Friday, 25 September 2020

സ്പന്ദനങ്ങള്‍ --ജന്മനാട് (നാവാമുകുന്ദ ഹരേ) f

സ്പന്ദനങ്ങള്‍.:_ ഏപ്രില്‍, 2014
(ജന്മനാട് )
നാവാമുകന്ദാ ഹരേ !!
മദാമ്മയ്ക്ക് എന്തു മാമാങ്കം?
അതിഥിയായ മദാമ്മയേയും കൊണ്ടു ഒന്ന് നാട് ചുറ്റാം എന്ന് കരുതി ഞങ്ങള്‍ ഉച്ച തിരിഞ്ഞു യാത്ര പുറപ്പെട്ടു.
തെക്കേ നാഗപറമ്പ് കഴിഞ്ഞാല്‍ നാറമ്പ് (നാഗപറമ്പ്) അഥവാ നടുവട്ടം സെന്ടര്‍. ഞങ്ങടെ നാടിന്റെ ഹൃദയഭാഗം. അന്നും, ഇന്നും ഒരേപോലെ അല്ലെങ്കില്‍ അത്രയ്ക്കൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലാത്ത നാട്ടിന്‍പുറം.
മദാമ്മയ്ക്ക് ചെറിയ ഒരു വിവരണം ഈ നാടിനെപ്പറ്റി കൊടുക്കാതിരിക്കുന്നതെങ്ങിനെ?
ഈ നാടിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അനന്തനും തോറ്റുപോകും. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. 'എന്ടുപ്പാപ്പാക്കൊരാനെണ്ടാര്‍ന്നു .'.എന്ന് പറഞ്ഞപോലെ, ദശാബ്ദങ്ങള്‍ പിന്നിട്ട സംഗതികളാണെങ്കിലും...........
(എന്റെ ഉപ്പാപ്പായെ എങ്ങിനെ മറക്കും? അദ്ദേഹത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന ചില അവശിഷ്ടങ്ങള്‍ / ഓര്‍മ്മപ്പെടുത്തലുകള്‍ ഇവിടെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.)
ഈ നാറമ്പില്‍ പണ്ട് ഉണ്ടായിരുന്ന 2 വരി പീടികമുറികളും, ചെറിയ സ്കൂള്‍ (ഒന്നുമുതല്‍ അഞ്ച് വരെ) കെട്ടിടവും അദ്ദേഹമാണ് നിര്‍മ്മിച്ചത്. തെക്കേ വരിയില്‍ മുകളിലെ നിലയില്‍.പോസ്റ്റ്‌ ആഫീസും, വായനശാലയും. താഴെ തുണിക്കട, അതോടു ചേര്‍ന്ന് ഒരു ഒരു തയ്യല്ക്കട, പലചരക്ക് കട, ചായപ്പീടിക വടക്കെ വരിയില്‍ സ്കൂൾ കുട്ടികൾക്കുവേണ്ട സ്ലേറ്റ്, പെൻസിൽ, നോട്ട് ബുക്ക് കൂടാതെ ലോസഞ്ചർ മിഠായി. പലചരക്ക്കള് ഒക്കെ യുള്ള പീടിക, തൊട്ടപ്പുറത്ത് റെഷന്‍ കട, നാട്ടുമരുന്നുകട തുടങ്ങി.......
പകലന്തിയോളം സജീവമാണ് ഈ നാറമ്പങ്ങാടി. (അന്നും ഇന്നും)
ഇവിടത്തെ ഭൂപ്രകൃതി തന്നെ പ്രത്യേകതയുള്ളതാണ്. അവിടവിടെയായി ധാരാളം കറുത്ത പാറകൾ തലയുയർത്തി നിന്നിരുന്നു. (റോഡും പുതിയ കടകളും വന്നപ്പോള്‍ അവയൊക്കെ അപ്രത്യക്ഷമായി. പാറകൾ. ചില സ്ഥലങ്ങളില്‍ പാറ തുരന്നു വൃത്താകൃതിയിൽ ഗുഹകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്തു നിർമ്മിച്ചതാണെത്രെ. ആളുകൾക്ക് ഒളിച്ചിരിയ്ക്കാൻ പറ്റുന്നതാണ് എന്ന് കണ്ടാലറിയാം. എനിക്ക് ഓർമ്മയുള്ള കാലത്തു മുടി മുറിച്ചിട്ടതും മറ്റു ചണ്ടി പണ്ടാരങ്ങളുമാണ് അതിൽ നിക്ഷേപിച്ചിരുന്നത്.
എല്‍.പി സ്കൂളിനു നേരെ മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരാലുണ്ടായിരുന്നു. ഈ ആലും സ്കൂളും പീടികകളുമായിരുന്നു ഒരുകാലത്ത് നാറമ്പിന്റെ മുഖമുദ്രകള്‍. ആലിന്റെ ചുവട്ടില്‍ സമൃദ്ധമായ കരിമ്പാറകള്‍. അതിന്മേല്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയാകാം. പലപ്പോഴും പച്ചയും ചുവപ്പും മഞ്ഞനിറവുമുള്ള പഴങ്ങൾ വീണു പാറയിലെ കുഴികൾ നിറഞ്ഞിരിയ്ക്കും. വൈകുന്നേരങ്ങളില്‍ മാഷുമ്മാരും, മറ്റു നാട്ടാരും സന്ധ്യക്ക്‌ പക്ഷികള്‍ ചേക്കേറി ബഹളം കൂട്ടുന്നവരെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരു സങ്കേതം കൂടിയായിരുന്നൂ ഈ ആലിന്ചോട്.
കുറച്ചു അപ്പുറത്ത് ഒരു അത്താണിയുണ്ടായിരുന്നു. തണ്ണീര്‍‍പ്പന്തല്‍ ആലിന്ചോട്ടില്‍ തന്നെ.  ‍
ആലിന്റെ വടക്ക് പടിഞ്ഞാട്ട് കുറച്ചു നടന്നാല്‍ ധാരാളം പഴങ്ങള്‍ ഉള്ള മറ്റൊരു ഒരാല് കൂടി ഉണ്ടായിരുന്നു. നേരെ താഴേയ്ക്ക് ഇറക്കമാണ്. ഇറങ്ങി ഇറങ്ങി എത്തുന്നത് എന്റെ ജന്മഗൃഹത്തില്‍.
എൽ പി സ്‌കൂളിൽ നിന്നും യു.പി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു ചോലയുണ്ട്. ചോലയിൽ ഒരു ഗുഹയുണ്ടായിരുന്നു. പൊതുവെ, നാട്ടുകാർക്കൊക്കെ 'ഇമ്പാച്ചിപ്പേടി' ഉണ്ടായിരുന്ന ഒരു പൊട്ടക്കുളമായിരുന്നു ഇത്. പക്ഷേ, യുപി സ്കൂളിലെ കുട്ടികള്‍ ഇതിലിറങ്ങി ചോറ്റുപാത്രം കഴുകാറുണ്ടായിരുന്നു. ചിലവീട്ടുകാര്‍ നനയും കുളിയും നടത്തിയിരുന്നു.
(കാലം, അല്ല, മനുഷ്യര്‍ തന്നെ ഈ മുഖമുദ്രകള്‍ ഒട്ടൊക്കെ എടുത്തു മാറ്റിയിരിയ്ക്കുന്നു!)
നടുവട്ടം, അഥവാ, നാറമ്പ് സെന്റര്‍-ല്‍ നിന്നും കിഴക്കോട്ടുപോയാല്‍, ആതവനാട് എന്ന ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വസിക്കുന്ന നാട്ടിലെത്തും. തെക്ക് കിഴക്കോട്ടു നടന്നാല്‍ കുറ്റിപ്പുറം ഭാഗത്തെയ്ക്കും. പടിഞ്ഞാട്ടായാല്‍ മാണിയംകാട്, ആനപ്പടി കഴിഞ്ഞു, റയിലുകൊണ്ടെത്തിയ്ക്കുന്നത്  തിരുന്നാവായ സ്റ്റേഷനിലേക്ക്. അതും കഴിഞ്ഞാല് ചരിത്ര പ്രസിദ്ധമായ മാമാങ്ക ഭൂമിയിലും .
വടക്കോട്ടിറങ്ങിയാല്‍, വളവും തിരിവും കഴിഞ്ഞു അനന്താവൂര്‍ പാടത്തെത്തും. നമ്മുടെ ഇന്നത്തെ യാത്ര ഈ വഴിയിലൂടെയാണ്.
രണ്ടുപേര്‍ക്ക് തൊടാതെ നടക്കാന്‍ പറ്റാത്ത കുണ്ടനിടവഴികള്‍ വീതി കൂട്ടി 60 കളുടെ അവസാനകാലത്ത് ഉണ്ടാക്കിയ റോഡില്‍ക്കൂടി രണ്ടു മൂന്നു തിരിവുകളും വളവുകളും കഴിഞ്ഞാല്‍ അനന്താവൂര്‍ പാടത്തിന്റെ വക്കത്തെത്തും. പാടത്തിന്റെ ഇടത്തെ അറ്റം അങ്ങിനെ നീണ്ടു പടിഞ്ഞാട്ടു പോയി വലിയപറപ്പൂര്‍ കായലില്‍ച്ചെന്ന് അവസാനിയ്ക്കുന്നു. കേരളത്തിലെ പ്രസിദ്ധമായ ചെന്താമരക്കൃഷി നടത്തുന്ന മനോഹരമായ വലിയപറപ്പൂര്‍ താമരക്കായലാണിത്. കായലിന്റെ അതിര്‍ത്തി കുറിയ്ക്കുന്നത് റയില്‍പ്പാളങ്ങള്‍.
വലതു ഭാഗത്ത്, കുറച്ചു ദൂരെ ഞങ്ങളുടെ കുടുംബ ക്ഷേത്രമായിരുന്ന കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രവും, ക്ഷേത്രക്കുളത്തിന്റെയും, ക്ഷേത്രത്തിന്‍റെയും ഇടയില്‍ വടക്കുഭാഗത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള, വെട്ടത്തു രാജാവിന്റെ കാലത്തെ അനുസ്മരിക്കുന്ന ഒരു ആലും കാണാം.
(പണ്ട്, ജന്മഗൃഹത്തിന്‍റെ പടിഞ്ഞാറേപ്പടിക്കല്‍ നിന്നാല്‍ ദൂരെ ക്ഷേത്രം കാണാമായിരുന്നു. ഇന്ന് കോണ്‍ക്രീറ്റ് സൌധങ്ങള്‍ പാടത്ത് തലയുയര്‍ത്തി നിന്ന് കാഴ്ച മറയ്ക്കുന്നു.  വലിയ തോടും, താഴെയുള്ള ചെറിയതോടും റോഡിനു വഴിമാറിക്കൊടുത്തു!) 
പാടം കഴിഞ്ഞു വലിയപറപ്പൂരില്‍ക്കൂടിയുള്ള യാത്ര തിരുന്നാവായ --പുത്തനത്താണി ഹൈവേയില്‍ച്ചെന്നെത്തിയ്ക്കുന്നു.
വലത്തോട്ട് ഒന്നര കി.മി. പട്ടര്നടക്കാവ് വഴി പോയാല്‍, റോഡിന്‍റെ വലതു ഭാഗത്ത് ചന്ദനക്കാവും, നാരായണീയ കര്‍ത്താവ്, ശ്രീ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലവുമായി. എന്നാല്‍ നമ്മള്‍ എടത്തോട്ടെയ്ക്കാണ് തിരിയുന്നത്. 
ഒന്നൊന്നര കി.മി.കഴിഞ്ഞാല്‍ കുന്നിന്‍പുറം എന്ന സ്ഥലം. ഇവിടെ നിന്ന് വലത്തോട്ട് ഒന്ന് എത്തി നോക്കിയാല്‍ കാണുന്ന സ്ഥലത്താണ് ചരിത്ര പ്രാധാന്യമുള്ള ചങ്ങമ്പിള്ളി വൈദ്യന്മാരുടെ തറവാടും, ഇപ്പോഴത്തെ ചികില്സാഭവനും. പണ്ട് സാമൂതിരി മാമാങ്കകാലത്ത് മുറിവേല്‍ക്കുന്നവരെ  ചികിത്സിക്കാനായി ആയോധനകലകളിലും ആയുര്‍ വേദത്തിലും പ്രാവീണ്യം നേടിയ തുളു ബ്രാഹ്മണരെ ഇങ്ങോട്ട് വരുത്തി. അവരുടെ വംശ പരമ്പരയില്‍പെട്ട ഒരു പ്രധാന കണ്ണിയാണ് ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ (ഗുരുക്കള്‍). ആയുര്‍വേദ  ചികിത്സയും പാരമ്പര്യ മര്‍മ്മചികിത്സയും മാത്രമല്ല, രോഗിയുടെ ശരീരവും മനസ്സും ഒരേപോലെ അറിഞ്ഞ് ആദ്ധ്യാത്മികരീതിയിലുള്ള പ്രത്യേകസമീപനമാണ് കൈക്കൊള്ളുന്നത്. സൂഫി ഗുരുവില്‍ നിന്നും വൈദ്യത്തില്‍ ശിക്ഷണം ലഭിച്ച ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ കൈനാഡി പരിശോധന നടത്തി അപ്പപ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്ന പ്രതിവിധികള്‍ക്കനുസൃതമായ ചികിത്സാ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്  വീടിന് ചുറ്റും അപൂര്‍വങ്ങളായ ഔഷധസസ്യങ്ങള്‍ പരിപാലിച്ചു വരുന്നു. ചില ഗവേഷണ പദ്ധതികളും അദ്ദേഹവും ആയുര്‍വേദ ഡോക്ടറായ മകളും ചേര്‍ന്ന് നടത്തിപ്പോരുന്നു. പഴയകാലത്തെ ചങ്ങമ്പിള്ളി കളരിയും മരുന്നറയുടെ അവശിഷ്ടങ്ങളും ഇന്ന് സംരക്ഷിച്ചു വരുന്നുണ്ട്.   
ഇവിടെ അടുത്തു തന്നെ പഠാണികളുടെ വിശുദ്ധ മഖാം കാണാം. മലബാറില്‍ പടയോട്ടം നടത്തിയിരുന്ന കാലത്ത് ടിപ്പുസുല്‍ത്താന്റെ പടനായകനായിരുന്ന പഠാണി ശഹീദ്ന്‍റെ അന്ത്യവിശ്രമാസ്ഥാനമാണ് ഈ മഖ്ബര.1821ലെ മലബാര്‍ കലാപകാലത്ത് പട്ടാളം ഇവിടെയാണത്രേ തമ്പടിച്ചിരുന്നത്. പില്‍ക്കാലത്ത് കുന്നുംപുറം ജാറം മുസ്ലിം വിശ്വാസികളുടെ സന്ദര്‍ശന സ്ഥാനമായി. ഇപ്പോള്‍ ജാതി ഭേദമില്ലാതെ ഭക്തര്‍ സന്ദര്‍ശിയ്ക്കുന്ന പുണ്യസ്ഥാനം കൂടിയാണിത്.
മുന്നോട്ടുള്ള യാത്രയിൽ, ഇടതു ഭാഗത്ത് ഒന്നരാള് ഉയരത്തില്‍ വെട്ടുകല്ലില്‍ തീര്‍ത്ത വീതിയുള്ള ചെങ്കല്‍പലക വള്ളിപ്പടര്പ്പുകള്‍ക്കുള്ളില്‍ കുത്തനെ നില്‍ക്കുന്നത് കാണാം. ഇതാണ് 'കുത്തുകല്ല്'. പണ്ട് നാവാമുകുന്ദ ക്ഷേത്രത്തില്‍ കത്തിച്ചിരുന്ന ദീപസ്തംഭം കെടാതിരിയ്ക്കാന്‍ തച്ചുശാസ്ത്ര വിധിപ്രകാരം പെരുംതച്ചന്‍ സ്ഥാപ്ച്ചതാണെന്നാണ് ഐതിഹ്യം. അതല്ല, തിരുന്നാവായ ദേശത്തിന്റെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന കല്ലാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്. (അനന്താവൂരില്‍ ഇതേപോലെ രണ്ടു കുത്തുകല്ലുകള്‍ കൂടിയുണ്ട്.)‍
മുന്നില്‍ എടക്കുളം അങ്ങാടിയായി. ഇനി റയില്‍വേ ഗേറ്റ് കടന്നാല്‍ ഇടത്ത്, എന്റെ കുട്ടിക്കാലത്ത് എടക്കുളം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തിരുന്നാവായ റയില്‍വേ സ്റ്റേഷന്‍. പണ്ട് കാലത്ത് വിരല്‍ മടക്കി നീര്‍ത്തേണ്ട, അത്രയും തീവണ്ടികളെ ഇതിലെ പോയിരുന്നുള്ളൂ. ഇന്ന് 3 ഡസനോളം തീവണ്ടികള്‍ പോകുന്നു. ഈയിടെ വളരെപ്പെട്ടെന്നാണ് റയില്‍ പാളങ്ങള്‍ ഇരട്ടിപ്പിയ്ക്കലും ഗോഡോണിനുള്ള സ്ഥലം തയ്യാറാക്കലും നടന്നത്. മേമ്പാലത്തിന്റെ പണിയും തുടങ്ങി.
റയില്‍ ഗേറ്റ് കടന്നാല്‍ ഇനി നമ്മുടെ യാത്ര മാമാങ്കസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിയില്‍ക്കൂടിയായി.
നോക്കിയാല്‍ കാണുന്ന ദൂരത്തു കുറ്റിപ്പുറം തിരൂര്‍ റോഡ്‌. റോഡിനു സമാന്തരമായി, നിള ഒഴുകുന്നു. തിരൂര്‍ റോഡിലേക്ക് തിരിഞ്ഞു അധികം താമസിയാതെ ഇടത്തോട്ടു തിരിഞ്ഞാൽ പ്രസിദ്ധിയാർന്ന നാവാമുകുന്ദ ക്ഷേത്രമായി. വഴിയില്‍ സ്വാഗതം ചെയ്യുന്നത് മഹാത്മാ ഗാന്ധിയുടെ പ്രതിമ.. ഈ പ്രതിമ കാണുമ്പോള്‍ ഓര്‍ക്കുന്നത്, കേരളഗാന്ധിയായ ശ്രീ കേളപ്പജിയെയാണ്. നാവാമുകുന്ദാ ഹൈസ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ സ്വാതന്ത്ര്യദിനത്തുന്നാള്‍ സ്കൂളില്‍ നിന്നും ഇവിടം വരെ ജാഥയായി വന്നു പ്രതിമയ്ക്ക് ഹാരാര്‍പ്പണം ചെയ്യുകയും ദേശഭക്തി ഗാനങ്ങള്‍ പാടുകയും ചെയ്യുക പതിവായിരുന്നു.
സര്‍വോദയമേളക്കാലത്ത് ഗാന്ധിയന്‍‍‍മാര്‍ ശാന്തിയാത്രയായി വന്നു രാഷ്ട്രപിതാവിന് ഹാരാര്‍പ്പണം നടത്തുകയും പ്രതിജ്ഞ എടുക്കയും ചെയ്യാറുണ്ട്.
1950 ല്‍ പ്രസിദ്ധ ഗാന്ധിയന്‍ ആചാര്യ കൃപലാനിയാണത്രേ ഈ പ്രതിമ അനാവരണം ചെയ്തത്.
കേളപ്പജിയുടെ പ്രാധാന്യം പറഞ്ഞാല്‍ മദാമ്മയ്ക്ക് മനസ്സിലാവില്ല, എന്നാലും രാഷ്ട്രപിതാവിനെ അറിയാമല്ലോ.
വീട്ടില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ആവേശത്തോടെ മദാമ്മയെ ദേശമഹിമയും ചരിത്രവും കേള്‍പ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനി മാമാങ്കത്തിനെപ്പറ്റി എന്തെങ്കിലും പറയാതെ പറ്റുമോ?
ഓരോ വ്യാഴവട്ടത്തിലും രാജ്യഭരണം കൈമാറുന്നതിന്റെ ചടങ്ങായാണ് മാമാങ്കം നടത്തിയിരുന്നത് എന്ന് ചരിത്രരേഖകള്‍ പറയുന്നു. (ലോഗന്റെ മാന്വല്‍} പടവെട്ടും, സ്ഥാനം കയ്യാളലും നടന്നിരുന്നു എന്നും രേഖകളില്‍ കാണുന്നു. കൂടാതെ വാണിജ്യപരമായും, ഉത്സവമായും മാമാങ്കത്തെ കൊണ്ടാടിയതായും കഥകള്‍ ഉണ്ട്.
വള്ളുവക്കോനാതിരിമാര്‍ ഒരിക്കലും അന്ഗീകരിക്കാതിരുന്ന സാമൂതിരിയുടെ മേല്‍ക്കോയ്മ, അതിനുവേണ്ടി പൊരുതാന്‍ അയക്കുന്ന ചാവേര്‍പ്പടകള്‍! ഇതെല്ലാം വായിച്ചറിയാന്‍ ഈ ആയുസ്സ് മതിയാകില്ലല്ലോ എന്നോര്‍ത്തുപോവുകയാണ്.
മാഘമാസത്തിലെ മകം നാളിലാണ് മാമാങ്കം കൊണ്ടാടിയിരുന്നതെന്നും 1765-ല്‍ അവസാനത്തെ മാമാങ്കം കൊണ്ടാടിയെന്നും ചരിത്രത്തിലുണ്ട്.
ഞങ്ങള്‍ താമസിയ്ക്കുന്ന വീട്, പണ്ട് സാമൂതിരി, ഒതേനന്റെ പിന്‍ഗാമികളായ, പടക്കുറുപ്പന്മാർക്ക് വേണ്ടി നിർമ്മിച്ചതാണത്രേ.
ആഴ്വാഞ്ചേരി തമ്പ്രാക്കളെ ഈ നാട്ടിൽ അവരോധിച്ചപ്പോൾ ഈ പടക്കുറുപ്പന്മാരെ തമ്പ്രാക്കളുടെ അംഗരക്ഷകന്മാരായി നിയമിച്ചു. പിന്നീട് മാമാങ്ക സമയത്ത് പടവെട്ടിൽ ഇവർ നേതൃത്വം കൊടുത്തിരുന്നു എന്ന് കേട്ടുകേൾവി.
അങ്ങിനെ മാമാങ്കഭൂമിയിലൂടെ പഴുക്കാമണ്ഡപം (ചെങ്കല്ലില്‍ പടുത്തുയര്‍‍ത്തിയ ഈ കെട്ടിടത്തില്‍ നിന്നാണ് രാജ പ്രമുഖര്‍ മാമാങ്കം വീക്ഷിച്ചിരുന്നതത്രേ!), ബന്തര്‍ക്കടവ്, കൊടക്കല്ലിലെ നിലപാടുതറ എന്നിവയെ സ്മരിച്ച്, ആലത്തൂര്‍ റോഡിലേക്ക് തിരിഞ്ഞു. തിരൂര്‍ റോഡിലെ മിഷന്‍ ആസ്പത്രിക്ക് പിന്നില്‍ കാടുപിടിച്ച് കിടന്നിരുന്ന മണിക്കിണര്‍ ഈയിടെയാണ് മാമാങ്ക സ്മാരക കമ്മിറ്റിക്കാരുടെ ഉത്സാഹത്തില്,‍ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
പടവെട്ടില്‍ അരിഞ്ഞു വീഴ്ത്തപ്പെടുന്ന ഭടന്മാരുടെ, ചാവേറുകളുടെ ശവശരീരങ്ങള്‍ ഈ കിണറിലാണ് ആനയെക്കൊണ്ടു ചവിട്ടിച്ച് കുത്തി നിറച്ചിരുന്നതത്രേ.
ഇപ്പോള്‍ കമ്പിവേലി കെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന മണിക്കിണര്‍ കാഴ്ചയില്‍  ചെങ്കല്ലുകൊണ്ട് മനോഹരമായി കെട്ടിയെടുത്ത ഒന്നാന്തരം കിണര്‍, പക്ഷെ, മരണക്കിണര്‍ ആണെന്ന് മാത്രം !
അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്ന ആവേശം മദാമ്മയ്ക്ക് ഉണ്ടായിക്കോളണമെന്നില്ല. എന്നാലും അവര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്.
നേരത്തെ പറഞ്ഞ മിഷന്‍ ആസ്പത്രി, ജര്‍മന്‍ മിഷണറിമാര്‍ സ്ഥാപിച്ചതാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലത്താണ് ബി.ഇ.എം സ്കൂളും, കൊടക്കല്‍ ടൈല്‍ ഫാക്ടറിയും സ്ഥാപിതമായത്.1850 -ല്‍.

കൊടക്കല്‍ ടയില്‍ ഫാക്ടറി നില്‍ക്കുന്ന ഭൂമിയിലാണ് നിലപാട് തറയുണ്ടായിരുന്നത്‌. 2001വരെ പ്രവര്‍ത്തിച്ചിരുന്ന ആ ഫാക്ടറിയും ഇപ്പോള്‍ അപ്രത്യക്ഷമായി! വളരെ നന്നായി നടന്നിരുന്ന ആ ഫാക്ടറിക്കുള്ളില്‍ റോഡിന്റെ എതിര്ഭാഗത്തുള്ള ബംഗ്ലാവിലേക്ക് ഒരു തുരംഗം ഉണ്ടാക്കിയിരുന്നു. 

ദേശത്തിന്റെ ഭൂപടങ്ങള്‍ എത്ര എളുപ്പത്തില്‍ മാറി മറിയുന്നു ! അഥവാ മാറ്റി മറിക്കുന്നു !!
തിരുന്നാവായ--തുപ്രങ്ങോട് വഴിയുടെ പ്രാധാന്യം എങ്ങിനെ മറക്കും? കുട്ടിക്കാലം മുതല്‍ എത്രയോ പ്രാവശ്യം കേട്ടും, പറഞ്ഞും (വഴി നടന്നും) രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, എന്നും പതിനാറുകാരനായിരിക്കാന്‍ അനുഗ്രഹം ലഭിച്ച അനശ്വരനായ മാര്‍ക്കാണ്‍‌ഡേയ മുനിയുടെ കഥ ! കാലന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നവാമുകുന്ദന്‍ തുറന്നുകൊടുത്ത ശ്രീ കോവിലിലെ പിന്‍വാതില്‍ കടന്നു ഈ വഴിയാണ് അന്ന് മാര്‍ക്കാണ്‍‌ഡേയന്‍ തുപ്രങ്ങോട്ടപ്പന്റെ അടുത്തേയ്ക്ക് ഓടിയത്. വഴിയിലുണ്ടായിരുന്ന ആല് രണ്ടായി പിളര്‍ന്നു ആ ബാലനെ വേഗം ക്ഷേത്രത്തില്‍ എത്താന്‍ സഹായിച്ചു എന്നും ഐതിഹ്യം.
തുപ്രങ്ങോടു കഴിഞ്ഞു ആലത്തൂരെത്തിയാൽ ഇടത്തോട്ടു ചമ്രവട്ടം വഴി തിരിഞ്ഞു അയ്യപ്പസ്വാമിയുടെ അടുത്തുകൂടി, പാലത്തിൽ കയറി, അവശയായ ഭാരതപ്പുഴയെ സഹതാപപൂര്‍വ്വം നോക്കി യാത്ര തുടര്‍ന്നു.
പൊന്നാനിയിലെ പഴയ തെരുവുകൾ കണ്ട് പ്രധാന പള്ളയിലേക്ക് കയറാതെ (600 വര്ഷം പഴക്കമുള്ള ജുമാമസ്ജിത്), ലൈറ്റ് ഹൌസും, അതിശക്തമായി കരയില്‍ വന്നലതല്ലുന്ന കടലിനെയും കണ്ടു അഴിമുഖം ലക്ഷ്യമാക്കി യാത്രയായി...
പുരാതന തുറമുഖമായ ഈ ഭൂവിഭാഗം ഒരു കാലത്ത് നമ്പൂതിരി നാട്ടുപ്രമാണീകൾ വാണിരുന്ന തിരുമലശ്ശേരി കോട്ടയുടെ കീഴിലായിരുന്നു. പിന്നീട് സാമൂതിരിയുടെ അധീനത്തിലായി. അറബികളും, പോർത്തുഗീസുകാരും ഇവിടെ കച്ചവട സ്വാധീനത്തിനു മത്സരിച്ചിരുന്നു. പൊന്നാനി, 'പൊന്നു കൊണ്ടുവന്നു തന്നിരുന്ന' നാടയിരുന്നു ഒരുകാലത്ത്. 1792-ൽ ടിപ്പു മരിച്ചതോടെ പൊന്നാനി ആദ്യം ബോംബെ പ്രോവിന്‍സിലും പിന്നീട് മദ്രാസ് പ്രോവിന്സിലും ലയിച്ചു. മത്സ്യബന്ധനത്തിനെന്നപോലെ പൊന്നാനിക്കുള്ള പ്രസിദ്ധിയും, പ്രാധാന്യവും ഇസ്ലാംമതം സംബന്ധിച്ച ചരിത്രത്തിലുമുണ്ട്.
പൊന്നാനി അഴിമുഖത്തു നിന്നാല്‍ കാണുന്ന പ്രകൃതി ദൃശ്യം അതിമനോഹരം. ഇതാണു കേരളമെന്നു മനസ്സ് പറയും.
കടല്മീനുകളെ തപ്പി വെള്ളക്കൊക്കുകൾ കൂട്ടംകൂട്ടമായി അലകൾക്കൊപ്പം ആടിയുലയുന്നത് നല്ല കാഴ്ച്ചയാണ്. മുന്നിൽ കൂട്ടായിക്കടവിൽ ഓളത്തിനൊപ്പം  ആടിയാടി വർണ്ണപ്രപഞ്ചം തീര്‍ത്ത്‌ നില്‍ക്കുന്ന  മത്സ്യബോട്ടുകളുടെ വലിയൊരു നിര.
ഫെറിവന്നു നങ്കൂരമിട്ടു. നിമിഷം കൊണ്ടു വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടു കൂട്ടായി ലക്ഷ്യമാക്കി യാത്രയായി. നല്ല വെയിലുണ്ടെങ്കിലും അതേപോലെ നല്ല തണുത്ത കാറ്റും .
ബോട്ടിലിരുന്നു മിനൂട്ട് കണ്ടു കൊണ്ട് കൂട്ടായിയിൽ എത്തി.
പടിഞ്ഞാറേക്കര ബീച്ചിൽ പോകാതെ വലിയ തിരക്കില്ലാത്ത വളവും തിരിവുമില്ലാത്ത ടിപ്പുസുല്‍ത്താന്‍ റോഡിലൂടെയുള്ള യാത്ര ആരും  ഇഷ്ടപ്പെടും.
പറവണ്ണയിൽ ഇടത്തോട്ടു തിരിഞ്ഞു എന്ടെ തറവാട്ടു ബന്ധുക്കൾ വർഷങ്ങളായി പോകാറുള്ള ബീച്ചിൽ കുറച്ചു സമയം ചെലവാക്കി,
തുഞ്ചൻപറമ്പു വഴി തറവാട്ടിൽ എത്തി, ബന്ധുക്കളെ കണ്ടു കുശലം പറഞ്ഞു ചായയും കഴിച്ചു മടക്കയാത്ര തിരൂര്‍ -കുറ്റിപ്പുറം റോഡിലൂടെ.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തു എത്തിയപ്പോള്‍ കൊട്ടും വാദ്യവും കേള്‍ക്കുന്നു. എന്തായാലും ക്ഷേത്രം കണ്ടുവരാം എന്ന് വെച്ച് അങ്ങോട്ട്‌ തിരിഞ്ഞു. ഇപ്പോള്‍ ഉത്സവക്കാലമാണ്. വണ്ടി നിര്‍ത്തി പരുങ്ങി നിൽക്കുമ്പോൾ ദേവസ്വം മാനേജർ ഓടിവന്നു. (അഹിന്ദുക്കൾക്കു പ്രവേശനമില്ല എന്ന ബോർഡ് വായിച്ചു സംശയിച്ചു നിന്നതായിരുന്നു.) പക്ഷെ, ലക്ഷ്മണ്‍ രേഖ കടക്കാന്‍ മാനേജര്‍ അനുവാദം തന്നു.
.മദാമ്മയെ പുറത്തിരുത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക് തൊഴാൻ നടന്നു. കാഴ്ചശിവേലിയാണ് .
പ്രദക്ഷിണം വെക്കുമ്പോൾ നിലത്തു പാവിയ കരിങ്കല്ലിലെ ചെറിയ വൃത്തങ്ങള്‍‍ തെരയാൻ മറന്നില്ല.(പണ്ട് മാര്‍ക്കാണ്‍ഡേയനെ പിടിച്ചു കെട്ടി കൊണ്ടുപോകാനായി കാലന്‍ ആ ഉണ്ണിയുടെ പിന്നാലെ ഓടിയപ്പോള്‍ കയ്യിലെ ഉലക്ക കുത്തി ഉണ്ടായ പാടുകളാണത്രെ അവ. കുട്ടിക്കാലത്തെ വിശ്വാസങ്ങള്‍ അങ്ങിനെത്തന്നെ ഇരുന്നോട്ടെ.)
പുറത്തുവന്നു മദാമ്മയ്ക്ക് ബ്രഹ്മാ-വിഷ്ണു-മഹേശ്വ്രരന്മാരെപ്പറ്റി ചെറിയ ക്ളാസ്സ് എടുത്തു. ത്രിമൂര്‍ത്തിസംഗമത്താല്‍ പരിപാവനമായ ഭൂമിയില്‍  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് നവയോഗികളാല്‍ ഈ വിഷ്ണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, (അക്കരെയാണ് ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍. കടലിലേക്ക് മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമനും ഇവിടെ വാഴുന്നതായി വിശ്വാസമുണ്ട്‌.) അഞ്ഞൂറോളം ഇല്ലങ്ങളുണ്ടായിരുന്ന തിരുന്നാവായയിലെ വേദപാഠശാല അഥവാ ഓത്തന്മാര്‍ മഠം  പുഴക്കക്കരെയാണ്. ഒരുകാലത്ത് ഈ പുണ്യഭൂമിയില്‍ വെച്ച് വേദപണ്ഡിതര്‍ ഒത്തുകൂടി പട്ടത്താനം നടത്തിയിരുന്നുവത്രേ.  
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ നിത്യേന നൂറു കണക്കിനാണ് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നത്. അമാവാസി ദിവസം വളരെ പ്രത്യേകമായി ബലിതര്‍പ്പണം നടത്തുന്നു.
ഇതിന്നിടയില്‍ ശിവേലി കഴിഞ്ഞു ആന പുറത്തിറങ്ങി . ആനയെ കണ്ടപ്പോള്‍ മദാമ്മക്കു നല്ല ഉത്സാഹം. മാനേജരോട്, മദാമ്മയ്ക്ക് (കരിൻ ) ആനയെ അടുത്തുകാണാൻ സൌകര്യപ്പെടുമോ എന്ന് ചോദിച്ചു. ആന പുന്നത്തൂർ കോട്ടയിലെ സിദ്ധാർത്ഥൻ ആണെന്നറിഞ്ഞപ്പോൾ എനിയ്ക്കും നല്ല ഉത്സാഹമായി, പ്രത്യേകിച്ചു പാപ്പാൻ ബിജു തന്നെ ആണെന്നറിഞ്ഞപ്പോൾ ........
1999-ൽ ബി.ബി.സി യ്ക്കുവേണ്ടി ഹാരി മാർഷൽ (icon films,u.k) nibha and the elephants എന്ന ഡോകുമെന്ററി, പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ച് ചിത്രീകരിയ്ക്കുന്നതിന്നിടയില്‍ സിദ്ധാര്‍ത്ഥനും, ബിജുവും അന്ന് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. അതിരാവിലെ പട്ടയെടുക്കുന്ന സമയത്ത് പാപ്പാനെ കുലുക്കി താഴെയിടാന്‍ സിദ്ധാര്‍ത്ഥന്‍ ആവതും ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചു. ബിജു, പക്ഷെ വളരെ സമര്‍ത്ഥമായി ആനയെ നിയന്ത്രിച്ചു. താഴെയിറങ്ങി ആനയെക്കൊണ്ടു പട്ടയെടുപ്പിച്ചു. എല്ലാം 5 മിനുട്ടിനുള്ളില്‍ കഴിഞ്ഞു.
(ഈ ഡോകുമെന്ററി കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും അനിമല്‍ പ്ലാനെറ്റ് ലോ നാഷണല്‍ .ജിയോഗ്രഫി ചാനലിലോ ഇപ്പോഴും കാണാറുണ്ട്. 2000-ൽ WWF-ന്ടെ ഏറ്റവും നല്ല മനുഷ്യ-മൃഗ ബന്ധത്തിനുള്‍പ്പടെ 4 അവാര്‍ഡ് കള്‍‍ ഈ ഡോകുമെന്ററി നേടിയിട്ടുണ്ട്).
7 മണിയ്ക്ക് വിശ്വനാഥപുലവരുടെ തോല്പാവക്കൂത്ത് ഉണ്ടായി. വളരെ നന്നായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട രാമായണം കഥ. മദാമ്മയ്ക്ക് കഥ പറഞ്ഞു കൊടുത്തു. അവര്‍ നന്നായി ആസ്വദിച്ചു.....
തിരിച്ചു പോരും മുൻപ് പൊതിയിൽ രാമച്ചാക്യാരെ പരിചയപ്പെട്ടു.
ഉത്സവം തകൃതിയായി നടക്കുന്നു. ഇന്ന് രാത്രി കഥകളി ഉണ്ട്...
പ്രത്യേകമായി, 22 നു പെരുവനം സതീശന്മരാർ & പാര്‍ട്ടിയുടെ പഞ്ചാരി മേളം,
23 രാവിലെ കിഴക്കൂട്ട് അനിയൻ മാരാർ & പാര്ട്ടിയുടെ അടന്തമേളം,
വൈകീട്ട് കിഴക്കേ നടയിൽ പാണ്ടി മേളം, തുപ്രങ്ങോട് പരമേശ്വര മാരാര്‍ & പാർട്ടി .....
ഇങ്ങോട്ടുള്ള വഴിയും മനസ്സിലായല്ലോ....
എല്ലാവര്ക്കും സ്വാഗതം........

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...