Tuesday, 23 February 2021

സ്പന്ദനങ്ങള്‍ --യോഗ(1, 2 )

 June 27, 2016

അനുഭവമാണ്‌ ഗുരു-
യോഗ ചെയ്‌താല്‍ മാത്രം തന്നെയേ, അതിനെപ്പറ്റി വിലയിരുത്താന്‍ പറ്റൂ.....
കുറച്ചു ദിവസം മുന്നേ, യോഗയെപ്പറ്റിയുള്ള എന്റെ പോസ്റ്റ്‌-നു കീഴെ, ഞാന്‍ യോഗ ചെയ്യില്ല, എന്റെ കുട്ടിയേയും ചെയ്യിക്കില്ല....എന്നാരോ എഴുതിക്കണ്ടു...അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.
ഞാന്‍ ൧൬ വര്‍ഷമായി നാട്ടിന്പുറത്താണ് താമസം....ഇവിടെ യോഗ പഠിക്കാനുള്ള സൌകര്യമൊന്നുമില്ല.
വര്‍ഷങ്ങള്‍ക്കു മുന്പ്...
പക്ഷെ 7 കിമി ദൂരത്തു 'ആര്‍ട്ട്‌ ഓഫ് ലിവിംഗ് ' കോഴ്സ് നടത്തുന്നുണ്ട് എന്ന് കേട്ടപ്പോള്‍ പോയി ചേര്‍ന്നു. കോഴ്സ് ചെയ്തു.ഭയങ്കര സുഖവും അനുഭവപ്പെട്ടു.
പോയി ചേരാന്‍ കാരണം, ഈ കോഴ്സ് ചെയ്ത 2 വ്യക്തികളില്‍, ഒരാളുടെ പെരുമാറ്റത്തില്‍ കണ്ട അത്ഭുതകരമായ മാറ്റവും, മറ്റൊരാളുടെ ശാരീരിക അസുഖം മാറിയതും...
കുറെക്കാലമായി ശ്വാസം മുട്ട് അനുഭവിച്ചിരുന്ന എന്റെ ബന്ധുവിന്, ഈ കോഴ്സ് കഴിഞ്ഞതോടെ ശ്വാസം മുട്ട് മാറി. പിന്നീട് പ്രസവസമയത്ത് സിസേറിയന്‍ ആക്കേണ്ടി വന്നു....ഒരു പ്രശ്നവും ഉണ്ടായില്ല...
എന്‍റെ 2 ഹിമാലയന്‍ യാത്രകള്‍ക്കും, കൈലാസ് മാനസ സരോവര്‍ യാത്രയ്ക്കും പിന്നിലെ രഹസ്യവും ഇത് തന്നെ....
അത് മാത്രമല്ല.......
ഇനിയുമുണ്ട് എഴുതാൻ....................................................................
[ഇതൊരു പരസ്യത്തിനുള്ള പോസ്റ്റ് അല്ല]
നന്നായി ശ്വസിയ്ക്കൂ.......അന്ത്യശ്വാസം സുഖകരമാകട്ടെ!!
ജയ്‌ ഗുരു ദേവ്......

Sept 27, 2015 

ജയ് ഗുരു ദേവ് !!
അങ്ങിനെ എന്റെ മുടങ്ങിക്കിടന്ന 'യോഗ'പുനരാരംഭിച്ചു.....
സൂര്യഭഗവാന്‍ നീങ്ങി നീങ്ങി ഉത്തരഭാഗത്ത്‌ അയനാന്തത്തില്‍ എത്തിയത് ജൂണ്‍ ൨൧-നു.(21). അന്നുതന്നെയാണ് ലോകയോഗദിനത്തിനു ഹരിശ്രീ കുറിച്ചത്..

"യോഗ" -'ശരീരമാദ്യം ഖലു ധര്‍മസാധനം'..ഇതൊരു ആപ്തവാക്യമാണ്.
രോഗരഹിതമായ, ആരോഗ്യമുള്ള ശരീരമാണ് ധര്‍മ പ്രവര്‍ത്തനത്തിനുള്ള മുഖ്യ സാധനം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് സ്ഥിതി ചെയ്യൂ.

യോഗശാസ്ത്രം ഒരു ജാതിയുടെയും കുത്തകയല്ല.

യോഗ-
യോഗാസനങ്ങളും, പ്രാണായാമവും നിത്യേന ചെയ്യുന്നത്കൊണ്ട് പ്രാണവായു കൂടുതല്‍ ഉള്ളില്‍ കടക്കുകയും അങ്ങിനെ രക്തവും. നാഡികളും ശുദ്ധീകരിക്കപ്പെടുകയും മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശാരീരികവും, മാനസികവുമായ പിരി മുറുക്കങ്ങള്‍ ഇല്ലാതാവുന്നു, അങ്ങിനെ മനശ്ശാന്തിയും ദീര്‍ഘായുസ്സും ഉണ്ടാവുകയും ചെയ്യുന്നു.

യോഗ ചെയ്യുക, അതിന്റെ ആനന്ദം അനുഭവിയ്ക്കുക..എല്ലാവര്‍ക്കും യോഗചെയ്തു അതിന്റെ ഗുണം അനുഭവിയ്ക്കാന്‍ യോഗമുണ്ടാകട്ടെ എന്ന് പ്രാര്ത്ഥിച്ചുകൊണ്ടു...ॐ ॐ

Monday, 15 February 2021

പ്രതികരണങ്ങള്‍ -പത്രം ..ദത്തുമാഷ്

 Uma Namboodiri shared a memory.

May 31, 2016 5:04am
ആയുസ്സ് പരമാവധി നീട്ടി കൊണ്ടുപോകാന്‍ ശ്രമിയ്ക്കുന്നു....എന്നിട്ടെന്തുനേട്ടം???
ഷഷ്ടിപൂര്ത്തിയും, സപ്തതിയും, മറ്റും മറ്റും കേമമായി കൊണ്ടാടി....എന്നിട്ടെന്തുണ്ടായി???
മരണാനന്തരം മാവിന്റെ പശതട്ടി കത്തിച്ചാമ്പലാവാനും പറ്റി .....എന്നിട്ടെന്തുണ്ടായി?????
കാലം കടന്നു പോയി, അങ്ങിനെയൊരാള്‍ ജീവിച്ചിരുന്നുവോ ??? ലോകം ചോദിയ്ക്കുന്നു.
"നോക്കൂ, മനുഷ്യന്റെ സൌന്ദര്യം എന്നുപറയുന്നത് ഇതാണ്. പരോപകാരാര്ത്ഥമുള്ള ജീവിതം. സഹജീവികളെ കരുതലോടെ ചേര്‍ത്തു പിടിയ്ക്കുന്ന മനോഭാവം. അതുള്ളിടത്ത് വിജിഗീഷുവായ മൃത്യുവിനുപോലും താഴ്ത്താനാകാത്ത ജീവിതത്തിന്റെ കൊടിപ്പടം പാറുക തന്നെ ചെയ്യും!"
മേല്‍പ്പറഞ്ഞ വരികള്‍ സംസാരിക്കാന്‍ നാക്കില്ലാത്ത, താടിയെല്ലുകളില്ലാത്ത, ഇടിഞ്ഞു തൂങ്ങിയ കവിളുകളുള്ള 'ചന്ദ്രദത്ത്' എന്ന 70 കാരന്റെ, തൃശൂരിലെ തളിക്കുളം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ ആത്മസൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു മഹാമനുഷ്യന്റെ.......... കൂടുതല്‍ അറിയാന്‍ ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പ് വായിക്കൂ....
ജീവിതപന്ഥാവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എങ്ങും എന്റെ പാദമുദ്രകള് പതിഞ്ഞു കാണുന്നില്ലാ......
ദീര്ഘയുസ്സുണ്ടായിട്ടെന്തു കാര്യം?????
ദത്ത് മാഷുടെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിയ്ക്കുന്നു.....

സ്പന്ദനങ്ങള്‍ ----ശിവരാത്രി ഓര്‍മ്മ


ॐ नम शिवाय !!
ശംഭോ ! മഹാദേവ !!!

38 വര്ഷം മുന്നെ ഒരു ശിവരാത്രിനാള്‍. 3 മണിക്കൂറിലധികം സമയം ‍ക്യു നിന്ന് കാശി വിശ്വനാഥനെ ദര്ശിച്ചത് ഓര്ക്കുകയാണ്......

ക്ഷേത്രത്തില് നിന്നും കുറേ ഇപ്പുറത്ത് ഏതോ തെരുവില്‍ ഡ്രൈവര് ഇറക്കി വിട്ടു. അമ്മയുടെ (തറവാട്ടിലെ) കയ്യും പിടിച്ചു മുന്നോട്ട് നീങ്ങി. അനന്തമായ ജനസാഗരം മുന്നില്‍ .....ഏവരും ശിവലോകത്ത്.........എന്തായാലും ക്യു വില്‍ സ്ഥാനം പിടിച്ചു. അനക്കമില്ലാത്ത വരിയിലല്‍ അങ്ങിനെ നിര്‍വ്വികാരതയോടെ നിന്നു. ഇടത്തും,വലത്തും കയര് കെട്ടി തിരിച്ച വഴികളിലെല്ലാം സ്ത്രീജനങ്ങളാണ് എന്നതൊരു ആശ്വാസം.

ശരിയ്ക്കും കാശി വിശ്വനാഥനെ സ്മരിച്ച നിമിഷം.......

ഇനി ഈ മഹാസാഗരത്തില് നിന്നും എങ്ങിനെ പുറത്തു കടക്കും എന്ന പരിഭ്രമം. എന്തായാലും അമ്മയെ തൊഴുവിപ്പിക്കേണ്ട ഉത്തരവാദിത്വം മാത്രം ചിന്തിച്ചാല്‍ മതി എന്ന് തീരുമാനിച്ചു. നിശ്ചലമായ ജനവരികളില്‍ അന്തമില്ലാതെ, സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ നില്‍ക്കവേ, മഹാദേവ സ്തുതികളും, കാവി-മഞ്ഞ വസ്ത്രധാരികളുടെ, വളണ്ടിയര്മാരുടെ, സ്നേഹപൂര്ണമായ ശാസനകളും അന്തരീക്ഷത്തില്‍ മുഴങ്ങുന്നതു ശ്രദ്ധിക്കാന്‍ തുടങ്ങി.. 'ഓം നമശ്ശിവായ എന്ന് ഉരുവിടുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ എന്ത് ചെയ്യുകയാകും എന്ന ചിന്തയില്‍ നിന്നും മനസ്സിനെ തിരിച്ചു കൊണ്ടുവന്നു..........

ഏറെ നേരത്തിനു ശേഷം വരി ചെറുതായൊന്നു അനങ്ങി. അപ്പോളാണ്, പരിചയമുള്ള ലോഗ്യം കേട്ടത്. ആദ്യം വിശ്വസിക്കാനായില്ല, മലയാളത്തിലുള്ള വര്ത്തമാനം ! തൊട്ടടുത്ത വരിയില്‍ രാധേടത്തി, ചെങ്ങല്ലൂരെ മാധവേട്ടന്റെ ആത്തെമ്മാര് !! ഹാവൂ !!! ഇതില് പരം സന്തോഷിക്കാന്‍ വേറെ എന്ത് വേണം? പിന്നെ അവിടുന്നങ്ങോട്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.....വിശ്വനാഥന്റെ തിരുമുമ്പില്‍ എത്തും വരെ ഞങ്ങള്‍ വര്ത്തമാനം തന്നെ. മലയാളം പറയാന്‍ ആളെ കിട്ടിയപ്പോള്‍, സമയവും നടന്ന ദൂരവും നീങ്ങുന്നത്‌ അറിഞ്ഞതേയില്ല. ഭാഷയുടെ മാസ്മരികതയോ, അതൊ മാനസിക നിലയോ? അപ്പുറവും, ഇപ്പുറവും നില്ക്കുന്നവര്‍ ഹിന്ദിയില്‍ വല്ലപ്പോഴും സംസാരിച്ചു. മണിക്കൂറുകള് നീണ്ട ഞങ്ങടെ സംഭാഷണ വിഷയം എന്തായിരുന്നു എന്നതിന് ഒരു പ്രസക്തിയും ഇല്ല. അമ്മയും നല്ല ഉത്സാഹത്തിലാണ്. ഈശ്വരാ, പരമശിവന് അറിഞ്ഞു ആശ്വസിപ്പിച്ചതു തന്നെ....

6 മണിയോടെ വിശ്വനാഥന്റെ മുന്നിലെത്തി. ദര്‍ശനം കഴിഞ്ഞപ്പോള്‍ വലിയൊരു ആശ്വാസം. അമ്മയെ തൊഴീപ്പിക്കാന്‍ പറ്റിയല്ലോ...

കൂട്ടത്തില്, അതിനു മുന്നത്തെ ശിവരാത്രി ഓര്‍ത്തു, അന്നേദിവസമാണ് അച്ഛനും അമ്മയും വാരണാസിയില്‍ വണ്ടിയിറങ്ങിയത്. മകനെ പ്രസവിക്കുന്നതിന്റെ ഒരു മാസം മുന്പ്. സന്ധ്യാനേരത്ത് ദശാശ്വമേധഘാട്ടില് പോയി. പറയത്തക്ക തിരക്കുണ്ടായിരുന്നില്ല. ആരതി കഴിഞ്ഞിരുന്നു. പലേ തരം ശിവഭക്തരുടെ വേഷവിധാനങ്ങളും, ശിവസ്മരണരീതിയും കണ്ടു നിന്നു.

ജടാധാരികള്‍,
ത്രുശൂലവും, കമണ്ഡലുവുമേന്തി പുലിത്തോല്‍ ഉടുത്തു നടക്കുന്നവര്‍, മേലാസകലം ഭസ്മം പൂശി കൌപീനം മാത്രം ധരിച്ചിരിക്കുന്നവര്, വിവസ്ത്രരായി ഭസ്മലേപനം ചെയ്തു നടക്കുന്നവര്,
ഭിക്ഷുക്കള്‍‍,
ഹര ഹര മഹാദേവ് എന്ന് ആക്രോശിക്കുന്നവര്,
മഹാദേവന്റെ പ്രസാദമാണ് എന്ന് വിശ്വസിച്ചു ഭാംഗ് കഴിച്ചു നടക്കുന്നവര്,........ .......ഈ ശിവലോകത്തില്‍ക്കൂടി, വിശ്വനാഥ ഗല്ലിയില്‍ക്കൂടി, ജനപ്രവാഹത്തില്‍ പെട്ടു ഒഴുകി ഒഴുകി, തിക്കിത്തിരക്കി ഒടുവില്‍ ഞങ്ങള്‍ 2 പേര്, 3 വയസ്സ് തികയാത്ത മകള്, അച്ഛന്, അമ്മ, എന്റെ വയറില്‍ സസുഖം ഇതെല്ലാം ശ്രദ്ധിച്ചു കിടന്നിരുന്ന മകന്‍-------- ‍-----ഏവരും സസുഖം വിശ്വനാഥ സന്നിധിയില്‍ എത്തി ദര്ശനം നടത്തി....

സമയമോ, ജനങ്ങളോ, ഗംഗയോ......ഏതിന്റെ ഒഴുക്കിനാണ് വേഗത എന്ന് സംശയിച്ച നിമിഷം !

എന്റെ കാശി വിശ്വനാഥാ, എന്തൊക്കെ രൂപത്തില് രക്ഷകനായി വന്നാണ് ഓരോ തവണയും സാമീപ്യം അറിയിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാതെ പോകുന്നല്ലോ !

ജയ്‌ ശങ്കര് ഭഗവാന് കീ !!!! ജയ്‌ ഭവാനീ.....
ശിവഭക്തര്ക്കെല്ലാം മഹാശിവരാത്രി നേരുന്നു......

ലോകാ സമസ്താ സുഖിനോ ഭവന്തു..........

നാട്ടുവിശേഷം ---- നരച്ചിയമ്മ


നരച്ചിയമ്മ......
.
*ജലജയുടെ പോസ്റ് കണ്ടപ്പോൾ എഴുതാൻ തോന്നുന്നു....
ആതവനാടിനെ തൊട്ടു കിടക്കുന്ന ഞങ്ങടെ നടുവട്ടത്തും ഒരു 'നരച്യേമ' യുണ്ടായിരുന്നു. അതിനെ കണ്ടവരും ഉണ്ടായിരുന്നു, കണ്ടു പേടിച്ചവരും.
സങ്കൽപ്പത്തിൽ, തലനരച്ചു ചുളിവുകൾ വീണ ഒരു വൃദ്ധ-വിരൂപ സ്ത്രീ രൂപം. സാധാരണ പൊട്ടക്കുളങ്ങളുടെ വക്കത്താണ് ഇത് പ്രത്യക്ഷപ്പെടുക. മനുഷ്യനെ കണ്ടാൽ സ്ഥലം വിടും. എന്നൊക്കെ ഞങ്ങൾ കുട്ടികൾ നരച്ച്യെമയെപ്പറ്റി പഠി ച്ചു വെച്ചിരുന്നു.
നടുവട്ടത്തെ എൽ.പി.സ്‌കൂളിനും യൂ.പി. സ്‌കൂളിനും ഇടയിൽ ഒരു ചോലയുണ്ടായിരുന്നു..ചോല എന്ന് പറഞ്ഞാൽ ഒരു കുണ്ടൻകുളം. സ്കൂള്‍ കുട്ടികളും നാട്ടുകാരും സാധാരണ വഴി നടക്കുന്നതു. ചോലയുടെ വക്കത്തുകൂടിയാണ്
(ഇപ്പോഴും ഉണ്ട്.....സ്വകാര്യവ്യക്തിയുടെ കൈവശമാണ്.)
.
പൊട്ടിപ്പൊളിഞ്ഞ പടവുകൾ. സൂക്ഷിച്ചു വേണം താഴെ ഇറങ്ങാന്‍. കുറച്ചു വെള്ളം മാത്രമേ കാണൂ. ഏതു കാലത്തും. ..
യൂ.പി. സ്കൂളിലെ കുട്ടികൾ ചോറ്റുപാത്രം മോറിയിരുന്നത് ചോലയിൽ ഇറങ്ങിയാണ്. എല്‍ പി സ്കൂളിലെ കുട്ടികളാരും ഒറ്റയ്ക്ക് ചോലയുടെ സമീപത്തു കൂടി പോകാറില്ല.
നാട്ടുകാർ ചിലര്‍ ഈ ചോലയിൽ നരച്ച്യേമേ കണ്ടിട്ടുണ്ടത്രെ. പലരും പേടിച്ചിട്ടുമുണ്ട്. എന്നാൽ നരച്യേമ ആരെയും പേടിപ്പിച്ചതായോ, ഉപദ്രവിച്ചതായോ ആയി കേട്ടില്ല.
അറ്റ വേനലില് അക്കാലത്ത് ചോലയിൽ നിന്ന് അടുത്തുള്ള വീട്ടുകാർ വെള്ളം മുക്കിക്കൊണ്ട് പോയിരുന്നു.. ചിലർ കുളിയും, തുണി അലക്കലും പതിവാക്കി. ആരും നരച്യെമയെ കണ്ട കഥ പറഞ്ഞ് പേടിച്ചു ചോലയില് ഇറങ്ങാതിരുന്നിട്ടില്ല. ചോലയുടെ ഇടത്ത് ഭാഗത്ത് കുറച്ചു താഴെയായി ഒരു ഗുഹയുണ്ട്. ഗുഹയിൽക്കൂടി നടന്ന് പോയാൽ ആതവനാട് എത്തുമെന്ന് കേട്ടിരുന്നു. പക്ഷേ, ഈ നാട്ടിൽ ജീവിച്ചിരുന്ന ആരും അതിനുള്ളിൽ കയറി നോക്കാനുള്ള ധൈര്യം കാണിച്ചിരുന്നില്ല. നരച്ച്യേമയുടെ താമസം അതിനുള്ളിലായിരുന്നുവത്രെ.
(ഇന്ന് ചോലയും അടുത്ത പ്രദേശങ്ങളുമൊക്കെ അന്യാധീനപ്പെട്ടിരിയ്ക്കുന്നു. )
വീട്ടിലെ അകത്തമ്മമാർ മാത്രം ഉപയോഗിച്ചിരുന്ന ചെറിയകുളം എന്ന് ഞങ്ങൾ വിളിച്ചിരുന്ന സ്ത്രീകള്‍ മാത്രം കുളിച്ചിരുന്ന കുളത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പ്രധാന പാമ്പിൻകാവ്. അതിനപ്പുറം വിശാലമായ വല്യകുളം, അഥവാ കുളപ്പുരയുള്ള പുരുഷന്മരുടെ കുളം. അപ്പുറത്ത് പൊതു കടവും..
ചെറിയകുളം കാണുമ്പോൾ എപ്പോഴും തോന്നിയിരുന്നു, ഈ കുളം നരച്ച്യേമ്മമാർ ഇഷ്ടപ്പെടാതിരിയ്ക്കില്ല എന്ന്. ( ഈ കുളത്തിനു തെക്കോട്ടു ഒരു വാലുണ്ടായിരുന്നു. അകത്തെ സ്ത്രീകൾ അശുദ്ധമായിരിക്കുമ്പോൾ അതിലെയാണ് കുളത്തിലിറങ്ങുക). അതിലേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുഭാഗത്തും, കുളത്തിന്റെ അക്കരയിലും ഇടതു ഭാഗത്തും പൊന്തക്കാടുകൾ
ഒറ്റയ്ക്ക് ആ കുളത്തില് പോകുമ്പോള് പൊന്തയ്ക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന നരച്ച്യേമ്മ എന്നെ നോക്കുന്നുണ്ടാകുമോ എന്ന് സംശയിച്ചിരുന്നു.
അങ്ങിനെ ഒരു തൃസന്ധ്യക്ക്‌ പാമ്പുംകാവിന്റെ ഭാഗത്തേയ്ക്ക് ഒരു തല നരച്ച സ്ത്രീ രൂപം ഓടിക്കേറുന്നതു ഞാൻ കണ്ടുവോ?
ഇന്നലെ രാത്രി കിടക്കുമ്പോൾ നരച്ച്യേമയായിരുന്നു മനസ്സിൽ...
ഉറക്കത്തിൽ വന്നു ഉപദ്രവിയ്ക്കാതിരിക്കാൻ അർജുനൻ ഫൽഗുനൻ....ചൊല്ലിക്കിടന്നു. കൂടാതെ മൗനമായി ചൊല്ലി, ആലത്തൂരെ ഹനൂമാനേ ....
ഇത്തരം വിശ്വാസങ്ങൾ, (കെട്ടു) കഥകൾ, സങ്കൽപ്പങ്ങൾ ......
ഭൂതപ്രേതാദികൾ, രാത്രി കാലങ്ങളിൽ സഞ്ചരിച്ചു ശത്രുസംഹാരം നടത്തുന്ന ഒടിയന്മാർ, ....
പന മുകളിൽ വസിയ്ക്കുന്ന യക്ഷിമാർ,....
പകർച്ചവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവതമാർ, ...
കുട്ടിച്ചാത്തന്മാർ......
ദുർദ്ദേവതകളിൽ നിന്നും രക്ഷയ്ക്കായി നടത്തുന്ന പൂജകൾ.....
.ബലികൾ....
മാട്ടും മാരണോം, അല്ലെങ്കിൽ കൂടോത്രങ്ങൾ........
ഇതൊക്കെയാണ് നമ്മുടെ മലയാളഗ്രാമങ്ങളുടെ മാഞ്ഞു പോയ മുഖമുദ്രകൾ.....
വ്യർത്ഥമെങ്കിലും .ഇത്തരം സമരണകള് നമ്മുടെ പഴയ ഗ്രാമങ്ങളെ സജീവമാക്കുന്നില്ലേ ?.
കാലത്തിനൊപ്പം ഭൂപ്രകൃതി തന്നെ മാറി വരുന്നു, ഋതുക്കൾക്കും ഭേദഭാവങ്ങൾ.....ഇതെല്ലാം മനുഷ്യരിലും അറിയാതെ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിയ്ക്കും.....
എങ്കിലും ഇന്നും "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" തന്നെ !

ജലജ, ആതവനാട് ആഴ്വാഞ്ചേരി കുടുംബാംഗം. അത് വായിച്ചപ്പോളാണ് നമ്മുടെ ദേശത്തെ നരച്യെമ സങ്കല്‍പം ഓര്‍മ്മ വന്നത്. കുത്തിക്കുറിച്ചതും.
അത് ‌ വായിച്ച പലരും അവരുടെ നാട്ടിലെ നരച്യെമയെ പറ്റിയും,, അതേപോലെയുള്ള അജ്ഞാത രൂപങ്ങളെപ്പറ്റിയും എഴുതിക്കണ്ടപ്പോള്‍ നല്ലരസം തോന്നി.

കാഴ്ചയിലും ജീവിതരീതിയിലുമൊക്കെ വൈവിദ്ധ്യം നിറഞ്ഞ നമ്മുടെ രാജ്യത്തൊട്ടാകെ ഇത്തരം സങ്കല്പങ്ങളും കഥകളും നിരവധിയുണ്ട്..

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...