Saturday, 19 December 2020

തിരിച്ചറിവുകള്‍ ....ഭക്തി..ഗംഗ

 

Uma Namboodiri shared her post.
June 19
സ്പന്ദനങ്ങൾ:_ (തിരിച്ചറിവുകൾ)
ജൂൺ 3, 2016
ക്ഷേത്രങ്ങളിലെ കൌണ്ടറുകളുടെ മുന്നിലുള്ള 'ക്യു ' കാണുമ്പോൾ, പുണ്യ സ്ഥാനങ്ങളിലെ തിക്കുംതിക്കും കാണുമ്പോൾ,
ക്ഷേത്രങ്ങളിൽ നിന്നും, ആശ്രമങ്ങളിൽ നിന്നുമുള്ള പ്രസാദം തപാലിൽ വരുത്തുന്നത് കാണുമ്പോൾ,
എന്തിനും ഏതിനും നേർച്ചകൾ, വഴിപാടുകൾ നേരുന്നത് കാണുമ്പോൾ....... ...
കഷ്ടം! എനിക്കിതൊന്നും ചെയ്യാൻ തോന്നുന്നില്ലല്ലോ, എന്നോർക്കും.
എന്ടെ പാപശക്തി അത്രയ്ക്കുണ്ടോ, ആവോ !!

വർഷങ്ങൾക്കു മുൻപ് അഹമ്മദ് നഗറിൽ നിന്നും കാശിയ്ക്കു മാറ്റം കിട്ടി പോകുമ്പോൾ തറവാട്ടിലെ അച്ഛൻ പറഞ്ഞു, 'ഉമേ, അപ്പൂന്റെ ഭാഗ്യാണ് കാശിക്കു കിട്ടിയത്. നീ എന്തായാലും ദിവസോം ഗംഗയിൽ കുളിച്ചു കാശി വിശ്വനാഥനെ തൊഴണം'
മാസങ്ങൾ കഴിഞ്ഞു. അങ്ങിനെ 'അലക്കു മാറ്റിവെച്ച് ' ഒരുനാൾ ഗംഗാ സ്നാനത്തിനായി ഞങ്ങൾ നാല്പേരും കൂടെ ദശാശ്വമേഥ ഘാട്ടിലെത്തി. (ഞങ്ങൾ രണ്ടുപേരും, രണ്ട് വയസ്സായ മകളും, കൂടെ താമസിയ്ക്കുന്ന റെഡ്ഢിയും.)
ജനസമുദ്രമാണ് മുന്നിൽ. വാഹനം ഒരു ഭാഗത്ത് ഒതുക്കി നിര്ത്തി. സൈക്കിള്‍ റിക്ഷക്കാരുടെയും, തീര്ത്ഥാടകരുടെയും തിക്കിലും തിരക്കിലും പെട്ട് മുന്നോട്ടു നടക്കവേ, വഴിയുടെ ഇരുഭാഗത്തും വരിവരിയായി ഇരിയ്ക്കുന്ന ധർമ്മക്കാരെ, യാചകരെ കണ്ടു കണ്ണുതള്ളി. ഇത്രയനവധി യാചകരോ? എല്ലാ പ്രായക്കാരും ഉണ്ട്. അംഗവൈകല്യം വന്നവരും, താടിയും, മുടിയും നീട്ടിയവരും. സാരിത്തലപ്പുകൊണ്ട് തലുയും, മുഖവും ഒട്ടൊക്കെ മറച്ചിരിയ്ക്കുന്ന സ്ത്രീകളുടെ നീണ്ടു വരുന്ന ഒഴിഞ്ഞ കൈത്തണ്ടകള്‍ ഭയപ്പെടുത്തി. ........
ദയനീയമായ കാഴ്ച ! അവനവന്റെ ഭാഷയില് ഉയര്ന്നു വരുന്ന യാചനാ വാക്കുകള്‍ അഥവാ, ദീന രോദനങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം ! ഇതൊരു പുണ്യഭൂമിയോ ?
മേലാസകലം ഭസ്മം പൂശി ത്രിശൂലവും, കമണ്ഡലുവും, ദണ്ഡു‍‍മായി ജടാധാരികളായ സന്യാസിമാര് പരമശിവന് ഉച്ചത്തില് ജയ് വിളിച്ചുകൊണ്ടിരിയ്ക്കുന്നു.
എങ്ങിനെയോ നടന്നു നീങ്ങി പ്രധാന കടവായ ദാശാശ്വമേഥ ഘാട്ടിലെത്തി.
ബഹളമയമാണവിടം. എല്ലാ ഭാഷക്കാരും, വേഷക്കാരും തിങ്ങി നിറഞ്ഞു നിൽക്കുന്നു. പടവുകള്‍ കാണാത്ത വിധം സ്ത്രീ പുരുഷന്മാര്‍. ശങ്കർ ഭഗവാനെ വിളിച്ചു മുങ്ങി നിവരുന്നവർ, പടവിലിരുന്നു കയ്യിലെ ചെറിയ മൊന്തയിൽ വെള്ളമെടുത്ത് തലയിൽ മുക്കി ഒഴിക്കുന്നവർ........
എങ്ങിനെ ഒന്നു കുളിച്ചു കയറും ?
ഒടുവിൽ തീരുമാനിച്ചു, ഒരു തോണിയിൽ അക്കരെപ്പോയി കുളിച്ചു പോരാം എന്നു.
അങ്ങിനെ ഒരു തോണിയിൽ അക്കരെയെത്തി. അവിടെയും കുറച്ചുപേർ കുളി നടത്തുന്നു. കുറച്ചു ദൂരം നടന്നു നോക്കി. എവിടെയും ഇറങ്ങിക്കുളിയ്ക്കാൻ തോന്നിയില്ല.
ഒടുവിൽ വീട്ടിലേയ്ക്കു മടങ്ങി. ചെറിയ ഒരു നിരാശ മുഖത്തു കണ്ടതുകൊണ്ടാകാം, റെഡ്‌ഡി ഭയ്യ ആശ്വസിപ്പിച്ചു, 'എന്തിനാ, സങ്കടം, നമ്മൾ വീട്ടിൽ എന്നും ഗംഗാ ജലത്തിൽ ത്തന്നെയല്ലേ, കുളിയ്ക്കുന്നതു?'
പിന്നീട് ആ സങ്കടം മാറിയത് ഒരൊഴിവ് ദിവസം ഉച്ചതിരിഞ്ഞ് സന്ധ്യവരെ ആള്ത്തിരക്ക് ഒട്ടും ഇല്ലാത്ത അസ്സി ഘാട്-ലെ കടവിൽ ഗംഗയിലെ ഒഴുക്കിൽ കിടന്നു മതി വന്നപ്പോളാണ്.
ഒന്നു സ്പർശിച്ചാൽ, ഒന്നു മുങ്ങി നിവർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാൻ കെൽപ്പുള്ള ഗംഗാ മാതാവേ, പിന്നീട് എത്രയോ പ്രാവശ്യം ആ കുളിർ, ആ ഒഴുക്കിന്റെ ശക്തി അനുഭവിച്ചു !
ഉത്ഭവസ്ഥാനം വരെ എത്തി നോക്കിപ്പോന്നു !!
..കുപ്പിയിലാക്കി കൂടെ കൊണ്ടുപൊന്നു !!!
എന്നിട്ടോ??? മനസ്സിന്റെ അഴുക്കൊക്കെ പോയോ?? ആർക്കറിയാം ???????
ഓം ജയ് ഗംഗേ മാതാ..........

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...