സ്പന്ദനങ്ങള്‍ :_(സപ്തംബര്‍ 21, 2015)
ഇക്കഴിഞ്ഞ ഞായറാഴ്ച്ചത്തെ (വാരാന്തപ്പതിപ്പ്) പത്രത്തിലെ 'കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍ ' എഴുതിയ "ദൈവഹിതം" എന്ന ചെറിയ ചെറുകഥ നല്ല രസകരമായി തോന്നി.
'ഈശരാ .. ജകതീശരാ.. പരമീശരാ..ജയ പാഗിമാ ...' എന്ന് സന്ധ്യാ നാമം ചെല്ലമ്മായി നീട്ടി ചൊല്ലുന്നതിന്നിടെ പെട്ടെന്ന് ചാടിയെണീട്ടു. പുറത്തു കാറ്റ് ശക്തിയായി വീശുന്നു, ഇടിമിന്നലും,ശക്തമായ വെള്ളിടിയും. ഉമ്മറത്ത് വന്നു നോക്കിയപ്പോള്‍ അങ്ങേക്കരയില്‍ ദാക്ഷായണിയുടെ പറമ്പില്‍ വൈക്കൊല്‍പ്പുര മിന്നലേറ്റ് കത്തുന്നു. "ഹാവൂ...ആ മാരണം അങ്ങോട്ട് പോയി വീണു!"
ഭഗവതിയെ മനസ്സില്‍ ചിന്തിച്ചു ഒന്ന് ചിരിച്ച് നിലത്തു ചുരുണ്ടുകൂടി കിടക്കുന്ന മണിക്കുട്ടിയോട് തുടര്‍ന്നു...'നാമം ചൊല്ലുന്നത് കൊണ്ട് ഗുണം ണ്ടേയ്.....പയ്യിനു കൊടുക്കാന്‍ കുറച്ചു ഒണങ്ങിയ വൈക്കോല് ചോയിച്ചിട്ടു തരാത്ത ആ പയന്കരി ദാഷ്ഷായണിക്കേയ് അദന്നെവേണം.'
മണിക്കുട്ടി മ്യാവൂന്നു പറഞ്ഞു നീട്ടിക്കരഞ്ഞ് അത് ശരിവെച്ചു.
വിളക്ക് വീണ്ടും തെളിയിച്ചു ചെല്ലമ്മായി നാമം ചൊല്ലല്‍ തുടങ്ങി.
നാരായണ നമ ......
ചുവരിലെ ഗുരുവായൂരപ്പന്‍റെ ചിത്രത്തിന് താഴെ നിന്നും ഇറങ്ങിവരുന്ന പല്ലിയെ നോക്കിയിരിയ്ക്കുകയാണ് മണിക്കുട്ടി. തീനാളത്തിനു ചുറ്റും പറക്കുന്ന പ്രാണികളെ പിടിക്കാന്‍ നോക്കുന്നതിന്നിടയില്‍ തന്റെ നേരെ ഉന്നം വെച്ചിരിക്കുന്ന മണിക്കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പല്ലി ഫോട്ടോയുടെ പിന്നില്‍ ഒളിച്ചു.
പുറത്തു ഇടിയ്ക്കൊപ്പം കോരിച്ചൊരിയുന്ന മഴ. ചെല്ലമ്മായി ഇറയത്തു ചെന്ന് കുനിഞ്ഞു പുറത്തേയ്ക്ക് നോക്കി മണിക്കുട്ടിയോട് _"മഴപെയ്തത് നന്നായി മണിക്കുട്ടീ.......അല്ലേല് പാവം ദാക്ഷായനീടെ വൈക്കോല് മുഴോന്‍ കത്തിപ്പോയേനെ!.....ദൈവഹിതം!!'
ഈ മനുഷ്യരുടെ കാര്യങ്ങള്‍ ഇത്തരത്തില്‍ രസകരമാണ് എന്നോര്‍ത്തുകൊണ്ട് ഇനിയൊരു പല്ലി ചുവരില്‍ പ്രത്യക്ഷപ്പെടുന്നത് നോക്കി മണിക്കുട്ടി വീണ്ടും ചുരുണ്ടുകൂടി.
മനോഹരമായ കൊച്ചു കഥ. വളരെ കുറച്ചു വരികൾ കൊണ്ട് വലിയ ചില സത്യങ്ങൾ നമുക്ക് പറയാതെ പറഞ്ഞു തന്ന കഥാകാരന് അഭിനന്ദനങ്ങൾ. ചെല്ലമ്മായി തൻ്റെ അയൽക്കാരിയോടുള്ള നീരസം പൂച്ചയെയാണ് കേൾപ്പിയ്ക്കുന്നത്. ഇടിമിന്നലിൽ അവരൂടെ വൈക്കോൽ കൂന കത്തിയത് പയ്യിനിത്തിരി വൈക്കോൽ ചോദിച്ചപ്പോൾ തരാത്തതിന് ദൈവം നൽകിയ ശിക്ഷയാണ് എന്ന് അവര് വിശ്വസിച്ചു. ഉടനെത്തന്നെ മഴ പെയ്ത് ദാക്ഷായണിയുടെ വൈക്കോൽ കത്തിപ്പോവാത്തതും ദൈവഹിതം കൊണ്ട് തന്നെ എന്ന് കരുതി അവർ ആശ്വസിക്കുകയും ചെയ്യുന്നു.
ഇതെല്ലാം മണിപ്പൂച്ചയെ കേൾപ്പിയ്ക്കുമ്പോൾ തൻ്റെ ഇരയെ ശ്രദ്ധിച്ചിരിക്കുന്ന പൂച്ച കേട്ടുകാണുമോ? മനുഷ്യന്റെ നിമിഷങ്ങൾ കൊണ്ട് മാറുന്ന മനോനിലയെ ഓർത്ത് രസിച്ചിട്ടുണ്ടാകുമോ?
ദീപനാളത്തിൻ്റെ ചുറ്റും പാറിപ്പറക്കുന്ന തന്റെ ഇരകളെ നോക്കിയിരിക്കുമ്പോഴും തന്നെ ഇരയാക്കൻ കാത്തിരിക്കുന്ന പൂച്ചയുടെ സാനിദ്ധ്യം മനസ്സിലാക്കി സ്വരക്ഷ തേടുന്ന പല്ലി.
മഴയും ഇടിയും തീയും മനുഷ്യനും മറ്റു ജീവികളും ഇരകളും കഥാപാത്രങ്ങളായി ഏതാനും നിമിഷം നമ്മുടെ മനസ്സിന്റെ അരങ്ങിൽ സജീവമായിത്തന്നെ നിൽക്കുന്നു.
ശിക്ഷകനും രക്ഷകനും പ്രകൃതി തന്നെ !
ചെല്ലമ്മായി പറഞ്ഞപോലെ മനം പോലെ മംഗല്യം അല്ലെങ്കിൽ ഒക്കെ ദൈവഹിതം !
No comments:
Post a Comment