Saturday, 5 December 2020

ബന്ധുപര് വം...ഔനിക്കാട്ടെ...

 സ്പന്ദനങ്ങള്‍_: -- 2013, ഡിസംബര്‍

 എന്‍റെ അമ്മയും, ഔനിക്കാട്ടെ പേരശ്യമ്മയും, ജ്യേഷ്ടാനുജത്തിമാരുടെ മക്കള്‍..

പേരശ്യമ്മയെ പറ്റി അമ്മ പറയുന്നത് ആദ്യമായി എന്‍റെ ശ്രദ്ധയില്‍ പെട്ടത് ഗുരുവായൂര്‍-എല്‍.എഫ് ല്  പ്രി -ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലത്താണ്.  അന്ന്, എന്‍റെ ഏടത്തി, (പാര്‍വതി,കിഴക്കേടത്ത് ) ഡിഗ്രി ഫൈനല്‍ ആയകാരണം 2 പേരെയും ഹോസ്റ്റല്‍-ല്‍ ആക്കേണ്ട എന്ന് കരുതി താമരയൂരില്‍  ഒരു വീട് വാടകയ്ക്ക് എടുത്താണ്  താമസിച്ചിരുന്നത്‌. അക്കാലത്ത് പേരശ്യമ്മയെ അമ്പലത്തില്‍ വെച്ച് കാണും. വീട്ടിലും വന്നിട്ടുണ്ട്. 

പുന്നത്തൂര്‍ കോട്ടയിലെയ്ക്കുള്ള വഴിയിലായിരുന്നു വീട്. അങ്ങിനെ കോട്ടയിലെ തമ്പുരാട്ടിമാരും മറ്റും തൊഴുതു മടങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞങ്ങടെ വീട്ടില്‍ വരും. യമുനേടത്തി, കൃഷ്ണന്‍റെ മുഖമുള്ള ഓമനക്കുട്ടനെ കൊണ്ടുവന്നത് ഇപ്പോഴും ഓര്മ വരുന്നു. 

അമ്മയുടെ അമ്മാമനെ, കുഞ്ഞനിയ്മ്മാമനെ കാണാന്‍ ഒരിയ്ക്കല്‍  കോട്ടയില്‍ പോയിട്ടുണ്ട്. ( എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം, 19 99ല്‍, പുന്നത്തൂര്‍ കോട്ടയില്‍  (മകളുടെ  (b.b.c യ്ക്ക് വേണ്ടിഒരു  ഷൂട്ടിംഗ് ന്  പോയപ്പോള്‍, മകള്‍ക്ക് മുത്തശ്യമ്മയുടെ ബന്ധങ്ങള്‍ പറഞ്ഞു കൊടുത്തു.}

 ഞങ്ങടെ മരുമകളെ അവണപറമ്പിലെയ്ക്ക് കൊടുത്ത അന്ന് മറവഞ്ചേരി കുഞ്ഞുണ്ണി ഏട്ടനെ, (ഇല്ലത്തെ മരുമകന്‍, പടുതോളെ മരുമകളൂടെ മകന്‍,) പരിചയപ്പെടുത്തിയത് പേരശ്യമ്മയ്ക്ക് നല്ല സന്തോഷമായി. ചെറിയ ഉണ്ണിയായിരുന്നപ്പോള്‍, ഇല്ലത്ത് വെച്ച കണ്ട കാര്യം പേരശ്യമ്മ ഓര്‍ത്തു പറഞ്ഞു.. പേരശ്യമ്മയെ പിന്നെ കണ്ടത് വടക്കില്ലത്ത് കുഞ്ചു എട്ടന്ടെ പിറന്നാള്‍ക്കാണ്

1996 മുതല്‍ 4 വര്ഷം ഞങ്ങള്‍ തൃശൂരില്‍ ഉണ്ടായിരുന്ന കാലത്താണ് പേരശ്യമ്മയുമായി നല്ല അടുപ്പം ഉണ്ടാവുന്നത്. പേരശ്യമ്മ, ബേബി എടത്തിയുടെ കൂടെ ഉള്ളപ്പോളൊക്കെ ഞങ്ങളുടെ അടുത്തേയ്ക്ക് വരും. ഇടയ്ക്ക് കുറച്ചു നാള്‍ മാടമ്പിലെ ഇച്ചമ്മയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.. അക്കാലത്ത് പേരശ്യമ്മ, .തത്തേ കാണാണ്ടെ പോകാന്‍ പാടില്ല എന്ന് പറഞ്ഞു കൌസ്തുഭത്തില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ  തന്‍റെ സഹോദരന്മാരെ 'പിടിച്ചു' കൊണ്ട് വരികയുണ്ടായി. അമ്മയ്ക്കതു വളരെ സന്തോഷം ഉണ്ടായ സംഭവമായിരുന്നു. അമ്മ ഏട്ടന്മാരെ നമസ്കരിയ്ക്കുകയും ചെയ്തു..

 പടുതോളെ ഉണ്ണ്യേട്ടന്‍, പിന്നീട് അമേരിക്കയ്ക്ക് പോയപ്പോള്‍ പേരശ്യമ്മ അമ്മയോട് പറയുകയുണ്ടായി. "വയസ്സുകാലത്ത് തോന്നണ ഒരു ബുദ്ധ്യേയ്. എന്തിനാത്ര ദൂരത്തേയ്ക്ക് ചാവാന്‍ വേണ്ടി പോണേ "...എന്ന്.

പേരശ്യമ്മ, അധികവും രാവിലെ 9 മണിയോടെ ഞങ്ങള്‍ താമസിച്ചിരുന്ന കുന്നത്തുമന ലൈന്‍ ലെ 'സോപാന' ത്തില്‍  എത്തും. തിരിച്ചു പോകാന്‍ സന്ധ്യയാകും. ബേബിഏടത്തി രാവിലെ റയില്‍ കടത്തികൊടുക്കും. പിന്നെ നേരെ നടന്നാല്‍ ഞങ്ങടെ വീടായി. ചിലപ്പോള്‍ പേരശ്യമ്മ, കയ്യില്‍, തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞ്, നാളികേരം കൊണ്ട് വരും. ഞങ്ങള്‍ കാശുകൊടുത്ത് വാങ്ങുകയല്ലേ. ബേബി ഏടത്തി യ്ക്ക് വേണ്ടുവോളം ഉണ്ടുതാനും. അമ്മയ്ക്ക് ധാരാളം തോര്‍ത്ത്‌ മുണ്ടുകളും കൊണ്ട് കൊടുക്കും." തത്തെ ചികിത്സിയ്ക്കാനാ ഞാന്‍ വരണേ " എന്നാണു പേരശ്യമ്മ പറയുക. രണ്ട് പേരും കൂടെ ദിവസം മുഴുവന്‍ അവരുടെ അമ്മാത്തെ കഥകള്‍ തന്നെയാണ് പറഞ്ഞു രസിച്ചിരുന്നത്. ആ വീട്ടിലെ താഴത്തെ  മുറിയില്‍ എന്‍റെ ആളുടെ കൂടെ ജോലി ചെയ്യുന്ന ഡെന്മാര്‍ക്ക്കാരന്‍ സായ്പും താമസമുണ്ടായിരുന്നു. സായ്പിനെ കാണുമ്പോള്‍ പേരശ്യമ്മ മാറി നടക്കും. ഒപ്പം ഇരുന്ന്  ഊണ് കഴിയ്ക്കാനും മടിയാണ്.

ഒരിയ്ക്കല്‍ സുഗതകുമാരി ടീച്ചര്‍ വീട്ടില്‍ വന്നു. പേരശ്യമ്മയെ പറ്റി ഞാന്‍ ടീച്ചറോട് പറഞ്ഞു. പാവങ്ങളുടെ തര്‍ജമ നാലാപ്പാട് അയച്ചു കൊടുത്തതും, കൊസത്തിനെപറ്റിയുമൊക്കെ... ടീച്ചറെ പേരശ്യമ്മയ്ക്ക്  നല്ല മതിപ്പാണെന്നും  അങ്ങിനെ ഒരമ്മയുന്ടെങ്കില്‍ എനിയ്ക്കെന്തായാലും കാണണമെന്ന് ടീച്ചറും പറഞ്ഞു. അങ്ങിനെ രാത്രി 10 മണിയ്ക്ക് ടീച്ചര്‍ റയില്‍വേ സ്റ്റേഷന്‍-ല്‍ പോകുന്ന വഴിയ്ക്ക്, മുന്‍കൂട്ടി ബേബി ഏടത്തിയെ അറിയിച്ച പ്രകാരം ഞങ്ങള്‍ പേരശ്യമ്മയെ കാണാന്‍ ചെന്നു. രണ്ട്  പേര്‍ക്കും നല്ല സന്തോഷമായി. അങ്ങോട്ടും ഇങ്ങോട്ടും നമസ്ക്കാരം...... ടീച്ചറുടെ കൃഷ്ണകവിതകള്‍ ഒരു കോപ്പി കൊടുക്കുകയും ചെയ്തു. എന്‍റെ അമ്മയ്ക്കും ഒരു പുസ്തകം ടീച്ചര്‍ കൊടുത്തിരുന്നു.

അമ്മയുടെ പേരില്‍ ഒരു മൃത്യുന്ജയഹോമം ചെയ്യാന്‍ വേണ്ടി എനിയ്ക്ക് പുലിയന്നൂര്‍ അനിയേട്ടനെ പരിചയപ്പെടുത്തി തന്നത് പേരശ്യമ്മയാണ്. അമ്മ മരിച്ചശേഷം ഞാന്‍ ഒരിയ്ക്കല്‍ പൂങ്കുന്നത്തു പോയി പേരശ്യമ്മയെ കണ്ടു..തത്ത പോയി, അല്ലെ, എന്ന് ചോദിച്ചു തലകുനിച്ചു ഇരുന്നു. ആദ്യം പോയവര്‍ ഭാഗ്യം ചെയ്തവര്‍ എന്ന്  പേരശ്യമ്മ  പതുക്കെ  പറഞ്ഞു..

 തൃശൂരില്‍ നിന്നും പോന്ന ശേഷം ഒരിയ്ക്കല്‍ ഞാന്‍ അവ്നിക്കാട്ട് പോയി പേരശ്യമ്മയെ കാണുകയുണ്ടായി. അതാണ്‌ അവസാനം കണ്ട സന്ദര്‍ഭം. 

പിണ്ഡത്തിന്റെ അന്ന് നമസ്കരിയ്ക്കാനായി പോയി, പക്ഷെ, ഗുരുവായൂരില്‍ എത്തിയപ്പോഴേയ്ക്കും നേരം വൈകിയ കാരണം അമ്പലത്തില്‍ ചെന്ന് പേരശ്യമ്മയ്ക്കായി പ്രാര്ത്ഥിച്ചു പോന്നു.... 

എത്ര നല്ല മനസ്സിന്റെ ഉടമയായിരുന്നു ! നിഷ്കളങ്കമായ ചിരി... ആ ചിരിയില്‍ വിനയവും, സ്നേഹവും ഫലിതവും  എല്ലാം ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്‌ കാണാം....നിസ്വാര്‍ത്ഥമായ ചിന്ത.... കൊച്ചുകുട്ടികളുടെ മനസ്സ്,... പ്രായത്തിന്റെ പക്വത ...   ധാരാളം അനുഭവസമ്പത്ത്.... 

മരിച്ചു കിടക്കുമ്പോള്‍ തന്റെ കൈകൊണ് നൂറ്റുണ്ടാക്കിയ നൂലുകൊണ്ട് നെയ്ത പുതപ്പു പുതച്ചിരുന്നു എന്ന് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത ഭക്തി ബഹുമാനം തോന്നി.

എപ്പോഴും ഊര്‍ജം പരത്തി നടന്നിരുന്ന ആ പേരശ്യമ്മയുടെ സ്നേഹത്തിന്റെ ഓര്‍മ്മയില്‍, എന്‍റെ അമ്മയുടെ പ്രിയപ്പെട്ട ഔനിക്കാട്ടെ ഏടത്തിയ്ക്ക് നമസ്കാരം !!......

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...