Feb, 13, 2015
ഇന്ന് റേഡിയോ ദിനം !
റേഡിയോ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ വളരെ പ്രധാനപെട്ട ചില ബന്ധുക്കളെ ഓര്‍ക്കാതെ വയ്യ !
റേഡിയോ നിലവില്‍ വരുന്ന കാലത്ത് തന്നെ സ്വന്തമായി റേഡിയോ ഉണ്ടാക്കിയ അമ്മയുടെ അമ്മാമനായിരുന്ന അവണപ്പറമ്പ് ശങ്കരന്‍ നമ്പൂതിരിപ്പാട്, നല്ലൊരു റേഡിയോ എഞ്ചിനീയര്‍ ആയിരുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ റേഡിയോ വിഷ്ണു എന്നറിയപ്പെട്ടിരുന്ന അമ്മയുടെ അനിയന്‍, നല്ല ഒരു അവതാരകന്‍, വാര്ത്താ വായനക്കാരന്‍, തൃശൂര് പൂരം തത്സമയം പ്രക്ഷേപണം, ഉച്ചാരണം, ആകര്ഷകമായ, ഔചിത്യപൂര്വമുള്ള പദപ്രയോഗം എന്നിവകൊണ്ട് ശ്രോതാക്കളുടെ മനം കവര്ന്നിരുന്ന അമ്മയുടെ ഏട്ടന്‍റെ മകനായിരുന്ന വെണ്മണി വിഷ്ണു. കൂടാതെ, ആദ്യ കാലങ്ങളില്‍ തൃശൂരിലെ സിനിമാ ടാക്കീസ് കളില്‍ ടെക്നിക്കല്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ പരിഹരിച്ചു കൊടുത്തിരുന്ന, സ്വന്തമായി റേഡിയോ നിര്‍മ്മിച്ചിരുന്ന ആവണപ്പറമ്പ് നമ്പൂതിരിപ്പാടിന്റെ, വിഷ ചികിത്സയിലും ആന ചികില്സയിലും ഒരേപോലെ വിദഗ്ദ്ധനായിരുന്ന റേഡിയോ മെക്കാനിക് കൂടി ആയിരുന്ന മകന്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാടിനെക്കൂടി ഇത്തവണയും ആദരപൂര്‍വ്വം ഓര്‍ക്കുന്നു... .മുന്‍ തലമുറക്കാരായ ആദരണീയരായ ഈ വ്യക്തികള്‍ക്ക് നമസ്ക്കാരം പറഞ്ഞുകൊണ്ട് എന്റെ റേഡിയോ ബഡായി തുടങ്ങട്ടെ.......
ഒരു കാലത്ത്, ഏറ്റവും പ്രിയപ്പെട്ട വസ്തു ഏതാ എന്നാരെങ്കിലും ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ മറുപടി പറയാമായിരുന്നു- റേഡിയോ എന്ന്. വെറുതെ 'വസ്തു' എന്ന് പറഞ്ഞു കൂടാ, കൂട്ടുകാരി എന്ന് തന്നെ പറയണം. ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, ആനന്ദിപ്പിക്കുകയുമൊക്കെ ചെയ്യുന്നവള്‍.
എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോളാണ് വീട്ടില്‍ റേഡിയോ വാങ്ങുന്നത്. അക്കാലത്ത് ഗ്രാമഫോണ്‍ ഉണ്ടായിരുന്നു. പാട്ടുപെട്ടി. അതിലെ പാട്ടുകളൊന്നും കേട്ട ഓര്‍മ്മയില്ല. അത് പ്രവര്‍ത്തിയ്ക്കുന്നതും കണ്ടിട്ടില്ല. റേഡിയോ എന്ന പുതിയ പെട്ടി രംഗപ്രവേശം ചെയ്തപ്പോള്‍ കേമമായ സ്വീകരണം എല്ലാവരും നല്‍കിയ ഓര്‍മ്മയുണ്ട്. നാട്ടില്‍ ആദ്യമായാണ് ഒരു റേഡിയോ എത്തുന്നത്. വർത്തമാനം പറയുകയും പാടുകയുമൊക്കെ ചെയ്യന്ന പെട്ടിയെ ആദരപൂർവം ഏവരും കണ്ടു, കേട്ടു.
എറണാകുളത്തെ റേഡിയോ കമ്പനിക്കാര്‍ ഫിലിപ്സിന്‍റെ റേഡിയോ കോഴിക്കോട് വില്പന നടത്തിയപ്പോള്‍ 3-ആമത്തെ റേഡിയോ അച്ഛന്‍ മേടിച്ചു. റേഡിയോവിന്‍റെ കൂടെ എവരെടിയുടെ ഒരു ബാറ്ററി പെട്ടിയും.
റേഡിയോ അന്ന് മുതല്‍ മുത്തശ്ശന്റെ കണ്‍വെട്ടത്ത്
പുറത്തളത്തിന്റെ മുകളില്‍ സ്ഥാപിതമായി. മുത്തശ്ശന്‍ മരിക്കുന്ന വരെ, ആറേഴു വര്‍ഷത്തോളം അതേ സ്ഥാനത്ത് തന്നെ ഇരുന്നു.
കുടുംബാംഗങ്ങള്‍ മിക്കവരും പരിപാടികള്‍ ശ്രദ്ധിച്ചു തുടങ്ങി. (മിറ്റത്ത് കൂടി കടന്നു പോകുന്നവരും ഈ അദ്ഭുതവസ്തുവിന്റെ ശബ്ദം കേട്ടാല്‍ ഒന്ന് നിന്നുപോകും) അന്നുവരെ വാര്‍ത്തകള്‍ കേള്‍ക്കാത്തവര്‍ വാര്‍ത്തകള്‍ കേട്ടു തുടങ്ങി. മുത്തശ്യമ്മമാര്‍ കഥകളി പദം ശ്രദ്ധിച്ചു. അമ്മയ്ക്ക് വാർത്തകളും നാടകങ്ങളുമായിരുന്നൂ താല്പര്യം. ഞങ്ങൾ കുട്ടികൾക്ക് സിനിമാപ്പാട്ടായിരുന്നു ഇഷ്ടം. ശനിയും ഞായറും ശിശുലോകവും ബാലലോകവും കേട്ടിരിയ്ക്കും.
സ്റ്റേഷന്‍ തുറക്കുന്നതിന്റെ മുന്‍പും പരിപാടി കഴിഞ്ഞാലും ഉള്ള മൂളല്‍ എല്ലാവര്ക്കും നല്ല പരിചയമായി. ആദ്യകാലത്ത് ഈ പെട്ടിക്കുള്ളില്‍ ഇക്കണ്ട ആള്‍ക്കാര്‍ എങ്ങിനെ തിക്കിത്തിരക്കി കൂടുന്നു എന്ന് അതിശയിച്ചിരുന്നു. നല്ല മനോഹരമായ ശ്ബ്ദത്തിന്നുടമകളോടു അസൂയയും തോന്നിയിരുന്നു. വാര്‍ത്തകളും മറ്റു വിനോദ പരിപാടികളും അവതരിപ്പിയ്ക്കുന്ന ഈ പെട്ടി അധികം താമസിയാതെ കുടുംബത്തിലെ അംഗം പോലെയായി മാറി. നിത്യ ജീവിതത്തിലെ ചില കര്‍മ്മങ്ങള്‍ റേഡിയോ പരിപാടി നോക്കി ക്രമീകരിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. തിരഞ്ഞെടുപ്പകാലത്തു മിറ്റത്തു ആളുകൾ കൂടും. ആകാംക്ഷ നിറഞ്ഞ മുഖത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിയ്ക്കും. പലരും വർത്തമാനം പറയുകയും പാടുകയുമൊക്കെ ചെയ്യന്ന ആ പെട്ടിയെ ആദരപൂർവം കാണുകയും കേള്‍ക്കുകയും ചെയ്തു. വിശിഷ്ട വ്യക്തികളുടെ ചരമ വാര്‍ത്ത അറിയാനും ഇത് ഉപകരിച്ചു. അങ്ങിനെ സ്കൂളിനു അവധിയാകുമെന്ന വിവരം നേര്‍ത്തെത്തന്നെ കിട്ടിയിരുന്നു.
ആദ്യകാലത്ത്, ഈ പെട്ടിക്കുള്ളില്‍ ഇക്കണ്ട ആള്‍ക്കാര്‍ എങ്ങിനെ തിക്കിത്തിരക്കി കൂടുന്നു എന്ന് ആലോചിച്ച് അതിശയിച്ചിരുന്നു. നല്ല മനോഹരമായ ശ്ബ്ദത്തിന്നുടമകളോട് അസൂയയും തോന്നിയിരുന്നു. കാണാന്‍ ഒന്നും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു കുട്ടിയുടെ രൂപം തോന്നിക്കുന്ന പച്ചവെളിച്ചം കണ്ടുകൊണ്ടിരിയ്ക്കും. സ്റ്റേഷന്‍ തുറക്കുന്നതിന്റെ മുന്‍പും പരിപാടി കഴിഞ്ഞാലും ഉള്ള നീണ്ട മൂളല്‍ എല്ലാവര്ക്കും നല്ല പരിചയമായി...
എന്തായാലും റേഡിയോവിനെ വേറൊന്നിനോടും തുലനം ചെയ്യാന്‍ പറ്റില്ല. ദിവസങ്ങളെ മുഷിപ്പില്ലാതെ മുന്നോട്ടു കൊണ്ട് പോകാൻ ഇതിലും വലിയ സഹായി അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് സ്കൂള്‍ പോകാന്‍ സമയം അറിയാന്‍ ക്ലോക്ക് നോക്കേണ്ട ആവശ്യം ഇല്ലാതായി. അറിഞ്ഞോ അറിയാതെയോ ജീവിതരീതിയെ ഇത് ചിട്ടപ്പെടുത്തുകയോ, സ്വാധീനിക്കുകയോ ചെയ്തു.
കോളേജില്‍ പഠിക്കുമ്പോള്‍, മുകളില്‍ സൂചിപ്പിച്ച ബന്ധു ആകാശവാണി തൃശൂര്‍ നിലയത്തില്‍ അനൌന്സര്‍ ആയിരുന്ന കാലത്തു അദ്ദേഹത്തെക്കൊണ്ട് നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനം സംപ്രേക്ഷണം ചെയ്യുമ്പോള്‍ മിക്കപ്പോഴും എന്റെയും കൂട്ടുകാരികളുടെയും പേരുകള്‍ പറയിപ്പിച്ചു രസിച്ചിരുന്നു.
{ഇദ്ദേഹം പിന്നീട് കുറച്ചുകാലം ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായിച്ചിരുന്നു. ജോലിയില്‍ നിന്നും പിരിയുന്ന കാലത്ത് പ്രാദേശിക വാര്‍ത്ത രാവിലെ കോഴിക്കോട് നിന്നും വായിച്ചു പോന്നു.---ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല ----പലേ സിനിമകളിലും കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. അത്യാവശ്യം പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട്. 'ഗാന്ധി' സിനിമയില്‍ മഹാത്മാവിന് ശബ്ദം നല്‍കുക വഴി സംസ്ഥാന അവാര്‍ഡും കിട്ടിയിട്ടുണ്ട്.----പേര് വെണ്മണി വിഷ്ണു. ശബ്ദ മികവുകൊണ്ടും, മനോഹരമായ അവതരണ ശൈലി കൊണ്ടും ശ്രദ്ധേയനായിരുന്നു. റേഡിയോവിനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിനെ മറക്കാനാവില്ല. അതേപോലെ സ്വന്തമായി റേഡിയോ ഉണ്ടാക്കിയ അമ്മയുടെ അമ്മാമനെയും, അദ്ദേഹത്തിന്‍റെ മകനെയും, റേഡിയോ ഡോക്ടര്‍ ആയിരുന്ന അമ്മാമനെയും... ഒരിക്കല്‍ക്കൂടി മണ്മറഞ്ഞു പോയ ആ പ്രതിഭകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.}
കുടുംബ ജീവിതം തുടങ്ങിയപ്പോള്‍ ഇതിനോടുള്ള സ്നേഹം കൂടുതലാവുകയാണ് ചെയ്തത്. ഹിന്ദി സിനിമാപ്പാട്ടുകള്‍, ശബ്ദരേഖകള്‍, ക്രികെറ്റ്, ഫുട്ബാള്‍ കമന്ട്രി, കേരളത്തില്‍ നിന്നും പുറത്തുപോയാല്‍ ആകെ കേട്ടിരുന്ന മലയാളം സിലോണില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്രഗാനങ്ങളായിരുന്നു ......അങ്ങിനെ അങ്ങിനെ......
ടീവിപ്പെട്ടി വന്നതോടെ റേഡിയോവിന്റെ കഷ്ടകാലമായി. പത്രം വായനപോലെ റേഡിയോ കേള്‍ക്കല്‍ ഒരു ശീലമായതിനാല്‍ പ്രാദേശിക വാര്‍ത്തകളും മറ്റും റേഡിയോ വഴി അറിയാനാണ് ഇഷ്ടപ്പെട്ടത്.
കാലത്തിന്റെ ഒഴുക്കില്‍, ആധുനിക സാങ്കേതിക വിജ്ഞാനം ജീവിതത്തെയാകെ മാറ്റി മറിച്ചെങ്കിലും ഇന്നും ഈ റേഡിയോ മുത്തശ്ശി ആരുടെയൊക്കെയോ അടുക്കളയില്‍, കിടപ്പുമുറിയില്‍ ഇപ്പോഴും ശ്വാസം വലിച്ചു ജീവിച്ചു പോരുന്നുണ്ട്. 'ചിരഞ്ജീവി ഭവ:' എന്ന് തന്നെ ഇതിനെ ആശംസിയ്ക്കട്ടെ.
കുറച്ചു കാലമായി ഒരു റേഡിയോവിന്റെ അഭാവം നന്നായി അനുഭവിയ്ക്കുന്നുണ്ട്. ഇന്ന് ഒരു പുരാവസ്തുവിന്റെ സ്ഥാനമാണ് റേഡിയോവിന്. റേഡിയോ കാണാത്ത കുട്ടികള്‍ ഇന്നുണ്ടെങ്കില്‍ അതില്‍ അതിശയപ്പെടാനൊന്നുമില്ലതാനും.......
കുട്ടിക്കാലത്തു തുടങ്ങിയ റേഡിയോ ആരാധന ഇന്നും ഉണ്ട്. മൊബൈലും ടീവിയുമൊക്കെ ഉണ്ടെങ്കിലും എത്ര ശ്രമിച്ചാലും ഇതിനെ പുറത്താക്കാൻ പറ്റില്ലെന്ന് തന്നെ പറയാം.
വീണ്ടും മനോഹരമായ ഭാവി റേഡിയോവിന് ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ....
സുജലാം.....സുഫലാം.....മലയജ ശീതളാം.......
No comments:
Post a Comment