ പാർവതിയോട് ചേർന്ന് സനാതന തപസ്സ് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. കൈലാസത്തിന്റെ 100.കി.മി.ചുറ്റളവില്‍
സപ്ത്ദ്വീപുകളുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന മഹാഭാരതത്തില്‍ വര്‍ണ്ണിക്കുന്ന ജംബു ദ്വീപിനെ വിടർന്ന താമരപ്പൂവിനോടു ഉപമിച്ചിരിയ്ക്കുന്നതായി കാണാം. താമരയിതളുകൾ പോലെ 6 പർവത നിരകളാൽ കൈലാസം ചുറ്റപ്പെട്ടു കിടക്കുന്നു. പൂവിന്റെ നടുവിൽ സ്വര്‍ണ്ണമയമായ മേരുപർവതം, അതിന്റെ 28 കേസരങ്ങൾ 28 പർവതങ്ങളായും ചിത്രീകരിച്ചിരിയ്ക്കുന്നു. ഈ മഹാമേരുവിനെ 9 വര്ഷങ്ങളായി തിരിച്ചതിൽ തെക്കുഭാഗത്ത് കാണപ്പെടുന്നതാണു ഹരിവര്ഷം, കിമ്പുരുഷവര്ഷം, ഭാരതവര്ഷം എന്നിവ..സുമേരുവിന്റെ 8 ഭാഗത്തായി അഷ്ടദിക് പാലകന്മാരുടെ കൊട്ടാരങ്ങളും,അതിന്റെ മൂർദ്ധാവിൽ ബ്രഹ്മാവിന്റെ കൊട്ടാരവും സ്ഥിതി ചെയ്യുന്നു. മേരുവിന്റെ ശിരസ്സിൽ നിന്നും ഒഴുകുന്ന ജലമാണ്. മാനസസരസ്സെന്നറിയപ്പെടുന്നത്. നാലുഭാഗത്തുമുള്ള നാല് പർവതനിരകളിൽ നിന്നും സത്ലജ്, ഗംഗയുടെ ഉപനദിയായ കർണാലി, സിന്ധു, ബ്രഹ്മപുത്ര എന്നിവ ഉത്ഭവിച്ച് നാലുഭാഗത്തേക്കും ഒഴുകുന്നു. മേരുവിന്റെ ശിരസ്സിൽ നിന്നും ഒഴുകുന്ന ജലമാണ് മാനസസരോവര്‍. ബ്രഹ്‌മാവിന്റെ മനസ്സുകൊണ്ടാണ് മാനസസരോവർ സൃഷ്ടിക്കപ്പെട്ടത് എന്നാണ് ഐതിഹ്യം..മാനസ സരോവരിൽ ഒന്ന് മുങ്ങി നിവർന്നാൽ ജീവിതത്തിലെ ചെയ്തുപോയ സകലപാപങ്ങളും (ഈ ജന്മത്തെ മാത്രമല്ല,100 ജന്മങ്ങളിലെയും) ഒടുങ്ങുമെന്നാണു വിശ്വാസം.4556 മീറ്റർ ഉയരത്തിലുള്ള ലോകത്തിലേയ്ക്കു വെച്ചു ഏറ്റവും ഉയരത്തിലുള്ള ശുദ്ധജലതടാകം.88.കി മീ ചുറ്റളവിൽ, ഏകദേശം വൃത്താകൃതിയിൽ രൂപപ്പെട്ടു കിടക്കുന്ന ഈ തടാകത്തിനു 90 അടി ആഴമുണ്ടെന്നു കണക്കാക്കിയിരിയ്ക്കുന്നു. ശീതകാലത്തു ഇത് ഉറഞ്ഞു കട്ടിയാകും. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം തടാകത്തിൽ വിഹരിക്കുന്ന ഹംസങ്ങൾ ബുദ്ധിയുടെയും സൊന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ദേവതകൾ ഈ തടാകത്തിൽ മുങ്ങിക്കുളിച്ച് പോകാറുണ്ട് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഈ ഭാഗത്തെ ഏറ്റവും ഗാംഭീര്യം നിറഞ്ഞതും സൗന്ദര്യം മുറ്റി നിൽക്കുന്നതുമായ പർവതമാണ് കൈലാസം. എല്ലാ വർഷവും ദേവന്മാർ, ദാനവർ, യക്ഷ കിന്നരന്മാർ, ഗന്ധർവൻമാർ, വിദ്യാധരന്മാർ, യോഗികൾ, മുനിമാർ, സിദ്ധന്മാർ, തപസ്വികൾ, സാധു സന്യാസിമാർ, സാധാരണക്കാർ തുടങ്ങി ഒട്ടനവധി പേര് ഈ ഭൂവിഭാഗം സന്ദർശിച്ചു പോകാറുണ്ടത്രേ.
അഞ്ചോ ആറോ റൂട്ടുകൾ ഭാരതത്തിൽ നിന്നും കൈലാസത്തിലേക്കായി ഉണ്ട്. ദർച്ചനിൽ ആണ് എല്ലാവരുടെയും അവസാന ബേസ്‌ക്യാമ്പ്. 3 ദിവസം കൊണ്ടാണ് പരിക്രമ മുഴുവനാക്കുന്നത്. ആദ്യ ദിവസം 16 കി.മി. നടന്ന് ഡാരാപപുക് അഥവാ വടക്കും മുഖം എന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പിറ്റേന്ന് 18,600 അടി ഉയരത്തിൽ ടിബറ്റൻ ദേവതയായ ഡോൽമ കാത്തു സൂക്ഷിക്കുന്ന ചുരം കടക്കണം. കാലാവസ്ഥ ഈ ഭാഗങ്ങളിൽ പ്രവചനാതീതമാണ്. പ്രാണവായു കുറഞ്ഞ സ്ഥലമായതിനാൽ വളരെ ശ്രദ്ധിച്ചു പോകണം. രണ്ടാം ദിവസം തെക്കും മുഖത്ത് ക്യാമ്പ് ചെയ്തു പിറ്റേന്ന് ഉച്ചക്ക് മുൻപായി പരിക്രമ തീരുന്നു. മാനസ സരോവർ നടന്ന് പരിക്രമ ചെയ്യുന്നവരും ധാരാളമുണ്ട്.
നേപ്പാളിനോട് വിടപറഞ്ഞ് തിരിച്ചു നാട്ടിൽ എത്തുന്നവരെ ടിബെറ്റൻ പീഠഭൂമിയിലെ ജനവാസമില്ലാത്ത വേറിട്ട ഭൂവിഭാഗങ്ങളും ഭയപ്പെടുത്തുന്ന കാലാവസ്ഥയും നീലത്തടാകവും ബ്രഹ്മപുത്രയും മാനസസരോവറും, ബുദ്ധക്ഷേത്രവും, വെണ്മയിൽ കുളിച്ചു തലയുയർത്തി നിൽക്കുന്ന മഹാകൈലാസവും എല്ലാം സദാ മനക്കണ്ണാടിയിൽ നിറഞ്ഞു നിന്നു. മൂന്ന് രാത്രികൾ ഒപ്പം കഴിഞ്ഞ ജയന്തി ചേച്ചി വിട്ടുപോയതും തുടങ്ങി ദുഖഃസംഭവങ്ങളും ബാക്കി നിൽക്കുന്നു.
കാഠ്‌മണ്ഡുവിൽ നിന്നും അധിക ദൂരത്തല്ലാതെയുള്ള ശിവപുരി മലയടിവാരത്തിലെ ബാബയുടെ ആശ്രമം സന്ദർശിക്കാൻ വിട്ടുപോയത് വല്ലാത്തൊരു നഷ്ടം തന്നെയായി.യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ രാജരാജ വർമ്മ സാർ, (അമ്മമ്മയുടെ കോളേജിലെ പ്രൊഫസര്‍) ശിവപുരി ബാബയുടെ ആശ്രമം സന്ദർശിച്ചില്ലേ എന്ന് ചോദിച്ചപ്പോളാണ് അദ്ദേഹത്തിന്റെ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നിയത്. വളരെ ചെറുപ്രായത്തിൽത്തന്നെ വേദങ്ങളും മറ്റും ഹൃദിസ്ഥമാക്കി സന്യാസം സ്വീകരിച്ചു് 'ഗോവിന്ദഭാരതി' എന്ന പേരിൽ പ്രസിദ്ധനായി. മുത്തശ്സൻറെ ആഗ്രഹപ്രകാരം ഭാരതം മാത്രമല്ല, ലോകം മുഴുവൻ 44 വർഷങ്ങൾ കൊണ്ട് നടന്ന് തീർത്ത ഒരു മഹാസന്യാസി. ദേശാടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുന്നംകുളത്തിനടുത്തുള്ള ജന്മനാടും കൈമാറിപ്പോയ ജന്മഗൃഹവും അവസാനമായി സന്ദർശിക്കാൻ പോയപ്പോൾ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ശിഷ്ടകാലം ശിവപുരി മലയുടെ താഴെ നേപ്പാള്‍ രാജാവ് വൈസ്രോയിയുടെ നിര്‍ദ്ദേശപ്രകാരം ഏക്കര് കണക്കിന് സ്ഥലം അനുവദിച്ചു വെങ്കിലും ധൃവസ്ഥലി എന്ന സ്ഥലത്തു ഒരു കുടിലിൽ വെച്ചുകെട്ടിയാണ് അദ്ദേഹം ശിഷ്ടകാലം കഴിച്ചുകൂട്ടിയത്.
നേപ്പാൾ രാജാവിന്റെ കിരീട ധാരണത്തിൽ പങ്കുചേരാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ രാധാകൃഷ്ണൻ നേരെ പോയത് ബാബയുടെ ആശ്രമത്തിലേക്കായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ആരായിരുന്നു എന്ന് നമ്മുടെ നാട്ടുകാർ അറിയുന്നത്, കുന്നംകുളത്തിന്നടുത്ത് കൃഷ്‌ണാഢ്യൻ എന്നറിയപ്പെടുന്ന കറുത്തേടത്ത് മനയിൽ ജനിച്ച മഹായോഗി. താൻ സഞ്ചരിച്ച രാജ്യങ്ങളിലെ എല്ലാ ഭരണത്തലവന്മാരെയും, ശാസ്ത്രജ്ഞരെയും, സാഹിത്യകാരന്മാരെയും സന്ദർശിച്ച് സംവാദങ്ങൾ നടത്തി ഭാരതത്തിന്റെ പൈതൃകം ലോകമെമ്പാടും എത്തിച്ച മഹാ സന്യാസിക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
137 വയസ്സുവരെ ജീവിച്ച ദിവ്യ പുരുഷനായ ബാബ അവസാനനാളുകൾ ചെലവഴിച്ച ആ പുണ്യഭൂമിയിൽ മൂന്നുനാല് ദിനരാത്രങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിൻറെ ആശ്രമം സന്ദർശിക്കാൻ സാധിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കിവെച്ചുകൊണ്ട് ഇനിയും ഒരു യാത്ര തരപ്പെട്ടെങ്കില്‍ എന്ന വ്യാമോഹത്തോടെ... ....
ജയ് ഭാരത് ! ജയ് ജയ് കൈലാസ് !!