Oct 30, 2016 10:37pm
30 -10 -2016
പ്രിയപ്പെട്ട അമ്മിണീ,
നിനക്ക് എഴുതിയിട്ട് ഒരു വർഷത്തിലധികമായി. ഇന്ന് എഴുതാതിരിയ്ക്കാൻ തോന്നുന്നില്ല.
അങ്ങനെയാണല്ലോ, ഇഷ്ടമുള്ള കാര്യമായാൽ പിന്നെ അടക്കി ഒതുക്കി വെക്കാൻ പറ്റില്ല.
മറ്റൊന്നുമല്ല. ഇന്നത്തെ പത്രത്തിൽ ഒരു കൂടിക്കാഴ്ച വന്നിട്ടുണ്ട്. ശ്രദ്ധേയമാണ് എന്നെനിക്കു തോന്നി. പിന്നെ ആരോടെങ്കിലും പറയാതെ വയ്യ, അതുകൊണ്ടു നിന്നോട് തന്നെ ആകാം എന്ന് വിചാരിച്ചു. വെക്കേഷൻ കാലത്തു വായിക്കുമല്ലോ.
ജിൻ ലൂയി ബാറ്റോ എന്ന ഫ്രഞ്ച് സാമ്പത്തീക ശാസ്ത്രജ്ഞനുമായി മാതൃഭൂമിയിലെ കെ.കെ. അജിത് കുമാർ നടത്തിയ സംഭാഷണമാണ് വിഷയം. സംസാരിച്ചതിന്റെ രത്നച്ചുരുക്കം എഴുതാൻ ശ്രമിയ്ക്കാം.
ജീൻ ലൂയി ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹത്തിന് കേരളം വലിയ ഇഷ്ടമാണ്. ലിംഗസമത്വം ഏറ്റവും ഉള്ള നാട്, വിദ്യാസമ്പന്നരുടെ നാട്എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കുമ്പോളും ഇവിടെ നടക്കുന്ന രാഷ്ട്രീയ കടുംകയ്യുകളെപ്പറ്റി അദ്ദേഹം ബോധവാനാണ്. അഹിംസയിൽ വിശ്വസിയ്ക്കുന്ന ജീൻ ലൂയി ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ സന്തുഷ്ടരായി ഏവരും ജീവിച്ചുകാണാൻ ആഗ്രഹിയ്ക്കുന്നതായി വ്യക്തമാക്കുന്നു.
ശ്രദ്ധേയമായ ജീവിതമാണ് അദ്ദേഹത്തിൻറെതു. 26 വയസ്സിൽ ഫ്രാൻസിൽ നിന്നുമുള്ള വളന്റിയർമാരാരുടെ കൂടെ ഇന്ത്യയിൽ എത്തി. 5 വർഷത്തോളം ഭൂദാൻ പ്രസ്ഥാനത്തിന്റെ കൂടെ ബീഹാറിൽ പ്രവർത്തിച്ചു,
ആചാര്യ വിനോബാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് 1951-ൽ ഉടലെടുത്ത ഭൂദാന പ്രസ്ഥാനം.
(വിനോബാജിയെപ്പറ്റി ഒരു ചെറിയ കുറിപ്പ് തരാം. ചെറുപ്രായത്തിൽ തന്നെ പഠിപ്പു ഉപേക്ഷിച്ചു ഗാന്ധിജിയുടെ കൂടെ കൂടുകയും, ആത്മീയ ശിഷ്യനായി മാറുകയും ചെയ്ത സ്വാതന്ത്ര്യ സമര പോരാളി. 13 പ്രാവശ്യം ഭാരതം മുഴുവൻ പദയാത്ര നടത്തി. ഭൂദാന പ്രസ്ഥാനം വിജയിപ്പിച്ചു )
വിനോബാജിയ്ക്കു ദാനമായി കിട്ടിയ ഭൂമിയിൽ താഴേക്കിടയിൽ ജീവിച്ചു പോന്നവർക്കു ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ഈ വളണ്ടിയർമാർ പ്രവർത്തിച്ചു. ജലസേചനം, വിദ്യാലയങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.
വിനോബാജിയുടെയും, ജയപ്രകാശ് നാരായൺജി യുടെയും കൂടെ പ്രവർത്തിച്ചു ജീൻ ലൂയി കാണാത്ത ഗാന്ധിജിയെ തൊട്ടറിഞ്ഞു. ഗാന്ധിജിയുടെ അഹിംസ സന്ദേശം ഭാരതത്തിനു മാത്രമുള്ളതല്ല, ലോകജനതയ്ക്കു ആകമാനമുള്ളതാണെന്നു ജീൻ ലൂയി വിശ്വസിച്ചു.
പിന്നീട്, 1980 -ൽ ദാരിദ്ര്യം ഇല്ലാതാക്കുക, ശാന്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലൂന്നി 'സോളിഡാരിറ്റി' എന്ന ഒരു പ്രസ്ഥാനം തുടങ്ങി. ആഗോളപ്രസ്ഥാനമായി മാറിയ സോളിഡാരിറ്റി യുടെ പ്രചോദനം ഗാന്ധ്യൻ ദർശനങ്ങളാണ്.
ഇപ്പോഴത്തെ വികസന മാതൃക അദ്ദേഹത്തിന് സ്വീകാര്യമല്ല. അതിനു ബദലായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിയ്ക്കുന്നു.
ഗാന്ധ്യൻ ചിന്തയിൽ പ്രചോദനം കൊണ്ട് അല്ലെങ്കിൽ 'ഇന്ത്യ ഓഫ് മൈ ഡ്രീം' എന്ന പുസ്തകം ഉൾക്കൊണ്ടു കൊണ്ട് അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ചു ലോകത്താകമാനം മാറ്റം കൊണ്ടുവരാമെന്നു അദ്ദേഹം പ്രത്യാശിയ്ക്കുന്നു. സാമ്പത്തിക വളർച്ചയേക്കാൾ പ്രാധാന്യം സമൂഹത്തിന്റെ വളർച്ചയ്ക്ക് കൊടുക്കണം എന്നദ്ദേഹം വിശ്വസിയ്ക്കുന്നു. മൂല്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിനു മാത്രമേ ഭീകരവാദികളെയും മറ്റും നേരിടാനാകൂ.
ആകർമത്തിൽ നിന്നും ലോകത്തെ പിന്തിരിപ്പിക്കാൻ ധാർമ്മികതയ്ക്കെ കഴിയൂ എന്നദ്ദേഹം വിശ്വസിയ്ക്കുന്നു. മനുഷ്യത്വത്തിനാണ് മുൻതൂക്കം കൊടുക്കേണ്ടത്, എന്നും .
വിനോബാജി സ്വപ്നം കണ്ട 'ജയ് ജഗത്' ആണ് ജീൻ ലൂയിയും ആഗ്രഹിയ്ക്കുന്നത്.
അടുത്ത മെയ് മാസത്തിൽ നടക്കാനിരിയ്ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്ന ഈ വിശ്വഗാന്ധിയനു എല്ലാ നന്മകളും നേരാം.
ലോകാ സമസ്താ സുഖിനോ ഭവന്തു...
No comments:
Post a Comment