Saturday, 12 September 2015





എന്നുമെന്നും ജീവിതത്തില്‍ ഓര്‍മ്മിയ്ക്കാന്‍, കാത്തു സൂക്ഷിയ്ക്കാന്‍ ഒരു സത്സംഗദിനം - അതായിരുന്നു ഇന്നലത്തെ ദിവസത്തിന്റെ മഹത്വം!! അതെ, മലയാളത്തിലെ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ക്ക് തന്റെ വരകളാല്‍ ജീവന്‍ നല്‍കിയ മഹാപ്രതിഭ, ബ്രഹ്മശ്രീ കരുവാട്ട് വാസുദേവന്‍ നമ്പൂതിരിയുടെ, കുഞ്ഞഫന്റെ 90-ആം ജന്മദിവസം.
'നമ്പൂതിരി' എന്ന ഒറ്റവാക്കു തന്നെ ഒരു വലിയ പ്രപഞ്ചത്തെയാണ്‌ അര്‍ത്ഥവത്താക്കുന്നത്..അതില്‍ നിറയെ നിറഞ്ഞു നില്‍ക്കുന്നത് മനുഷ്യ മനസ്സുകളില്‍ മായാതെ കിടക്കുന്ന ജീവന്‍ തുടിയ്ക്കുന്ന നിരവധി രൂപങ്ങള്‍, ദൈവം അദ്ദേഹത്തിനു അനുഗ്രഹിച്ചു നല്‍കിയ കൈവിരലുകളാല്‍ കല്ലിലും,മരത്തിലും,ലോഹത്തിലും കടലാസുകളിലുമൊക്കെ സൃഷ്ടികള്‍ നടത്തി, രൂപങ്ങളും ഭാവങ്ങളും നല്‍കി അവയില്‍ ജീവന്റെ അംശം തുടിപ്പിച്ച് അവിസ്മരണീയമാക്കിയ അനശ്വരമാക്കയ നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചു. .........
ഈ ദിവസത്തെ അത്യപൂര്‍വമാക്കിയതില്‍ നിരവധി പേര്‍ക്ക് പങ്കുണ്ട്. എന്നാലും ശ്രീവത്സന്‍ മേനോനും സംഘവും ഗുരുദക്ഷിണയെന്നോണം സമര്‍പ്പിച്ച സംഗീതവിരുന്ന്, ഉദയന്‍.നമ്പൂതിരിയുടെയും സംഘത്തിന്റെയും താളത്തിന്റെ ലയത്തില്‍ ആറാടിച്ച തായമ്പക, ഗോപി ആശാന്‍റെ വിവിധവികാരവിചാരങ്ങള്‍ പകര്‍ന്നാടി മനം കുളിര്‍പ്പിച്ച ബാഹുകന്റെ കൂടെ പനമണ്ണ ശശി, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ആശാന്‍, മധു-രാംമോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കിയ കഥകളി എന്നിവ പൊന്നിന്‍ ചിങ്ങത്തിലെ ആയില്യം നക്ഷത്രത്തെ ആസ്വാദ്യ മനോഹരമാക്കിയിരിയ്ക്കുന്നു. കൂടാതെ, സ്വാദിഷ്ടഭക്ഷണം ഒരുക്കിയ ശ്രീ മേക്കാട് നാരായണന്‍ നാംപൂതിരിയും സഹായികളും തുടങ്ങി അണിയറക്ക് പിന്നില്‍ നിന്ന എത്രപേരെക്കൂടി അഭിനന്ദനീയരാക്കിയിരിയ്ക്കുന്നു!!
അക്കിത്തം, എം ടി തുടങ്ങിയ മലയാള മണ്ണിലെ ഉത്കൃഷ്ട പ്രതിഭകള്‍, രാഷ്ട്രീയക്കാര്‍,സിനിമാ സാഹിത്യവേദികളിലെ പ്രതിഭകള്‍, നാട്ടുകാര്‍, പത്രത്തില്‍ കണ്ടും,കേട്ടും അറിഞ്ഞു വന്ന ആരാധകര്‍ തുടങ്ങിയവര്‍ പിശുക്കില്ലാതെ ചൊരിഞ്ഞ സ്നേഹാശംസകളാല്‍ ഉച്ചവെയിലിലും കരുവാട്ടു പറമ്പിനെ സുഖകരമായ കുളിര്‍മ്മയില്‍ ആറാടിച്ചു.
ബന്ധുക്കളുടെ കണ്ണിയില്‍ ഒന്നായിത്തീരാനും, അനുഗ്രഹീതമായ ആ കൈവിരലുകള്‍ കൊണ്ട് തലയില്‍ കൈവെച്ചൊരു അനുഗ്രഹം വാങ്ങാന്‍ സാധിച്ചതും ഭാഗ്യം തന്നെ.
ഇന്ന് രാവിലെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഇനിയുമിനിയും കൂടുതല്‍ ഊര്‍ജസ്വലതയോടെ ആ ദൈവീക കൈവിരലുകള്‍ ചലിച്ചുകൊണ്ടേ ഇരിയ്ക്കട്ടെ.......നിഷ്ഠയോടെയുള്ള ജീവിതം, നിഷ്കളങ്കത നിറഞ്ഞ മനസ്സ്, വിനയം നിറഞ്ഞപെരുമാറ്റം .........കുഞ്ഞഫനു ആയുരാരോഗ്യസൌഖ്യങ്ങള്‍ ..........

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...