Wednesday, 16 September 2015

വ്യക്തികൾ --ശ്രീ കുര്യൻ


ഒരു കാലഘട്ടത്തിന്റെ ചരിത്രം മാറ്റിമറിച്ചവരുടെ കൂട്ടത്തില്‍ ഓര്‍മ്മിയ്ക്കപ്പെടെണ്ട ഒരു പേര്---ശ്രീ വര്‍ഗ്ഗീസ് കുര്യന്‍ അഥവാ, The Amul Man അല്ലെങ്കില്‍ The Milkman of India.
സ്വന്തം ജീവിതം രാജ്യത്തിന്റെ ചരിത്രമാക്കി മാറ്റിയ മഹാ മനുഷ്യന്‍.

ഇന്നദ്ദേഹത്തിന്റെ 96-ആം ജന്മവാര്‍ഷികം .

ഏകദേശം 160 ലക്ഷത്തോളം കര്‍ഷകകുടുംബങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധിച്ച അസാധാരണ പ്രതിഭ. സഹകരണപ്രസ്ഥാനത്തിലൂടെ, സ്ത്രീ-പുരുഷ ലിംഗഭേദമില്ലാതെ, ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി ലക്ഷക്കണക്കിന് കര്‍ഷകരെ ഒറ്റക്കെട്ടാക്കി നിര്‍ത്തി, പ്രസ്ഥാനത്തെ വളര്‍ത്തി, ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമാക്കി ഭാരതത്തെ   മാറ്റാന്‍ കഴിഞ്ഞ യുഗപുരുഷന്‍.

ഗ്രാമീണതലത്തില്‍ ഏറ്റവുമധികം ജോലിസാദ്ധ്യത സൃഷ്ടിച്ച്, ജനപങ്കാളിത്തത്തോടെ, ജാതിമതരാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു രാജ്യത്തെ ഏറ്റവും വലിയ FoodBrand ആയി മാറ്റാന്‍ സാധിച്ച അപൂര്‍വ വ്യക്തിത്വത്തിന് മുന്നില്‍ എത്ര പ്രാവശ്യം പ്രണമിച്ചാലാണ് മതിവരുക?
സര്‍ക്കാര്‍ ജോലിക്കാരനായല്ല, കര്‍ഷകരുടെ ജോലിക്കാരനായി, അവരില്‍ ഒരാളായാണ് അദ്ദേഹം ജീവിച്ചത്. 

പണ്ഡിറ്റ്‌ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായ് എന്നീ രാഷ്ട്ര നേതാക്കളുടെ ആദരവ് പിടിച്ചെടുക്കാന്‍ കഴിഞ്ഞ കര്‍ഷക നേതാവ്.

അദ്ദേഹത്തിന്‍റെ ആത്മകഥ, അല്ലെങ്കില്‍ AMUL, NDDB, IRMA,GCMME-----യുടെ ജന്മകഥ, ' I Too Had a Dream' എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിരിയ്ക്കുന്നു. 
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം..ഈ പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് എങ്ങിനെ ഒരു രാജ്യത്തിന് ഉന്നമനം ഉണ്ടാക്കാം എന്നത് ബോദ്ധ്യമാകും
അസ്സല്‍ അവതാരിക- എഴുതിയത് രത്തന്‍ ടാറ്റ.

-------'Look around, there are needy people around you. Help them.......
First be honest to yourself then it is easy to be honest with others.'------------

ശ്രീ കുര്യന്‍, തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ പേരക്കുട്ടി, സിദ്ധാര്‍ത്ഥിനോട് പറയുന്ന വാക്കുകളാണിത്. 

നവംബര്‍ 26--നമ്മുടെ രാജ്യം Natioanal Milk Day ആയി കൊണ്ടാടുമ്പോള്‍ നമുക്കും സ്നേഹബഹുമാനങ്ങളോടെ ആ മഹാവ്യക്തിത്വത്തെ അനുസ്മരിയ്ക്കാം.
പ്രാര്ത്ഥിയ്ക്കാം, ആയിരമായിരം കുര്യന്മാര്‍ നമ്മുടെ നാട്ടില്‍ ഇനിയും ജന്മമെടുക്കട്ടെ എന്ന്!!

ജയ് ജവാന്‍, ജയ് കിസാന്‍ !!

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...