Monday, 22 March 2021

നാട്ടുവിശേഷം---തീയാട്ട്

 

സ്പന്ദനങ്ങൾ::_ (തിരിച്ചറിവുകൾ)
നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ,സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ 
ഉൻമേഷപ്പെടുത്താൻ ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ.
നാളെ വൈരങ്കോട് ചെറിയതീയാട്ട്. വെള്ളിയാഴ്ചയാണ് വലിയ തീയാട്ട്.
ഈ ദേശത്തെയാകമാനം ജനങ്ങളുടെ പ്രധാന ഉത്സവം.
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും വന്നു ചേര്ന്നിരിയ്ക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല.
ഇന്നലെയായിരുന്നു തീയാട്ടുകൾക്കുള്ള മരം മുറി. 
.അതിനു വേണ്ട വരിക്കപ്ലാവുകൾ വഴിപാടായി ഭക്തർ ദേവിയ്ക്ക് സമര്പ്പിയ്ക്കുന്നു. മരം മുറിയ്ക്കാനുള്ള അനുവാദം ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധിയാണ് കൊടുക്കുന്നത്. കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ.
. 
തീയാട്ട് എന്ന് കേൾക്കുംപോൾത്തന്നെ പൂതന്റെയും, തിറയുടെയും രൂപമാണ് മനസ്സില് വരിക.
അമ്പും വില്ലുമേന്തി  അമ്പുകുലയ്ക്കുന്ന ശബ്ദമുണ്ടാക്കി, 'പൂ ....'എന്നു് കൂവി വിളിയ്ക്കുന്ന മേലാസകലം കരിതേച്ചു ഓടിയോടി നടക്കുന്ന കാട്ടാളനെയാണ് ഓര്മ്മ വരിക.
ദേവീപ്രീതിയ്ക്കായി വഴിപാടായി കെട്ടിയാടുന്ന വൈക്കോൽ പൂതത്തിനെയും  വൈക്കോൽ കാളകളെയും ചുമലിൽ ഏറ്റി തിത്തേരിക്കുടയുമായി പാടവരമ്പത്തുകൂടി ജാഥയായി നിഷ്കളങ്കരായ ഗ്രാമീണരുടെ ചിത്രമാണ്‌ മനസ്സിൽ പതിയുന്നത്..
വലിയ തീയാട്ടുനാൾ ആണ് വൈകുന്നേരം അതാതു പാരമ്പര്യ കുടുംബക്കാർ കാളയെ കെട്ടിച്ചു ചുമലിലേറ്റി അതാത് ദേശത്തിന്റെ കൊടിയടയാളം ഉയർത്തിപ്പിടിച്ചു് അഭിമാനത്തോടെ  താള വാദ്യങ്ങളും പാട്ടുമായി വൈരങ്കോട്ടെ ഭഗവതിയുടെ മുന്നിലെത്തുന്നത് . 
ആഘോഷങ്ങൾ കഴിഞ്ഞു പ്രധാന വഴിപാടായ കനലാട്ടം കണ്ടു ദേവിയുടെ അനുഗ്രഹം വാങ്ങി ദേശക്കാർ മടങ്ങുന്നു. വീണ്ടും അടുത്ത തീയാട്ടിനുള്ള ഒരുക്കങ്ങൾ മനസ്സിൽ കണക്കാക്കാൻ തുടങ്ങുന്നു.
കുടുംബ പാരമ്പര്യം നിലനിർത്താൻ പലരും കഷ്ടപ്പെടുകയാണ്. വാടകയ്ക്ക് ആളെകൊണ്ടുവന്നു പൂതൻ തിറ കെട്ടിയാടേണ്ട സ്ഥിതിയിലാണ്. അതുകൊണ്ട് പഴയ പലേ മൂല്യങ്ങളും നഷ്ടപ്പെട്ടു പോകുന്നതായി പഴമക്കാർക്ക് തോന്നിപ്പോകുന്നു.
തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്നവളാണ് ദേവി .പൂതനും തിറയും ദേവിയുടെ പ്രതിനിധികളാണ്. തിറ ഉമ്മറത്ത് വന്നാൽ ഏതു ബ്രാഹ്മണ കുടുംബക്കാരും വിളക്ക് കത്തിച്ചു വെക്കുകയും നെല്ലും അരിയും വസ്ത്രവും ഭക്തിപൂർവ്വം കൊടുക്കുകയും ചെയ്തിരുന്നു. തിറ എറിഞ്ഞു പോകുന്ന നെല്ലും അരിയും വീട്ടുകാരെ വസൂരി പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കുന്നു എന്ന ഒരു വിശ്വാസം അന്ന് നിലനിന്നിരുന്നു.
ഭക്തിയുടെ, വിശ്വാസത്തിന്റെ പരിവേഷം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന കാലമൊക്കെ ഇല്ലാതായിക്കഴിഞ്ഞു.
കാളവരവുകൾക്കാണ് ഇപ്പോൾ പ്രാധാന്യം. ലക്ഷങ്ങൾ ചെലവിട്ടു ആധുനിക സംവിധാനങ്ങളോക്കെയുള്ള കാളകളെ ഓരോ ദേശക്കാരും പ്രദർശിപ്പിയ്ക്കുന്നു മത്സരബുദ്ധിയോടെ തല കുലുക്കുകയും, ശബ്ദിക്കുകയുമൊക്കെ ചെയ്യുന്ന അലങ്കരിച്ച കാളകൾക്കാണ് ഇന്ന് പ്രാധാന്യം. തൃശൂർ പൂരവെടിക്കെട്ടിനെ വെല്ലാൻ ശ്രമിയ്ക്കുന്ന മരുന്നു പണികളും ജനത്തിന് ഹരമാകുന്നു.
സാധാരണ വരാറുള്ള (കഴിഞ്ഞ 13 വർഷങ്ങളായി) ദേശത്തെ പൂതനും തിറയും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇങ്ങോട്ട് വന്നില്ല.പാടത്തിന്റെ അങ്ങേക്കരയിൽ നിന്നും കൊട്ടുകേട്ടപ്പോൾ ആശിച്ചു, ഇങ്ങോട്ട് വന്നിരുന്നെങ്കിൽ......

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...