Wednesday, 23 September 2020

തിരിച്ചറിവുകള്‍ :--..മാറുന്ന ഭക്ഷണരീതി - 1, 2

Uma Namboodiri
January 2, 2015 at 11:46am · 

മാറുന്ന ഭക്ഷണ രീതി 

വീണ്ടുമൊരിയ്ക്കല്‍ കൂടെ എഴുതട്ടെ.
what we eat make who you are.

അതിനാല്‍ ഭക്ഷണം അറിഞ്ഞു കഴിയ്ക്കണം.കാരണം, ഇത് നമ്മുടെ ചിന്തകളിലും, ശരീരത്തിലും സ്വഭാവത്തിലും മാറ്റം വരുത്തും.
ആഹാര ശുദ്ധൌ സ്വത്വശുദ്ധി:

അപ്പോൾ പാചകം വളരെ പ്രധാന ചിന്താ വിഷയം തന്നെ.

ആഗോള വല്‍ക്കരണത്തെ തുടര്‍ന്നു നമുക്ക് പൈതൃകമായി ലഭിച്ച കണ്ടും, കേട്ടും, ചെയ്തും സ്വായത്തമാക്കിയ ഭക്ഷണത്തിന്റെ നാട്ടറിവ് കൈമോശം വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ വരും കാലങ്ങളിലേയ്ക്കായി ഇതു സംരക്ഷിച്ചു വെയ്ക്കേണ്ടത് നമ്മുടെ ബാദ്ധ്യതയല്ലേ? 

സമയത്തിനും കാലത്തിനുമനുസരിച്ചുള്ള രുചി ഭേദങ്ങള്‍ നമ്മുടെ ആരോഗ്യത്തിനു ദോഷം വരുത്താതിരിയ്ക്കട്ടെ.

പരസ്യങ്ങളിലും മറ്റും മയങ്ങി നമ്മുടെ നമ്മുടെ കാരണവന്മാര്‍ ചിട്ടപ്പെടുത്തിയ, ശീലിച്ചു പോന്ന ഭക്ഷണക്രമം കൈമോശം വന്നു പോകാതിരിയ്ക്കട്ടെ.
നമ്മുടെ ഇന്നലെകള്‍ അന്യം നിന്ന് പോകാതിരിയ്ക്കട്ടെ.
പാചകമെന്ന കലയില്‍ ആ പ്രദേശത്തെ ജനങ്ങളുടെ സംസ്കാരം, .ആ
ചാരം, അനുഷ്ഠാനം, വിശ്വാസം എന്നിവ പ്രതിഫലിയ്ക്കുന്നു.
                                                                                                                                             

തിരിച്ചറിവുകൾ :-

28th ഒക്ടോബർ, 2016

മാറുന്ന ഭക്ഷണരീതി.

കുറച്ചു കാലം മുൻപുവരെ 3 നേരം അരിഭക്ഷണം കഴിയ്ക്കുന്നവനെ ഭാഗ്യവാനായാണ് കരുതിയിരുന്നത്. ഈ അടുത്തകാലം വരെയും മൂന്നു നേരവും കഞ്ഞിയും ചോറും കഴിച്ചിരുന്നവരായിരുന്നു നമ്മൾ. എന്നാല്‍ ഇതൊക്കെ പഴഞ്ചന്‍ രീതി എന്ന് പറയുന്നവരാണ് ബഹുഭൂരിപക്ഷവും.

എപ്പോളാണ് നമ്മുടെ ഭക്ഷണരീതിയൊക്കെ മാറിപ്പോയത്?

ഇത്രയും എഴുതിയപ്പോളാണ് ഡയറിയുടെ പഴയ പേജുകൾ മറിച്ചു നോക്കാൻ തുടങ്ങിയത്. എന്റെ മകളുടെ കുട്ടിയ്ക്ക് കുറച്ചുകാലം മുന്നേ അയച്ച ഒരു കത്തു അപ്പോൾ കണ്ണിൽ പെട്ടു.

വിഷയത്തിൽ നിന്നും മാറുന്നില്ല. ആദ്യം ആ കത്തൊന്നു വായിച്ചു നോക്കട്ടെ...

27 -10-2011

പ്രിയപ്പെട്ട അമ്മിണീ,

ഇന്നലെ നിനക്കെഴുതിയതു ദീപാവലി പലഹാരങ്ങളിൽ ചേർക്കുന്ന മായത്തിനെ പറ്റി ആയിരുന്നല്ലോ! ടീറ്വിയിൽ, ഹിന്ദി ചാനലുകളിൽ തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരിയ്ക്കുകയാണ്. പലഹാരത്തിനുപയോഗിയ്ക്കുന്ന പാലിലും, എണ്ണയിലും മാത്രമല്ല, ചേർക്കുന്ന നിറത്തിലും മാരക വിഷം ഉണ്ടത്രേ. ജനങ്ങൾ ജാഗ്രതയായിരിക്കണം എന്ന് സർക്കാർ അറിയിപ്പ് കിട്ടിയിട്ടും പലഹാരങ്ങൾ വാങ്ങിക്കഴിച്ചു ആസ്പത്രിയിലായവർ നിരവധി...
എന്ത് ചെയ്യാം! അനുഭവിയ്ക്കട്ടെ, അല്ലാതെന്തു പറയാൻ!! 
നിനക്ക് ബേക്കറി സാധനങ്ങൾ വാങ്ങിത്തരാത്തതും ഇതുകൊണ്ടൊക്കെയാണെന്നു നിനക്കറിയാമല്ലോ.

ഈ മാസം ഹിരണ്യ മാസികയിൽ അരുൺ പ്രഭാകർ (ഇവിടെ വരാറുള്ള അരുൺ അമ്മാമൻ തന്നെ) ഒരു ലേഖനമുണ്ട്, അതില്‍ മൈദാ എന്ന മാലിന്യത്തിനെ എത്ര ഭക്തിയോടെ നമ്മുടെ നാട്ടിൽ സ്വീകരിച്ചു പ്രധാന ഭക്ഷണം ആക്കിമാറ്റിയിരിയ്ക്കുന്നു എന്ന് ഭംഗിയായി വിവരിച്ചിരിയ്ക്കുന്നു.

നീ ചെറിയ കുട്ടി ആണെങ്കിലും കുറച്ചൊക്കെ നിനക്ക് മനസ്സിലാകും എന്ന വിശ്വാസത്തിൽ എഴുതുകയാണ്.

പുരാതന കാലം മുതൽ നമ്മൾ ഉപയോഗിച്ചിരുന്ന അരി, കോറ, തിന, ചാമ,ബാർലി ഇവയെയൊക്കെ പിന്തള്ളിക്കൊണ്ടു ഗോതമ്പ് പ്രചാരത്തിലായി. ഗോതമ്പിലെ നാരിന്റെ അംശം മുഴുവൻ പോയാൽ മൃദുവായ ഒരു പൊടി കിട്ടും. ആ പൊടികൊണ്ടു സ്വാദിഷ്ഠമായ പലഹാരങ്ങൾ ഉണ്ടാക്കാമെന്ന് ആദ്യം കണ്ടു പിടിച്ചത് പാശ്ചാത്യർ. അധികം താമസിയാതെ ഈ വെളുത്തപൊടി ആരോഗ്യം നശിപ്പിക്കുമെന്നും അവർ അറിഞ്ഞു. അങ്ങിനെ അവർ പട്ടിണി രാജ്യങ്ങളിലേക്ക് ഈ പൊടി കയറ്റി അയക്കാൻ തുടങ്ങി.

ഇന്ത്യയിലേക്കും ഇത് ധാരാള മായി വന്നു. ചിലർ പശയ്ക്കു മാത്രമായി ഇതിനെ ഉപയോഗിച്ചു എങ്കിലും, വാണിജ്യ ബുദ്ധിയുള്ളവർ ഇതിനെ പൊറോട്ടയായും, മറ്റു ബേക്കറി പലഹാരങ്ങളുടെ രൂപത്തിലും മാറ്റി ഉപയോഗിക്കാൻ തുടങ്ങി.

മൈദ ഉണ്ടാക്കാനുപയോഗിയ്ക്കുന്ന അലോക്സൻ എന്ന രാസ വസ്തു നമ്മുടെ കരൾ, വൃക്ക, ഹൃദയം കണ്ണ് തുടങ്ങിയവയെ തകരാറിലാക്കുന്ന സാധനമാണ്. 

ഇനി നീ കേട്ടോ, ഭക്ഷ്യ വസ്തുക്കൾക്ക് നിറം കൊടുക്കുന്ന വസ്തുവും, തുണികൾക്കു നിറം കൊടുക്കാൻ ഉപയോഗിക്കുന്നവയും, മറ്റു പെയിന്റ് തുടങ്ങിയവയിൽ ചേർക്കുന്ന നിറവും ഒരേ, രാസവസ്തു തന്നെ.

(ഭക്ഷണസാധനങ്ങൾ വറുത്തെടുത്തു കഴിഞ്ഞുള്ള എണ്ണയും അപകടകാരി തന്നെ.)

നീ ശ്രദ്ധിച്ചു നോക്കിക്കോ, നമ്മൾ വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷ്യ വസ്തുക്കൾ മിക്കതും രണ്ടും മൂന്നും ദിവസം പുറത്തെടുത്തു വെച്ചാലും കേട് വരുന്നില്ല. കാരണമെന്താണെന്നോ, സ്വാഭാവികമായി അതിൽ ഉണ്ടാകുന്ന ഫംഗസ് (പൂപ്പൽ) നെ അതിൽ ചേർത്തിരിയ്ക്കുന്ന രാസ വസ്തുക്കൾ വളരാൻ അനുവദിയ്ക്കാത്തതു കൊണ്ട്.

ഭക്ഷണം എടുത്തുവെച്ചതിൽ പുഴുക്കളും പൂപ്പലും വരുന്നില്ലെങ്കിൽ ഉറപ്പിയ്ക്കാം അതിൽ കൊടിയ വിഷം ചേർത്തിട്ടുണ്ട് എന്ന്.

അമ്മിണീ, ഇനി മറ്റൊരു കാര്യം. എന്തെങ്കിലും ഭക്ഷണത്തിനോട് എന്തെന്നില്ലാത്ത ആർത്തി, അല്ലെങ്കിൽ വീണ്ടും വീണ്ടും കഴിക്കണമെന്ന മോഹം തോന്നിയ്ക്കാൻ (ആകർഷകമായ സ്വാദും,മണവും ഉണ്ടാക്കുക ) ഇതിനു വേണ്ടി ഹോട്ടലുകളിലും മറ്റും അജിനോ മോട്ടോ എന്ന ഒരു സാധനവും ചേർക്കുന്നുണ്ട്.

പഞ്ചസാര കൂടുതൽ കഴിച്ചാൽ എല്ലും പല്ലും ക്ഷയിക്കുമെന്നു പറയും. കാരണം പഞ്ചസാര ദഹിയ്ക്കാൻ വേണ്ട കാൽസ്യവും, ഫോസ്ഫറസും, പല്ലു,എല്ലു,ഞരമ്പ് എന്നിവയിൽ നിന്നും വലിച്ചെടുക്കുന്നു. അത് അത്ര വേഗം ദഹിക്കുകയും ഇല്ല.

'പഞ്ചസാര വെളുത്ത വിഷം' എന്ന പുസ്തകം നീ ഇവിടെ കണിട്ടുണ്ടല്ലോ. അത് വായിക്കണം.

ഇനിയിപ്പോ, നീ ചോദിക്കും, അപ്പൊ, ഞങ്ങള് കുട്ട്യോള് ഇനി എന്താ കഴിയ്ക്ക്യാ എന്ന്.

കുട്ടികളുടെ ആരോഗ്യത്തിനു പറ്റുന്ന പലഹാരങ്ങൾ എത്രയോ ഉണ്ട്! അതൊക്കെ വീട്ടിൽ ഉണ്ടാക്കാമല്ലോ........

ഇനി പിന്നെ.....

5 വർഷം മുന്നേ യുള്ള കുറിപ്പാണത്.....തുടരും...

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...