Monday, 21 December 2020

അമ്മാത്ത് പർവ്വം -ഷേര്‍ഷയുടെ..Tomb


Uma Namboodiri updated her status.
March 22, 2015 ·

കാശി പര്‍വ്വം.:_ (തുടർച്ച)
ഗയ യാത്ര ------(ഷേര്‍ഷയുടെ ശവകുടീരം)

............ഗയയിലെയ്ക്കുള്ള യാത്രയും രസകരമായിരുന്നു.
ഈ യാത്രകള്‍ക്കായി ഓഫീസിലെ Landrover ജീപ്പ് വിട്ടു കിട്ടിയത് വളരെ ഭാഗ്യമായി. അതിരാവിലെ 3 മണിയ്ക്ക് മുന്‍പേ കുളികഴിഞ്ഞു ഞങ്ങള്‍ ഗയയ്ക്കു  പുറപ്പെട്ടു.
ബീഹാറുകാരനായ ഡ്രൈവര്‍ യാത്രയില്‍ അയാളുടെ ഭാര്യയെ, കൂടെ കൂട്ടിയിട്ടുണ്ട്. ഞങ്ങള്‍ പോകുന്ന വഴിയ്ക്ക് ആണത്രേ, ഭാര്യയുടെ ഗ്രാമം. അവരെ അവിടെ ഇറക്കി വിടും. ആ വര്‍ഷം ദുര്‍ഗാ പൂജയ്ക്ക് വലിയ തോതില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടായിരുന്നു. കലാപബാധിത പ്രദേശങ്ങളില്‍ കര്ഫു ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇടയ്ക്കിടെ തലപൊക്കുന്ന ചില്ലറ അസ്വാസ്ഥ്യങ്ങള്‍. ഇവര്‍ താമസിയ്ക്കുന്ന തെരുവില്‍  കലാപങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.........

ഏകദേശം, കാണാറായപ്പോള്‍ ഞങ്ങള്‍ സസരാം ഗ്രാമത്തില്‍ എത്തി. (ഇത് .പണ്ടു കേന്ദ്രമന്ത്രിയായിരുന്ന ശ്രീ ജഗജീവന്‍ റാമിന്‍റെ നാടാണ്.)
വഴിയില്‍ കണ്ട ഒരു പഴയ, പൊട്ടിപ്പൊളിയാറായ പടിപ്പുരയുടെ മുന്നില്‍ പെട്ടെന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അമ്പരപ്പ് മാറും മുന്നെ അയാള്‍ ഭാര്യയെ വേഗം ഗ്രാമത്തില്‍ വിട്ടു വരാമെന്ന് പറഞ്ഞു ഞങ്ങളെ അവിടെ ഇറക്കിപ്പോയി. 
 ചുറ്റും മൂടല്‍ മഞ്ഞ്. ഞങ്ങള്‍ പ്രവേശന കവാടത്തിന്റെ പുറം തിണ്ണയിലിരുന്നു. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. വിജനമായ സ്ഥലം. പരസ്പരം മുഖം തന്നെ കാണാന്‍ വിഷമം. നാല് പുറവും ഒന്നുകൂടി നിരീക്ഷിച്ചു. വീടുകളോ ആളനക്കമോ ഇല്ല. പെട്ടെന്ന് കവാടത്തിന്റെ ചുവരില്‍ എഴുതിയതു ശ്രദ്ധയില്‍പ്പെട്ടു-.
"ഷേര്‍ഷ സുരിയുടെ ശവകുടീരം" !!!!.
അപ്പോള്‍ അദ്ഭുതവും, ആവേശവും തോന്നി.
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് കേട്ട് പരിചയമുള്ള പേര്.
എന്തായാലും ചുറ്റും നടന്നു നോക്കാം എന്ന് കരുതി
ലീലേടത്തിയും ഞാനും വാതിലില്ലാത്ത പ്രവേശന ദ്വാരത്തില്‍ക്കൂടെ അകത്തേയ്ക്ക് കടന്നു.
അങ്ങ് ദൂരെ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. മൂടൽ മഞ്ഞിൽക്കൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി.
കോട്ടയ്ക്കു ചുറ്റും കിടങ്ങുണ്ട്. അത് നശിച്ചു തുടങ്ങിയിരിയ്ക്കുന്നു. പാലത്തിനു മുകളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ മൂടല്‍മഞ്ഞു തീര്‍ത്ത നേരിയ വലയില്‍ക്കൂടി ചുറ്റും സൂക്ഷ്മമായി വീക്ഷിച്ചു.
'എന്‍സൈക്ലോപീഡിയ'യായ അമ്മാമന്‍ ചരിത്രത്തിന്റെ നാള്‍വഴികള്‍ തുറന്നു വെച്ചു----
ഷെര്‍ഷസൂരി---സൂരി വംശ സ്ഥാപകന്‍.
സാമൂഹ്യപാഠം പുസ്ത്കത്താളുകളും മലര്‍ന്നു. പരീക്ഷയ്ക്ക് ഷേര്‍ഷയുടെ ഭരണപരിഷ്ക്കാരങ്ങള്‍ ചോദിച്ചിരുന്നത് ഓര്‍ത്തു..

ഒരുകാലത്ത് ശൂരവീരപരാക്രമിയായിരുന്നു, ചക്രവര്‍ത്തിയായിരുന്നു. മുഗളരെ തോല്പിച്ചു (ഹുമയുണിനെ) സ്വന്തം സാമ്രാജ്യമായ സുരിവംശം സ്ഥാപിച്ച ഭരണാധികാരി.. ഭരണകാലത്ത്, പെഷവാര്‍ (കാബൂള്‍) മുതല്‍ കൊല്‍ക്കത്തവരെ റോഡ്‌ ഉണ്ടാക്കി. (അതാണ് ജി .ടി.റോഡ്‌. എന്നറിയപ്പെടുന്ന ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്‌)
ചര്‍ച്ച ചൂട് പിടിച്ചുതുടങ്ങി.

അങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്തുനിന്നും, പിത്രുതര്‍പ്പണത്തിന്നായി കാശിക്കുപുറപ്പെട്ടു പോന്നവര്‍ ഗയാശ്രാദ്ധമൂട്ടാന്‍ പോകുന്നവര്‍, ഇവിടെ, ബീഹാറിലെ ഏതോ ഗ്രാമത്തില്‍ ഒരു മനുഷ്യവാസമൊന്നുമില്ലാത്ത പ്രദേശത്തു അതും നേരമല്ലാത്ത നേരത്ത് --------ചരിത്രത്തിന്റെ ബാക്കിസൂക്ഷിപ്പായി അവശേഷിയ്ക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ കോട്ടയില്‍.........

കിടങ്ങിനു മുകളിലുള്ള പാലം കടന്നു ഞങ്ങള്‍ ചരിത്രം പറഞ്ഞുകൊണ്ട്  മുന്നോട്ടു നടന്നു.
ആദ്യമായി ഒരു കോട്ട കാണുന്നത് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്താണ്. പാലക്കാട്ടെ ടിപ്പുവിന്റെ കോട്ട. പിന്നീട് മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ കോട്ടകളോട് കോട്ടകള്‍....ഏറ്റവും ഗംഭീരമായി തോന്നുന്നത്  'എല്ലോറ' യ്ക്കുള്ള വഴില്‍ സന്ദര്‍ശിച്ച മുഹമ്മദ്‌ ബീന്‍ തുഗ്ലക്കിന്റെ ഗംഭീരമായ കോട്ട തന്നെ..

ഇത് കാഴ്ചയില്‍ കോട്ടപോലെയാണെങ്കിലും 'ശവകുടീരം' ആണല്ലോ. ആകെ ഒരാനാഥമായ, നാമാവശേഷമാകാറായ പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. 
ഞങ്ങള്‍ കോട്ടയുടെ ചുറ്റും നടന്നു. തുറസ്സായി കിടക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് 
ഇടിഞ്ഞു പൊളിഞ്ഞ  വീതിയില്ലാത്ത  കോണിപ്പടികള്‍ കണ്ടു. കയറിനോക്കുകതന്നെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു.    മുകളിലെത്തിയപ്പോള്‍ കണ്ടത്  വിശാലമായ ഒരു ഹാള്‍.   ആദ്യമൊന്ന് അമ്പരന്നു. അവിടെമാകെ  നിരവധി പലേ വലുപ്പത്തിലുള്ള കബറുകള്‍ ! അപ്രതീക്ഷിതമായി കണ്ട കാഴ്ച അദ്ഭുതത്തോടെ നടന്നു കണ്ടു.. ഹാളില്‍ കഷ്ടിച്ച് നടക്കാനുള്ള വഴിയേ  ഉള്ളൂ..പഴയ പോരാളികളുടെ ഖബറുകൾ  പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്..മങ്ങിയ വെളിച്ചത്തിൽ പലേ ഉയരങ്ങളിൽ കണ്ട ഖബറുകൾ ഭയപ്പെടുത്തിയില്ല. 
അപ്പോഴേയ്ക്കും മറ്റുള്ളവരും വന്നു. മുകളിലേയ്ക്ക് കയറി വരാന്‍ മടിച്ചു നിന്ന മുത്ത്ശ്യമ്മയും, പേരശ്യമ്മയും കൂടെയെത്തി. കാഴ്ചക്കുറവ് ഉള്ള അമ്മാമിയെയും കൈപിടിച്ചു കോണിപ്പടികള്‍ കയറ്റി.
ദേ, ഷേര്‍ഷാ സുരീടെ..............ആരോ ഉറക്കെ പറഞ്ഞു..
ഹാളിലെ ഒരു ഭാഗത്ത്, അനാഥമായി, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നിരവധി ഖബർ കൾക്കിടയിൽ ഒരിടത്തു 'ഷേര്‍ഷസുരിയുടെ ശവകുടീരം' എന്ന് എഴുതിവെച്ചതു കണ്ടപ്പോള്‍ കഷ്ടം തോന്നി. മറ്റുള്ളവയെക്കാള്‍ കുറച്ചു വലുപ്പം കൂടുതലുള്ള ആ കല്‍രൂപം നോക്കി നിന്നു !  
ചരിത്രത്താളുകളിൽ അദ്ദേഹം സ്മരണീയനായ വ്യക്തി. ഒടുവില്‍ ഇതാ ആ ചക്രവര്‍ത്തിയുടെ വിശ്രമസ്ഥാനം ഇവിടെ ഇങ്ങിനെയൊരു പൊട്ടിപ്പൊളിഞ്ഞ കോട്ടയില്‍ ചരിത്രാവശിഷ്ടമായി, അനാഥമായി..............., 
 
ശൂന്യമായ മനസ്സോടെ, എന്നാല്‍ നിരവധി ആശങ്കകളോടെ ആ ശവകുടീരത്തില്‍ നിന്നും മടങ്ങുമ്പോള്‍ ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി ചിന്തിച്ചുപോയി.
കുറച്ചു സമയം എല്ലാവരും എങ്ങോട്ടാണ് തങ്ങളുടെ യാത്ര എന്ന കാര്യം തന്നെ മറന്നുപോയി ! 
വല്ലാത്തൊരു അതിശയം തന്നെ. മുഗളരെ  തോല്‍പ്പിച്ച് സൂരിവംശം സ്ഥാപിച്ച് നാടുവാണ ചക്രവര്‍ത്തിയുടെ  അന്ത്യ വിശ്രമ സ്ഥാനം ഇങ്ങിനെ.........

 ശുദ്ധാശുദ്ധങ്ങളൊക്കെ വേണ്ടതുപോലെയുള്ള മുത്തശ്യമ്മയും, പേരശ്യമ്മമാരും, അമ്മാമിയും ഒരു ഈഷലും ഇല്ലാതെ ഒരു മാപ്ലയുടെ ശവകുടീരത്തില്‍.......
അതും ഗയാശ്രാദ്ധം ഊട്ടാന്‍ പോകുന്നവര്‍ !
ഇതൊരു നിയോഗം പോലെ......
ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.......

അദ്ദേഹത്തിന്‍റെ മകനാണ് 1740-45കാലത്താണ് 'red sand stone'-ല്‍ 122' ഉയരത്തില്‍ പിതാവിന്റെ ഓര്‍മ്മയ്ക്കായി ഈ കുടീരം പണി കഴിപ്പിച്ചതത്രെ.
.
ഇന്ന് കോട്ടയുടെ ചുറ്റും തടാകം പോലെ വെള്ളം കെട്ടി നിര്‍ത്തി, കോട്ടയുടെ അറ്റകുറ്റ പണികള്‍ ചെയ്തു സന്ദര്‍ശകരെ ആകര്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ ടൂറിസം വിഭാഗം നടത്തുന്നുണ്ടെന്നു കേട്ടു.
.
ഡ്രൈവര്‍ തിരിച്ചെത്തി. സൂര്യഭഗവാന്‍  തന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങി .

തുടരും......

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...