Saturday, 4 April 2020

സ്പന്ദനങ്ങള്‍ :_ (തിരിച്ചറിവുകള്‍ )കൊറോണ...കൈകഴുകല്‍


സ്പന്ദനങ്ങള്‍ :----(തിരിച്ചറിവുകള്‍)
 മാര്‍ച്ച്‌, 23, 2020

(കൊറോണ പശ്ചാത്തലത്തില്‍)
(കൈകഴുകല്‍)

പുതിയ ആഴ്ചപ്പതിപ്പിലെ കൈകഴുകലിനെപ്പറ്റിയുള്ള ജോസഫ്‌ ആന്റണിയുടെ 'ഫ്യുച്ചര്‍ ഷോക്ക്‌' ശരിയ്ക്കും ഷോക്ക്‌ ഏല്‍പ്പിച്ചു. ശിശുരോഗ വിദഗ്ദ്ധന്‍‍ ഡോ വിജയന്‍ എ പി 14 വര്ഷം മുന്നേ 'ജലദോഷം പകരുന്നത് കൈകളിലൂടെ ' എന്ന ലേഖനം ഇതേ ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ചിരുന്നത് കാണാതെ പോയല്ലോ എന്ന സങ്കടത്തിലാണ് ഇപ്പോള്‍. (ഇതുപൊലെ എത്രയോ ഉപയോഗപ്രദമായ ജീവന്‍ സുരക്ഷാ മന്ത്രങ്ങള്‍ നിത്യേന നമ്മള്‍ കാണാതെ പോകുന്നു ! കേള്‍ക്കാതെയും ! കേട്ടത് ഓര്‍ക്കാതെയും !) 

വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. മകന്‍ കുട്ടിയായിരുന്ന കാലത്ത് ഒരിക്കല്‍ എന്റെ ഒരു മുത്തശ്യമ്മയെ കാണാന്‍ പോയി. അടുക്കളയില്‍ ചെന്ന് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അയാള്‍ മുത്തശ്യമ്മ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. തിരിച്ചു വന്നു അയാള്‍ എന്നോടു ചോദിക്കുകയായിരുന്നു----എന്തിനാ ആ മുത്തശ്യമ്മ ഇടയ്ക്കിടയ്ക്ക് ഓടിപ്പോയി കിണ്ടി തൊട്ടു വന്നിരുന്നത് ? 

ആദ്യം ചിരി വന്നെങ്കിലും  നാട്ടിലെ ചിട്ടവട്ടങ്ങള്‍ അത്ര ശീലമില്ലാത്ത അയാളുടെ ശ്രദ്ധ പോയ വിഷയം ശരിക്കും ഗൌരവമുള്ളത് തന്നെ എന്ന് തോന്നി. എന്തിനാണ്  അടുപ്പിന്‍റെ അടുത്ത്   പണിയെടുക്കുന്നതിന്റെ ഇടയില്‍ കൂന്നുകൂന്നു ആ മുത്തശ്യമ്മ ഓടിപ്പോയി ഓവിന്റെ തിണ്ടിന്മേല്‍ വെച്ചിരിയ്ക്കുന്ന കിണ്ടിയുടെ മുരലില്‍ക്കൂടി വരുന്ന വെള്ളം തൊട്ടു എന്ന് വരുത്തുന്നത് എന്ന്  അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു. ഏഴോ എട്ടോ വയസ്സുള്ളയാള്‍ എന്ത് മനസ്സിലാക്കിയോ ആവോ!

അതേപ്രായത്തില്‍ ഇതൊക്കെ ചെയ്തു പോന്നവരായിരുന്നു ഞങ്ങളൊക്കെ. 'ഇച്ചിലും വറ്റും' എന്താണെന്നു ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഹൃദിസ്ഥമായിരുന്നു. ഊണ് കഴിയ്ക്കുമ്പോള്‍ ഇച്ചില് കൂട്ടാതെ ഉണ്ണണം ഇച്ചിലാക്കാതെ വെള്ളം കുടിക്കണം. ( ഞാന്‍ ഉണ്ണുമ്പോള്‍ എന്റെ ഇല മറ്റൊരാളുടെ ഇലയുമായി കൂട്ടി മുട്ടരുത്. ഇടത്തെ കൈ ഇലയില്‍ മുട്ടരുത്. തുടങ്ങി പലേ നിബന്ധനകളും പാലിച്ചു വളര്‍ന്നപ്പോള്‍ അത് എക്കാലത്തേക്കുമുള്ള ശീലം തന്നെയായി.)  

ഊണിനു മുന്നേയും, പിന്നീടും  ഉള്ള  കൈ കഴുകല്‍ -- നാലിറയത്തിന്റെ വടക്ക് കിഴക്കേ മൂലയിലെ ഉയര്‍ന്ന തിണ്ടിന്മേല്‍ വലിയ ഓട്ടുകിണ്ടിയില്‍ വെള്ളം എപ്പോഴും ഉണ്ടാകും. ഉണ്ണാറാകുമ്പോള്‍. അടുത്ത് വലിയ ചെമ്പിലും വെള്ളം നിറയ്ക്കും. മുത്തശ്ശനും മറ്റും കൈകഴുകി മുഖത്തും കാലിലുമൊക്കെ വെള്ളമൊഴിക്കുന്നതും തളിക്കുന്നതുമൊക്കെ കണ്ടാണ് ഞങ്ങളുടെ തലമുറ വളര്‍ന്നത്. 

അമ്മമാര്‍ വിളമ്പിക്കൊടുക്കുമ്പോള്‍  ചോറ്, കൂട്ടാന്‍, ഉപ്പേരി ഇത്യാദികള്‍ വിളമ്പിക്കഴിഞ്ഞാല്‍ ചെറിയ കിണ്ടിയുടെ മുരല്‍ ചെരിച്ചു കൈ കഴുകും. 'വറ്റ്'ശുദ്ധമായ കൈകൊണ്ട് മോര്, ഉപ്പിലിട്ടത്, ഉപ്പ് തുടങ്ങിയവയൊന്നും തൊടില്ല. അതൊക്കെ വെക്കാനും ഒരു സ്ഥാനമുണ്ട്.

ഇനി മലമൂത്ര വിസര്‍ജ്ജനം ചെയ്തു കഴിഞ്ഞാലും വെള്ളംകൂട്ടി ശുചിയാക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്, ശൌചത്തിന് വേണ്ട നല്ല ചുവന്ന മണ്ണ് അവിടെ ശേഖരിച്ചു വെച്ചിരിയ്ക്കും. (കുളപ്പുരയില്‍ ഉമിക്കരി, മാവിന്‍റെ ഇല, ഈര്‍ക്കില, ആവണക്കിന്‍ കുരു, മഞ്ഞള്‍ എന്നിവയൊക്കെ പരിചാരകര്‍        പാളയില്‍ കെട്ടിത്തൂക്കിയിട്ടുണ്ടാകും. (സോപ്പ് അത്ര ധാരാളമായി ഉപയോഗിക്കാത്ത കാലം) നമ്പൂരാരുടെ കുളത്തില്‍ ഭസ്മക്കൊട്ട പ്രധാനമാണ്. മഞ്ഞളും ആവണക്കിന്‍ കുരുവൊന്നും അവിടെ വേണ്ട. 

പണ്ടുകാലം മുതലേ കേരളത്തിലെ ഒട്ടൊക്കെ എല്ലാവീടുകളുടെ ഉമ്മറത്തും കിണ്ടിയില്‍ വെള്ളം വെക്കല്‍ പതിവായിരുന്നു. (ജലക്ഷാമം കൊണ്ടൊന്നും അല്ല, കിണ്ടി ഉപയോഗിച്ചിരുന്നത്.) ഇതൊക്കെ മണ്ടന്‍ ആചാരങ്ങള്‍, പഴഞ്ചന്‍ ആചാരങ്ങള്‍ എന്ന് പറഞ്ഞ് പുരോഗമാനവാദികളായ അടുത്ത തലമുറ പുച്ഛിച്ചുതള്ളി. അവര്‍ പലേ പരിഷ്ക്കാരങ്ങളും ജീവിതത്തില്‍  വളര്‍ത്തിഎടുത്തു.      കുളിക്കാതെയും പല്ലുതേക്കാതെയും ചായയും മറ്റും കഴിയ്ക്കാം എന്നായി. ഇച്ചിലിനും വറ്റിനും പ്രസക്തിയില്ലാതായി. കൊറോണ ഇപ്പോള്‍ പലരുടെയും കണ്ണ് തുറപ്പിച്ചിരിക്കുന്നു. 

ഈ ലേഖനം വായിച്ചപ്പോള്‍ ചിന്തകള്‍ അങ്ങിനെ പിന്നാക്കം പോയി വന്നു. 
ആസ്പത്രികളില്‍ പെരുമാറുന്ന വിദഗ്ദ്ധന്മാരായ ഡോക്ടര്‍മാര്‍ തന്നെയാണ് കൈകഴുകി ശുചിത്വം വരുത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയതും പുറം ലോകത്തിനെ അറിയിച്ചതും. 

കൊറോണയുടെ മാരകത ആദ്യം തിരിച്ചറിഞ്ഞ ചൈനയിലെ ഡോക്ടര്‍ക്ക് വന്ന ദുരന്തം ഇതിന്ന്ടെ ലോകം മുഴുക്കെ അറിഞ്ഞു കഴിഞ്ഞു. ഇന്നത്തെ വായനയില്‍ കൈകഴുകുന്നതിന്റെ പ്രാധാന്യം വിളിച്ചോതിയ വിയന്നയിലെ ഡോക്ടര്‍ക്കും ഇതേ തിക്താനുഭവം ഉണ്ടായി എന്ന് വായിച്ചപ്പോള്‍ ഏറെ സങ്കടം വന്നു. 

മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച് രക്തസാക്ഷികളാകേണ്ടി വന്ന ലോകത്തിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ശ്രദ്ധാപൂര്‍വ്വം അഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു. കൂട്ടത്തില്‍ സ്വന്തം ജീവിതം രോഗികള്‍ക്കായി മാറ്റിവെച്ചു രാപ്പകല്‍ അദ്ധ്വാനിയ്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂപ്പുകൈ! സാഷ്ടാംഗ പ്രണാമം...

പുതിയ വൈറസുകള്‍ കിണ്ടിയിലെ വെള്ളം കൊണ്ട്  നശിച്ചു പോകുന്നവയല്ലത്രേ! അതുകൊണ്ട് ആധുനിക രീതിയില്‍, നിര്‍ദ്ദേശാനുസരണം ഏവരും കൈ കഴുകുക. ജലം അമ്രുതമാണ്, അമൂല്യമാണ്‌ എന്ന് കൂടി ഓര്‍ത്തുകൊണ്ട്‌ .......

എല്ലാവര്ക്കും വേണ്ടി പ്രാര്ത്ഥിയ്ക്കാം ....

ലോകാ സമസ്താ സുഖിനോ ഭവന്തു !

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...