Friday, 25 September 2020

വ്യക്തികള്‍ .....ഹസ്സന്‍ ഭായ്

 


ഹൃദയമില്ലെങ്കിൽ എന്ത് മനുഷ്യൻ?ധർമ്മമില്ലെങ്കിൽ എന്ത് മനുഷ്യൻ?? സ്നേഹവും ബന്ധവും കടപ്പാടും ഇല്ലെങ്കിൽ എന്തുമനുഷ്യൻ ???
ഈ ചോദ്യം, സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്ന, സംഗീതത്തിൽ എല്ലാ സദ്‌ ഗുണവും ഉണ്ടെന്നു വിശ്വസിച്ചു വരുന്ന ,മഹാനായൊരു കലാകാരന്റേതാണു. അത് ജീവിതത്തിൽ ചെയ്തു കാണിയ്ക്കുകയും, മറ്റുള്ളവരിലെയ്ക്കു പകർന്നുകൊടുക്കുന്നത് തപസ്യയാക്കുകയും ചെയ്യുന്ന കലാകാരൻ -ഉസ്താദ് ഹസ്സാൻ ഭായ് എന്ന എ.സി.ഹസ്സൻ, ലോകപ്രസിദ്ധ ഷെഹനായ് വാദകൻ ഉസ്താദ് ബിസ്മില്ലാഖാന്റെ കേരളത്തിലെ ഒരേ ഒരു ശിഷ്യൻ. തന്റെ കുടുംബക്കാർക്ക്‌ മാത്രമായി പ്രത്യേകമായുണ്ടാക്കുന്ന ഷെഹനായി നൽകി ,കേരളത്തിലെ ബിസ്മില്ലാഖാൻ നീയാകണം എന്ന ഗുരുവിന്റെ അനുഗ്രഹം അന്വർത്ഥമാക്കി സംഗീതം തന്റെ മതവും വിശ്വാസവുമായി കാസർക്കോട് ജില്ലയിൽ കോളിയടുക്കം എന്നാ ഗ്രാമത്തിൽ വാടക വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഉസ്താദ്. അദ്ദേഹം സമ്പന്നതയിൽത്തന്നെയാണു ജനിച്ചത്. അറേബ്യൻ പാരമ്പര്യകുടുംബത്തിൽ 1942-ൽ ബ്രിട്ടീഷ്‌ ഇന്ത്യൻ പട്ടാള കാപ്ടന്റെ മകനായി ജനിച്ചു, നേവിയിൽ ജോലിചെയ്യുന്ന കാലത്ത് ലോകം ചുറ്റുകയും ധാരാളം സംഗീതം പഠിയ്ക്കുകയും ചെയ്തു. 30-ഓളം സംഗീതോപകരണങ്ങൾ അനായാസമായി ഉസ്താദ് കൈകാര്യം ചെയ്യും. എല്ലാവരിലും സംഗീതമുണ്ടെന്നും താളത്തിലുള്ള ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞാൽ എല്ലാവരും നന്മയുള്ളവരായി തീരുമെന്ന് വിശ്വസിയ്ക്കുന്ന ഉസ്താദിനു എല്ലാ ആശംസകളും.......

വ്യക്തികള്‍ --റൌഫ് അലി...ദി ecologist

ജൂണ്‍, 2018

പഴയ പോസ്റ്റ്‌. വായന---
(വ്യക്തികള്‍ )

റൌഫ് അലി

അമ്മിണീ,

ഒരു വര്ഷം   മുന്നേ ആരാമാവാസത്തിന്നിടയില്‍  പരിചയപ്പെടുത്തിയ പ്രതിഭകളെ മറന്നുവോ? പുസ്തകങ്ങളുടെ പേരുകളും ??

മുഹമ്മദ് യൂനസ് ന്‍റെ 'Banker to the Poor' -- ബാങ്കുകള്‍ പാവങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് സംഭാവ്യമാക്കിയ  2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനാര്‍ഹാനായ  ബംഗ്ലാദേശിയുടെ  ആത്മകഥാംശമുള്ള പുസ്തകം അഥവാ ഗ്രാമീണ ബാങ്കിന്‍റെ കഥ,  ഇന്ത്യയിലെ 'Milkman' ശ്രീ വര്‍ഗീസ്‌ കുര്യന്‍റെ 'I Too Had A Dream' എന്ന ഗ്രന്ഥം -- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാ ണെന്നറിഞ്ഞ ദേശസ്നേഹിയുടെ ആത്മകഥ.
.
ഇത്തവണ  ആരാമാവാസക്കാലത്ത് വായിച്ചു തീര്‍ത്തത് മറ്റൊരു പ്രതിഭയുടെ ആത്മകഥാംശമുള്ള,  അല്ലെങ്കില്‍  പരിതസ്ഥിതി വിജ്ഞാനിയുടെ    സാഹസികത നിറഞ്ഞ വന്യ നിരീക്ഷണ ഗവേഷണങ്ങള്‍  സരസവും, ലളിതവുമായ ഭാഷയില്‍  പ്രതിപാദിയ്ക്കുന്ന  മനോഹരമായ പുസ്തകം. --- Running Away from Elephants-- by റൌഫ് അലി

തന്റേതായ അനുഭവക്കുറിപ്പ്‌കള്‍ റൌഫ് അലി പ്രസിദ്ധീകരിച്ചില്ല. ആത്മകഥ പ്രസിദ്ധീകരിയ്ക്കാനും ശ്രമിച്ചില്ല. അതിനുമാത്രം താനൊരു പ്രസിദ്ധി അര്‍ഹിക്കുന്നില്ലെന്ന് വിനയവും, സരസുവുമായ ഭാഷയില്‍ അദ്ദേഹം പറയുന്നു. പക്ഷെ, ജീവജാലങ്ങളില്‍  പരിതസ്ഥിതികളുടെ സ്വാധീന ശക്തിയെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന  നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. പ്രകൃതിയെക്കുറിച്ചു അന്വേഷണകുതുകികളായവര്‍ക്കൊക്കെ അദ്ദേഹം അതുല്യ പ്രതിഭയാണ്. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍  ഉള്ള ശാസ്ത്രജ്ഞര്‍ പോലും റൌഫ് അലിയെ  ആദരിച്ചു.  ഭാരതത്തില്‍ wild life biology യില്‍ ആദ്യമായി PhD എടുത്ത ശാസ്ത്രജ്ഞന്‍ റൌഫ് അലി തന്നെ.

വിദ്യാഭ്യാസം ഭാരതത്തിലും വിദേശങ്ങളിലും ചെയ്ത്  നല്ല അനുഭവസമ്പത്തും, ശിഷ്യഗണങ്ങളെയും അദ്ദേഹത്തിനു സമ്പാദിക്കാനായി.
തമിഴ്‌നാട്ടിലെ മുണ്ടന്തുറയിലെ വനങ്ങള്‍, പശ്ചിമഘട്ടത്തിലെ പളനി മലകള്‍ എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ പ്രശംസനീയങ്ങളാണ്. ആന്ടമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ പ്രഥമ  പരിതസ്ഥിതി ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തിയവരില്‍ റൌഫ് അലിയുടെ സ്ഥാനം എടുത്തു പറയുന്നുണ്ട്.
ലോകപ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലി, മാധവ് ഗാഡ്ഗില്‍ എന്നിവരെപ്പോലെ റൌഫ് അലിയും സൈലെന്റ് വാലിയില്‍ ഒരു ഹൈഡ്രോ ഇലക്ട്രിക്‌ പവര്‍ പ്രൊജക്റ്റ്‌ സ്ഥാപിക്കപ്പെടാതിരിക്കാന്‍, നമ്മുടെ മഴക്കാടുകളെ സംരക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സ്വധീനിച്ചവരില്‍ പെടുന്നു.
വനവാസികളും, വന്യ ജീവികളും, വനപാലകരും തമ്മിലുള്ള സൌഹൃദപരമല്ലാത്ത ജീവിത ചുറ്റുപാടുകള്‍ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. കൂട്ടത്തില്‍ സര്‍ക്കാര്‍ ന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളും.

1997- ല്‍ പോണ്ടിച്ചേരിയില്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഫൌണ്ടേഷന്‍ ഫോര്‍ ഇകോളോജിക്കല്‍ റിസര്‍ച് ആന്‍ഡ്‌ ലേണിംഗ് (FERAL) ഉണ്ടാക്കി. ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഈ
സ്ഥാപനം വളരെയധികം ഉപകാരപ്രദമായി.

വാക്കിലും, കാഴ്ചയിലും, പെരുമാറ്റത്തിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന റൌഫ് അലിക്ക് ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. പലപ്പോഴും ബീച്ചുകളും, കാന്റീനുമൊക്കെ അദ്ദേഹത്തിന്‍റെ ക്‌ളാസ് മുറികളായി മാറി. ഇത്തരം വ്യത്യസ്തതകള്‍  പലപ്പോഴും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. തുറന്നു പറയുന്ന പ്രകൃതം, എല്ലാവരെയും ഒരേപോലെ കാണാനുള്ള കഴിവ്, നര്‍മ്മ സംഭാഷണം തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളില്‍പ്പെടും. കൂര്‍മ്മബുദ്ധിയുള്ള റൌഫ് അലിക്ക് അതി സമര്‍ത്ഥരായ ശിഷ്യ ഗണങ്ങളാണ് ഉണ്ടായിരുന്നത്. 1990 കളില്‍ത്തന്നെ സ്ത്രീകളില്‍ ഗവേഷണതാല്പര്യമുള്ളവരെ പലരെയും കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. (അദ്ദേഹത്തിന്‍റെ ശിഷ്യയായ ജയശ്രീയെ ഈയിടെ  കണ്ടിരുന്നു.)

തന്റെ ജീവിതത്തില്‍ ഓര്‍മ്മവെച്ച കാലം മുതല്‍  കണ്ടുവളര്‍ന്ന  മുത്തശ്ശിയുടെ സഹോദരനെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ അതിശയോക്തിയില്ലാതെ നന്നായി ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. ലോകപ്രശസ്തനായ പക്ഷി നിരീക്ഷകന്‍, പുസ്തകങ്ങളുടെ നടുവില്‍ സദാ വ്യവഹരിയ്ക്കുന്ന പ്രത്യേക സ്വഭാവമുള്ള കര്മ്മനിരതനായ് വ്യക്തി,  ഡോ. സലിം അലി.
അദ്ദേഹത്തിന്‍റെ വേറിട്ട സ്വഭാവരീതികള്‍ റൌഫ് അലി സരസമായി വിവരിക്കുന്നുണ്ട്. അമ്മാമന്‍ പലേതരം പക്ഷികളെ കണ്ടുപിടിക്കാനുള്ള പരിശീലനം വീട്ടിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയില്‍  കടന്നു ചെല്ലാനും പുസ്തകങ്ങള്‍ വായിക്കാനും അനുവദിച്ചിരുന്നു. 12-ആം വയസ്സില്‍ത്തന്നെ അമ്മാമന്റെ കൂടെ പക്ഷിനിരീക്ഷണങ്ങളില്‍ സഹായിയായി പോയിരുന്നു. കേള്‍വിക്കുറവോ, പ്രായാധിക്യമോ, വാഹനമോടിക്കുന്നതിനോ, യാത്രചെയ്യുന്നതിനോ, പക്ഷി നിരീക്ഷണങ്ങള്‍ക്കോ സലിം അലിയ്ക്ക് ഒരിക്കലും തടസ്ഥമായിരുന്നില്ല എന്നദ്ദേഹം ഓര്‍ക്കുന്നു. .

തന്നെ സ്വാധീനിച്ച രണ്ടാമത്തെ വ്യക്തി, സലിം അലിയെക്കാള്‍ പക്ഷികളെ തിരിച്ചറിയാന്‍ കഴിവുള്ള അമ്മയുടെ സഹോദരനെപ്പറ്റിയും പ്രതിപാദിയ്ക്കുന്നു. .

പക്ഷികളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി.......

തുടരുന്നു.......

വായന ---amminikku--(Paul bruntan)



സ്പന്ദനങ്ങള്‍ :__വായന

പോള്‍ ബ്രണ്ടന്‍ -3
(2017, ഫെബ്രുവരി)

പ്രിയപ്പെട്ട അമ്മിണീ,
നീ അമ്മമ്മയെ ഓര്‍ത്ത്‌ വാങ്ങിയ പുസ്തകം ഗംഭീരം എന്നുതന്നെ പറയട്ടെ. തന്ന പുസ്തകം അപ്പോള്‍ത്തന്നെ മറിച്ചു നോക്കി. വളരെ സന്തോഷമായി. വായന അത്ര പെട്ടെന്നൊന്നും തീര്‍ന്നില്ല. തീരുകയുമില്ല. വിഷയം അത്തരത്തിലുള്ളതാണല്ലോ.
വീണ്ടും സാവകാശം വായിച്ചു.
പോള്‍ ബ്രന്ടന്റെ മറ്റൊരു മുഖമാണ് ഈ പുസ്തകവായനയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിനെപ്പറ്റി നിനക്ക് കൂടുതലായൊന്നും അറിയില്ലല്ലോ? എന്തായാലും "ഹിമാലയത്തില്‍ ഒരു അവധൂതന്‍" വായിച്ചു കഴിഞ്ഞാല്‍ നിനക്ക് അദ്ദേഹം ആരായിരുന്നു എന്ന കാര്യം ഒരുവിധമൊക്കെ മനസ്സിലാക്കാം. ആത്മീയ സംബന്ധമായ വിഷയങ്ങള്‍ സാധാരണക്കാരന് പെട്ടെന്ന് ദഹിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് നിനക്കറിയാമല്ലോ.
ഏകദേശം 8 പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തനിയ്ക്ക് ആത്മീയമായുണ്ടായ ആനന്ദം, തന്റെ യാത്രാനുഭവങ്ങളായി അദ്ദേഹം ലോകരുമായി പങ്കു വെയ്ക്കുന്നു.
അദ്ദേഹത്തിന്‍റെ രചനകളില്‍ യോഗ, ധ്യാനം, ആത്മീയത എന്നിവയുടെ പ്രാധാന്യം സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ സ്പഷ്ടമായി പ്രതിപാദിയ്ക്കുന്നു. The Notebooks of Paul Brunton 16 വാള്യങ്ങള്‍ ഉണ്ട്. (അത് വായിച്ചിട്ടില്ല).
A Search in secret India യാണ് ആദ്യം വായിച്ച പുസ്തകം. മുന്നൂറിലധികം പേജുകളിലായി 
25 അദ്ധ്യായങ്ങളുള്ള ഈ പുസ്തകം വളരെ രസകരമാണ്. നമുക്കുതന്നെ അറിയാത്ത ഇന്ത്യയെയാണ് അദ്ദേഹം കാണിച്ചു തരുന്നത്.



പതിറ്റാണ്ടുകള്‍ക്ക് മുന്നേ എഴുതിയ ഈ പുസ്തകം വായിക്കുമ്പോള്‍ അതിലെ വാസ്തവികതയ്‌ക്കോ, സൌന്ദര്യത്തിനോ, ലേശം പോലും പഴമത്തം സംഭവിച്ചിട്ടില്ലെന്നും, ആധുനിക കാലത്തിനു എത്രമാത്രം മുതല്‍ക്കൂട്ടാണ് പാശ്ചാത്യനായ ഈ അവധൂതന്റെ ആത്മീയാന്വേഷണസ്മരണകള്‍ എന്നും ബോദ്ധ്യമാകും. . തന്റെ ആത്മീയാനുഭവങ്ങള്‍ ലോകജനതയുമായി പങ്കിടുന്നത് ഒരു നിയോഗമായിട്ടാണ് അദ്ദേഹം ചിന്തിച്ചത്.
ഭാരതത്തിലേക്കുള്ള വരവ് ഒരുള്‍വിളിയായിരുന്നപോലെ ആത്മീയാന്വേഷണവും അദ്ദേഹത്തിനു നിയോഗമായിരുന്നു. കൈലാസത്തില്‍ പോയി ധ്യാനനിരതനായിരിയ്ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം അങ്ങോട്ടുള്ള പ്രവേശനം തുറന്നു കിട്ടിയില്ല. വളഞ്ഞ വഴിയ്ക്കൊന്നും പോകാന്‍ അദ്ദേഹം ആഗ്രഹിച്ചുമില്ല. എന്നാലതുകൊണ്ട് ഒട്ടും ഖേദവും ഉണ്ടായില്ല..
ഗുരുവാക്യം അദ്ദേഹത്തിന്‍റെ സ്മരണയില്‍ തെളിഞ്ഞു---"നിന്റെ ഉള്ളില്‍ത്തന്നെയാണ് കൈലാസ പര്‍വതം".
അങ്ങിനെയാണ് ഗംഗയുടെ ഉദ്ഭവസ്ഥാനം വഹിയ്ക്കുന്ന ടെഹ്‌രി ഗഢ് വാള്‍ എന്ന ഹിമാലയത്തിന്റെ മടിത്തട്ടിലെ മനോഹരവും, പവിത്രവും, വന്യവുമായ മലമ്പ്രദേശം പീബി ഏകാന്തവാസത്തിന് തിരഞ്ഞെടുക്കുന്നത്. ബ്രിട്ടീഷ്‌ സംരക്ഷണയിലാണ് എങ്കിലും ടെഹരി രാജാവിന്‍റെ ഭരണത്തില്‍ക്കഴിയുന്ന മനോഹരഭൂപ്രക്രുതിയുള്ള ശാന്ത ഗംഭീരമായ സ്ഥലം. വെള്ളക്കാരോ, മറ്റു വിനോദസഞ്ചാരികളോ എത്തിനോക്കാത്ത ഇടം.. തിബറ്റിനെ തൊട്ടു നില്‍ക്കുന്ന ഒരു രാജ്യം. അങ്ങോട്ട്‌ പ്രവേശിക്കാന്‍ പ്രത്യേക അനുമതിപത്രം വേണം താനും. വല്ലപ്പോഴും എത്തിച്ചേരുന്ന നായാട്ടുകാര്‍ ഇതിനൊരു അപവാദം. ഈ പവിത്രഭൂമിയില്‍ ജീവിച്ചു പോയ ദേവതമാര്‍, യോഗികള്‍, ഋഷിമാര്‍--ഇവരെയോക്കെക്കുറിച്ചുള്ള കഥകള്‍,  ഈ സ്ഥാനം തന്നെയാണ് ധ്യാനത്തിന് ഏറ്റവും അനുയോജ്യം എന്ന് പീബി യെ  ബോദ്ധ്യപ്പെടുത്തി..
1898-ല്‍ ലണ്ടനില്‍ ജനിച്ച പോള്‍ ബ്രന്ടന്‍ 32-ആം വയസ്സിലാണ് ഇന്ത്യയില്‍ എത്തുന്നത്. അദ്ദേഹത്തിന്റേതായ 13 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ചിന്താധാരകള്‍ ആദ്യമായി പാശ്ചാത്യ ദേശങ്ങളിലേക്ക് എത്തിയ്ക്കുന്നതില്‍ പ്രയത്നിച്ചു വിജയിച്ച മഹാന്‍. രമണ മഹര്‍ഷിയുടെ ചിന്തകളും, ആശയങ്ങളും മാത്രമല്ല, യോഗയും, ധ്യാനവും ലളിതമായ രീതിയില്‍ അവതരിപ്പിച്ച് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും വിജയിച്ചു. 1949 ലാണ് ഇംഗ്ലീഷില്‍ ആദ്യത്തെ പതിപ്പ് ഇറങ്ങിയത്‌. 1981 ല്‍ അദ്ദേഹം അന്തരിച്ചു.

നീ വായിക്കാന്‍ തന്ന പുസ്തകം, "ഹിമാലയത്തിലെ അവധൂതന്‍", 'A Hermit in the Himalayas ' മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ശ്രീ എം.പി സദാശിവന്‍. ഏകദേശം ഒരു വര്ഷം മുന്നേയാണ്‌ മലയാളത്തിലുള്ള പതിപ്പ് പുറത്തിറങ്ങുന്നത് അദ്ദേഹം പലേ മഹദ് വ്യക്തികളുടെയുമായി നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്വന്തം രചനകള്‍ക്ക് നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏറ്റവുമധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനു ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം നേടിയിട്ടുണ്ട് .

അമ്മിണീ,
"India has been called the
 brightest jewel in the British crown.........."
ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന്‍ ബോര്‍ഡില്‍ തൂക്കിയിട്ട ഭൂപടത്തില്‍ ത്രികോണാകൃതിയില്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗം തൊട്ടു കാണിച്ചു കൊണ്ട് ഇങ്ങിനെ പറയുന്നതുകേട്ടു അശ്രദ്ധനായിരുന്നിരുന്ന ക്ലാസ്സിലെ ആണ്‍കുട്ടി ഞെട്ടിത്തരിച്ചിരുന്നുപോയി. 'ഇന്ത്യ' എന്ന വാക്ക് അവന്റെ സിരകളില്‍ മിന്നല്‍പ്പിണര്‍ പോലെ കടന്നുപോയി.

സ്കൂള്‍ വിദ്യാഭ്യാസകാലത്ത് മനസ്സ് നിറയെ ഇന്ത്യ എന്ന രാജ്യം നിറഞ്ഞു നിന്നു. കണക്കു അദ്ധ്യാപകന്‍ അല്ജിബ്ര പഠിപ്പിക്കുമ്പോള്‍ ഡെസ്കിലും, നോട്ടുപുസ്തകങ്ങളിലും തലപ്പാവ് ധരിച്ചവര്‍, ഇരുണ്ട മുഖമുള്ളവര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുന്ന കപ്പലുകള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ കോറിയിട്ടു. തുടര്‍ന്നു ഊണിലും ഉറക്കത്തിലും എങ്ങിനെ ഇന്ത്യയില്‍ ചെന്നെത്തിപ്പെടും എന്ന് ചിന്തിച്ചു നടന്നു ആ ആ ബാലന്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരിന്ദ്യക്കാരനെ ഒരു പുസ്തക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിയ്ക്കുന്നതും. പിന്നീടങ്ങോട്ട് സന്ദര്‍ശനങ്ങള്‍ തുടര്‍ന്നതും. ഭാരതത്തിന്റെ പൈതൃകത്തെപ്പറ്റി, പാരമ്പര്യത്തെപ്പറ്റിയെല്ലാം വിശദമായി അറിഞ്ഞു. ആദ്ധ്യാത്മീകതയും ഭൌതീകതയും സമാന്തരമായി കൊണ്ട് നടത്തുന്ന ജീവിതം അഥവാ, രണ്ടും വേറെയല്ലെന്ന കാഴ്ചപ്പാട് ആ ചെറുപ്പക്കാരനെ, പീ ബിയെ (പോള്‍ ബ്രണ്ടനെ അങ്ങിനെയാണ് പലരും അഭിസംബോധന ചെയ്തിരുന്നത്) അദ്ഭുതപ്പെടുത്തി. ആരാണ് യോഗി, ഋഷിആരാണ് എന്നൊക്കെ അദ്ദേഹത്തിനു ഒരു ധാരണയുണ്ടായി. ബാഹ്യമായി കാണുന്നതൊന്നും സത്യമായിരിക്കില്ലെന്നും, സത്യാന്വേഷണത്തിനു ഒരു ഗുരു അനിവാര്യമാണെന്നും, അവനവന്റെ സത്യം സ്വയം കണ്ടുപിടിക്കുകതന്നെ വേണം എന്നുമൊക്കെയുള്ള പ്രാഥമിക ഉപദേശങ്ങള്‍ ആ ഇന്ത്യന്‍ സുഹൃത്തില്‍ നിന്നും ലഭിച്ചു.

അങ്ങിനെ ഒരുനാള്‍ പൌരസ്ത്യരാജ്യങ്ങളിലേക്ക് ആത്മീയാന്വേഷണവുമായി കപ്പല്‍ കയറുകയാണ്. നല്ലൊരു പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍ അങ്ങിനെയൊക്കെയായ പീബിയ്ക്ക് ലഭിച്ച അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതായിരുന്നു......

മുംബായില്‍ കപ്പലിറങ്ങിയ അദ്ദേഹം നേരെ അഹമെദ് നഗറില്‍ എത്തി. ഹിന്ദുക്കളും, മൊഹമ്മദരും, കൃസ്ത്യാനികളും, സൌരഷ്ട്രിയരും മാത്രമല്ല, ലോകത്തിലെ എല്ലാ വംശീയരെയും ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച ആത്മീയഗുരുവായ മെഹെര്ബാബയുമായുള്ള കൂടിക്കാഴ്ചക്കായാണ് ആദ്യമായി ഒരു പാശ്ചാത്യന്‍ എത്തിച്ചേരുന്നത്. ബാബാ മൌനത്തിലായിരുന്നു.. എഴുതിക്കാണിച്ചാണ് ആശയവിനിമയം നടത്തിയത്. സ്വയം 'സദ്ഗുരു' എന്ന പേര്‍ സ്വീകരിച്ചു 'മിശിഹ' ആകാനുള്ള ശ്രമത്തില്‍ കഴിഞ്ഞിരുന്ന മെഹെര്‍, തന്റെ ഈ ആത്മീയ കാഴ്ചപ്പാടിന് കാരണം ഫക്കീറായിരുന്ന 'ഹസ്രത് ബാബാജാന്‍' ആയിരുന്നെന്ന് പീബിയോട് പറയുന്നു. .
അങ്ങിനെ നൂറിന്നടുത്ത വയസ്സുള്ള ബാലൂചിസ്താന്‍കാരിയായിരുന്ന ഹസ്രത്ത് ബാബാജാനെ കാണാന്‍ പീബി ചെല്ലുന്നു. കണ്ട ഉടനെ, ' ഇദ്ദേഹത്തിനെ ഇന്ത്യയിലേക്ക്‌ വിളിച്ചു വരുത്തിയതാണ്. അധികം താമസിയാതെ അദ്ദേഹത്തിനത്‌ മനസ്സിലാകും' എന്ന് പറഞ്ഞു. അവരുമായുള്ള സാമീപ്യം, തന്ടെ ചിന്തകളില്‍, മനസ്സില്‍ വരുത്തിയ മാറ്റങ്ങള്‍ അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു.

പിന്നീട്, ഒരിക്കലും സംസാരിക്കാത്ത ഒരു യോഗിയുമായുള്ള കൂടിക്കാഴ്ച. ഓരോന്നും പീബിയുടെ അനുഭവങ്ങള്‍ മനസ്സിന്റെ നില ഉയര്‍ത്തിക്കൊണ്ടിരുന്നു.

അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി ചെന്നൈയിലെത്തുന്ന പീബിക്ക് തുടര്‍ന്നങ്ങോട്ട് ഒന്നൊന്നായി നിരവധി അനുഭവങ്ങള്‍ ഉണ്ടാകുന്നു. യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആര്‍മിയില്‍ നിന്നും പിരിഞ്ഞു ചില കാരണങ്ങളാല്‍ സന്യാസ ജീവിതം സ്വീകരിച്ച അയ്യര്‍, പീബിയോടു പറയുന്നു--ഇന്ത്യയിലെ ഏറ്റവും മഹാനായ യോഗി അരുണാചലത്തില്‍ വസിക്കുന്ന മഹര്‍ഷിയാണ് എന്ന്. അദ്ദേഹത്തെ ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മറ്റു തിരക്കുകളാല്‍ സാദ്ധ്യമാകില്ല എന്ന് സ്നേഹപൂര്‍വ്വം മറുപടി നല്‍കി.
അധികം താമസിയാതെ സുഹൃത്തായ മദ്രാസ്‌ യൂനിവേര്സിറ്റി സെനറ്ററും എഴുത്തുകാരനുമായ ശ്രീ വെങ്കടരമണിയെ കാണുന്നു. ഭാരതത്തില്‍ മഹാത്മാക്കളായ യോഗികളുടെ കാലം കഴിഞ്ഞെന്നും, ജനങ്ങള്‍ കൂടുതല്‍ ഭൌതിക വാദികാളായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്ര പറഞ്ഞു പോയ അദ്ദേഹം പിറ്റേന്ന് ദക്ഷിണേന്ത്യയിലെ ആത്മീയ ഗുരുക്കന്മാരുടെ തലവനായ ഹിസ്‌ ഹോളിനെസ്സ് ശ്രീ ശങ്കരാചാര്യരെ ദര്ശിയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയി. ആദ്യമായി ഒരു വിദേശിക്ക് ശങ്കരാചാര്യര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഏറെ നേരത്തെ അതീവ തൃപ്തികരമായ സംഭാഷണങ്ങള്‍ക്ക് ശേഷം യാത്ര പറയുമ്പോള്‍, യോഗികളെയും ഋഷിമാരെയും ദര്‍ശിക്കാന്‍ വെമ്പുന്ന വിദേശിയായ അന്വേഷിയോടു പറയുന്നു--'സത്യം സദാ നിലനില്‍ക്കും. അന്വേഷിയ്ക്കൂ, കണ്ടെത്തും'. ഈ വിഷയത്തില്‍ തന്റെ അറിവിലുള്ള രണ്ടു മഹത് വ്യക്തികളില്‍ ഒരാള്‍ കാശിയില്‍ അജ്ഞാതനായി കഴിയുന്നു. മറ്റെയാള്‍, മഹാ ഋഷി. അദ്ദേഹത്തെപോയി കാണൂ എന്നും ആചാര്യര്‍ പറഞ്ഞു.
The Hill of the HolyBeacon ! ഏതാനും ദിവസങ്ങള്‍ക്കു മുന്പ് കാഷായ വസ്ത്രക്കാരന്‍ നിര്‍ബന്ധിച്ചത് പീ ബി ഓര്‍ത്തു.

'ദക്ഷിണേന്ത്യ വിടുകയാണ് അടുത്ത ദിവസം'  എന്ന പീബിയുടെ മറുപടിയ്ക്ക്, മഹാ ഋഷിയെ ദര്ശിയ്ക്കാതെ പോകരുത് എന്ന സ്നേഹം കലര്‍ന്ന നിര്‍ബ്ബന്ധം ആചാര്യനില്‍ നിന്നും ഉണ്ടായി.

(തുടര്‍ച്ച-3 )
അന്ന് രാത്രി ഒരുറക്കം കഴിഞ്ഞപ്പോള്‍ പീബി ഉണര്‍ന്നു. ആചാര്യസ്വാമികളുമായുള്ള കൂടിക്കാഴ്ച സദാ ചിന്തയില്‍ ഉയര്‍ന്നു വന്നു. യൂറോപ്പില്‍ ലഭിയ്ക്കാത്ത മനോഹരമായ ആകാശക്കാഴ്ച കാണാന്‍ പുറത്തേയ്ക്കിറങ്ങിയ അദ്ദേഹം അമ്പരന്നുപോയി. പൂന്തോട്ടത്തില്‍ മഹാഋഷിയെപ്പറ്റി പറഞ്ഞുതന്ന സുബ്രഹ്മണ്യ അയ്യര്‍ ഒരു ബഞ്ചില്‍ ചുരുണ്ടിരിയ്ക്കുന്നു. പീബി പറഞ്ഞു -നാളെ നമ്മള്‍ മഹാ ഋഷിയെ കാണാന്‍ പോകുന്നു. 
അതും പറഞ്ഞു.അദ്ദേഹം വേഗം ഉറങ്ങാന്‍ പോയി. താഴെ പായ വിരിച്ചു കാഷായ വസ്ത്രം കൊണ്ട് പുതച്ചു കിടക്കുന്ന യോഗിയെ നോക്കി അദ്ഭുതപ്പെട്ടു.
ആ സമയത്ത് അദ്ദേഹത്തിന് വളരെ അത്ഭുതകരമായ അനുഭവങ്ങള്‍ ഉണ്ടായി. ഒരു സന്യാസി അരികെ വന്നു ഇങ്ങിനെ പറഞ്ഞതായി തോന്നി..---'കൂടുതല്‍ വിനയാന്വിതനാവുക, താങ്കള്‍ തേടുന്നത് ലഭിച്ചിരിയ്ക്കും.' സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് അദ്ദേഹം ഒരു നിമിഷം ചിന്തിച്ചിരുന്നുപോയി.
പിറ്റേന്ന് രാമണാശ്രമത്തില്‍ എത്തിച്ചേര്‍ന്ന പീബിയും, യോഗിയും പ്രാര്‍ത്ഥനാ ഹാളിലേക്ക് നേരെ നടന്നു ചെന്നു. പരിപൂര്‍ണ്ണ നിശ്ശബ്ദരായിരിക്കുന്ന ആളുകള്‍. വെള്ളവിരിപ്പ് വിരിച്ചിട്ട ദിവാനില്‍ ഉപസ്ഥിതനായ ധ്യാനത്തിലിരിക്കുന്ന മഹാഋഷിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
ആ മൌനത്തില്‍ രണ്ടു പേരും ചേര്‍ന്നിരുന്നു. തന്നെ നോക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തയോ? ഒരു നിമിഷം പീബി ചിന്തിച്ചു. ആ കണ്ണുകളില്‍ ശ്രദ്ധിച്ചു. സമയം പോകുന്നതറിഞ്ഞില്ല. നൂറുകണക്കിന് ചിന്തകള്‍ മനസ്സില്‍ക്കൂടെ കടന്നുപോയി. മൌനത്തിന്റെ അസ്വസ്ഥത മിനുട്ടുകള്‍ കൊണ്ട് അപ്രത്യക്ഷമായി. നിഗൂഢമായ ഒരു ശാന്തി മനസ്സിന് കൈവന്നതായി പീബിക്ക് അനുഭവപ്പെട്ടു. ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോള്‍ അവാച്യമായ ആനന്ദം. ഒന്നും ചോദിക്കാനോ അറിയാനോ ഇല്ലാത്ത അവസ്ഥ.
വീണ്ടും ഋഷിയുടെ കൂടെ ഇരിക്കുമ്പോള്‍ തന്റെ സംശയങ്ങള്‍ ആവര്‍ത്തിച്ചു. 'താങ്കള്‍ ആരാണ്' എന്ന തന്നോടുള്ള ചോദ്യം പീബിയെ അമ്പരപ്പിച്ചു. ആത്മീയാന്വേഷണത്തിന് ഗുരുവിന്റെ സഹായം വേണ്ടി വന്നേക്കാം എന്നും, അവനവിനിലേക്ക് ഇറങ്ങിച്ചെന്നു സത്യം കണ്ടുപിടിക്കണമെന്നും പീബിയോട് മഹര്‍ഷി പറഞ്ഞു.. വര്ത്തമാനകാലത്തിനെക്കുറിച്ചു അറിയൂ, ചിന്തിക്കൂ, ഭാവി അതിന്റെ വഴിയ്ക്ക് വരും എന്നായിരുന്നു ഋഷിയുടെ ഉപദേശം. അവനവനെപ്പറ്റി അറിയാതെ ലോകത്തിനെപ്പറ്റി അറിഞ്ഞിട്ടു എന്താണ് കാര്യം?
അടുത്ത ദിവസം ഋഷിയുടെ കൂടെ മൌനത്തില്‍ ഇരിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പുകയും താന്‍ അഞ്ചു വയസ്സുകാരനായി മാറുകയും, മഹര്‍ഷി കൈപിടിച്ച് അരുണാചലത്തിന്റെ മുന്‍പില്‍ നിര്‍ത്തുകയും മല കയറ്റുകയും ചെയ്തതായി അനുഭവപ്പെട്ടു. ഏറെ നേരത്തെ ധ്യാനാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടി. പരിപൂര്‍ണ്ണ മായും ഉണര്‍ന്നെങ്കിലും ഉണ്ടായ അനുഭവം സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന സംശയം ഉണ്ടായി.
രണ്ടാഴ്ച കഴിഞ്ഞിട്ടും ഋഷിയുടെ അടുത്തു നിന്നും ഉദ്ദേശിച്ച മറുപടികള്‍ കിട്ടിയില്ല. വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. തൃപ്തമായ മറുപടിയില്‍ പീബി സംതൃപ്തനായി. നിങ്ങളുടെ ശരീരം, തലച്ചോറ്, ആഗ്രഹങ്ങള്‍--ഇതൊന്നുമല്ല, നിങ്ങള്‍. ഉള്ളിന്റെയുള്ളില്‍ ആഴ്ന്നിറങ്ങണം. സ്വയം അറിയണം. കര്‍മ്മനിരതനായ ഒരാള്‍ക്ക് ആത്മീയാനുഭൂതി കിട്ടുന്നത്, അതിനു വേണ്ടി ശ്രമിക്കുന്നത്, ഇവയൊന്നും ഒരിക്കലും അയാളുടെ പ്രവര്‍ത്തികളെ ബാധിയ്ക്കുകയില്ല.. അപ്പോള്‍ ചെയ്യുന്ന ജോലി ധ്യാനാത്മകതയോടെ ചെയ്യാന്‍ സാധിയ്ക്കും.. എല്ലാത്തിനും ഉപരി ആദ്യം 'ഞാന്‍' ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിയ്ക്കലാണ്.
യാത്രപറയും മുന്പ് പ്രാര്‍ത്ഥനാ മുറിയില്‍ ഏറെ നേരം ഇരുന്നപ്പോള്‍ ഋഷിയുടെ കണ്ണുകള്‍ തന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായി അറിഞ്ഞു. ടെലിപതി എന്നോണം ആശയവിനിമയം നടക്കുന്നതായി പീബിക്ക് മനസ്സിലായി. പരിപൂര്‍ണ്ണ ശാന്തി അനുഭവപ്പെടുകയും ചെയ്തു. ഹാളില്‍ നിന്നും എല്ലാവരും പുറത്തുപോയപ്പോള്‍ ഋഷിയുടെ ദൃഷ്ടികളില്‍ നിന്നും ആത്മ ചൈതന്യം തന്നിലേക്ക് കടന്നുവരുന്നതായും അനുഭവപ്പെട്ടു.
 

സ്പന്ദനങ്ങള്‍ :__വായന

പോള്‍ ബ്രണ്ടന്‍ -4

അമ്മിണീ,

ഹിമാലയത്തിലെ അവധൂതന്‍, അതും ഒരു പാശ്ചാത്യന്‍!
ലോകാസമാസ്താ സുഖിനോ ഭവന്തു എന്ന പ്രാര്ത്ഥന  നമുക്ക് ചൊല്ലിത്തന്ന ഋഷിവര്യരുടെ കൂടെ ഇദ്ദേഹത്തേയും പെടുത്താമെന്ന ചിന്തയില്‍ കുറച്ചു കാര്യങ്ങള്‍ കൂടെ കുറിയ്ക്കട്ടെ!

ഹിമാലയത്തിന്റെ ഔന്നത്യത്തിലേക്ക് ആത്മീയതയുടെ കാന്തവലയത്തില്‍പ്പെട്ടു പോള്‍ ബ്രന്ടന്‍ ഉയരുകയായിരുന്നു.   മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെക്കുറിച്ചും ജ്ഞാനമുള്ളവനേ ഈ ആത്മീയാനുഭൂതി ലഭിയ്ക്കൂ. ആ മാസ്മരികത വായനക്കാര്‍ക്കും കുറച്ചെങ്കിലും ഈ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടും.

യാന്ത്രിക ജീവിതത്തില്‍പ്പെട്ടു പലപ്പോഴും വഴിതെറ്റിപ്പോകുന്നവര്‍ക്ക് നേര്‍വഴി കിട്ടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉപകാരപ്പെട്ടേയ്ക്കാം.

' പ്രകൃതിയുമായുള്ള വിശുദ്ധമായ ആത്മീയ സൌഹൃദത്തിലൂടെ നമ്മുടെ ഗഹനമായ നിശ്ശബ്ദതയിലേക്കുള്ളഒരു പാതയൊരുക്കുക ' എന്ന സന്ദേശം ഈ പുസ്തകം വായന വഴി ലഭിയ്ക്കുന്നുവെന്ന് The Notebooks of Paul Brunton-ന്റെ Co-editor ആയ തിമോത്തി സ്മിത്ത് പുതിയ പതിപ്പിന്റെ മുഖവുരയില്‍ പറയുന്നു.

പീബിയുടെ ആദ്യ ബ്രിട്ടീഷ്‌ പതിപ്പിന്റെ ആമുഖത്തില്‍ (1949) ഇങ്ങിനെ പറയുന്നു.
-------കൊടുങ്കാറ്റിന്റെ ലോകത്തില്‍ ശാന്തിയുടെ മരുപ്പച്ചകള്‍ നമുക്ക് ആവശ്യമാണ്‌. നമ്മുടെ ലക്ഷ്യങ്ങളെ പുന:പരിശോധിയ്ക്കുക, :മാര്‍ഗ്ഗങ്ങളെ നിരീക്ഷിയ്ക്കുക അതിനു വേണ്ടി കുറച്ചു സമയം പിന്‍വാങ്ങുന്നത്‌, ധ്യാനത്തില്‍ മുഴുകുന്നത്, ഒളിച്ചോട്ടമോ, ബലഹീനതയോ അല്ല, നേരെ മറിച്ചു അത് വിവേകമാണ്, കരുത്തുമാണ്. അത് നമ്മുടെ സഹജാവബോധത്തെ   ശക്തമാക്കുന്നു. ക്ഷോഭത്തെ ശമിപ്പിയ്ക്കുന്നു. സ്വഭാവത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന ആദ്ധ്യാത്മിക വിശ്വാസങ്ങളും, ധ്യാനവുമൊക്കെ ഋഷിമാര്‍ക്കോ, യോഗികള്‍ക്കോ മാനസിക രോഗികള്ക്കോ മാത്രമുള്ളതല്ല. നിത്യേന അരമണിക്കൂര്‍ ധ്യാനിക്കുന്നത് ഏവരുടെയും വ്യക്തിത്വത്തിന് പ്രയോജനകരമാണ്. ധ്യാനിക്കാന്‍ പര്‍വതങ്ങളുടെ താഴ്വര വേണമെന്നില്ല, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും വ്യക്തിയുടെ മനസ്സും പ്രധാനം.......

ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പീബി യുടെ സുഹൃത്തായ നേപ്പാള്‍ രാജകുമാരന്‍, മുസ്സൂറി ഷംഷേര്‍ ജംഗ് ബഹാദൂര്‍ ആണ്. പീബിയെ ആത്മീയ ആചാര്യനായാണ് അദ്ദേഹം വിവരിയ്ക്കുന്നത്.  പീബി പരാമര്‍ശിക്കാത്ത അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും,  ഇന്ദ്യയിലെന്നതിനേക്കാള്‍ നിഗൂഢമായ വിജ്ഞാനപാരമ്പര്യം നേപ്പാളിലെ പര്‍വതങ്ങളുടെ സുരക്ഷിതത്തില്‍ ഭദ്രമായി സൂക്ഷിയ്ക്കപ്പെടുന്നു എന്ന് നേപ്പാള്‍ രാജകുമാരന്‍ സൂചിപ്പിയ്ക്കുന്നുണ്ട്. "ഈ ഗ്രന്ഥകാരനെപ്പോലെ ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ആഴ്ന്നിറങ്ങാനും ഏഷ്യയിലെ യഥാര്‍ത്ഥ ഋഷിവര്യന്മാരെ ക്കുറിച്ച് മനസ്സിലാക്കുവാനും സാധിയ്ക്കൂ", എന്നാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെക്കുറിച്ച്‌ രാജകുമാരന് പറയാനുള്ളത്.

 ' മന്ദയാനം ചെയ്യുന്ന തവിട്ടുനിറമുള്ള മനോഹരമായ ' കുതിരപ്പുറത്താണ് ഭ്രുത്യരുടെ കൂടെ രാജകുമാരന്‍ വനമദ്ധ്യത്തിലുള്ള ഒരു മലമുകളില്‍ എത്തിച്ചേരുന്നത് എന്നാണ് പീബി തന്റെ പുസ്തകത്തില്‍ രാജകുമാരന്റെ സന്ദര്‍ശനത്തെപ്പറ്റി വിവരിക്കുന്നത്. രാജകുമാരന്റെ കൂടെ ചിലവഴിച്ച അര്‍ത്ഥപൂര്‍ണ്ണങ്ങളായ  ദിവസങ്ങളെക്കുറിച്ചു ഹൃദയപൂര്‍വം വിവരിയ്ക്കുന്നുണ്ട്.

ബുദ്ധനെക്കുറിച്ചുള്ള രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ അതീവമനോഹരമായാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ചിന്താശേഷിയുള്ള മനുഷ്യനായി ജനിച്ച ബുദ്ധന്‍ ദൈവമായപ്പോള്‍ ദൈവമായിപ്പിറന്ന കൃഷ്ണന്‍ മനുഷ്യരെപ്പോലെ പെരുമാറി .അതുകൊണ്ടാണത്രേ  പലപ്പോഴും കൃഷ്നെക്കാള്‍ അദ്ഭുതമായി ബുദ്ധനെ കണ്ടത്. എന്നാല്‍ സ്വസ്ഥാനത്ത് നിന്നുകൊണ്ട് തന്റെ ശിഷ്യനെ  സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ ഉപദേശിയ്ക്കുമ്പോള്‍ കൃഷ്ണന്‍ ബുദ്ധനെക്കാള്‍ മഹാനാകുന്നു. ആരാദ്ധ്യനാകുന്നു. ജ്ഞാനിയായ ഗൌതമന്റെ ധ്യാനരൂപമാണ് തനിക്കു ഇഷ്ടമെന്നദ്ദേഹം പറയുമ്പോള്‍ ക്രിസ്തുവിന്റെ പോലെ ദിവ്യമാണ് കൃഷ്ണന്റെ സന്ദേശങ്ങളും എന്ന് എടുത്തു പറയുന്നു. ഒടുവില്‍ പീബി ഇങ്ങിനെ എഴുതുന്നു---ജീവിതത്തെ നോക്കി ചിരിക്കാന്‍ ബുദ്ധനു കഴിഞ്ഞിരുന്നെങ്കില്‍ ഏഷ്യയുടെ മതപരമായ ചരിത്രം തന്നെ വ്യത്യാസമാകുമായിരുന്നു.---

വളരെ കാവ്യാത്മകമായ ഭാഷയിലാണ് ഗദ്യരൂപത്തില്‍ പീബി സംവാദിയ്ക്കുന്നത്.  236 പെജുകളെയുള്ളൂ, അതിലിരട്ടി പേജുകള്‍ ഉള്ള പുസ്തകമാണോ വായിച്ചതെന്ന് തോന്നും.


മലമുകളിലെ ബംഗ്ലാവിലേക്കു  കിഴുക്കാംതൂക്കായ മലന്ചെരുവില്‍ക്കൂടിയുള്ള  കുതിരപ്പുറത്തെ ഭയാനകമായ യാത്ര വിവരിയ്ക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിക്കാം.  അഗാധമായ കൊക്കയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ ആഗ്രഹം കാട്ടിയ കുതിരയുടെ മുകളില്‍നിന്നും താഴേക്കു വീഴുമ്പോള്‍ അനുഭവിയ്ക്കുന്ന വേദന, പൊട്ടിത്തകര്‍ന്ന വാച്ച്.  സൗഹൃദം   ഊട്ടി ഉറപ്പിക്കേണ്ടത് അത്യാവശ്യമായിത്തോന്നി ഉടനെ കുതിരയ്ക്ക് സഞ്ചി തുറന്നു  പഞ്ചസാരകൊടുക്കുന്നു.   മഞ്ഞുമൂടിക്കിടക്കുന്ന, ആകാശം മുട്ടി നില്‍ക്കുന്ന ചുറ്റുമുള്ള കൊടുമുടികളുടെ  വര്‍ണ്ണനാതീതമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുതന്നെ -- 'ജീവിതത്തിലെ കിഴുക്കാംതൂക്കായ പാതകള്‍ക്ക് തുല്യമാണ്  ഹിമാലയത്തിലെ കുത്തനെയുള്ള പാതകള്‍' എന്ന് പറയുന്നു.
നല്ലൊരു ലോകം കണ്ടെത്താന്‍, സ്വര്‍ഗത്തിലേക്കുള്ള പാതയിലൂടെയുള്ള  വന്യ ദൃശ്യങ്ങള്‍ കണ്ടു കണ്ടുള്ള സവാരി. ദേവതാരു വൃക്ഷങ്ങല്‍ക്കിടയില്‍ക്കൂടെ  കുയിലുകളുടെ സംഗീതവും കേട്ട് അന്ധകാരത്തിനോട് താദാത്മ്യം പ്രാപിക്കുംപോളെക്കും രാക്ഷസരൂപങ്ങള്‍ സൃഷ്ടിയ്ക്കുന്ന നിലാവുകളുടെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെയ്ക്ക് മുന്നേറുകകതന്നെയാണ്. മനോഹരമെങ്കിലും മായാവികളായ രാക്ഷസരൂപം പൂണ്ടു നില്‍ക്കുന്ന  പിരമിഡ് കള്‍  പോലെയുള്ള കൊടുമുടികള്‍ നക്ഷത്രശോഭയില്‍ മനുഷ്യവാസമില്ലാത്തിടത്തു അസമയത്ത് വന്നു കയറുന്ന നിസ്സാരജീവിയുടെ നേര്‍ക്ക്‌ പരിഹാസപൂര്‍വ്വം നോക്കുകയാണോ എന്ന് തോന്നുന്നുവെന്ന് കാവ്യാത്മകമായി പീബി ചിന്തിയ്ക്കുന്നു.
സാഹതികതയും, ആത്മവിശ്വാസവും, പ്രകൃതിയോടുള്ള അതീവ ഭക്തിയും വിശ്വാസവും പീബിയെ കൊടുങ്കാട്ടിലെ വെട്ടിത്തെളിയിച്ച പാത നയിക്കന്ന വഴിയിലൂടെ ലക്ഷ്യത്തില്‍ എത്തിയ്ക്കുന്നു.

 ബംഗ്ലാവിന്റെ വെള്ളപൂശിയ കെട്ടിടങ്ങള്‍  നിലാവിന്റെ പുഞ്ചിരി നല്‍കി സ്വീകരിക്കുമ്പോള്‍ നമുക്കും എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു. രാത്രിയുടെ ശിരസ്സിലണിഞ്ഞ നക്ഷത്രകിരീടത്തിന്റെ ശോഭയാസ്വദിച്ച്, കുളിര്‍കാറ്റും കൊണ്ട് പിന്നാലെ വരുന്ന ഭ്രുത്യരെക്കാത്തു പാതയോരത്ത് കാത്തിരിയ്ക്കുന്ന സത്യ സന്യാസി.......

കഴിഞ്ഞില്ല


.

സ്പന്ദനങ്ങള്‍ :__ വായന -1https://www.facebook.com/arabhi.suresh/videos/443462845996000

സ്പന്ദനങ്ങള്‍ :_വായന
Friday, 15 May 2015
വായന !!!
ഈ മൂന്നക്ഷരത്തില്‍ സമസ്ത പ്രപഞ്ചങ്ങളും ഉള്‍ക്കൊള്ളുന്നു. വായനയെന്ന പ്രക്രിയ, ഇതൊരു അനുഭവമാണ്. വായിക്കുന്നവന്റെ മനസ്സിനെ അനുഭൂതികളുടെ ലോകത്തിലേയ്ക്ക്, മാസ്മരികത നിറഞ്ഞ ലോകത്തേയ്ക്ക് പുസ്തകങ്ങള്‍
കൂട്ടിക്കൊണ്ടു പോകുന്നു.
വായന ഒരു ശീലമാണ്. ഇതു അറിവിന്റെ ലോകത്തിലേക്ക്‌ വായനക്കാരനെ നയിക്കുന്നു. വായന, അതു ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിന്താശക്തികള്‍ ഉണര്‍ത്തുകയും ചെയ്യുന്നു.
പലപ്പോഴും ഭാവനയുടെ ചിറകുകളിലേറി സങ്കല്പ ലോകങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
തിരഞ്ഞെടുത്ത നല്ല വായന സ്വഭാവരൂപികരണത്തിനു നിമിത്തമാകുന്നത് നമ്മള്‍ കണ്ടറിയുന്നതാണല്ലോ.
വായിയ്ക്കാന്‍ അത്രയ്ക്കൊന്നും വിഭവങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്ത് കഥകള്‍ പറഞ്ഞു കേട്ടാണ് ഞങ്ങളുടെ തലമുറകള്‍ വളര്‍ന്നത്‌. മുത്തശ്യമ്മമാരും, അമ്മമാരും, അദ്ധ്യാപകരും കവിതകളും, ശ്ലോകങ്ങളും, കഥകളും ചൊല്ലിത്തന്നു ഞങ്ങളുടെ മനസ്സ് കുളിര്‍പ്പിച്ചു. കഥകള്‍, പ്രതേകിച്ചു പുരാണേതിഹാസങ്ങള്‍, ഭാരതീയ സംസ്കാരത്തിന്റെ വേരുകള്‍ ഇളം മനസ്സില്‍ കിളുര്‍ക്കാന്‍ സഹായിച്ചു.
കൂടാതെ, നാട്ടിലെ വായന ശാല, സ്കൂളിലെ ലൈബ്രറി എന്നിവ വായനയ്ക്ക് നല്ല പ്രോത്സാഹനവും, പ്രചാരവും നല്‍കിയിരുന്നു. അക്കാലത്ത് സ്‌കൂളിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ആസ്വാദ്യകരവും, വളരെ ഹൃദ്യവുമായിരുന്നു.
ഹരി ശ്രീ ഗണപതയേ നമ: എന്ന് കുറിച്ച് കഴിഞ്ഞാല്‍ പിന്നെ മധുരതരമായ ജിജ്ഞാസ നിറഞ്ഞ പുതിയ ലോകത്തിലേക്കുള്ള വാതില്‍ മുന്നില്‍ തുറന്നു കിട്ടുന്നു. അഞ്ചോ ആറോ വയസ്സാകുമ്പോഴേയ്ക്കും, അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും വായിക്കാനുള്ള ത്വര കൂടിവരും.
കുട്ടിക്കാലത്ത് 'അമ്പിളി അമ്മാമന്‍' എന്ന പുസ്തകം മാത്രമേ കുട്ടികളുടെ വായനക്കായി അച്ചടിച്ചു വന്നിരുന്നത് കണ്ടിട്ടുള്ളൂ. അതിലെ മനോഹരങ്ങാളായുള്ള കളര്‍ ചിത്രങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. അക്കാലത്ത് പത്രമെന്നാല്‍ മാതൃഭൂമിയും, ആഴ്ച്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പും മാത്രമായിരുന്നു നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതിലെ ബാലപംക്തി, കുട്ടികള്‍ക്കായുള്ള പേജ് വായിക്കുമ്പോള്‍ എന്തൊരു സന്തോഷമാണ് തോന്നിയിരുന്നത്! കുട്ടികളുടെ സൃഷ്ടികളും ഇതിലൂടെ വെളിച്ചം കണ്ടിരുന്നു എന്നത് വളരെ വലിയ കാര്യമായിരുന്നു.
ഇടയ്ക്കുവെച്ച് സോവിയറ്റ്‌ യൂണിയന്‍ മാസികകള്‍ കിട്ടിത്തുടങ്ങി. അതിലെ പേജും, നിറക്കൂട്ടുകളും കഥകളും, പേരുകളും കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചു. ആ പ്രായത്തില്‍ റേഡിയോ കേള്‍ക്കാന്‍ തുടങ്ങിയത് പുറം ലോകവുമായുള്ള ബന്ധം കൂട്ടാന്‍ സഹായിച്ച്ചിട്ടുന്ടു.
എന്‍റെ അമ്മയ്ക്ക് വായന വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോളൊക്കെ വായിച്ച പുസ്തകങ്ങളിലെ കഥകളും കുട്ടിക്കാലത്തെ അനുഭവങ്ങളും പറഞ്ഞു തരുമായിരുന്നു. കഥകളുടെ കൂട്ടത്തില്‍ കവിതകള്‍ക്കും, ശ്ലോകങ്ങള്‍ക്കും തുല്യ സ്ഥാനമുണ്ടായിരുന്നു എന്നുതന്നെ പറയാം. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വിവരണങ്ങള്‍ വായനയ്ക്ക് തുല്യം തന്നെ ആണ്.
6-ആം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ട പുസ്തകങ്ങള്‍ വായനശാലയില്‍ നിന്നും കൊണ്ടു വരുന്ന ദൌത്യം എന്റെതായിരുന്നു. ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ, വേലുത്തമ്പി ദളവ തുടങ്ങിയ ചരിത്ര നോവലുകളെ പറ്റി കേള്‍ക്കുന്നത് അപ്പോളാണ്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ ധാരാളം കിട്ടിയിരുന്നു.. ചുവന്ന കൈപ്പത്തി, വെളുത്ത ചെകുത്താന്‍ തുടങ്ങിയ പുസ്തകങ്ങള്‍, അമ്മയുടെ വായന കഴിഞ്ഞാല്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും വായിച്ചതോര്‍ക്കുന്നു. ഡിറ്റക്ടീവ് നോവലുകള്‍, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വായിക്കുകയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പേടി ഉണ്ടാകാറുള്ളതും പതിവാണ്. അംഗനാചുംബനം അഥവാ, വെങ്കലപ്രതിമ, ആനറാഞ്ചന്‍ എന്നീ പുസ്തകങ്ങള്‍ വായിക്കുമ്പോളും അല്പം പരിഭ്രമവും പേടിയുമൊക്കെ ഉണ്ടായിട്ടുണ്ട്.
ബ്രാം സ്ടോക്കരുടെ ഡ്രാക്കുള വായിക്കുമ്പോള്‍, പഴയ തറവാടുകളില്‍, ജനിച്ചു വളര്‍ന്നവര്‍ക്ക്
ഭയത്തിന്‍റെ ശക്തി ഒന്നുകൂടെ പ്രബലമാകുന്നു.
അന്ന് ആഴ്ചപ്പതിപ്പില്‍ ബംഗാളി നോവലുകള്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളി നോവലുകളുടെ പോലെത്തന്നെ മിക്ക ലോകസാഹിത്യ കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു ലഭ്യമായിരുന്നു. വിക്ടര്‍ യുഗോവിന്‍റെ ഒട്ട് മിക്ക കൃതികളും, ഗോര്‍ക്കിയുടെ അമ്മയും, ദോസ്തോയ് വ്സ്കിയുടെ കൃതികളും മറ്റും അങ്ങിനെ വായിക്കാന്‍ സാധിച്ചു......
പ്രൈമറി ക്ലാസ്-ല്‍ പഠിയ്ക്കുമ്പോള്‍, ഡിക് വിറ്റിംഗ്ടന്‍റെ (ചാള്‍സ് ഡിക്കന്‍സ്) കഥ വീണ്ടും വീണ്ടും വായിച്ചു എത്രയോ കണ്ണീര്‍ ഒലിപ്പിച്ചിരിയ്ക്കിരിയ്ക്കുന്നു!! മനസ്സിലെ ലോലമായ വികാരങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍.
.
പുരാണ-ഇതിഹാസ കഥകള്‍, ഐതിഹ്യമാല, യക്ഷിക്കഥകള്‍, ചരിത്ര കഥകള്‍, നാടോടിക്കഥകള്‍, നാടകങ്ങള്‍, രമണന്‍, മാമ്പഴം തുടങ്ങിയ കവിതകള്‍, ഇവയെല്ലാം കുട്ടികളുടെ ചിന്താമണ്ഡലത്തെ വല്ലാതെ സ്വാധീനിയ്ക്കുന്നവ തന്നെയായിരുന്നു.
പ്രായത്തിനൊപ്പം ചിന്തകളും, വായനയിലെ ആസ്വാദന രീതിയും മറ്റും മാറിക്കൊണ്ടിരിയ്ക്കും. പാഠപുസ്തകത്തിലെ മനോഹരങ്ങളായ ഗദ്യ ഭാഗങ്ങളും, കവിതകളും പ്രായത്തിനെ മയപ്പെടുത്തുന്നതും, ചിന്തിപ്പിയ്ക്കുന്നതുമായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു..അതുകൊണ്ടാണല്ലോ, പാഠഭാഗങ്ങളും, പദ്യങ്ങളും മറക്കാതെ ഇപ്പോഴും ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്.
മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ മലയാള പദ്യ- ഗദ്യപുസ്തകപാഠാവലികളൊക്കെ ചെറിയക്ലാസ്സിലെ ഭാഷാ സ്നേഹികളായ കുട്ടികള്‍ ഹൃദിസ്ഥമാക്കി.
കയ്യില്‍ കിട്ടിയതൊക്കെ വായിച്ചിരുന്ന ഒരു കാലം അല്ലെങ്കില്‍ പരന്ന വായന എന്നു പറയാം. അങ്ങിനത്തെ വായനാനുഭവമാണ് സഞ്ജയനും വിശ്വരൂപവുമെല്ലാം മറിച്ചു നോക്കുമ്പോള്‍ ഉണ്ടായിരുന്നത്. അക്കാലത്ത് വലിയ ലോകതയോന്നും ഇല്ലാതിരുന്നതിനാല്‍ കൂടുതലൊന്നും മനസ്സിലായിരുന്നില്ല. അതിലെ ഹാസ്യങ്ങള്‍, നര്‍മ്മങ്ങള്‍ വലിയവര്‍ പറഞ്ഞു കേട്ട് എന്തൊക്കെയോ ധരിച്ചു വെച്ച് എന്ന് മാത്രം.
സി.രാധാകൃഷ്ണനും, എം.ടി.യുമൊക്കെ ഹൃദയത്തെ വല്ലാതെ ആഴത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ സ്പര്‍ശിച്ചിരുന്നു.
പ്രായമാകുന്തോറും എന്ത് വായിക്കണം, എന്തു വായിക്കരുത് എന്നതിന് കര്‍ശനമായ നിയമമൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വാരിവലിച്ചുള്ള വായനതന്നെയായിരുന്നു.
വായന വല്ലാത്തൊരു ഹരമായിമാറിയപ്പോള്‍ കാരണവന്മാര്‍ കാണാതെ കുളക്കടവിലും, കക്കൂസിലുമൊക്കെ പോയിരുന്നു രഹസ്യമായി നോവലുകള്‍ വായിച്ചു . പലപ്പോഴും അമ്മയെ കബളിപ്പിച്ച്, പഠിയ്ക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ നോവലുകള്‍ ഒളിപ്പിച്ചു വെച്ച് വായിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വായനയുടെ ഹരം മൂത്താല്‍ അങ്ങിനെയൊക്കെയാണ് .....
വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹം കഴിയുകയും, അധികം താമസിയാതെ വിധവയുമായായിത്തീര്‍ന്ന എന്‍റെ അമ്മയുടെ ഒരു സഹോദരിയ്ക്ക്, നാലാപ്പാട്ട് തര്‍ജമ ചെയ്ത 'പാവങ്ങള്‍' വായിക്കാന്‍ മോഹമുണ്ടെന്നറിഞ്ഞപ്പോള്‍, അദ്ദേഹം ഉടനെ 2 പുസ്തകം തന്‍റെ കയ്യൊപ്പിട്ട് കൊടുത്തയച്ചുവത്രേ! ആ പുസ്തകം വായിച്ചു പ്രചോദനം കൊണ്ടു അവര്‍ അനാഥയായിരുന്ന ഒരു ബാലികയെ ദത്തെടുത്തു. കുട്ടിയ്ക്ക് പാവങ്ങളിലെ ഒരു കഥാപാത്രത്തിന്റെ പേരും നല്‍കി. 'കൊസത്'. അവളെ പഠിപ്പിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാറാക്കുകയും പിന്നീട് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് എന്‍റെ അമ്മ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുകയാണ്.
കുട്ടികള്‍ വളര്‍ന്നു വായിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങള്‍ ധാരാളം ലഭ്യമായിരുന്നു. കേരളത്തിന്‌ പുറത്തായിരുന്നതിനാല്‍ ഹിന്ദിയിലുള്ള ചമ്പക്കും, ചന്ദാമാമയും, അമര്‍ചിത്ര കഥകളും വായിച്ച് അവര്‍ വളര്‍ന്നു. രാമായണം, മഹാഭാരത കഥകള്‍ തുടങ്ങിയവ കേട്ടതിലും കൂടുതല്‍ വായിച്ചാണ് അവര്‍ അറിയുന്നത്‌. അമര്‍ ചിത്രകഥകള്‍ മുത്തശ്ശിമാരുടെ സ്ഥാനം പിടിച്ചു പറ്റി. പഞ്ചതന്ത്ര കഥകള്‍, കുട്ടികളെ, മൃഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരാണെന്ന് തോന്നിപ്പിച്ചു. ..പുസ്തകങ്ങളില്‍ ചിത്രീകരണങ്ങള്‍ ഉള്ളതിനാല്‍ പലേ കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സില്‍ സഹജീവികളെപ്പോലെ ജീവിച്ചു....
അമര്‍ ചിത്ര കഥകളുടെ കൂട്ടത്തില്‍ ജാതക കഥകള്‍, പഞ്ചതന്ത്ര കഥകള്‍, നാടോടിക്കഥകള്‍, വിശ്വ ബാല സാഹിത്യ കൃതികള്‍, ഫാന്‍ടോം, മാന്‍ഡ്രേക്ക്, ഹി മാന്‍, സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ എന്നിവയ്ക്കിടയില്‍ ടിന്‍ ടിനും മറ്റും സ്ഥലം പിടിച്ചു. കാലം പോയതറിഞ്ഞില്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, എനിഡ് ബ്ലൈടന്റെ ദി ഫേമൌസ് ഫൈവ്, സീക്രറ്റ് സെവെന്‍, ജൈംസ് ഹാഡ്‌ലി ചെയ്സ്, റഡ്യാര്‍ഡ്‌ കിപ്ലിംഗ്, റസ്കിന്‍ ബോണ്ട്‌ , അഗതാ ക്രുസ്റ്റി, ആര്‍തര്‍ കോനോന്‍ ഡോയ്ല്സ്, എന്നിവരുടെ രചനകളും, ഡ്രാക്കുള കഥകളും അലമാറികളില്‍ സ്ഥലം പിടിച്ചു. സാഹസിക കഥകള്‍ക്കിടയില്‍ പ്രേത കഥകള്‍ക്കും, ഫൈറി ടെയ്ല്‍സിനും നാടോടിക്കഥകള്‍ക്കും ഒരേ പോലെ ഇരിപ്പിടം കിട്ടി. ഇതിന്നിടെ ടീവി യുടെ രംഗപ്രവേശവും കുട്ടികളെ സ്വാധീനിച്ചു തുടങ്ങി. ബാല്യ കൌമാരകാലത്തെ വായനകള്‍ക്കിടയില്‍ എപ്പോളാണ് സയന്‍റിഫിക് ഫിക്ഷനും, ആര്‍ച്ചി കൊമിക്കും, റൊമാന്‍ടിക്ക് കഥകളും രംഗപ്രവേശം ചെയ്തത് എന്നറിഞ്ഞില്ല. നോക്കിയിരിക്കെ കാലം ഓടിപ്പോകുന്നു. കുട്ടികള്‍ മുതിര്ന്നവരാവുന്നു. സയന്‍സ് ഫിക്ഷന്‍സും, നോവലുകളും അവരുടെ മനസ്സുകളെ സ്വാധീനിച്ചതും നിഷ്കളങ്കമായ വായനാ രീതികള്‍ ആ മനസ്സുകളെ വേറൊരു തലത്തില്‍ എത്തിയ്ക്കുന്നതും വളരെ പെട്ടന്നാകുന്നു.
കാലചക്രം എത്ര വേഗമാണ് ഉരുളുന്നത് ? ഇന്ന്, കുട്ടികള്‍ എന്ത് വായിക്കണം എന്നതു തീരുമാനിയ്ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ആധുനിക എലക്ട്രോണിക് മാധ്യമങ്ങള്‍, അറിവിന്റെ ലോകം വിരല്‍ത്തുമ്പില്‍ എത്തിച്ചിരിയ്ക്കുന്ന ഇക്കാലത്ത് ഏതു വായിക്കണം ഏതു വായിക്കണ്ട എന്നത് തീരുമാനിക്കല്‍ വലിയ പ്രശ്നംതന്നെ.
കേട്ടറിവിന്റെ സ്ഥാനം പോയി. ഇപ്പോള്‍ കണ്ടറിവ് ആ സ്ഥാനം പിടച്ചെടുത്തിരിയ്ക്കുകയാണല്ലോ. ടീ.വി പോലുള്ള മാധ്യമങ്ങളില്‍ക്കൂടി കുട്ടികള്‍ കാണുന്ന കാര്‍ടൂണുകള്‍ മിക്കവയും അനാരോഗ്യകരമായവയാണെന്നു പറയാതെ വയ്യ. നശീകരണസ്വഭാവങ്ങള്‍ വളര്‍ത്തുന്നവയാണ് മിക്കവയും. പഞ്ചതന്ത്ര കഥകളുടെ സ്ഥാനം മിക്കി മൌസും,ഡോനാല്‍ഡ് ഡക്കും മറ്റും പിടിച്ചെടുത്തിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കുട്ടികള്‍ വായനയിലൂടെ വളരുന്നതിന് പകരം, കണ്ണില്‍ കണ്ടതെല്ലാം നോക്കിയിരുന്നു, കേട്ടിരുന്നു തളരുകയാണ്......

വായന --നാര്‍മടിപ്പുടവ

                             


    June 19, 2017 at 10:47pm 
അതുകൊണ്ട് ഇന്നേ ദിവസം ആയതിനാല്‍ ഒരു പോസ്റ്റ്‌ കൂടെ ആക്കാമെന്ന് വെച്ചു.
'ആരാമ'വാസത്തിന്നിടെ ചില പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. അതിനെപ്പറ്റി പരമാവധി ചുരുക്കിപ്പറയാം
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റയിരുപ്പിലിരുന്നു വായിച്ചുതീര്‍ത്ത സാറാ തോമസിന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'നാര്‍മടിപ്പുടവ' എന്ന പുസ്തകം വീണ്ടുമൊന്നു മറിച്ചു നോക്കി. ൪൦ (40) വര്ഷം മുന്നേ എഴുതിയ ഈ നോവലിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
സമൂഹത്തിലെ വിവിധ വര്‍ഗ്ഗക്കാര്‍ അവരുടേതായ കോട്ടകൊത്തളങ്ങള്‍ കെട്ടിനിര്‍ത്തിയിര്യ്ക്കുന്നു. അതിന്നുള്ളില്‍ നടക്കുന്ന അനാചാരങ്ങള്‍ കൊണ്ടുള്ള ദുരിതങ്ങളും അതേപടി പകര്‍ത്താന്‍ ശ്രമിച്ചതില്‍ കഥാകാരി വിജയിച്ചിരിയ്ക്കുന്നു. തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ കഥയായതിനാല്‍ സംഭാഷണങ്ങള്‍ അവരുടെ രീതിയിലാണ്. .
പ്രാണവായു കിട്ടാതെ ഇരുട്ടുമുറികളിൽ 
കഴിയാൻ വിധിയ്ക്കപ്പെടുന്ന ഇരകൾ പതിവുപോലെ സ്ത്രീകൾ തന്നെ. വൈധവ്യത്തിന്റെ ശാപം. ഈ അടിമത്തത്തിന്റെ മുഖം മൂടി പറിച്ചെറിഞ്ഞു പുറത്തു കടക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്.
' നാര്മടി പ്പുടവ ' യിൽ തെക്കേത്തെരുവിലെ കല്യാണകൃഷ്ണയ്യരുടെ അകാലത്തിൽ വിധവയാകാൻ വിധിയ്ക്കപ്പെട്ട കനകാംബാളുടെ സംഘർഷഭരിതമായ ജീവിതകഥയാണ് ശ്രീമതി സാറാ തോമസ്‌ നമ്മളോട് പറയുന്നത്. തമിഴ് ബ്രാഹ്മണ കുടുംബ പശ്ചാത്തലം മനോഹരമായി ചിത്രീകരിച്ചുവെന്നു മാത്രമല്ല, സംഭാഷണശൈലി കൂടി അതേപടി പകര്‍ത്തിയിരിയ്ക്കുന്നു. മനോഹരമായ ഒരു കൃതി. ഒരിക്കലും മനസ്സില്‍ നിന്നും നമ്മെ വിട്ടു പിരിയാത്ത കഥാപാത്രങ്ങള്‍.
ഇരുട്ടുമുറിയിൽ നിന്നും പുറത്തേയ്ക്കു കടന്നെങ്കിലും വീണ്ടും പരീക്ഷണങ്ങൾ. പിടിച്ചു നിൽക്കാനുള്ള തന്ത്രപ്പാടുകൾ . കുടുംബത്തിന് വണ്ടി ഏറെ ത്യാഗം സഹിയ്ച്ചു. ഒടുവിൽ ആർക്കു വേണ്ടി കഷ്ടപ്പെട്ടുവോ, ആ വ്യക്തി തനിച്ചാക്കി കടന്നുപോകുന്നു. വ്യർഥമായിപ്പോയ ജീവിതം...മുന്നിൽ ശൂന്യത.
നാർമടിപ്പുടവ മനോഹര മായി ഈടും പാവുമിട്ടു നെയ്ത നീണ്ട വസ്ത്രം. പക്ഷേ, ഉടുക്കാൻ തുടങ്ങുമ്പോളെയ്ക്കും ഉലഞ്ഞുപോകുന്നു. 
. 
കളിതമാശകളുടെയും, നിറക്കൂട്ടുകളുടെയും ലോകത്തിൽ നിന്നും സമുദായത്തിന്റെ നിരര്ത്ഥകമായ ആചാരണങ്ങളിൽപ്പെട്ടു പിഴുതെറിയപ്പെടുന്ന ജീവിതം കടംകഥയായി മുന്നിൽ അവശേഷിയ്ക്കുകയാണ്.
നോവല്‍ തുടങ്ങുംപോളും അവസാനിക്കുംപോളും കാണുന്നത് നഷ്...................................................

വായന :__രവീന്ദ്രന്റെ യാത്രകള്‍ -1

 

സ്പന്ദനങ്ങൾ :_
പലപ്പോഴും കുഴക്കുന്ന ഒരു ചോദ്യം _ വായനയാണോ ഇഷ്ടം, അതോ യാത്രയോ? ഉത്തരം പറയാൻ പെട്ടെന്ന് കഴിയില്ല. കാരണം, രണ്ടും ഇഷ്ടമായതു കൊണ്ടുതന്നെ. അപ്പോൾ വായനയും യാത്രയും കൂടിക്കലർന്ന ഒരനുഭവം കൈവന്നാ ലോ?
അങ്ങിനെയൊരു രസകരമായ അനുഭവവും, അനുഭൂതിയും 'രവീന്ദ്രന്‍റെ യാത്രകൾ' വായിക്കുമ്പോൾ ഉണ്ടാകുന്നു. അഞ്ചാറു വര്ഷം മുന്നേ വാങ്ങിയ പുസ്തകമാണ്. അതിലെ മിക്കയാത്രാനുഭവങ്ങളും ആഴ്ച്ചപ്പതിപ്പുകളിൽ വായിച്ചതുമാണ്. എന്നാലും പുനർവായനയിൽ ഒട്ടും മടുപ്പുണ്ടാക്കാത്ത ഒരു രസം ഒട്ടുമിക്കകൃതികളിൽ നിന്നും കിട്ടുന്നു. 'ദിഗാരുവിലെ ആനകളും','ഗോദാവരിയിലെ മുക്കുവത്തി'യുമൊക്കെ മനസ്സിൽ സദാ തങ്ങി നിൽക്കുകതന്നെയാണ്.
ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ രവീന്ദ്രൻ 'എന്റെ കേരളം' എന്ന യാത്രാ പരിപാടിയിലൂടെ ടെലിവിഷൻ മാധ്യമരംഗത്തു പ്രശസ്തനായി. അദ്ദേഹം സംവിധാനം ചെയ്ത 'ഹരിജൻ' എന്ന തെലുഗു സിനിമയും, 'ഒരേ തൂവൽപ്പക്ഷികൾ' എന്ന ചലച്ചിത്രവും മറ്റും ഇന്നും ഓർമ്മയിൽ മായാതെ കിടക്കുന്നു.
ഈ പുസ്തകത്തിനു ഒരാമുഖമെഴുതിയ ശ്രീ കെ.സി.നാരായണന്റെ വാക്കുകൾ_'വഴി നടക്കാനുള്ള കാലടികളെയും, മൊഴിയുര്യ്ക്കാനുള്ള വാക്കിനേയും ഒന്നിച്ചു സൂചിപ്പിക്കുന്നതല്ലേ, "പദം" എന്ന മറ്റൊരു വാക്ക് ?.' 
ശ്രീ എസ്.കെ പൊറ്റേക്കാടാണ് സഞ്ചാരസാഹിത്യത്തിന്റെ മാസ്മരിക ലോകത്തിലേക്ക് ആദ്യം പിടിച്ചുകൊണ്ട് പോയത്. ലോകത്തിനെക്കുറിച്ചു ചെറുതെങ്കിലും, അവ്യക്തമെങ്കിലും ഒരറിവ്‌ ആദ്യം ഉണ്ടാകുന്നത് ഈ വായനയിൽനിന്നുതന്നെ. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ 3 വാല്യങ്ങളിലൂടെ നമ്മൾ അദ്ദേഹത്തിൻറെ സഹസഞ്ചാരിയാകുന്നു.
രവീന്ദ്രന്റെ 'സ്വിസ് സ്കെച്ചുകൾ' അവിടത്തെ മനോഹാരിത എടുത്തു പറയുന്നു. വൃത്തിയുള്ള പാതകൾ, തണൽവൃക്ഷങ്ങൾ, സംരക്ഷിക്കപ്പെടുന്ന ഉദ്യാനങ്ങൾ, ഉയര്ന്ന ജീവിത നിലവാരം, ഐശ്വര്യം മുറ്റി നിൽക്കുന്ന രാജ്യം--  ഇതെല്ലാം  മൂന്നാം രാഷ്ട്രത്തിൽ നിന്നും വരുന്ന തന്നെപ്പോലുള്ളവർ ആരാധനയോടെ നോക്കിക്കാണുന്ന സമയത്തുതന്നെ ഒന്നിലേറെ രീതികളിൽ അന്യത്വം അനുഭവിയ്ക്കുന്നതായും പറയുന്നു
.( തുടരും )

സ്പന്ദനങ്ങള്‍ --ജന്മനാട് (നാവാമുകുന്ദ ഹരേ) f

സ്പന്ദനങ്ങള്‍.:_ ഏപ്രില്‍, 2014
(ജന്മനാട് )
നാവാമുകന്ദാ ഹരേ !!
മദാമ്മയ്ക്ക് എന്തു മാമാങ്കം?
അതിഥിയായ മദാമ്മയേയും കൊണ്ടു ഒന്ന് നാട് ചുറ്റാം എന്ന് കരുതി ഞങ്ങള്‍ ഉച്ച തിരിഞ്ഞു യാത്ര പുറപ്പെട്ടു.
തെക്കേ നാഗപറമ്പ് കഴിഞ്ഞാല്‍ നാറമ്പ് (നാഗപറമ്പ്) അഥവാ നടുവട്ടം സെന്ടര്‍. ഞങ്ങടെ നാടിന്റെ ഹൃദയഭാഗം. അന്നും, ഇന്നും ഒരേപോലെ അല്ലെങ്കില്‍ അത്രയ്ക്കൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലാത്ത നാട്ടിന്‍പുറം.
മദാമ്മയ്ക്ക് ചെറിയ ഒരു വിവരണം ഈ നാടിനെപ്പറ്റി കൊടുക്കാതിരിക്കുന്നതെങ്ങിനെ?
ഈ നാടിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അനന്തനും തോറ്റുപോകും. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. 'എന്ടുപ്പാപ്പാക്കൊരാനെണ്ടാര്‍ന്നു .'.എന്ന് പറഞ്ഞപോലെ, ദശാബ്ദങ്ങള്‍ പിന്നിട്ട സംഗതികളാണെങ്കിലും...........
(എന്റെ ഉപ്പാപ്പായെ എങ്ങിനെ മറക്കും? അദ്ദേഹത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന ചില അവശിഷ്ടങ്ങള്‍ / ഓര്‍മ്മപ്പെടുത്തലുകള്‍ ഇവിടെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.)
ഈ നാറമ്പില്‍ പണ്ട് ഉണ്ടായിരുന്ന 2 വരി പീടികമുറികളും, ചെറിയ സ്കൂള്‍ (ഒന്നുമുതല്‍ അഞ്ച് വരെ) കെട്ടിടവും അദ്ദേഹമാണ് നിര്‍മ്മിച്ചത്. തെക്കേ വരിയില്‍ മുകളിലെ നിലയില്‍.പോസ്റ്റ്‌ ആഫീസും, വായനശാലയും. താഴെ തുണിക്കട, അതോടു ചേര്‍ന്ന് ഒരു ഒരു തയ്യല്ക്കട, പലചരക്ക് കട, ചായപ്പീടിക വടക്കെ വരിയില്‍ സ്കൂൾ കുട്ടികൾക്കുവേണ്ട സ്ലേറ്റ്, പെൻസിൽ, നോട്ട് ബുക്ക് കൂടാതെ ലോസഞ്ചർ മിഠായി. പലചരക്ക്കള് ഒക്കെ യുള്ള പീടിക, തൊട്ടപ്പുറത്ത് റെഷന്‍ കട, നാട്ടുമരുന്നുകട തുടങ്ങി.......
പകലന്തിയോളം സജീവമാണ് ഈ നാറമ്പങ്ങാടി. (അന്നും ഇന്നും)
ഇവിടത്തെ ഭൂപ്രകൃതി തന്നെ പ്രത്യേകതയുള്ളതാണ്. അവിടവിടെയായി ധാരാളം കറുത്ത പാറകൾ തലയുയർത്തി നിന്നിരുന്നു. (റോഡും പുതിയ കടകളും വന്നപ്പോള്‍ അവയൊക്കെ അപ്രത്യക്ഷമായി. പാറകൾ. ചില സ്ഥലങ്ങളില്‍ പാറ തുരന്നു വൃത്താകൃതിയിൽ ഗുഹകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്തു നിർമ്മിച്ചതാണെത്രെ. ആളുകൾക്ക് ഒളിച്ചിരിയ്ക്കാൻ പറ്റുന്നതാണ് എന്ന് കണ്ടാലറിയാം. എനിക്ക് ഓർമ്മയുള്ള കാലത്തു മുടി മുറിച്ചിട്ടതും മറ്റു ചണ്ടി പണ്ടാരങ്ങളുമാണ് അതിൽ നിക്ഷേപിച്ചിരുന്നത്.
എല്‍.പി സ്കൂളിനു നേരെ മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരാലുണ്ടായിരുന്നു. ഈ ആലും സ്കൂളും പീടികകളുമായിരുന്നു ഒരുകാലത്ത് നാറമ്പിന്റെ മുഖമുദ്രകള്‍. ആലിന്റെ ചുവട്ടില്‍ സമൃദ്ധമായ കരിമ്പാറകള്‍. അതിന്മേല്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയാകാം. പലപ്പോഴും പച്ചയും ചുവപ്പും മഞ്ഞനിറവുമുള്ള പഴങ്ങൾ വീണു പാറയിലെ കുഴികൾ നിറഞ്ഞിരിയ്ക്കും. വൈകുന്നേരങ്ങളില്‍ മാഷുമ്മാരും, മറ്റു നാട്ടാരും സന്ധ്യക്ക്‌ പക്ഷികള്‍ ചേക്കേറി ബഹളം കൂട്ടുന്നവരെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരു സങ്കേതം കൂടിയായിരുന്നൂ ഈ ആലിന്ചോട്.
കുറച്ചു അപ്പുറത്ത് ഒരു അത്താണിയുണ്ടായിരുന്നു. തണ്ണീര്‍‍പ്പന്തല്‍ ആലിന്ചോട്ടില്‍ തന്നെ.  ‍
ആലിന്റെ വടക്ക് പടിഞ്ഞാട്ട് കുറച്ചു നടന്നാല്‍ ധാരാളം പഴങ്ങള്‍ ഉള്ള മറ്റൊരു ഒരാല് കൂടി ഉണ്ടായിരുന്നു. നേരെ താഴേയ്ക്ക് ഇറക്കമാണ്. ഇറങ്ങി ഇറങ്ങി എത്തുന്നത് എന്റെ ജന്മഗൃഹത്തില്‍.
എൽ പി സ്‌കൂളിൽ നിന്നും യു.പി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു ചോലയുണ്ട്. ചോലയിൽ ഒരു ഗുഹയുണ്ടായിരുന്നു. പൊതുവെ, നാട്ടുകാർക്കൊക്കെ 'ഇമ്പാച്ചിപ്പേടി' ഉണ്ടായിരുന്ന ഒരു പൊട്ടക്കുളമായിരുന്നു ഇത്. പക്ഷേ, യുപി സ്കൂളിലെ കുട്ടികള്‍ ഇതിലിറങ്ങി ചോറ്റുപാത്രം കഴുകാറുണ്ടായിരുന്നു. ചിലവീട്ടുകാര്‍ നനയും കുളിയും നടത്തിയിരുന്നു.
(കാലം, അല്ല, മനുഷ്യര്‍ തന്നെ ഈ മുഖമുദ്രകള്‍ ഒട്ടൊക്കെ എടുത്തു മാറ്റിയിരിയ്ക്കുന്നു!)
നടുവട്ടം, അഥവാ, നാറമ്പ് സെന്റര്‍-ല്‍ നിന്നും കിഴക്കോട്ടുപോയാല്‍, ആതവനാട് എന്ന ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വസിക്കുന്ന നാട്ടിലെത്തും. തെക്ക് കിഴക്കോട്ടു നടന്നാല്‍ കുറ്റിപ്പുറം ഭാഗത്തെയ്ക്കും. പടിഞ്ഞാട്ടായാല്‍ മാണിയംകാട്, ആനപ്പടി കഴിഞ്ഞു, റയിലുകൊണ്ടെത്തിയ്ക്കുന്നത്  തിരുന്നാവായ സ്റ്റേഷനിലേക്ക്. അതും കഴിഞ്ഞാല് ചരിത്ര പ്രസിദ്ധമായ മാമാങ്ക ഭൂമിയിലും .
വടക്കോട്ടിറങ്ങിയാല്‍, വളവും തിരിവും കഴിഞ്ഞു അനന്താവൂര്‍ പാടത്തെത്തും. നമ്മുടെ ഇന്നത്തെ യാത്ര ഈ വഴിയിലൂടെയാണ്.
രണ്ടുപേര്‍ക്ക് തൊടാതെ നടക്കാന്‍ പറ്റാത്ത കുണ്ടനിടവഴികള്‍ വീതി കൂട്ടി 60 കളുടെ അവസാനകാലത്ത് ഉണ്ടാക്കിയ റോഡില്‍ക്കൂടി രണ്ടു മൂന്നു തിരിവുകളും വളവുകളും കഴിഞ്ഞാല്‍ അനന്താവൂര്‍ പാടത്തിന്റെ വക്കത്തെത്തും. പാടത്തിന്റെ ഇടത്തെ അറ്റം അങ്ങിനെ നീണ്ടു പടിഞ്ഞാട്ടു പോയി വലിയപറപ്പൂര്‍ കായലില്‍ച്ചെന്ന് അവസാനിയ്ക്കുന്നു. കേരളത്തിലെ പ്രസിദ്ധമായ ചെന്താമരക്കൃഷി നടത്തുന്ന മനോഹരമായ വലിയപറപ്പൂര്‍ താമരക്കായലാണിത്. കായലിന്റെ അതിര്‍ത്തി കുറിയ്ക്കുന്നത് റയില്‍പ്പാളങ്ങള്‍.
വലതു ഭാഗത്ത്, കുറച്ചു ദൂരെ ഞങ്ങളുടെ കുടുംബ ക്ഷേത്രമായിരുന്ന കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രവും, ക്ഷേത്രക്കുളത്തിന്റെയും, ക്ഷേത്രത്തിന്‍റെയും ഇടയില്‍ വടക്കുഭാഗത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള, വെട്ടത്തു രാജാവിന്റെ കാലത്തെ അനുസ്മരിക്കുന്ന ഒരു ആലും കാണാം.
(പണ്ട്, ജന്മഗൃഹത്തിന്‍റെ പടിഞ്ഞാറേപ്പടിക്കല്‍ നിന്നാല്‍ ദൂരെ ക്ഷേത്രം കാണാമായിരുന്നു. ഇന്ന് കോണ്‍ക്രീറ്റ് സൌധങ്ങള്‍ പാടത്ത് തലയുയര്‍ത്തി നിന്ന് കാഴ്ച മറയ്ക്കുന്നു.  വലിയ തോടും, താഴെയുള്ള ചെറിയതോടും റോഡിനു വഴിമാറിക്കൊടുത്തു!) 
പാടം കഴിഞ്ഞു വലിയപറപ്പൂരില്‍ക്കൂടിയുള്ള യാത്ര തിരുന്നാവായ --പുത്തനത്താണി ഹൈവേയില്‍ച്ചെന്നെത്തിയ്ക്കുന്നു.
വലത്തോട്ട് ഒന്നര കി.മി. പട്ടര്നടക്കാവ് വഴി പോയാല്‍, റോഡിന്‍റെ വലതു ഭാഗത്ത് ചന്ദനക്കാവും, നാരായണീയ കര്‍ത്താവ്, ശ്രീ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലവുമായി. എന്നാല്‍ നമ്മള്‍ എടത്തോട്ടെയ്ക്കാണ് തിരിയുന്നത്. 
ഒന്നൊന്നര കി.മി.കഴിഞ്ഞാല്‍ കുന്നിന്‍പുറം എന്ന സ്ഥലം. ഇവിടെ നിന്ന് വലത്തോട്ട് ഒന്ന് എത്തി നോക്കിയാല്‍ കാണുന്ന സ്ഥലത്താണ് ചരിത്ര പ്രാധാന്യമുള്ള ചങ്ങമ്പിള്ളി വൈദ്യന്മാരുടെ തറവാടും, ഇപ്പോഴത്തെ ചികില്സാഭവനും. പണ്ട് സാമൂതിരി മാമാങ്കകാലത്ത് മുറിവേല്‍ക്കുന്നവരെ  ചികിത്സിക്കാനായി ആയോധനകലകളിലും ആയുര്‍ വേദത്തിലും പ്രാവീണ്യം നേടിയ തുളു ബ്രാഹ്മണരെ ഇങ്ങോട്ട് വരുത്തി. അവരുടെ വംശ പരമ്പരയില്‍പെട്ട ഒരു പ്രധാന കണ്ണിയാണ് ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ (ഗുരുക്കള്‍). ആയുര്‍വേദ  ചികിത്സയും പാരമ്പര്യ മര്‍മ്മചികിത്സയും മാത്രമല്ല, രോഗിയുടെ ശരീരവും മനസ്സും ഒരേപോലെ അറിഞ്ഞ് ആദ്ധ്യാത്മികരീതിയിലുള്ള പ്രത്യേകസമീപനമാണ് കൈക്കൊള്ളുന്നത്. സൂഫി ഗുരുവില്‍ നിന്നും വൈദ്യത്തില്‍ ശിക്ഷണം ലഭിച്ച ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ കൈനാഡി പരിശോധന നടത്തി അപ്പപ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്ന പ്രതിവിധികള്‍ക്കനുസൃതമായ ചികിത്സാ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്  വീടിന് ചുറ്റും അപൂര്‍വങ്ങളായ ഔഷധസസ്യങ്ങള്‍ പരിപാലിച്ചു വരുന്നു. ചില ഗവേഷണ പദ്ധതികളും അദ്ദേഹവും ആയുര്‍വേദ ഡോക്ടറായ മകളും ചേര്‍ന്ന് നടത്തിപ്പോരുന്നു. പഴയകാലത്തെ ചങ്ങമ്പിള്ളി കളരിയും മരുന്നറയുടെ അവശിഷ്ടങ്ങളും ഇന്ന് സംരക്ഷിച്ചു വരുന്നുണ്ട്.   
ഇവിടെ അടുത്തു തന്നെ പഠാണികളുടെ വിശുദ്ധ മഖാം കാണാം. മലബാറില്‍ പടയോട്ടം നടത്തിയിരുന്ന കാലത്ത് ടിപ്പുസുല്‍ത്താന്റെ പടനായകനായിരുന്ന പഠാണി ശഹീദ്ന്‍റെ അന്ത്യവിശ്രമാസ്ഥാനമാണ് ഈ മഖ്ബര.1821ലെ മലബാര്‍ കലാപകാലത്ത് പട്ടാളം ഇവിടെയാണത്രേ തമ്പടിച്ചിരുന്നത്. പില്‍ക്കാലത്ത് കുന്നുംപുറം ജാറം മുസ്ലിം വിശ്വാസികളുടെ സന്ദര്‍ശന സ്ഥാനമായി. ഇപ്പോള്‍ ജാതി ഭേദമില്ലാതെ ഭക്തര്‍ സന്ദര്‍ശിയ്ക്കുന്ന പുണ്യസ്ഥാനം കൂടിയാണിത്.
മുന്നോട്ടുള്ള യാത്രയിൽ, ഇടതു ഭാഗത്ത് ഒന്നരാള് ഉയരത്തില്‍ വെട്ടുകല്ലില്‍ തീര്‍ത്ത വീതിയുള്ള ചെങ്കല്‍പലക വള്ളിപ്പടര്പ്പുകള്‍ക്കുള്ളില്‍ കുത്തനെ നില്‍ക്കുന്നത് കാണാം. ഇതാണ് 'കുത്തുകല്ല്'. പണ്ട് നാവാമുകുന്ദ ക്ഷേത്രത്തില്‍ കത്തിച്ചിരുന്ന ദീപസ്തംഭം കെടാതിരിയ്ക്കാന്‍ തച്ചുശാസ്ത്ര വിധിപ്രകാരം പെരുംതച്ചന്‍ സ്ഥാപ്ച്ചതാണെന്നാണ് ഐതിഹ്യം. അതല്ല, തിരുന്നാവായ ദേശത്തിന്റെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന കല്ലാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്. (അനന്താവൂരില്‍ ഇതേപോലെ രണ്ടു കുത്തുകല്ലുകള്‍ കൂടിയുണ്ട്.)‍
മുന്നില്‍ എടക്കുളം അങ്ങാടിയായി. ഇനി റയില്‍വേ ഗേറ്റ് കടന്നാല്‍ ഇടത്ത്, എന്റെ കുട്ടിക്കാലത്ത് എടക്കുളം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തിരുന്നാവായ റയില്‍വേ സ്റ്റേഷന്‍. പണ്ട് കാലത്ത് വിരല്‍ മടക്കി നീര്‍ത്തേണ്ട, അത്രയും തീവണ്ടികളെ ഇതിലെ പോയിരുന്നുള്ളൂ. ഇന്ന് 3 ഡസനോളം തീവണ്ടികള്‍ പോകുന്നു. ഈയിടെ വളരെപ്പെട്ടെന്നാണ് റയില്‍ പാളങ്ങള്‍ ഇരട്ടിപ്പിയ്ക്കലും ഗോഡോണിനുള്ള സ്ഥലം തയ്യാറാക്കലും നടന്നത്. മേമ്പാലത്തിന്റെ പണിയും തുടങ്ങി.
റയില്‍ ഗേറ്റ് കടന്നാല്‍ ഇനി നമ്മുടെ യാത്ര മാമാങ്കസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിയില്‍ക്കൂടിയായി.
നോക്കിയാല്‍ കാണുന്ന ദൂരത്തു കുറ്റിപ്പുറം തിരൂര്‍ റോഡ്‌. റോഡിനു സമാന്തരമായി, നിള ഒഴുകുന്നു. തിരൂര്‍ റോഡിലേക്ക് തിരിഞ്ഞു അധികം താമസിയാതെ ഇടത്തോട്ടു തിരിഞ്ഞാൽ പ്രസിദ്ധിയാർന്ന നാവാമുകുന്ദ ക്ഷേത്രമായി. വഴിയില്‍ സ്വാഗതം ചെയ്യുന്നത് മഹാത്മാ ഗാന്ധിയുടെ പ്രതിമ.. ഈ പ്രതിമ കാണുമ്പോള്‍ ഓര്‍ക്കുന്നത്, കേരളഗാന്ധിയായ ശ്രീ കേളപ്പജിയെയാണ്. നാവാമുകുന്ദാ ഹൈസ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ സ്വാതന്ത്ര്യദിനത്തുന്നാള്‍ സ്കൂളില്‍ നിന്നും ഇവിടം വരെ ജാഥയായി വന്നു പ്രതിമയ്ക്ക് ഹാരാര്‍പ്പണം ചെയ്യുകയും ദേശഭക്തി ഗാനങ്ങള്‍ പാടുകയും ചെയ്യുക പതിവായിരുന്നു.
സര്‍വോദയമേളക്കാലത്ത് ഗാന്ധിയന്‍‍‍മാര്‍ ശാന്തിയാത്രയായി വന്നു രാഷ്ട്രപിതാവിന് ഹാരാര്‍പ്പണം നടത്തുകയും പ്രതിജ്ഞ എടുക്കയും ചെയ്യാറുണ്ട്.
1950 ല്‍ പ്രസിദ്ധ ഗാന്ധിയന്‍ ആചാര്യ കൃപലാനിയാണത്രേ ഈ പ്രതിമ അനാവരണം ചെയ്തത്.
കേളപ്പജിയുടെ പ്രാധാന്യം പറഞ്ഞാല്‍ മദാമ്മയ്ക്ക് മനസ്സിലാവില്ല, എന്നാലും രാഷ്ട്രപിതാവിനെ അറിയാമല്ലോ.
വീട്ടില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ആവേശത്തോടെ മദാമ്മയെ ദേശമഹിമയും ചരിത്രവും കേള്‍പ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനി മാമാങ്കത്തിനെപ്പറ്റി എന്തെങ്കിലും പറയാതെ പറ്റുമോ?
ഓരോ വ്യാഴവട്ടത്തിലും രാജ്യഭരണം കൈമാറുന്നതിന്റെ ചടങ്ങായാണ് മാമാങ്കം നടത്തിയിരുന്നത് എന്ന് ചരിത്രരേഖകള്‍ പറയുന്നു. (ലോഗന്റെ മാന്വല്‍} പടവെട്ടും, സ്ഥാനം കയ്യാളലും നടന്നിരുന്നു എന്നും രേഖകളില്‍ കാണുന്നു. കൂടാതെ വാണിജ്യപരമായും, ഉത്സവമായും മാമാങ്കത്തെ കൊണ്ടാടിയതായും കഥകള്‍ ഉണ്ട്.
വള്ളുവക്കോനാതിരിമാര്‍ ഒരിക്കലും അന്ഗീകരിക്കാതിരുന്ന സാമൂതിരിയുടെ മേല്‍ക്കോയ്മ, അതിനുവേണ്ടി പൊരുതാന്‍ അയക്കുന്ന ചാവേര്‍പ്പടകള്‍! ഇതെല്ലാം വായിച്ചറിയാന്‍ ഈ ആയുസ്സ് മതിയാകില്ലല്ലോ എന്നോര്‍ത്തുപോവുകയാണ്.
മാഘമാസത്തിലെ മകം നാളിലാണ് മാമാങ്കം കൊണ്ടാടിയിരുന്നതെന്നും 1765-ല്‍ അവസാനത്തെ മാമാങ്കം കൊണ്ടാടിയെന്നും ചരിത്രത്തിലുണ്ട്.
ഞങ്ങള്‍ താമസിയ്ക്കുന്ന വീട്, പണ്ട് സാമൂതിരി, ഒതേനന്റെ പിന്‍ഗാമികളായ, പടക്കുറുപ്പന്മാർക്ക് വേണ്ടി നിർമ്മിച്ചതാണത്രേ.
ആഴ്വാഞ്ചേരി തമ്പ്രാക്കളെ ഈ നാട്ടിൽ അവരോധിച്ചപ്പോൾ ഈ പടക്കുറുപ്പന്മാരെ തമ്പ്രാക്കളുടെ അംഗരക്ഷകന്മാരായി നിയമിച്ചു. പിന്നീട് മാമാങ്ക സമയത്ത് പടവെട്ടിൽ ഇവർ നേതൃത്വം കൊടുത്തിരുന്നു എന്ന് കേട്ടുകേൾവി.
അങ്ങിനെ മാമാങ്കഭൂമിയിലൂടെ പഴുക്കാമണ്ഡപം (ചെങ്കല്ലില്‍ പടുത്തുയര്‍‍ത്തിയ ഈ കെട്ടിടത്തില്‍ നിന്നാണ് രാജ പ്രമുഖര്‍ മാമാങ്കം വീക്ഷിച്ചിരുന്നതത്രേ!), ബന്തര്‍ക്കടവ്, കൊടക്കല്ലിലെ നിലപാടുതറ എന്നിവയെ സ്മരിച്ച്, ആലത്തൂര്‍ റോഡിലേക്ക് തിരിഞ്ഞു. തിരൂര്‍ റോഡിലെ മിഷന്‍ ആസ്പത്രിക്ക് പിന്നില്‍ കാടുപിടിച്ച് കിടന്നിരുന്ന മണിക്കിണര്‍ ഈയിടെയാണ് മാമാങ്ക സ്മാരക കമ്മിറ്റിക്കാരുടെ ഉത്സാഹത്തില്,‍ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
പടവെട്ടില്‍ അരിഞ്ഞു വീഴ്ത്തപ്പെടുന്ന ഭടന്മാരുടെ, ചാവേറുകളുടെ ശവശരീരങ്ങള്‍ ഈ കിണറിലാണ് ആനയെക്കൊണ്ടു ചവിട്ടിച്ച് കുത്തി നിറച്ചിരുന്നതത്രേ.
ഇപ്പോള്‍ കമ്പിവേലി കെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന മണിക്കിണര്‍ കാഴ്ചയില്‍  ചെങ്കല്ലുകൊണ്ട് മനോഹരമായി കെട്ടിയെടുത്ത ഒന്നാന്തരം കിണര്‍, പക്ഷെ, മരണക്കിണര്‍ ആണെന്ന് മാത്രം !
അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്ന ആവേശം മദാമ്മയ്ക്ക് ഉണ്ടായിക്കോളണമെന്നില്ല. എന്നാലും അവര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്.
നേരത്തെ പറഞ്ഞ മിഷന്‍ ആസ്പത്രി, ജര്‍മന്‍ മിഷണറിമാര്‍ സ്ഥാപിച്ചതാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലത്താണ് ബി.ഇ.എം സ്കൂളും, കൊടക്കല്‍ ടൈല്‍ ഫാക്ടറിയും സ്ഥാപിതമായത്.1850 -ല്‍.

കൊടക്കല്‍ ടയില്‍ ഫാക്ടറി നില്‍ക്കുന്ന ഭൂമിയിലാണ് നിലപാട് തറയുണ്ടായിരുന്നത്‌. 2001വരെ പ്രവര്‍ത്തിച്ചിരുന്ന ആ ഫാക്ടറിയും ഇപ്പോള്‍ അപ്രത്യക്ഷമായി! വളരെ നന്നായി നടന്നിരുന്ന ആ ഫാക്ടറിക്കുള്ളില്‍ റോഡിന്റെ എതിര്ഭാഗത്തുള്ള ബംഗ്ലാവിലേക്ക് ഒരു തുരംഗം ഉണ്ടാക്കിയിരുന്നു. 

ദേശത്തിന്റെ ഭൂപടങ്ങള്‍ എത്ര എളുപ്പത്തില്‍ മാറി മറിയുന്നു ! അഥവാ മാറ്റി മറിക്കുന്നു !!
തിരുന്നാവായ--തുപ്രങ്ങോട് വഴിയുടെ പ്രാധാന്യം എങ്ങിനെ മറക്കും? കുട്ടിക്കാലം മുതല്‍ എത്രയോ പ്രാവശ്യം കേട്ടും, പറഞ്ഞും (വഴി നടന്നും) രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, എന്നും പതിനാറുകാരനായിരിക്കാന്‍ അനുഗ്രഹം ലഭിച്ച അനശ്വരനായ മാര്‍ക്കാണ്‍‌ഡേയ മുനിയുടെ കഥ ! കാലന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നവാമുകുന്ദന്‍ തുറന്നുകൊടുത്ത ശ്രീ കോവിലിലെ പിന്‍വാതില്‍ കടന്നു ഈ വഴിയാണ് അന്ന് മാര്‍ക്കാണ്‍‌ഡേയന്‍ തുപ്രങ്ങോട്ടപ്പന്റെ അടുത്തേയ്ക്ക് ഓടിയത്. വഴിയിലുണ്ടായിരുന്ന ആല് രണ്ടായി പിളര്‍ന്നു ആ ബാലനെ വേഗം ക്ഷേത്രത്തില്‍ എത്താന്‍ സഹായിച്ചു എന്നും ഐതിഹ്യം.
തുപ്രങ്ങോടു കഴിഞ്ഞു ആലത്തൂരെത്തിയാൽ ഇടത്തോട്ടു ചമ്രവട്ടം വഴി തിരിഞ്ഞു അയ്യപ്പസ്വാമിയുടെ അടുത്തുകൂടി, പാലത്തിൽ കയറി, അവശയായ ഭാരതപ്പുഴയെ സഹതാപപൂര്‍വ്വം നോക്കി യാത്ര തുടര്‍ന്നു.
പൊന്നാനിയിലെ പഴയ തെരുവുകൾ കണ്ട് പ്രധാന പള്ളയിലേക്ക് കയറാതെ (600 വര്ഷം പഴക്കമുള്ള ജുമാമസ്ജിത്), ലൈറ്റ് ഹൌസും, അതിശക്തമായി കരയില്‍ വന്നലതല്ലുന്ന കടലിനെയും കണ്ടു അഴിമുഖം ലക്ഷ്യമാക്കി യാത്രയായി...
പുരാതന തുറമുഖമായ ഈ ഭൂവിഭാഗം ഒരു കാലത്ത് നമ്പൂതിരി നാട്ടുപ്രമാണീകൾ വാണിരുന്ന തിരുമലശ്ശേരി കോട്ടയുടെ കീഴിലായിരുന്നു. പിന്നീട് സാമൂതിരിയുടെ അധീനത്തിലായി. അറബികളും, പോർത്തുഗീസുകാരും ഇവിടെ കച്ചവട സ്വാധീനത്തിനു മത്സരിച്ചിരുന്നു. പൊന്നാനി, 'പൊന്നു കൊണ്ടുവന്നു തന്നിരുന്ന' നാടയിരുന്നു ഒരുകാലത്ത്. 1792-ൽ ടിപ്പു മരിച്ചതോടെ പൊന്നാനി ആദ്യം ബോംബെ പ്രോവിന്‍സിലും പിന്നീട് മദ്രാസ് പ്രോവിന്സിലും ലയിച്ചു. മത്സ്യബന്ധനത്തിനെന്നപോലെ പൊന്നാനിക്കുള്ള പ്രസിദ്ധിയും, പ്രാധാന്യവും ഇസ്ലാംമതം സംബന്ധിച്ച ചരിത്രത്തിലുമുണ്ട്.
പൊന്നാനി അഴിമുഖത്തു നിന്നാല്‍ കാണുന്ന പ്രകൃതി ദൃശ്യം അതിമനോഹരം. ഇതാണു കേരളമെന്നു മനസ്സ് പറയും.
കടല്മീനുകളെ തപ്പി വെള്ളക്കൊക്കുകൾ കൂട്ടംകൂട്ടമായി അലകൾക്കൊപ്പം ആടിയുലയുന്നത് നല്ല കാഴ്ച്ചയാണ്. മുന്നിൽ കൂട്ടായിക്കടവിൽ ഓളത്തിനൊപ്പം  ആടിയാടി വർണ്ണപ്രപഞ്ചം തീര്‍ത്ത്‌ നില്‍ക്കുന്ന  മത്സ്യബോട്ടുകളുടെ വലിയൊരു നിര.
ഫെറിവന്നു നങ്കൂരമിട്ടു. നിമിഷം കൊണ്ടു വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടു കൂട്ടായി ലക്ഷ്യമാക്കി യാത്രയായി. നല്ല വെയിലുണ്ടെങ്കിലും അതേപോലെ നല്ല തണുത്ത കാറ്റും .
ബോട്ടിലിരുന്നു മിനൂട്ട് കണ്ടു കൊണ്ട് കൂട്ടായിയിൽ എത്തി.
പടിഞ്ഞാറേക്കര ബീച്ചിൽ പോകാതെ വലിയ തിരക്കില്ലാത്ത വളവും തിരിവുമില്ലാത്ത ടിപ്പുസുല്‍ത്താന്‍ റോഡിലൂടെയുള്ള യാത്ര ആരും  ഇഷ്ടപ്പെടും.
പറവണ്ണയിൽ ഇടത്തോട്ടു തിരിഞ്ഞു എന്ടെ തറവാട്ടു ബന്ധുക്കൾ വർഷങ്ങളായി പോകാറുള്ള ബീച്ചിൽ കുറച്ചു സമയം ചെലവാക്കി,
തുഞ്ചൻപറമ്പു വഴി തറവാട്ടിൽ എത്തി, ബന്ധുക്കളെ കണ്ടു കുശലം പറഞ്ഞു ചായയും കഴിച്ചു മടക്കയാത്ര തിരൂര്‍ -കുറ്റിപ്പുറം റോഡിലൂടെ.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തു എത്തിയപ്പോള്‍ കൊട്ടും വാദ്യവും കേള്‍ക്കുന്നു. എന്തായാലും ക്ഷേത്രം കണ്ടുവരാം എന്ന് വെച്ച് അങ്ങോട്ട്‌ തിരിഞ്ഞു. ഇപ്പോള്‍ ഉത്സവക്കാലമാണ്. വണ്ടി നിര്‍ത്തി പരുങ്ങി നിൽക്കുമ്പോൾ ദേവസ്വം മാനേജർ ഓടിവന്നു. (അഹിന്ദുക്കൾക്കു പ്രവേശനമില്ല എന്ന ബോർഡ് വായിച്ചു സംശയിച്ചു നിന്നതായിരുന്നു.) പക്ഷെ, ലക്ഷ്മണ്‍ രേഖ കടക്കാന്‍ മാനേജര്‍ അനുവാദം തന്നു.
.മദാമ്മയെ പുറത്തിരുത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക് തൊഴാൻ നടന്നു. കാഴ്ചശിവേലിയാണ് .
പ്രദക്ഷിണം വെക്കുമ്പോൾ നിലത്തു പാവിയ കരിങ്കല്ലിലെ ചെറിയ വൃത്തങ്ങള്‍‍ തെരയാൻ മറന്നില്ല.(പണ്ട് മാര്‍ക്കാണ്‍ഡേയനെ പിടിച്ചു കെട്ടി കൊണ്ടുപോകാനായി കാലന്‍ ആ ഉണ്ണിയുടെ പിന്നാലെ ഓടിയപ്പോള്‍ കയ്യിലെ ഉലക്ക കുത്തി ഉണ്ടായ പാടുകളാണത്രെ അവ. കുട്ടിക്കാലത്തെ വിശ്വാസങ്ങള്‍ അങ്ങിനെത്തന്നെ ഇരുന്നോട്ടെ.)
പുറത്തുവന്നു മദാമ്മയ്ക്ക് ബ്രഹ്മാ-വിഷ്ണു-മഹേശ്വ്രരന്മാരെപ്പറ്റി ചെറിയ ക്ളാസ്സ് എടുത്തു. ത്രിമൂര്‍ത്തിസംഗമത്താല്‍ പരിപാവനമായ ഭൂമിയില്‍  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് നവയോഗികളാല്‍ ഈ വിഷ്ണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, (അക്കരെയാണ് ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍. കടലിലേക്ക് മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമനും ഇവിടെ വാഴുന്നതായി വിശ്വാസമുണ്ട്‌.) അഞ്ഞൂറോളം ഇല്ലങ്ങളുണ്ടായിരുന്ന തിരുന്നാവായയിലെ വേദപാഠശാല അഥവാ ഓത്തന്മാര്‍ മഠം  പുഴക്കക്കരെയാണ്. ഒരുകാലത്ത് ഈ പുണ്യഭൂമിയില്‍ വെച്ച് വേദപണ്ഡിതര്‍ ഒത്തുകൂടി പട്ടത്താനം നടത്തിയിരുന്നുവത്രേ.  
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ നിത്യേന നൂറു കണക്കിനാണ് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നത്. അമാവാസി ദിവസം വളരെ പ്രത്യേകമായി ബലിതര്‍പ്പണം നടത്തുന്നു.
ഇതിന്നിടയില്‍ ശിവേലി കഴിഞ്ഞു ആന പുറത്തിറങ്ങി . ആനയെ കണ്ടപ്പോള്‍ മദാമ്മക്കു നല്ല ഉത്സാഹം. മാനേജരോട്, മദാമ്മയ്ക്ക് (കരിൻ ) ആനയെ അടുത്തുകാണാൻ സൌകര്യപ്പെടുമോ എന്ന് ചോദിച്ചു. ആന പുന്നത്തൂർ കോട്ടയിലെ സിദ്ധാർത്ഥൻ ആണെന്നറിഞ്ഞപ്പോൾ എനിയ്ക്കും നല്ല ഉത്സാഹമായി, പ്രത്യേകിച്ചു പാപ്പാൻ ബിജു തന്നെ ആണെന്നറിഞ്ഞപ്പോൾ ........
1999-ൽ ബി.ബി.സി യ്ക്കുവേണ്ടി ഹാരി മാർഷൽ (icon films,u.k) nibha and the elephants എന്ന ഡോകുമെന്ററി, പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ച് ചിത്രീകരിയ്ക്കുന്നതിന്നിടയില്‍ സിദ്ധാര്‍ത്ഥനും, ബിജുവും അന്ന് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. അതിരാവിലെ പട്ടയെടുക്കുന്ന സമയത്ത് പാപ്പാനെ കുലുക്കി താഴെയിടാന്‍ സിദ്ധാര്‍ത്ഥന്‍ ആവതും ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചു. ബിജു, പക്ഷെ വളരെ സമര്‍ത്ഥമായി ആനയെ നിയന്ത്രിച്ചു. താഴെയിറങ്ങി ആനയെക്കൊണ്ടു പട്ടയെടുപ്പിച്ചു. എല്ലാം 5 മിനുട്ടിനുള്ളില്‍ കഴിഞ്ഞു.
(ഈ ഡോകുമെന്ററി കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും അനിമല്‍ പ്ലാനെറ്റ് ലോ നാഷണല്‍ .ജിയോഗ്രഫി ചാനലിലോ ഇപ്പോഴും കാണാറുണ്ട്. 2000-ൽ WWF-ന്ടെ ഏറ്റവും നല്ല മനുഷ്യ-മൃഗ ബന്ധത്തിനുള്‍പ്പടെ 4 അവാര്‍ഡ് കള്‍‍ ഈ ഡോകുമെന്ററി നേടിയിട്ടുണ്ട്).
7 മണിയ്ക്ക് വിശ്വനാഥപുലവരുടെ തോല്പാവക്കൂത്ത് ഉണ്ടായി. വളരെ നന്നായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട രാമായണം കഥ. മദാമ്മയ്ക്ക് കഥ പറഞ്ഞു കൊടുത്തു. അവര്‍ നന്നായി ആസ്വദിച്ചു.....
തിരിച്ചു പോരും മുൻപ് പൊതിയിൽ രാമച്ചാക്യാരെ പരിചയപ്പെട്ടു.
ഉത്സവം തകൃതിയായി നടക്കുന്നു. ഇന്ന് രാത്രി കഥകളി ഉണ്ട്...
പ്രത്യേകമായി, 22 നു പെരുവനം സതീശന്മരാർ & പാര്‍ട്ടിയുടെ പഞ്ചാരി മേളം,
23 രാവിലെ കിഴക്കൂട്ട് അനിയൻ മാരാർ & പാര്ട്ടിയുടെ അടന്തമേളം,
വൈകീട്ട് കിഴക്കേ നടയിൽ പാണ്ടി മേളം, തുപ്രങ്ങോട് പരമേശ്വര മാരാര്‍ & പാർട്ടി .....
ഇങ്ങോട്ടുള്ള വഴിയും മനസ്സിലായല്ലോ....
എല്ലാവര്ക്കും സ്വാഗതം........

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...